പ്ലാവ്

കഠിനമരമാണ് പ്ലാവ്. പിലാവ് എന്നും പറയാറുണ്ട്. ഈ മരത്തിലാണ് ചക്ക എന്ന പഴം ഉണ്ടാകുന്നത്. മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ്‌. കേരളത്തിൽ സുലഭമായ ഈ മരം വളക്കൂറുള്ളതും വെള്ളക്കെട്ടില്ലാത്തതുമായ ഭൂമിയിൽ നന്നായി വളരുന്നു. 10-20 മീറ്റർ ഉയരത്തിൽ വരെ ഇത് വളരും. മൊറേഷ്യേ കുടുംബത്തിൽപ്പെട്ടതാണ് പ്ലാവ്.

പ്ലാവ്
പ്ലാവും ചക്കയും
Scientific classification
Kingdom:
Plantae
Division:
Magnoliophyta
Class:
Magnoliopsida
Order:
Rosales
Family:
Moraceae
Genus:
Artocarpus
Species:
A. heterophyllus
Binomial name
Artocarpus heterophyllus
Lam.
Synonyms
  • Artocarpus brasiliensis Ortega
  • Artocarpus maximus Blanco
  • Artocarpus nanca Noronha
  • Artocarpus philippensis Lam.

തരങ്ങൾ

പ്ലാവിനെ പൊതുവെ രണ്ടായി തരം തിരിക്കാം.

  • വരിക്ക
  • കൂഴ (ചിലയിടങ്ങളിൽ പഴപ്ലാവ് എന്നും പറയും)

വരിക്കയുടെ ചുളയ്ക്ക് കട്ടികൂടുതലായിരിക്കുമ്പോൾ കൂഴയുടേത് മൃദുലമായിരിക്കും. തമിഴ്നാട്ടിലെ കല്ലാർ-ബർലിയാർ ഗവേഷണകേന്ദ്രത്തിലാണ്‌ പ്ലാവിനങ്ങളുടെ ഏറ്റവും വലിയ ശേഖരം ഉള്ളത്. 54 ഓളം ഇനങ്ങൾ ഇവിടെയുണ്ട്. ടി-നഗർ ജാക്ക് എന്നയിനമാണിതിൽ ഏറ്റവും മികച്ചതെന്ന് അവർ അവകാശപ്പെടുന്നു. സഫേദ, ഭൂസില, ബടിയാ, ഘാജ, ഹാൻസിഡാ, മാമ്മത്ത്, എവർബെയർ, റോസ്സെന്റ്സ് എന്നിവയാണ്‌ പ്രധാന ഇനങ്ങൾ.

പ്രജനനം

പ്ലാവ്, ഗുജറാത്തിൽ നിന്നും

പ്ലാവിന്റെ കുരുനട്ടാൽ വർഗ്ഗ ഗുണം ഉറപ്പാക്കാനാവില്ല. വശം ചേർത്തൊട്ടിക്കലാണ്‌ പ്ലാവിന്‌ അനുയോജ്യം. മഴക്കാലത്തിന്റെ തുടക്കത്തിൽ ഒട്ടൂതൈകൾ നടാം. പ്ലാവിന്‌ സാധാരണ വളം ചേർക്കാറില്ല.[1]

ഉപയോഗങ്ങൾ

  • തടി - കഠിനമരത്തിൽപ്പെട്ട പ്ലാവിന്റെ തടിക്ക് നല്ല ഉറപ്പുണ്ട്. ഇതിന്റെ കാതലിന് മഞ്ഞ നിറമാണ്. കാതലിന് ചുറ്റും എന്നാൽ തൊലിക്ക് കീഴെയുള്ള ഭാഗം ഉറപ്പ് കുറഞ്ഞ ഭാഗത്തെ വെള്ള എന്നാണ് പറയുന്നത്. വെള്ള നിറവുമായിരിക്കും. കാതലായ തടി മുറിച്ച് വീട് നിർമ്മാണത്തിനും വീട്ടുപകരണങ്ങളുണ്ടാക്കുന്നതിനും സർവസാധാരണയായി ഉപയോഗിക്കുന്നു. പ്ലാവിന്റെ തടിയുടെ പൊടിയിൽ ആലം ചേർത്ത് തിളപ്പിച്ച് മഞ്ഞനിറമുള്ള ചായം ബുദ്ധഭിക്ഷുക്കൾ വസ്ത്രം നിറം പിടിപ്പിക്കാൻ ഉപയോഗിക്കുന്നു.
  • വേരും കൊമ്പുകളും - വിറകായി കത്തിക്കാമെന്നല്ലാതെ പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ല.
  • ചക്ക - പ്ലാവിന്റെ ഫലമാണ് ചക്ക. ചക്കച്ചുള, ചക്കക്കുരു വെളിഞ്ഞീൻ, ചക്കമടൽ എന്നിവയെക്കുറിച്ചറിയാൻ ചക്ക താളിലേക്ക് പോകുക.
  • പ്ലായില അഥവാ പ്ലാവില - പ്ലാവില മൃഗങ്ങൾക്ക് ഭക്ഷണമായി നൽകാറുണ്ട്. ആടിന് ഇഷ്ടമായ തീറ്റയാണ്. പ്ലായില കുമ്പിള് കുത്തി പണ്ട് സ്പൂണിന് പകരം കഞ്ഞി കുടിക്കാനായി ഉപേയാഗിച്ചിരുന്നു. ജൈവവളമായി കൃഷിക്ക് ഉപയോഗിക്കാറുണ്ട്.

കൃഷി മാർഗ്ഗങ്ങൾ

ഒരു ചക്ക മുഴുവനായും മണ്ണിൽ കുഴിച്ചിടുകയും, അതിൽ നിന്നും വളർന്നു വരുന്ന എല്ലാ തൈകളെയും ചെറുതായിരിക്കുമ്പോൾ തന്നെ ഒരുമിച്ച് ബലമായി കെട്ടിവെച്ച് ഒറ്റത്തടിയാക്കി ഒട്ടിച്ച് വളർത്തിയെടുത്താൽ രുചിയും ഗുണവും കൂടുതലുള്ള ചക്ക ലഭിക്കുന്ന പ്ലാവുകൾ ഉണ്ടാക്കാം.[2]

ചിത്രശാ‍ല

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. കേരളത്തിലെ ഫല സസ്യങ്ങൽ - ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌
  2. "പ്ലാവ് നടുന്നതിന് വേറിട്ടൊരു രീതി". ദേശാഭിമാനി. 2015-04-03. മൂലതാളിൽ നിന്നും 2015-04-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2015-04-06.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.