കൊടികുത്തിമല
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണക്ക് അടുത്തുള്ള മലയാണ് കൊടികുത്തിമല. 1921ലെ മലബാർ സർവേയിൽ ഇതൊരു പ്രധാന സിഗ്നൽ സ്ഥലം ആയിരുന്നു. പെരിന്തൽമണ്ണയിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള കൊടികുത്തിമല സഞ്ചാരികൾക്ക് പ്രകൃതി കനിഞ്ഞരുളിയ ഒരു അപൂർവ സുന്ദര താവളമാണ്. സമുദ്രനിരപ്പിൽ നിന്ന് 522 മീറ്റർ ഉയരമുള്ള മലമുകളിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്.1500 അടി ഉയരത്തിലുള്ള ഇവിടം മലപ്പുറം ജില്ലയിലെ ഊട്ടി[1] എന്നാണ് അറിയപ്പെടുന്നത്. ഉയരത്തിനനുസരിച്ച് സുഖമുള്ള ഇവിടെ നിന്നാൽ മലപ്പുറത്തിന്റെയും പെരിന്തൽമണ്ണയുടെയും പ്രകൃതിരമണീയത ആസ്വദിക്കാം. അതിനുവേണ്ടി ഇവിടെ മൂന്നുനിലയുള്ള ഒരു ഗോപുരവും(1998-ൽ നിർമ്മിതം) നിർമ്മിച്ചിട്ടുൺട്.
പെരിന്തൽമണ്ണയിൽനിന്ന് 12 കിലോമീറ്റർ അകലെ താഴേക്കോട് പഞ്ചായത്തിലാണ് ഇത്. വടക്ക് തെക്കൻമല, പടിഞ്ഞാറ് മണ്ണാർമല, കിഴക്ക് താഴ്‌വാരത്തിന്റെ താഴെ ജനവാസ കേന്ദ്രങ്ങൾ. പാലക്കാട് ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ, അങ്ങ് തെക്ക് ഭാഗത്ത് കുന്തിപ്പുഴ എന്നിവ ഇവിടെനിന്നും കാണാനാവും.
ആളുനിന്നാൽ കാണാത്തത്ര ഉയരത്തിലുള്ള പുൽമേടും, വേഗത്തിൽ മാറുന്ന അന്തരീക്ഷവും ആണ് ഇവിടുത്തെ പ്രത്യേകത. മലമുകളിലെ 91 ഹെക്ടർ പുൽമേട് വനംവകുപ്പിൻേറതാണ്.
എത്തിച്ചേരാനുള്ള വഴി
പെരിന്തൽമണ്ണയിൽനിന്ന് മേലാറ്റൂർ റോഡിൽ കാര്യാവട്ടത്തുനിന്ന് വെട്ടത്തൂർ റോഡ് വഴി ആറുകിലോമീറ്റർ യാത്ര ചെയ്താൽ തേലക്കാട്ടെത്തും. തേലക്കാട്ടുനിന്ന് പോബ്‌സൺ എസ്റ്റേറ്റിനുള്ളിലൂടെയാണ് മലയിലേക്കുള്ള റോഡ്. തേലക്കാട്ടുനിന്ന് ആറ് കിലോമീറ്റർ ദൂരമാണ് മലമുകളിലേക്ക്.
കരിങ്കല്ലത്താണി റോഡിലെ മാട്ടറക്കലിൽനിന്ന് അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാലും മലമുകളിലെത്താം. ഈ വഴി ഓഫ്റോഡിങ്ങ് സവാരിക്ക് വളരെ പ്രസിദ്ധമാണ്.
ഈ രണ്ട് വഴികൂടാതെ അമ്മിനിക്കാട്ടുനിന്ന് കൊടികുത്തി മലയിലേക്കെത്താം.നിലവിൽ ഗതാഗതയോഗ്യമായ ഈ റോഡിലൂടെയുള്ളയാത്ര നിങ്ങളെ വളരെ വേഗത്തിൽ കൊികുത്തിമലയിൽ എത്താൻ സഹായിക്കുന്നു.ദേശീയ പാതയിൽ നിന്ന് വെറും 6 കിലോ മീറ്റർ ദൂരത്തിലുള്ള ഇവിടെയെത്താനുള്ള എളുപ്പമാർഗ്ഗവുമിതാണ്