ഒസൈറിസ്

ഈജിപ്ഷ്യൻ പുരാണങ്ങളിലെ ഒരു പ്രധാന ദേവൻ. പാതാളലോകത്തിലെ ദേവൻ എന്ന നിലയിലും ഈ ദേവനെ വർണിച്ചു കാണുന്നു. ഭൂമിയുടെയും ആകാശത്തിന്റെയും പുത്രനാണെന്ന ഒരു സങ്കല്പവും പ്രചാരത്തിലുണ്ട്. ഒസൈറിസ് ഐസിസ് ദേവതയുടെ ഭർത്താവായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.[1] വിവേകത്തിന്റെയും നീതിയുടെയും വിളനിലമായ ഇദ്ദേഹം ഈജിപ്റ്റ് മുഴുവൻ ഭരിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. അജ്ഞാനികളും പ്രാകൃതരുമായ ജനങ്ങളെ സംസ്കാരസമ്പന്നരാക്കി അവർക്കിടയിൽ നല്ല നിയമങ്ങളും വ്യവസ്ഥകളും ഇദ്ദേഹം ഏർപ്പെടുത്തി. ഇദ്ദേഹത്തിന്റെ സദ്ഗുണങ്ങളും കൃത്യങ്ങളും സഹോദരനായ സെത്ത് (Seth) അസൂയാലുവായി; തന്ത്രപൂർ‌‌വം ജ്യേഷ്ഠനെ ഒരു പെട്ടിലാക്കി നൈൽ നദിയിൽ ഒഴുക്കിക്കൊന്നു.[2] ദീർഘകാലാന്വേഷണഫലമായി ഒസൈറിസ്സിനെ ഐസിസ് കണ്ടെടുത്തു.[3] പക്ഷേ അവളിൽനിന്ന് ഒസൈറിസ്സിന്റെ ശരീരം സെത്ത് പിടിച്ചുവാങ്ങി, പല കഷണങ്ങളാക്കി ഈജിപ്റ്റ് മുഴുവൻ വിതറി. ഒന്നൊഴിച്ചു ബാക്കിയെല്ലാ കഷണങ്ങളും ഐസിസ് ശേഖരിച്ച് വേണ്ട ബഹിമതികളോടുകൂടി പല സ്ഥലങ്ങളിലായി സംസ്കരിച്ചു. ആസ്ഥാനങ്ങളെല്ലാം പവിത്രമായി തീർന്നുവെന്നാണ് ഐതിഹ്യം.[4]

ഈജിപ്ഷ്യൻ ദേവത ഒസൈറിസിന്റെ ചിത്രം

പാതാളത്തിലെ ഭരണാധിപൻ

ഒസൈറിസ്സിന്റെ ശരീരഭാഗങ്ങളെല്ലാം തന്റെ മന്ത്രശക്തിയാൽ ഒരുമിച്ചുചേർത്ത് ഐസിസ് ഒസൈറിസ്സിനെ ജീവിപ്പിച്ചുവെന്നും, പാതാളത്തിലെ ഭരണാധിപനായി ഒസൈറിസ് പിന്നീട് ജീവിച്ചുവെന്നുമുള്ള വേറൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. ഒസൈറിസ്സിന്റെ പുത്രൻ ഹോറസ് തന്റെ പിതാവിന്റെ ഘാതകനായ സെത്തിനെ വധിച്ചു പകവീട്ടിയതായി പറയപ്പെടുന്നു.[5]

അപിസ് എന്ന കാള

അപിസ് എന്ന കാളയായി ഒസൈറിസ് ഭൂലോകത്തിൽ അവതരിച്ചതായി വിശ്വാസികൾ കരുതിവരുന്നു. ഇതിന്റെ ഫലമായി ഈ കാളയുടെ പേര് ഒസൈറിസ്--അപിസ് എന്നായിത്തീർന്നു.

ഒസൈറിസ്സിന്റെ ദേവാലയം

ഒസൈറിസിന്റെ കുടുംബം നടുവിൽ ഒസൈറിസ് ഇടത്ത് പുത്രൻ ഹോറസ് വലത്ത് ഭാര്യ ഐസിസ്

ഒസൈറിസ്സിനെകുറിച്ച് മറ്റൊരു ഐതിഹ്യവുമുണ്ട്. അദിയിൽ ഇദ്ദേഹം ബ്യൂസീറിസ്സിലെ മാത്രം ദേവനായിരുന്നു. ക്രമേണ ഒസൈറിസ്സിനെ ആരാധിക്കുന്ന സമ്പ്രദായം അബിഡോസിലും വ്യാപിച്ചു. നന്മ നൽകുന്നവനായും പ്രഭുക്കളുടെ പ്രഭുവായും ദേവതകളുടെ രാജാവായും ഇദ്ദേഹം പ്രകീർത്തിക്കപ്പെട്ടുവന്നു. ഒസൈറിസ്സിന്റെ ഒരു ദേവാലയം അബിഡോസ്സിലുണ്ട്. ഇതിൽ ഒസൈറിസ്സിന്റെ തല അടക്കം ചെയ്തിട്ടുള്ളതായി വിശ്വസിച്ചുവരുന്നു. ഇത് നല്ലൊരു തീർഥാടന കേന്ദ്രമായിത്തീർന്നു. ഈ പുണ്യഭൂമിയിൽ മൃതശരീരം അടക്കം ചെയ്യുന്നത് ശ്രേയസ്കരമാണെന്ന വിശ്വാസത്താൽ മരിച്ചവരെ ദൂരസ്ഥലങ്ങളിൽ നിന്നുപോലും ഇവിടെ കൊണ്ടുവരാറുണ്ട്. ഒസൈറിസ്സിനെ നന്മയുടെയും സഹോദരനായ സെത്തിനെ തിന്മയുടെയും പ്രതീകങ്ങളായി ഈജിപ്റ്റുകാർ കരുതുന്നു. സാധാരണയായി മനുഷ്യരൂപത്തിലാണ് ഒസൈറിസ്സിനെ പ്രതിനിധീകരിക്കാറുള്ളത്. കാളയുടെയോ മറ്റു മൃഗങ്ങളുടെയോ മുഖത്തോടുകൂടിയ മനുഷ്യന്റെ ആകൃതിയിലും ഒസൈറിസ് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.[6]

അവലംബ

പുറംകണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.