കോട്ടക്കുന്ന്

മലപ്പുറം ജില്ലയിൽ ജില്ലാ ആസ്ഥാനത്തുതന്നെ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാര കേന്ദ്രമാണ് കോട്ടക്കുന്ന്.

കുന്നിനു മുകളിലെത്തുമ്പോൾ വിശാലമായ പുൽപ്പരപ്പ്‌. പുൽ‍പ്പരപ്പിനു നടുവിൽ ഭീതിയുണർത്തുന്ന കൊലക്കിണർ. വെള്ളമില്ലാത്ത കിണറിന്നുള്ളിൽ വളർച്ചമുറ്റിയ ഒരു വയസ്സൻ പടുമരമുണ്ട്. ഖിലാഫത്തു നേതാക്കളുടെ വിചാരണ സ്‌ഥലം ആണ്‌‍ ഇതെന്ന് കരുതുന്നു. വാരിയംകുന്നത്ത് കു‍ഞ്ഞഹമ്മദ് ഹാജിയേയും കൂട്ടരേയും ബ്രിട്ടീഷ്‌ സാമ്മ്രാജ്യം വധിച്ചത് ഇവിടെയാണ്. (കിണറും പടുമരവും ഇപ്പോൾ നിലവിലില്ല. ഇവിടെ ഇപ്പോൾ ഹെലിപാഡ് ആണ്.)

ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ഈ പ്രദേശം പട്ടാളത്തിൻെറ കൈവശമായിരുന്നു. മലപ്പുറം നഗരത്തിലുണ്ടായിരുന്ന പട്ടാള ക്യാമ്പിലെ പട്ടാളക്കാർക്ക് വെടിവെപ്പ് പരിശീലനത്തിനുള്ള രണ്ട് കേന്ദ്രങ്ങളിൽ ഒന്ന് ഈ കുന്നിൻ ചെരിവിൽ ആയിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുള്ള ഈ പ്രദേശത്തെ രാഷ്ട്രീയപാർട്ടി സംസ്ഥാന സർക്കാർ മുഖാന്തരം കേന്ദ്ര ഗവൺമെൻറിൽ ശക്തമായ സമ്മർദം ചെലുത്തിയാണ് ഈ പ്രദേശം സംസ്ഥാന സർക്കാറിന് അനുവദിച്ചുകിട്ടിയത്. ഇപ്പോൾ ജില്ലയിലെ ഏറ്റവുമധികം വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന പ്രദേശമായി കോട്ടക്കുന്ന് മാറിയിരിക്കുന്നു.

ഇവിടം ഇപ്പോൾ സർക്കാർ സംരക്ഷണയിലാണ്‌. സന്ദർശകരെ ആകർഷിക്കുന്നതിനായി ടൗൺഹാളും, ആർട്ടു ഗാലറിയും,സന്ധ്യാസംഗമ ഇരിപ്പിടങ്ങളും പ്രകാശ,ദൃശ്യ വിരുന്നുകളുമായി കുന്ന് മോടിപിടിപ്പിച്ചിരിക്കുന്നു. കോട്ടക്കുന്നിലേക്ക് പ്രവേശനത്തിന് പത്ത് രൂപ പ്രവേശന ചാർജ് ഈടാക്കുന്നുണ്ട്. വാഹന പാർക്കിങിനും ഫീ ഈടാക്കുന്നുണ്ട്.

കോട്ടക്കുന്നിന്റെ ചരിവിൽ മലപ്പുറം മുനിസിപ്പാലിറ്റിയും ഡി.ടി.പി.സി.യും സംയുക്തമായി സംഘടിപ്പിക്കുന്ന കോട്ടക്കുന്ന് അമ്യൂസ്‌മെന്റ് പാർക്ക് എന്ന പേരിൽ ഒരു വാട്ടർ തീം പാർക്കുണ്ട് (സാങ്കേതിക കാരണങ്ങളാൽ വാട്ടർ തീം പാർക്ക് ഇപ്പോൾ പ്രവർത്തിക്കുന്നില്ല) . 30 ഏക്കറിൽ നിർമ്മിച്ചിരിക്കുന്ന ഈ പാർക്കിൽ കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗപ്പെടുത്താവുന്ന വിവിധ വിനോദോപാധികളും റൈഡുകളുമുണ്ട്. എല്ലാ സായാഹ്നങ്ങളിലും വിശിഷ്യ വാരാധ്യങ്ങളിൽ ഇവിടെ കാഴ്ചകാരെക്കൊണ്ട് നിറയുന്നു. ഇപ്പോൾ ഇവിടെ മലപ്പുറം ഡി. ടി. പി. സിയുടെ ആഭിമുഖ്യത്തിൽ ഒരു വാട്ടർ ഡാൻസ് കം ലേസർ ഷോ എല്ലാ ശനിയാഴ്ച്ചകളിലും, ഞായറാഴ്ച്ചകളിലും നടന്നു വരുന്നു.

ഗതാഗതസൗകര്യം

മലപ്പുറം ടൗണിൽ മഞ്ചേരി റോഡിൽനിന്ന് ഇടതുവശത്തേക്കുള്ള ആദ്യ റോഡുതന്നെ ഈ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കാണ്. ഈ റോഡിലൂടെ പോകുന്ന വാഹനങ്ങൾ കോട്ടക്കുന്നിൻെറ പ്രവേശനകവാടത്തിൽ പാർക്കിങ് ഫീ നൽകി നിർത്തിയിടേണ്ടതാണ്. എന്നാൽ, കുന്നിനു മുകളിലേക്ക് വാഹനം നേരിട്ട് കൊണ്ടുപോകാനുദ്ദേശിക്കുന്നവർക്ക് ആദ്യറോഡിലൂടെ പോകാതെ മഞ്ചേരി റോഡിൽതന്നെ മൂന്നാംപടിക്കു സമീപം ഇടതുവശത്തേക്കുള്ള റോഡിലൂടെ പോയാൽ വാഹനങ്ങൾ നേരിട്ട് കോട്ടക്കുന്നിന് മുകളിലേക്ക് കൊണ്ടുപോകാം. ഇപ്പോൾ ഒരാൾക്ക് പത്ത് എന്ന തോതിൽ പ്രവേശന ഫീസ് വാങ്ങുന്നുണ്ട്.

ചിത്രശാല‍

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.