ചീറ്റപ്പുലി

കരയിൽ ഏറ്റവും വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ജീവിയാണ്‌ മാർജ്ജാരവംശത്തിൽ(Felidae) പെട്ട ചീറ്റപ്പുലി (Acinonyx Jubatus). നായ്ക്കളെയെന്ന പോലെ മൃഗങ്ങളെ വേട്ടയാടുന്നതിനായി പരിശീലിപ്പിച്ചെടുക്കാൻ സാധിക്കുന്നതിനാൽ ഇതിനെ വേട്ടപ്പുലി എന്നും വിളിക്കുന്നു.[3]‌ 500 മീറ്ററോളം ദൂരം മണിക്കൂറിൽ 100 കി.മീ വേഗതയിൽ ഓടാൻ ചീറ്റപ്പുലിക്കു സാധിക്കുന്നു.[3] മാർജ്ജാരവംശത്തിൽ കാണപ്പെടുന്ന ഇടത്തരം മൃഗമാണ്‌ ചീറ്റപ്പുലികൾ. ഇന്ത്യ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ആഫ്രിക്കൻ ഭൂഖണ്ഡം എന്നിവിടങ്ങളിലായിരുന്നു ചീറ്റപ്പുലികൾ ഉണ്ടായിരുന്നത്‌. എന്നാലിന്ന് ഇന്ത്യയിൽ ചീറ്റപുലികൾക്ക്‌ പൂർണ്ണവംശനാശം സംഭവിച്ചു കഴിഞ്ഞു. ഇറാനിൽ 200 എണ്ണത്തിൽ താഴെ മാത്രമേ അവശേഷിക്കുന്നുള്ളു. ആഫ്രിക്കയിലാകട്ടെ ഏതാനം ആയിരവും, രണ്ടിടത്തും കുറഞ്ഞുവരുന്നതായാണ്‌ പൊതുവേ കണക്കുകൾ സൂചിപ്പിക്കുന്നത്‌.

ചീറ്റപ്പുലി[1]
പരിപാലന സ്ഥിതി

ഭേദ്യമായ അവസ്ഥയിൽ  (IUCN 3.1)[2]
Scientific classification
Kingdom:
Animalia
Phylum:
കോർഡേറ്റ
Class:
Order:
Carnivora
Family:
Felidae
Subfamily:
Felinae
Genus:
Acinonyx

Brookes, 1828
Species:
A. jubatus
Binomial name
Acinonyx jubatus
(Schreber, 1775)
Type species
Acinonyx venator
Brookes, 1828 (= Felis jubata, Schreber, 1775) by monotypy
ചീറ്റപ്പുലിയുടെ ആവാസവ്യവസ്ഥകൾ

മനുഷ്യരോടു ഇണങ്ങിജീവിക്കാനും ഇവക്കു കഴിയും. സംസ്കൃതത്തിലെ 'ചിത്ര' (അർത്ഥം- പടം, അലങ്കരിക്കപ്പെട്ടത്‌, അത്ഭുതകരം) എന്ന വാക്കിൽനിന്നാണ്‌ ചീറ്റ എന്ന നാമം ഉത്ഭവിച്ചതെന്നു കരുതുന്നു. ഇന്ത്യയിലെ മുൻകാലത്തെ പല രാജാക്കന്മാരും ഇത്തരം ചീറ്റകളെ പരിശീലിപ്പിച്ച് കൂടെക്കൂട്ടിയിരുന്നു[3].

പ്രത്യേകതകൾ

ചീറ്റപ്പുലിയുടെ ദ്രംഷ്ട്രകൾ.

ചീറ്റപ്പുലികളെ സാധാരണ പുലികളിൽ നിന്ന് തിരിച്ചറിയാൻ എളുപ്പം സാധിക്കും. ഉടലും കൈകാലുകളും വാലും മറ്റുള്ളവയെ അപേക്ഷിച്ച്‌ നീളം കൂടിയവയാണ്‌. മഞ്ഞനിറമുള്ള ഉടലിൽ കറുത്ത കുത്തുകളാവും ഉണ്ടാവുക. സാധാരണ പുലികളുടെ അടയാളങ്ങൾ ചന്ദ്രക്കല പോലെ ആയിരിക്കും. മേൽച്ചുണ്ടിൽ തുടങ്ങി കണ്ണിന്റെ മുകളിൽ അവസാനിക്കുന്ന കറുത്ത പാട്‌ ചീറ്റപ്പുലികളുടെ പ്രത്യേകതയാണ്‌.

മാർജ്ജാരകുടുംബത്തിലെ മറ്റംഗങ്ങളെപ്പോലെ(സിംഹം, കടുവ, പൂച്ച മുതലായവ) നഖങ്ങൾ പൂർണ്ണമായി പാദത്തിലേക്ക്‌ വലിച്ചെടുക്കാൻ ചീറ്റപ്പുലിക്കു കഴിവില്ല. അതുപോലെ തന്നെ അലറാനും ചീറ്റപ്പുലികൾക്ക്‌ കഴിവില്ല. ചീറ്റപ്പുലികൾ പൂച്ചകൾ കുറുകുന്നതുപോലെ കുറുകത്തേയുള്ളു. പുറത്ത്‌ നിൽക്കുന്ന നഖങ്ങൾ ചീറ്റകൾക്ക്‌ അതിവേഗത്തിലോടുമ്പോൾ നിലത്തു പിടുത്തം കിട്ടുവാനും, വളരെ ഉയർന്ന ത്വരണം(accelaration) നേടാനും സഹായിക്കുന്നു. അതിവേഗത്തിൽ ഓടുമ്പോൾ ഒരു ചുവടിൽ 8 മീറ്റർ വരെ ദൂരം കടന്നു പോകുവാൻ ഇവക്കു കഴിയുന്നു. വഴക്കമുള്ള നട്ടെല്ലും, വലിപ്പമേറിയതും ശക്തിയേറിയതുമായ ശ്വാസകോശങ്ങളും, ഹൃദയവും, കൂടുതൽ രക്തം ഒരുസമയം ശുദ്ധീകരിക്കാൻ ശേഷിയുള്ള കരളും, ബലമേറിയതും നീണ്ടതുമായ പേശികളും ചീറ്റയെ ഓട്ടത്തിൽ ഏറെ സഹായിക്കുന്നു.

പൂർണ്ണവളർച്ചയെത്തുമ്പോൾ ഏകദേശം 65 കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന ചീറ്റപ്പുലികൾക്ക്‌ 1.35 മീറ്റർ വരെ നീളമുണ്ടാകും. വാലിനും 85 സെന്റിമീറ്ററോളം നീളമുണ്ടാകും. ആൺപുലികൾക്ക്‌ പെൺപുലികളേക്കാൾ അൽപ്പം വലിപ്പക്കൂടുതലുണ്ടാകുമെങ്കിലും ഒറ്റക്കൊറ്റക്കു കാണുമ്പോൾ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്‌.

ആവാസവ്യവസ്ഥകൾ

പുൽമേടുകളും, ചെറുകുന്നിൻപ്രദേശങ്ങളും, കുറ്റിക്കാടുകളും ഇഷ്ടപ്പെടുന്ന ചീറ്റകൾ പകലാണ്‌ ഇരതേടാനിറങ്ങുന്നത്‌. ജനിച്ചുവീണ പ്രദേശം ഇഷ്ടപ്പെടുന്ന ചീറ്റപ്പുലികൾ അവിടുന്നു പറിച്ചുമാറ്റപ്പെട്ടാൽ അതിജീവിക്കാൻ ബുദ്ധിമുട്ടാണ്‌. ആവാസവ്യവസ്ഥയിലുണ്ടാകുന്ന ചെറിയമാറ്റങ്ങൾ വരെ ഈ ജീവിവംശത്തെ കനത്തരീതിയിൽ പ്രതികൂലമായി ബാധിക്കുന്നു.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ്‌ ഇന്നു ചീറ്റപ്പുലികൾ പ്രധാനമായുള്ളത്‌. അവിടെതന്നെ മധ്യ ആഫ്രിക്കയിലാണ്‌ ചീറ്റപ്പുലികളെ കൂടുതൽ കണ്ടുവരുന്നത്‌. 100 വർഷം മുമ്പുവരെ ആഫ്രിക്ക മുതൽ ദക്ഷിണേന്ത്യ വരെ ചീറ്റകളെ കണ്ടിരുന്നു. ഇന്ത്യയിൽ മദ്ധ്യേന്ത്യയിലെ കാടുകളിലാണ്‌ ഇവയെ പ്രധാനമായും കണ്ടുവന്നിരുന്നത്[3].

സിംഹങ്ങളും, കഴുതപ്പുലികളും ചീറ്റപ്പുലികൾക്ക്‌ എതിരാളികളാണ്‌. കുട്ടിചീറ്റപ്പുലികളെ സിംഹങ്ങളും കഴുതപ്പുലികളും ആക്രമിക്കുന്നതുകൊണ്ടുമാത്രമല്ല, ചീറ്റപ്പുലികൾ വേട്ടയാടിപ്പിടിക്കുന്ന ഇരയേയും ഇവ തട്ടിയെടുക്കും. അതുകൊണ്ടുതന്നെ പിടിക്കുന്ന ഭക്ഷണം ചീറ്റപ്പുലികൾ പെട്ടെന്നു ഭക്ഷിക്കുന്നു. പോരാടിനിൽക്കാനും പോരാടി ഇരപിടിക്കാനുമുള്ള കഴിവ്‌ ചീറ്റപ്പുലികൾക്ക്‌ കുറവാണ്‌. ഒരു ഇരയെ കുറച്ചുദൂരമോടിച്ചിട്ടു കിട്ടിയില്ലങ്കിൽ ചീറ്റപ്പുലികൾ ആ ഇരയെ ഉപേക്ഷിക്കുകയും മറ്റൊന്നിനെ തിരയുകയും ചെയ്യുന്നു.

ഉപവംശങ്ങൾ

ചീറ്റപ്പുലി, ഫിലാഡെൽഫിയ മൃഗശാലയിൽനിന്നുള്ള ദൃശ്യം.

ഇന്നു ഭൂമിയിൽ അഞ്ചിനം ചീറ്റകളാണ്‌ അവശേഷിക്കുന്നത്‌. അതിൽ നാലെണ്ണം ആഫ്രിക്കയിൽ കാണപ്പെടുന്നു. അവശേഷിക്കുന്ന ഒരെണ്ണം ഇറാനിയൻ ചീറ്റ (Acinonyx jubatus venaticus) അറിയപ്പെടുന്ന ഇറാനിൽ ജീവിക്കുന്നവയാണ്‌. ഇറാനിയൻ ചീറ്റ വംശനാശത്തിന്റെ വക്കിലാണ്‌.

1926-ൽ ടാൻസാനിയയിൽ തിരിച്ചറിഞ്ഞ രാജകീയ ചീറ്റകൾ പക്ഷെ മറ്റൊരു ഉപവംശമല്ല അവ ചെറിയ ജനിതക വ്യതിയാനം മൂലമുണ്ടായവയാണെന്നാണ്‌ ജീവശാസ്ത്രകാരന്മാരുടെ അഭിപ്രായം.

ആഫ്രിക്കയിൽ തന്നെ രോമാവൃതമായ ശരീരത്തോടുകൂടിയ ചീറ്റകളും ജീവിച്ചിരുന്നിരുന്നു എന്ന് കരുതുന്നു.

യൂറോപ്പിലും ഒരു ചീറ്റഉപവംശം(Acinonyx pardinensis) ജീവിച്ചിരുന്നിരുന്നതായി കരുതുന്നു.

1608-ൽ മുഗൾരാജവംശത്തിലെ ജഹാംഗീർ ചക്രവർത്തി തനിക്ക്‌ മങ്ങിയനിറമുള്ള ചീറ്റയെ കാഴ്ചകിട്ടിയിട്ടുണ്ട്‌ എന്ന് തന്റെ ആത്മകഥയായ തുസുക്‌-ഇ-ജഹാംഗീരിയിൽ പറയുന്നുണ്ട്‌.

ഇന്ത്യൻ ചീറ്റ

മറ്റൊരു ഉപവിഭാഗം മാത്രമാണെങ്കിലും ഇന്ത്യൻ ചീറ്റപ്പുലികളെ (Acinonyx intermedius) വേറിട്ടു തന്നെ ആണ്‌ കണക്കാക്കിപോരുന്നത്‌. രണ്ടായിരം കൊല്ലം മുൻപുതന്നെ ഇന്ത്യയിൽ ചീറ്റപ്പുലികളെ ഇണക്കിവളർത്തിയിരുന്നു. മുഗൾ ഭരണകാലത്ത്‌ ഈ വിനോദം അതിന്റെ മൂർധന്യാവസ്ഥയിലെത്തി. അക്ബർ 9000 ചീറ്റകളെ ഇണക്കി വളർത്തിയിരുന്നു[4][5][6]. നായാട്ടിൽ സാമർഥ്യം കാട്ടിയിരുന്ന ചീറ്റകളെ ബഹുമതികൾ നൽകി ആദരിക്കുക കൂടി ചെയ്തു. എന്നിരുന്നാലും രാജാക്കന്മാർ തങ്ങളുടെ വീര്യം കാണിക്കാനായി ചീറ്റകളെ വേട്ടയാടി കൊല്ലുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ്‌ ഭരണമായിരുന്നപ്പോഴേക്കും ചീറ്റകളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. എന്നിരുന്നാലും ചീറ്റകളെ വെടിവച്ചു കൊല്ലുന്നത്‌ ധീരതയായി വെള്ളക്കാർ കരുതി. ഇന്ത്യൻ ചീറ്റപ്പുലി എന്നാണ്‌ അന്യംനിന്നത്‌ എന്നത്‌ കൃത്യമായി രേഖകളിൽ ഇല്ല. 1947-ൽ മധ്യപ്രദേശിൽ സുഗുജയിലെ മഹാരാജാവ് വെടിവെച്ചുകൊന്ന മൂന്ന് ചീറ്റപ്പുലികളിലൂടെയാണ് ഇവയുടെ സാന്നിധ്യം രാജ്യത്ത് അവസാനമായി രേഖപ്പെടുത്തപ്പെട്ടത്. 1990 കളിൽ ഉത്തരേന്ത്യയിലും പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലും ചീറ്റകളെ കണ്ടതായി വാർത്തകളുണ്ടായിരുന്നെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പുൽമേടുകൾ തീവച്ചും കൃഷിക്കായും നശിപ്പിച്ചതും, ഇണക്കിവളർത്താൻ പിടിച്ചതു കൊണ്ടും, വേട്ടയാടി കൊന്നതുകൊണ്ടതുമെല്ലാം ഇന്ത്യൻ ചീറ്റപ്പുലികൾ ഇന്നു കുറേ ചരിത്രപരാമർശങ്ങളിലും, ചിത്രങ്ങളിലും അവശേഷിക്കുന്നു.

തിരിച്ചു വരവ്

ചീറ്റപ്പുലികൾ അന്യം നീന്ന് 60 വർഷങ്ങൾക്കു ശേഷം ഇപ്പോൾ അവയെ ആഫ്രിക്കയിൽ നിന്ന് തിരിച്ച് നാട്ടിലെത്തിക്കാനുള്ള ബൃഹത്തായ ഒരു പ്രോജക്ടിന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയിരിക്കുന്നു. 300 കോടി രൂപയുടെ ചെലവാണ് ഇതിനു് പ്രതീഷിക്കുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലുമായി തിരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്ഥലങ്ങളിൽ, ഓരോന്നിലും ആറെണ്ണം വെച്ച് മൊത്തം 18 ചീറ്റപ്പുലികളെ നാട്ടിലെത്തിക്കാനുള്ള പദ്ധതിക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. മധ്യപ്രദേശിലെ കുനോ - പാൽപുർ, നൗറാദേഹി വന്യജീവി സങ്കേതങ്ങളിലും രാജസ്ഥാനിലെ ജയ്‌സാൽമീർ മേഖലയിലുമാണ് ചീറ്റപ്പുലികളെ വളർത്താൻ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഉദ്ദേശിക്കുന്നത്. [7]-ആഫ്രിക്കൻ ചീറ്റപ്പുലികളെ ഇന്ത്യൻ വനങ്ങളിലെത്തിക്കുന്നതിന് അനുമതി തേടിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി തള്ളി[8]

കൂടുതൽ അറിവിന്‌

  1. http://www.cheetah.org/
  2. http://www.wildanimalsonline.com/mammals/cheetah.php
  3. വിക്കിമീഡിയ കോമൺസ്(ചിത്രങ്ങൾ)

അവലംബം

  1. Wozencraft, W. C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds), ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 532–533. ISBN 0-801-88221-4.CS1 maint: Multiple names: editors list (link) CS1 maint: Extra text: editors list (link) CS1 maint: Extra text (link)
  2. Cat Specialist Group (2002). Acinonyx jubatus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 2006-05-11. Database entry includes justification for why this species is vulnerable.
  3. HILL, JOHN (1963). "2-CENTRAL INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 81.
  4. "Cheetah". Honolulu Zoo. ശേഖരിച്ചത്: 5 ഒക്ടോബർ 2010.
  5. "Race for survival". Cheetah.org. ശേഖരിച്ചത്: 5 ഒക്ടോബർ 2010.
  6. "Chettah". www.wildcatconservation.org. ശേഖരിച്ചത്: 5 ഒക്ടോബർ 2010.
  7. മാതൃഭൂമി ഓൺലൈനിൽ വന്ന 'ചീറ്റപ്പുലികൾ മടങ്ങിവരുമ്പോൾ' എന്ന ലേഖനത്തെ ആസ്‌പദമാക്കി...
  8. http://www.indianexpress.com/news/supreme-court-snubs-narendra-modi-govt-orders-translocation-of-asiatic-lions-to-mp/1102758/
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.