മൂവാറ്റുപുഴ

കേരളത്തിൽ എറണാകുളം ജില്ലയിലെ ഒരു പട്ടണമാണ് മൂവാറ്റുപുഴ. ഏകദേശം സമുദ്ര നിരപ്പിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം എറണാകുളത്തു നിന്നും 42 കി.മീ ദൂരത്തിൽ കിഴക്കായി സ്ഥിതി ചെയ്യുന്നു. മൂവാറ്റുപുഴയാറിന്റെ പോഷകനദികളായ കോതമംഗലം ആറ്(കോതയാർ), കാളിയാറ്, തൊടുപുഴയാറ് എന്നീ മൂന്നു ആറുകൾ ഒന്നിച്ചു ചേരുന്ന സ്ഥലമെന്നതിനാ‍ൽ മൂവാറ്റുപുഴ എന്ന പേരു വന്നു എന്ന അഭിപ്രായമുണ്ട്. എറണാകുളം ജില്ലയുടെ ഭാഗമാണ് മൂവാറ്റുപുഴ.തൃശൂരിനും കോട്ടയത്തിനും മദ്ധ്യേ എം.സി റോഡിലാണ് മൂവാറ്റുപുഴ സ്ഥിതി ചെയ്യുന്നത്. മൂവാറ്റുപുഴ എന്നത് ഇതിലെ ഒഴുകുന്ന പുഴയുടെ പേരുമാണ്. എങ്കിലും ജനകീയമായി ഇത് മൂവാറ്റുപുഴയാർ എന്നാണ് അറിയപ്പെടുന്നത്. ഈ പുഴ തെക്കു പടിഞ്ഞാറുഭാഗത്തേക്ക് ഒഴുകി വൈക്കത്തു വച്ചു വേമ്പനാട്ടു കായലിൽ‌ ചേരുന്നു.

മുവാറ്റുപുഴ
പട്ടണം
മുവാറ്റുപുഴ നഗരം
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം
Government
  മുൻസിപ്പൽ ചെയർമാൻയു. ആർ. ബാബു
Area
  Total13.18 കി.മീ.2(5.09  മൈ)
ഉയരം15 മീ(49 അടി)
Population (2011)
  Total30397
  സാന്ദ്രത2,306.3/കി.മീ.2(5,973/ച മൈ)
ഭാഷകൾ
  ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയ മേഖലIST (UTC+5:30)
PIN686661
ടെലിഫോൺ കോഡ്0485
വാഹന റെജിസ്ട്രേഷൻKL-17
അടുത്ത നഗരംഎറണാകുളം, കോട്ടയം, തൊടുപുഴ
സ്ത്രീപുരുഷാനുപാതം1023 ♂/♀
ലോകസഭാമണ്ഡലംഇടുക്കി
കാലാവസ്ഥട്രൊപ്പിക്കൽ മൺസൂൺ (കോപ്പൻ)
ശരാശരി വേനൽ താപനില32.5 °C (90.5 °F)
ശരാശരി തണുപ്പുകാല താപനില20 °C (68 °F)
വെബ്‌സൈറ്റ്muvattupuzha.in
മൂന്നു നദികൾ ചേർന്ന് മൂവാറ്റുപുഴയായി ഒഴുകുന്ന നഗരം

ചരിത്രം

മൂവാറ്റുപുഴ പഴയ തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു; അതിനു മുൻപ് വടക്കുംകൂർ രാജ്യത്തിന്റെയും. പഴയ രേഖകളിൽ മൂവാറ്റുപുഴയും പരിസങ്ങളും ഇടപ്പള്ളി സ്വരൂപത്തിന്റെ ഭാഗമായരുന്നുവെന്ന് കാണിക്കുന്നു. മൂന്ന് ആറുകള് (കോതമംഗലം ആറ്,കാളിയാറ്,തൊടുപുഴയാറ്) സംഗമിച്ചാണ് മൂവാറ്റുപുഴയാറാകുന്നത്. ഇങ്ങനെ മൂന്നു നദികൾ സംഗമിക്കുന്ന ഭാഗത്തിന് പൊതുവെ ത്രിവേണിസംഗമം എന്നു പറയുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം,മൂവാറ്റുപുഴ ഒരു വില്ലേജ് യൂണിയനായി. സർക്കാ‍ർ ശുപാർശ ചെയ്ത മൂന്നു പേരടങ്ങുന്ന ഒരു കൗൺലായിരുന്നു യൂണിയനെ നിയന്ത്രിച്ചിരുന്നത്. വി.പി ഗോവിന്ദൻ നായർ ആയിരുന്നു വില്ലേജ് യൂണിയന്റെ ആദ്യ പ്രസിഡന്റ്. ഹാജി എ.പി മക്കാർ‍,പേന്തിട്ട ഗോപാലൻപിള്ള എന്നിവർ ആയിരുന്നു മററു രണ്ടു കൗൺസിൽ അംഗങ്ങൾ. ഇത് അല്പകാലമേ നില നിന്നുള്ളു.1953-ൽ മൂവാറ്റുപുഴ പഞ്ചായത്തായി. കുന്നപ്പിള്ളിൽ വർക്കി വൈദ്യനായിരുന്നു ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ്. മൂവാറ്റുപുഴ 1958ല് മുനിസിപ്പാലിററിയായി. എൻ.പരമേശ്വരൻ നായർ‍ ആയിരുന്നു ആദ്യ മുനിസിപ്പൽ ചെയർമാൻ. മൂവാറ്റുപുഴ പൊതു തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്ന മുനിസിപ്പാലിററിയായി ചരിത്രത്തിൽ സ്ഥാനം നേടി. എൻ.പി വർഗീസ് ആണ് ആദ്യമായി മൂവാറ്റുപുഴ അസംബ്ളി മണ്ഡലത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എ. എസ്. മഞ്ചുനാഥ പ്രഭു ആയിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥി.[1] പിന്നീട് കെ.എം. ജോർജ് (കേരള കോൺഗ്രസ് സ്ഥാപകൻ) മൂവാറ്റുപുഴ എം.എൽ.എ ആയി.മൂവാറ്റുപുഴ ലോക്-സഭാ മണ്ഡലത്തിൽ നിന്നും ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട എം.പി ജോർജ് തോമസ് കൊട്ടുകാപ്പിള്ളി ആയിരുന്നു. പി.പി എസ്തോസ് ഒരേ സമയം എം.എൽ.ഏയും മുൻസിപ്പൽ ചെയർമാനും ആയിരുന്നു.

സംസ്കാരം

മൂവാറ്റുപുഴയിൽ പ്രധാനമായി മൂന്നു മതാവിശ്വാസികളാണ് ഉള്ളത് :ഹിന്ദു, മുസ്ളിം, ക്രിസ്ത്യാനികൾ തുടങ്ങിയവയാണിവ. ഹിന്ദുക്കളാണ് ഭൂരിപക്ഷം. സുറിയാനി ക്രിസ്ത്യാനികളും ധാരാളമായി മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും ഉണ്ട്. മാപ്പിള മുസ്ലീങ്ങളുടെ പ്രധാന കേന്ദ്രമാണ് കോതമംഗലം-മുവാറ്റുപുഴ മേഖല.

കച്ചേരിത്താഴത്തുള്ള പഴയ മൂവാറ്റുപുഴ പാലം ഇന്ത്യയിലെ ആദ്യത്തെ സിമന്റുകൊണ്ട് വാർത്ത പാലമാണ്[2]. ഇത് 1914-ൽ പണിതതാണ്. മൂവാറ്റുപുഴക്കാരുടെ പ്രധാന ഉപജീവനമാർഗങ്ങൾ കൃഷിയും ചെറുകിട വ്യവസായങ്ങളുമാണ്. മുപ്പതോ നാല്പതോ വർഷം മുമ്പ് മൂവാറ്റുപുഴ കേരളത്തിലെ വലിയ പട്ടണങ്ങളിൽ ഒന്നായിരുന്നു. ഇത് പഴയ പത്രങ്ങളിൽ നോക്കിയാൽ മനസ്സിലാകും. എന്നാൽ ഇന്ന് മറ്റു പല പ്രദേശങ്ങളേയും അപേക്ഷിച്ച് മൂവാറ്റുപുഴ വികസനത്തിൽ വളരെ പിന്നിൽ ആണ് പ്രത്യേകിച്ച് വ്യവസായ ജില്ലയായ എറണാകുളത്തിന്റെ കിഴക്കൻ കോണിൽ കാർഷിക മേഖലയിൽ പെട്ടതു കൊണ്ട് ആവാം, ഈ മുരടിപ്പ്. KL-17 ആണ് മൂവാറ്റുപുഴയുടെ മോട്ടോർ വാഹന റെജിസ്ട്രേഷൻ സീരീസ്.വളരെയധികം വാഹനക്കച്ചവടം നടക്കുന്നു എന്നതിനാലാണ് ഇങ്ങനെ ഒരു പ്രത്യേക സീരീസ് തുടങ്ങിയത്.

പഴയ മൂവാറ്റുപുഴ ലോകസഭാ മണ്ഡലം ഇപ്പോൾ ഇല്ല. മൂവാറ്റുപുഴയും കോതമംഗലവും ഉൾപ്പെട്ട ഭാഗങ്ങൾ ഇപ്പോൾ ഇടുക്കി മണ്ഡലത്തിൽ ആണ്.

സാംസ്ക്കാരീകമായ പ്രവർത്തനങ്ങൾക്ക് എക്കാലവും വളക്കൂറുള്ള പ്രദേശമാണു മൂവാറ്റുപുഴ. 1969ൽ തുടങ്ങിയ 'മേള' എന്ന സാംസ്ക്കാരീക കേന്ദ്രം ഇതിനു തെളിവാണ്. തുടർന്ന്, നാസ്, കലയരങ്ങ് എന്നിങ്ങനെ വിവിധ കലാ കേന്ദ്രങ്ങൾ പിറവിയെടുത്തു. ഈ ശ്രേണിയിലെ ഏറ്റവും പുതിയ കാൽ വയ്പ്പായി 'കളിക്കോട്ട' എന്ന സംഘടനയും രൂപമെടുത്തു.

പ്രാക് ചരിത്രം

വടക്കുംകൂർ രാജാക്കന്മാരുടെ പടപ്പാളയവും പ്രകതി വിഭവ സംഭരണ കേന്ദ്രവും മൂവാറ്റുപുഴ ആണെന്ന കരുതപെടുന്നു.തിരുവനന്തപുരത്തു നിന്നാരംഭിച്ച് അങ്കമാലിയിൽ അവസാനിക്കുന്ന എം.സി. റോഡ് ഈ പട്ടണത്തിലൂടെ കടന്നു പോകുന്നു. 1914 ൽ ശ്രീമൂലം തിരുനാൾ മഹാരാജാവ് മൂവാറ്റുപുഴ പാലം തുറന്നു കൊടുക്കുന്നതുവരെ എം.സി. റോഡ് മൂവാറ്റുപുഴ ആറിൻറെ ഇരുകരകളിലുമായി രണ്ടു ഭാഗമായിരുന്നു. രാജഖജനാവിൽ നിന്ന് തൻറെ പ്രതീക്ഷക്കപ്പുറം നിർമ്മാണത്തിന് പണമിറ്ക്കേണ്ടി വന്നപ്പോൾ തെല്ലൊരു നീരസത്തോടെ ശ്രീമൂലം തിരുനാൾ കൊട്ടാരം സർവ്വാധികാര്യക്കാരായ ശങ്കരൻ തമ്പിയോട് മൂവാറ്റുപുഴയിൽ പാലം നിർമ്മിക്കുന്നത് സ്വർണ്ണംകൊണ്ടോ, വെള്ളികൊണ്ടോ എന്ന് ചോദിച്ച രസകരമായ സംഭവം ഉണ്ടായിട്ടുണ്ട്. ഐക്യകേരളത്തിൻറെ സമുദ്ഘാടന ദിനത്തിൽ ഉത്തര ദക്ഷിണ ഭാഗങ്ങളിൽ നിന്നാരംഭിച്ച രണ്ടു ദീപ ശിഖാ വാഹക യാത്രകളും സംഗമിച്ചത് ഈ പാലത്തിൽ വച്ചായിരുന്നു [3]

ഭൂപ്രകൃതി

ഇടനാടിൻറെ ഭാഗമായിട്ടു വരുന്നതാണ് മൂവാറ്റുപുഴ മുനിസിപ്പാലിറ്റി. നിരവധി കുന്നുകളും താഴ് വരകളും ഉൾകൊളളുന്നതാണ് ഈ പ്രദേശം. ലാറ്ററേറ്റ് വിത്തൗട്ട് ബി ഹൊറിസോൺ വിഭാഗത്തിൽപ്പെട്ട മണ്ണിനമാണിവിടെ കാണപ്പെടുന്നത്. നല്ല നീർവാർച്ചയും വളക്കൂറുമാണ് ഈ മണ്ണിൻറെ പ്രത്യേകത. [4] ഒരു പ്രത്യെകത, മുവാറ്റുപുഴ പട്ടണത്തിന് ഏകദേശം 8 കിലോമീറ്റർ തെക്ക് വശം ചുറ്റി ഉയർന്ന മലമ്പ്രദേശം അർദ്ധവൃത്താക്രിതിയിൽ വേർ തിരിക്കുന്നു. എം സീ റോഡിൽ മീങ്കുന്നം ഭാഗത്ത് ആ മലയുടെ മുകൾ ഭാഗം കടന്നു പോകുന്നു. കദളിക്കാട് തൊട്ട് പിറമാടം വരെ ഈ മലമ്പ്രദേശം ഉണ്ട്. [5]

നിറഞ്ഞൊഴുകുന്ന മുവാറ്റുപുഴയാർ - 2013.

ഗതാഗതം

കൊച്ചി-മധുര ദേശീയ പാത 49, എം.സി. റോഡ് തുടങ്ങിയ പല പ്രധാന പാതകളും ഇതിലെ കടന്നു പോകുന്നു.

സമീപ പട്ടണങ്ങൾ:

മുവാറ്റുപുഴയുടെ സമീപ കേന്ദ്രങ്ങൾ::

  • വാഴക്കുളം
  • ആയവന
  • പായിപ്ര
  • പട്ടിമറ്റം
  • വളയൻചിറങ്ങര
  • പോത്താനിക്കാട്
  • പാമ്പാക്കുട
  • കല്ലൂർക്കാട്
  • രാമമംഗലം
  • ചെറുവട്ടൂർ
  • ഓടക്കാലി
  • പണ്ടപ്പിള്ളി
  • ഇലഞ്ഞി
  • നെല്ലിക്കുഴി

ഭാവി

മൂവാറ്റുപുഴ ജില്ല 1970കൾ മുതലേ വടക്കൻ തിരുവിതാംകൂർ മേഖലയിൽ ജനങ്ങൾ പ്രതീക്ഷിച്ചിരുന്നു. 1984 -ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ മൂവാറ്റുപുഴ ജില്ല യഥാർഥ്യമാകുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകിയെങ്കിലും പിന്നീട് അത് അട്ടിമറിക്കപ്പെട്ടു. ഈ പ്രദേശത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകൾ, കുന്നത്തുനാട് താലൂക്കിന്റെ കിഴക്കു ഭാഗങ്ങളായ കോലഞ്ചേരി, പട്ടിമറ്റം, കോട്ടയം ജില്ലയിലെ വെളിയന്നൂർ പഞ്ചായത്ത് എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കുക എന്നത്. പെരുമ്പാവൂർ, പക്ഷേ എറണാകുളം ആലുവ വ്യവസായ മേഖലയിൽ പെടുന്നതിനാൽ മൂവാറ്റുപുഴ ജില്ല പദ്ധതിയിൽ ഉൾപെടുത്തിയിരുന്നില്ല.

എറണാകുളം ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായ വടക്കൻ തിരുവിതാംകൂറിന്റെ," കീഴ്മലനാടിന്റെ" തനതായ സംസ്ക്കാരം, ഭാഷ ശൈലി, ജീവിത ശൈലി, കൂടാതെ ജില്ലാ ആസ്ഥാനമായ കാക്കനാട് നഗരത്തിലേക്കുള്ള അധിക ദൂരം എന്നിവയെല്ലാം മൂവാറ്റുപുഴ ജില്ലയുടെ രൂപീകരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നു. മലനാട് ജില്ല അതായത്, ഇപ്പോഴത്തെ ഇടുക്കി ജില്ല ഉണ്ടായത് മൂവാറ്റുപുഴ ജില്ല ആവശ്യത്തെ തകിടം മറിച്ചു. അതു വരെ വികസനം തൊട്ടു തീണ്ടാത്ത തൊടുപുഴ പട്ടണം, ഇടുക്കി ജില്ലയുടെ അനൗദ്യോഗിക ആസ്ഥാനമായി. ഇടനാട് പ്രദേശത്തെ ഉൾപ്പെടുത്തി മൂവാറ്റുപുഴ ജില്ല പ്രഖ്യാപിച്ചാൽ അത് തൊടുപുഴ ഉൾപ്പെടെയുള്ള ഇടനാട്-മലയോര പ്രദേശത്തിന്റെ സന്തുലിതമായ വികസനം ത്വരിതപ്പെടുത്തും. എന്നാൽ എറണാകുളം-കൊച്ചിൻ മഹാനഗരമായി വളർത്തുക എന്ന പേരിൽ മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകൾ ഉൾപ്പെടുന്ന കാർഷിക-ചെറുകിട വ്യവസായ മേഖലയെ എറണാകുളം ജില്ലയിൽ തളച്ചിടപ്പെട്ടിരിക്കുന്നു. ഈ പ്രദേശം കൊച്ചി, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ നിന്ന് വ്യത്യസ്തമായ വടക്കൻ തിരുവിതാംകൂറിന്റെ തനതായ സംസ്കാരമുള്ളതാകുന്നു.[6]

ചിത്രശാല

പുറം കണ്ണികൾ

അവലംബം

  1. http://www.kerala.gov.in/docs/election_reportage/assembly_election/1951.pdf
  2. http://www.metrovaartha.com/2008/12/31142059/muvattupuzha-bridge.html
  3. http://www.muvattupuzhamunicipality.in/history.php?lbid=195
  4. http://muvattupuzhamunicipality.in/ml/description
  5. http://maps.google.co.in/maps?q=Muvattupuzha,+Kerala&hl=en&ll=9.922522,76.59668&spn=0.21644,0.362549&sll=21.125498,81.914063&sspn=50.955134,92.8125&vpsrc=6&hnear=Muvattupuzha,+Ernakulam,+Kerala&t=p&z=12
  6. http://www.censusindia.gov.in/2011-prov-results/data_files/kerala/Final_Kerala_Paper_1_Pdf.pdf

കുറിപ്പുകൾ

  • ^ മൂവാറ്റുപുഴയുടെ ഇതു വരെയുള്ള മുനിസിപ്പൽ ചെയർമാന്മാരെ എടുത്താൽ പി.പി എസ്തോസ് പ്രത്യേക പ്രാധാന്യം അർഹിക്കുന്നു.അദ്ദേഹം ഒരേ സമയം എം.എൽ.ഏയും മുൻസിപ്പൽ ചെയർമാനും ആയിരുന്നു.അദ്ദേഹം സംസ്ഥാന തലത്തിൽ ചേംബർ ഓഫ് ചെയർമാൻസിന്റെ ചെയർമാനായിരുന്നു.മൂവാററുപുഴയുടെ ചരിത്രത്തിൽ അദ്ദേഹം മാത്രമാണ് പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെട്ട കമ്യൂണിസ്ററ് പാർട്ടി അനുയായി.


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.