കുടപ്പന

ഒരു ഒറ്റത്തടി വൃക്ഷമാണ്‌ കുടപ്പന (Talipot Palm). (ശാസ്ത്രീയനാമം: Corypha umbraculifera). കുടയുണ്ടാക്കാനായി ഇതിന്റെ ഓലകൾ (പട്ടകൾ) ഉപയോഗിച്ചിരുന്നതുകൊണ്ടാണ്‌ ഇതിന്നു കുടപ്പന എന്ന പേർ വന്നത്. വീടുകളുടെ മേൽക്കൂര മേയാനായി ഇതിന്റെ ഓലകൾ വ്യാപകമായി പണ്ട് ഉപയോഗിച്ചിരുന്നു. കേരളത്തിൽ ആദ്യ കാലങ്ങളിൽ എല്ലാവരും ‍ ഉപയോഗിച്ചിരുന്നത് ഇതിന്റെ പട്ടകൾ കൊണ്ടുണ്ടാക്കിയ കുടകളായിരുന്നു. ഇതുപയോഗിച്ചുണ്ടാക്കുന്ന കുടകൾ കാർഷികമേഖലയിൽ ഇന്നും ഉപയോഗിച്ചുവരുന്നുണ്ട്. തൊപ്പിക്കുടകൾ പുരുഷന്മാരും കുണ്ടൻകുടകൾ കുനിഞ്ഞു നിന്നു പാടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളും ഉപയോഗിക്കുന്നു. അനുഷ്ഠാനപരമായ ആവശ്യങ്ങൾക്കും അലങ്കാരാവശ്യത്തിനും ഇപ്പോഴും ഇതുകൊണ്ട് കുടകൾ ഉണ്ടാക്കാറുണ്ട്. കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും തീരപ്രദേശങ്ങളിലേ കുടപ്പന കാണുന്നുള്ളൂ.[1]

കുടപ്പനയുടെ തൈ

കുടപ്പന
Corypha umbraculifera painting (1913)
പരിപാലന സ്ഥിതി

വസ്തുതകൾ അപര്യാപ്‌തം  (IUCN 2.3)
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Monocots
(unranked):
Commelinids
Order:
Arecales
Family:
Arecaceae
Genus:
Corypha
Species:
C. umbraculifera
Binomial name
Corypha umbraculifera
L.
Synonyms
  • Bessia sanguinolenta Raf.
  • Corypha guineensis L.

വിവരണം

ഇതിന്ന് മറ്റു പനകളെ അപേക്ഷിച്ച് വളർച്ചനിരക്ക് വളരെ കുറവാണ്‌. ഉയരം 20 മുതൽ 30 മീറ്റർ വരെ വയ്ക്കുന്നു. കുടപ്പനകളുടെ ഇലകൾക്ക് അവ നിലത്തു വിടർത്തിയിട്ടാൽ മൂന്നു മീറ്റർ വരെ വ്യാസം കണ്ടേക്കാം. അവയുടെ തണ്ടുകൾക്കു രണ്ടു മീറ്ററോളം നീളം കാണും. താരതമ്യേന നിവർന്നു മുകളിലേക്കായാണ്‌ തണ്ടുകൾ നിലകൊള്ളുക. ഇലയുടേയും തണ്ടിന്റേയും നിറം കടുത്ത പച്ചയാണ്‌. വണ്ണവും കൂടുതലുണ്ടാകും. എല്ലാ പനവർഗ്ഗങ്ങളിലുമെന്നപോലെ തണ്ടിന്റെ രണ്ടരികിലും മുള്ളുകളുടെ നിരയുണ്ട്. ഇലകൾക്ക് ബലം കുറവാണ്‌. ഇവയുടെ ഇലകൾ കോട്ടി കമഴ്ത്തി വച്ച കുമ്പിൾ പോലെയാക്കി നരിച്ചീറുകൾ ( ചെറിയ ഇനം കടവാതിലുകൾ) താവളമാക്കാറുണ്ട്.

Corypha umbraculifera plant in a garden at Anandashram
പൂത്തുനിൽക്കുന്ന കുടപ്പന

പനജാതിയിൽപ്പെട്ട എല്ലാ വൃക്ഷങ്ങളേയും പോലെ ഈ മരത്തിന്റെയും മുകളറ്റത്താണ്‌ "ഓലകൾ" കാണപ്പെടുന്നത്‌.

കുടപ്പന ഒരിക്കൽ മാത്രം, അതായത് അതിന്റെ ജീവിതാന്ത്യത്തിൽ മാത്രമാണ് പുഷ്പിക്കുന്നത്. ഇതിലൂടെ അനേകായിരം വിത്തുകൾ വ്യാപകമായി വിതരണം ചെയ്യപ്പെടുന്നു. പുഷ്പിക്കുന്ന പന സാവധാനം അവസാന ഓലകളും പൂത്തണ്ടും നശിച്ച് തായ്ത്തടി ജീർണ്ണിച്ച് പൂർണ്ണമായും നശിക്കുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ‌

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.