തെങ്കാശി

തമിഴ്നാട്ടിൽ തിരുനെൽവേലി ജില്ലയിലെ ഒരു താലൂക്കും പട്ടണവുവുമാണ് തെങ്കാശി. ഒരു കുടിൽ വ്യവസായ-വാണിജ്യ കേന്ദ്രമായ തെങ്കാശിയിലെ ജനങ്ങളിൽ ഏറിയപേരും കാർഷികവൃത്തിയും കുടിൽവ്യവസായവും തങ്ങളുടെ മുഖ്യ ഉപജീവനമാർഗങ്ങളായി സ്വീകരിച്ചിരിക്കുന്നു. നെല്ല് ആണ് പ്രധാന വിള. നീണ്ടു കിടക്കുന്ന മാന്തോപ്പുകൾ പ്രധാന ആകർഷണങ്ങളാണ്.മാമ്പഴം മറ്റ് ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും കയറ്റിഅയക്കാറുണ്ട്. കുറ്റാലം കുന്നുകളിൽ നിന്നുദ്ഭവിക്കുന്ന ചിറ്റാർ ഈ പ്രദേശത്തെ ജലസേചിതമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. താലൂക്കതിർത്തിയിലുള്ള കുളിരാറ്റി കുന്നുകളിൽ നിന്നുമുദ്ഭവിക്കുന്ന ജംബുദയാണ് മറ്റൊരു പ്രധാന നദി. ബീഡി തെറുപ്പ്, പായ നെയ്ത്ത്, പനയോല ഉത്പന്നങ്ങളുടെ നിർമ്മാണം എന്നിവയ്ക്കാണ് കുടിൽ വ്യവസായങ്ങളിൽ പ്രാമുഖ്യമുള്ളത്. തെങ്കാശിയിലെ കാശി വിശ്വനാഥസ്വാമിക്ഷേത്രം പ്രസിദ്ധമാണ്. കൊല്ലം-വിരുദുനഗർ റെയിൽപാതയിലെ ഒരു പ്രധാന റെയിൽവേസ്റ്റേഷനായ തെങ്കാശിയിൽ നിന്ന് ഉദ്ദേശം 5 കി.മീ. അകലെയായി കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നു.

ലോക ഭൂപടത്തിൽ മരം ഇറക്കുമതിയുടെ ഒരു പ്രധാന കേന്ദ്രമാകുന്നു തെങ്കാശി. മരമുള്ള എല്ലാ ലോകരാഷ്ട്രങ്ങളിൽ നിന്നും ഇവിടെ മരം എത്തുന്നു. മലേഷ്യ, മ്യാന്മർ, ബ്രസീൽ, ആഫ്രിക്കൻ രാജ്യങ്ങൾ, ന്യൂസിലാന്റ്, പാപ്പുവാ ന്യു ഗിനിയ മുതലായവ അവയിൽ ചിലവ മാത്രം. കപ്പൽ വഴി തൂത്തുക്കുടിയിലെത്തുന്ന പടു കൂറ്റൻ മരത്തടികൾ വലിയ ലോറികളിൽ കയറ്റി ഇവിടെയെത്തിക്കുന്നു. മരം ആവശ്യക്കാർക്ക് അങ്ങനെയോ, അറുത്തോ കൊടുക്കുന്നു. ഇതിൽ വലിയ പങ്കും കേരളത്തിലാണെത്തുന്നത്.

ഇറക്കുമതിക്ക് ലെറ്റർ ഓഫ് ക്രെഡിറ്റ് ആവശ്യമായതിനാൽ തെങ്കാശിയിലെ ബാങ്കുകളിൽ ഈയിനത്തിലുള്ള ബിസിനസ്സ് ധാരാളമായി നടക്കുന്നു.

തെങ്കാശിയിൽ നിന്ന് ചെങ്കോട്ടയ്ക്ക് പോകുമ്പോൾ പിരാനൂർ ബോർഡർ എന്ന സ്ഥലമുണ്ട്. പണ്ട് ചെങ്കോട്ടയും ഈ പിരാനൂർ ബോർഡർ വരെയുള്ള സ്ഥലങ്ങളും കേരളത്തിന്റെ ഭാഗമായിരുന്നു. പൊതിഗൈ മലനിരകളാൽ ചുറ്റപ്പെട്ട തെങ്കാശി കാഴ്ച്ക്ക് ഇമ്പം നൽകുന്ന സ്ഥലം തന്നെ. നിബിഡ വനങ്ങളിൽ മാൻ, മയിൽ, പുലി മുതലായ ജീവികൾ ധാരാളമായി കാണപ്പെടുന്നു.

മയിൽ നടനം - തെങ്കാശിയിൽ


==അവലംബം== http://pustun.tk/Travancore#Travancore_after_1947

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.