റാണിപുരം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം ആണ് റാണിപുരം. മാടത്തുമല എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളിൽ കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തിൽ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു. കുടിയേറ്റക്കാർ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓർമ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കുടിയേറ്റത്തിനു മുൻപുള്ള ആചാരങ്ങൾ ഇന്നും നിലനിൽക്കുന്നു. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘തെയ്യം‘ എല്ലാ മെയ് മാസത്തിലും നടക്കുന്നു. ഇന്ന് റാണിപുരത്തെ ജനസംഖ്യയുടെ ഒരു വലിയ ഭാഗം മറാത്തികളാണ്. മുൻപ് വടക്കുനിന്നും കുടിയേറിപ്പാർത്തവരുടെ പിന്മുറക്കാരാണ് ഇവർ. കൂർഗ് മലനിരകളിൽ കടൽനിരപ്പിൽ നിന്ന് 1016 മീറ്റർ ഉയരത്തിലായി ആണ് റാണിപുരം കൊടുമുടി സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടിന് 48 കിലോമീറ്റർ കിഴക്കായി പാണത്തൂർ റോഡ് പാനത്തടിയിൽ പിരിയുന്ന ഇടത്തു നിന്നും ഒമ്പതു കിലോമീറ്റർ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം.

Ranipuram
Ranipuram
Location of Ranipuram
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

750 m ( ft)

റാണിപുരം മാനി(പുൽമേട്)

റാണിപുരത്തിന്റെ പ്രകൃതിസൗന്ദര്യം ഊട്ടിയോട് ഉപമിക്കാം. എങ്കിലും ഊട്ടിയെപ്പോലെ അത്രയും തടാകങ്ങളുന്നും റാണിപുരത്ത് ഇല്ല. വിനോദസഞ്ചാരത്തിനായി മലകയറുവാൻ ഒരു നല്ല സ്ഥലമാണ് റാണിപുരം മലനിരകൾ. രണ്ട് മലകയറ്റ പാതകൾ ഇടതൂർന്ന നിത്യഹരിത വനങ്ങൾക്ക് ഇടയ്ക്കുകൂടി ഉണ്ട്. മലകയറ്റ പാതയിൽ ഇടയ്ക്കിടക്കായി മലചെത്തിയ പടികൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ കാട്ടുവഴികളിലെ പ്രകൃതിസൗന്ദര്യം മനോഹരമാണ്. മലമുകളിൽ (“മണി”യിൽ) എത്തുമ്പോഴുള്ള കാഴ്ച അതിമനോഹരമാണ്.

Ranipuram

അധികം സഞ്ചരിച്ചിട്ടില്ലാത്ത ഈ ഭൂപ്രദേശം പ്രകൃതിസ്നേഹികൾക്കും പക്ഷിനിരീക്ഷകർക്കും ഒരു ആകർഷണകേന്ദ്രമാണ്‌. ചിത്രശലഭങ്ങളും കിളികളും മലമുകളിൽ ധാരാളമായുണ്ട്. കരിമ്പരുന്ത് (Black eagle), ചുള്ളിപ്പരുന്ത് (Crested serpent eagle), ചെറിയ ചിലന്തിവേട്ടക്കാരൻ (Little spider hunter) എന്നിവ മലമുകളിൽ സാധാരണമാണ്. വേനൽക്കാലത്ത് ആനകളുടെ വിഹാരരംഗമാണ് ഇവിടം. അടുത്തകാലത്തായി ഇവിടെ പുള്ളിപ്പുലിയെയും കണ്ടിട്ടുണ്ട്. ജൈവ-വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള സ്ഥലമാണ് ഇത്. കെ.ടി.ഡി.സിയുടെ ഗസ്റ്റ് ഹൌസുകൾ റാണിപുരത്ത് ലഭ്യമാണ്. ചില സ്വകാര്യ സംരംഭങ്ങളും ഇവിടെ ഹോട്ടലുകൾ തുടങ്ങിയിട്ടുണ്ട്. പനത്തടിയിൽ നിന്നും ജീപ്പുവഴി റാണിപുരത്തേക്ക് പോവുന്നതാണ് ഇന്ന് ഏറ്റവും എളുപ്പത്തിൽ എത്തുവാനുള്ള മാർഗ്ഗം.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.