നമ്പിടി

കേരളത്തിലെ ഹിന്ദുസമുദായത്തിൽ ഉൾപ്പെട്ട ഒരു വിഭാഗത്തെ നമ്പിടി എന്ന പേരിൽ അറിയപ്പെടുന്നു. നമ്പടി എന്നും പേരുണ്ട്. ജനസംഖ്യയിൽ ഏറെ പരിമിതമായ നമ്പിടി സമുദായക്കാർ പൊതുവേ തൃശൂർ‍, പാലക്കാട് ജില്ലകളിലാണു താമസമാക്കിയിട്ടുള്ളത്. ഒരു ഭൂതരായ പെരുമാളെ വധിച്ചതുമൂലം പതിത്വം സംഭവിച്ച നമ്പൂതിരിയുടെ പിൻമുറക്കാരാണ് നമ്പിടിമാർ എന്നാണ് ഐതിഹ്യം. പെരുമാളെ വധിച്ച കുറ്റത്തിന് നമ്പൂതിരിയെ ശിക്ഷിക്കണമോ വേണ്ടയോ എന്നു മറ്റു നമ്പൂതിരിമാർ ചിന്തിക്കവേ കുറ്റബോധം തോന്നി അവരുടെ കൂടെ ഇരിക്കാതെ നേം പടിയിൽ ഇരുന്നോളാം എന്നു സമ്മതിച്ചവരാണത്രെ നമ്പിടിമാർ ആയത്. നമ്പി (ആശ്രയിക്കത്തക്കവൻ), അടികൾ (പാദങ്ങൾ) എന്നീ വാക്കുകളിൽ നിന്നാണ് നമ്പിടി വ്യുത്പന്നമായതെന്നും കരുതപ്പെടുന്നു. അമ്പലവാസികളിലെന്ന നമ്പിടിമാരിലും പൂണൂലുള്ളവരും ഇല്ലാത്തവരുമുണ്ട്. ആചാരാനുഷ്ഠാനങ്ങളിൽ നമ്പിടിമാരോടു സാദൃശ്യമുള്ള മറ്റൊരു സമുദായം ചെങ്ങഴി നമ്പ്യാർ ,(http://lsgkerala.in/velurpanchayat/history/) നമ്പ്യാർ ആണ്. മരുമക്കത്തായം, ആഘോഷത്തോടുകൂടിയ തിരണ്ടുകല്യാണം, അമ്മാവന്റെ മകളെ വിവാഹം കഴിക്കൽ എന്നീ സവിശേഷതകൾ നമ്പൂതിരിമാരുടേതിൽ നിന്നും വ്യത്യസ്തമാണ്.

പഴയകാല ആചാരങ്ങൾ

പൂണൂലുള്ള നമ്പിടിമാരുടെ ആസ്ഥാനം തലപ്പിള്ളി താലൂക്കാണ്. ഇവരെ അയിനിക്കൂർ നമ്പിടിമാർ എന്നു വിളിച്ചുപോന്നു. എല്ലാ ശാഖകളിലും പെട്ടവരിൽ ഏറ്റവും മൂത്തയാളെ കക്കാട്ടു കാരണവപ്പാട് എന്നു പറയും. നമ്പിടിമാരിൽ പ്രബലർ പുന്നത്തൂർ നമ്പിടിമാരത്രെ. ഇവർ സാമൂതിരിപക്ഷക്കാരാണ്. എന്നാൽ കുമാരപുരം, ചിറയളം താവഴിക്കാർ സാമൂതിരിമാർക്ക് എതിരായിരുന്നു. അയിനിക്കൂറ്റു നമ്പിടിക്കു പൂണൂലുണ്ട്, എന്നാൽ ഓത്തില്ല. ക്ഷേത്രമണ്ഡപത്തിൽ കയറാനോ മണിയടിച്ചു തൊഴുന്നതിനോ അവകാശമില്ല. വിവാഹത്തിനു പൌരോഹിത്യം നമ്പൂതിരിക്കായിരുന്നു. പൂണൂലില്ലാത്ത നമ്പടിക്കാർക്ക് ഇളയതാണ് പുരോഹിതൻ. മറ്റൊരു വിഭാഗമായ നാഗനമ്പിടിമാർ അമ്പലവാസികളാണ്. മറുദേശത്തു തമ്പിടി എന്നും അവർ അറിയപ്പെടുന്നു. നമ്പിടിസ്ഥാനം മഹാരാജാവ് നൽകുന്ന പദവിയാണ് എന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്ത്രീകളെ മാണ്ടാൾ/മോണ്ടാൾ എന്നു വിളിക്കും. അവരുടെ പേരുകളും ഉടുപ്പും നമ്പീശസ്ത്രീകളെപ്പോലെയാണ്. കർമങ്ങൾ ചെയ്യുമ്പോൾ സ്ത്രീകൾ വസ്ത്രം ഞൊറിഞ്ഞുടുക്കുകയും മറ്റവസരങ്ങളിൽ ചുറ്റിയുടുക്കുകയും ചെയ്തിരുന്നു. അഗ്നിസാക്ഷിയായിട്ടായിരുന്നു വേളി. സ്വജാതിക്കാരനാണ് താലികെട്ടുക. പക്ഷേ വേളി കഴിച്ചയാൾ ഭർത്താവായിത്തീരണമെന്നില്ലായിരുന്നു. പിന്നീട് നമ്പൂതിരി സംബന്ധക്കാരെ സ്വീകരിക്കുകയായിരുന്നു പതിവ്. നമ്പിടി പുരുഷന്മാർക്ക് ഉപനയനവും സന്ധ്യാവന്ദനവുമൊക്കെയുണ്ടായിരുന്നു. അവർ നായർ സ്ത്രീകളെ സംബന്ധം ചെയ്തിരുന്നു. പത്തു ദിവസമായിരുന്നു പുല.

കൊല്ലങ്കോട്ടെ നാടുവാഴി വേങ്ങനാട്ടു നമ്പിടിയാണ്. നമ്പിടി എന്നുതന്നെയായിരുന്നു രാജവംശത്തിന് പേര്. ചേരവംശവുമായുള്ള ബന്ധം സൂചിപ്പിക്കുന്ന കണ്ടൻ കോത എന്ന സ്ഥാനപ്പേരും ഇവർക്കുണ്ട്. ഉപനയനമില്ല. സ്ത്രീകൾ അപ്പിശ്ശികൾ എന്നറിയപ്പെടുന്നു.

നമ്പിടിമാർ ജന്മികളും നാടുവാഴികളുമായിരുന്നതിനാൽ കുലത്തൊഴിൽ എന്നു പറയാൻ ഒന്നുമില്ല. കേരളത്തിന്റെ ജാതിശ്രേണിയിൽ നമ്പൂതിരിമാരാൽ അയിത്തം കല്പിക്കപ്പെട്ടിരുന്നവർ തന്നെയാണ് നമ്പിടിമാരും. നവോത്ഥാനമൂല്യങ്ങളുടെ ഭാഗമായി ജാതിവേർതിരിവുകളിൽ മാറ്റം വരികയും ആധുനിക വിദ്യാഭ്യാസം സിദ്ധിക്കുകയും ചെയ്തതിനെത്തുടർന്ന് പഴയകാല ആചാരങ്ങളിൽനിന്നും വേറിട്ട് പൊതുസമൂഹവുമായി സഹവർത്തിത്തത്തോടെ കഴിയാൻ നമ്പിടിമാർക്കു സാധിക്കുന്നു.

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നമ്പിടി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.