അൽബേനിയ
യൂറോപ്പിന്റെ തെക്കുകിഴക്ക് മെഡിറ്ററേനിയൻ തീരത്തുള്ള പരമാധികാര രാജ്യമാണ് അൽബേനിയ /ælˈbeɪniə/ . ഔദ്യോഗികനാമം: 'പീപ്പിൾസ് റിപ്പബ്ലിക് ഒഫ് അൽബേനിയ' (റിപ്പബ്ലിക്കാ പോപ്പുലർ എഷ്ക്വിപെരൈസ്). 'ഷ്ക്വിപെരി' എന്നാൽ കഴുകന്റെ നാട് എന്നാണർഥം. ടിറാനയാണ് തലസ്ഥാനം.
Republic of Albania Republika e Shqipërisë |
||||||
---|---|---|---|---|---|---|
ആപ്തവാക്യം: Ti Shqipëri më jep nder, më jep emrin shqipëtar (You Albania give me honor, you give me the name Albanian.) |
||||||
ദേശീയഗാനം: Himni i Flamurit ("Anthem of the Flag") |
||||||
Location of അൽബേനിയ (orange) on the European continent (white) — [Legend] |
||||||
തലസ്ഥാനം (ഏറ്റവും വലിയ നഗരവും) | ടിരാന 41°20′N 19°48′E | |||||
ഔദ്യോഗികഭാഷകൾ | അൽബേനിയൻ1 | |||||
ജനങ്ങളുടെ വിളിപ്പേര് | Albanian | |||||
സർക്കാർ | പാർലമെന്ററി ജനാധിപത്യം | |||||
- | രാഷ്ട്രപതി | ബുജാർ നിഷാനി | ||||
- | പ്രധാനമന്ത്രി | ഈദി രാമ | ||||
Independence | ||||||
- | from the Ottoman Empire | November 28, 1912 | ||||
- | from Italy de facto | October 1944 | ||||
വിസ്തീർണ്ണം | ||||||
- | മൊത്തം | 28,748 ച.കി.മീ. (139th) 11,100 ച.മൈൽ |
||||
- | വെള്ളം (%) | 4.7 | ||||
ജനസംഖ്യ | ||||||
- | 2019-ലെ കണക്ക് | 3,600,523[1] (130th) | ||||
- | ജനസാന്ദ്രത | 134/ച.കി.മീ. (63) 318.6/ച. മൈൽ |
||||
ജി.ഡി.പി. (പി.പി.പി.) | 2007-ലെ കണക്ക് | |||||
- | മൊത്തം | $19.944 billion[2] (110th) | ||||
- | ആളോഹരി | $6,797 (IMF) (97th) | ||||
ജി.ഡി.പി. (നോമിനൽ) | 2008-ലെ കണക്ക് | |||||
- | മൊത്തം | $21.500 billion | ||||
- | ആളോഹരി | $5,500 (IMF) | ||||
Gini (2005) | 26.7 (low) | |||||
എച്ച്.ഡി.ഐ. (2007) | ||||||
നാണയം | Lek (ALL ) |
|||||
സമയമേഖല | CET (UTC+1) | |||||
- | Summer (DST) | CEST (UTC+2) | ||||
പാതകളിൽ വാഹനങ്ങളുടെ വശം |
right | |||||
ഇന്റർനെറ്റ് ടി.എൽ.ഡി. | .al | |||||
ടെലിഫോൺ കോഡ് | 355 | |||||
1. | Greek, Macedonian and other regional languages are government-recognized minority languages. |
ഈ മേഖലയിലെ മറ്റു രാജ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ വികസനകാര്യത്തിൽ ഏറ്റവും പിന്നിൽ നില്ക്കുന്ന അൽബേനിയ, സെർബിയയ്ക്കും ഗ്രീസിനും ഇടയ്ക്ക് ഏഡ്രിയാറ്റിക് കടൽത്തീരത്തു സ്ഥിതിചെയ്യുന്നു. വടക്ക് മോണ്ടെനെഗ്രൊ, തെക്കുകിഴക്ക് സെർബിയ( കൊസൊവോ), കിഴക്ക് മാസിഡോണിയ, തെക്ക് ഗ്രീസ്, പടിഞ്ഞാറ് അഡ്രിയാറ്റിക് കടൽ, തെക്കുപടിഞ്ഞാറ് ഇയോനിയൻ കടൽ എന്നിവയാണ് അൽബേനിയയുടെ അതിർത്തികൾ. അൽബേനിയയെ ഓട്റാൻടോ കടലിടുക്ക് ഇറ്റലിയുടെ തീരത്ത് നിന്നും വേർതിരിക്കുന്നു. രാജ്യത്തിന്റെ മധ്യഭാഗം മുഴുവനും തെ.വടക്കായിക്കിടക്കുന്ന ഡൈനാറിക് മലനിരകളാണ് (Dinaric mountains). ഇവ കിഴക്കു മാസിഡോണിയൻ സമതലങ്ങളോളം വ്യാപിച്ചിരിക്കുന്നു. അൽബേനിയയ്ക്കു കുറുകെയുള്ള ഗതാഗതം ദുർഘടവും പ്രായേണ ദുഷ്കരവുമാണ്.
2008-ൽ നാറ്റോ അംഗമായി[3]. യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് സാധ്യത കല്പ്പിക്കപ്പെടുന്ന രാജ്യമാണ്. മുൻ കമ്യൂണിസ്റ്റ് രാജ്യമായ അൽബേനിയ ഇന്ന് യൂറോപ്പിൽ ഏറ്റവുമധികം അഴിമതിയും മാഫിയാ പ്രവർത്തനവും ഉള്ള രാജ്യമാണ്.[4] ചരിത്രപരമായി നോക്കുമ്പോൾ ഈ പ്രദേശം ഗണ്യമായ പ്രാമാണ്യം അനുഭവിച്ചുപോന്നതായിക്കാണാം
ഭൗതികഭൂമിശാസ്ത്രം
ഭൂവിജ്ഞാനീയം
അൽബേനിയയുടെ വടക്കരികിൽ ഏഡ്രിയൻ കടൽ തെക്കുവടക്കായി കിടക്കുന്നു; തെക്കേ പകുതിയിൽ അത് തെക്കു കിഴക്ക് - വടക്ക് പടിഞ്ഞാറ് ദിശയിൽ അവസ്ഥിതമായി കാണുന്നു. ഡൈനാറിക് മലനിരകളുടെ ദിശയും ഇതുതന്നെ. അൽബേനിയൻ ഭൂപ്രകൃതിയിൽ മികച്ച സ്വാധീനത ചെലുത്തുന്നവയാണ് ഈ പർവതങ്ങൾ. തെക്കൻ അൽബേനിയയിലെ കടൽത്തീരത്തോളമെത്തുന്ന കുന്നുകളും മുനമ്പുകളും ഈ പർവതങ്ങളുടെ തുടർച്ചയാണ്.
സെർബിയൻ പ്രദേശത്തിന്റെ പ്രത്യേകതയായ കാർസ്റ്റ് സ്ഥലരൂപങ്ങൾ അൽബേനിയയിലേക്കു നീണ്ടുകാണുന്നില്ല. ഇവിടെ ഉന്നതപ്രദേശങ്ങളിൽ പാലിയോസോയിക് യുഗത്തിലെ പുരാതന ശിലാസ്തരങ്ങളാണുള്ളത്. തീരപ്രദേശത്തേക്കു അടുക്കുന്തോറും താരതമ്യേന പ്രായംകുറഞ്ഞ ശിലാശേഖരങ്ങൾ കണ്ടുവരുന്നു. മേല്പറഞ്ഞ പാലിയോസോയിക് പ്രസ്തരങ്ങൾ ആഗ്നേയപ്രക്രിയകൾക്കു വിധേയമായിട്ടുള്ളവയാണ്. അന്തർവേധശിലകളുടെ ബാഹുല്യം ഈ പ്രദേശങ്ങളുടെ സവിശേഷതയാണ്. ഗാബ്രോ, സർപെന്റെയിൻ തുടങ്ങിയ ശിലകളാണ് ഇവിടെ ധാരാളമായി കണ്ടുവരുന്നത്. സങ്കീർണമായ ഒരു പ്രതല സംരചനയ്ക്ക് ആഗ്നേയപ്രക്രിയകൾ ഹേതുവായിരിക്കുന്നു.
തെക്കു പടിഞ്ഞാറൻ പ്രദേശത്തു മാത്രമാണ് ചായ്വു കുറഞ്ഞ തലങ്ങളുള്ളത്. വടക്കേ അറ്റത്ത് ഈ മേഖലയുടെ വീതി വെറും എട്ട് കിലോ മീറ്റർ മാത്രമാണ്. തെക്കോട്ടു വരുന്തോറും വീതി ക്രമേണ വർധിക്കുന്നു. കാർസ്റ്റ് പ്രദേശത്തിന്റെ തുടർച്ചയാണ് ഈ സ്ഥലങ്ങൾ. തെക്കേ അറ്റത്ത് ഇവ കടൽത്തീരത്തോളം വ്യാപിച്ചുകാണുന്നു.
ഭൂപ്രകൃതി
ഭൂപ്രകൃതിയനുസരിച്ച് അൽബേനിയയെ പ്രധാനമായി മൂന്നു മേഖലകളായി വിഭജിക്കാം.
തീരപ്രദേശം
മോണ്ടിനെഗ്രോ അതിർത്തിക്കടുത്തുള്ള ഷോഡർ തടാകം തൊട്ട് തെക്ക് വ്ളോർ ഉൾക്കടലോളം ഉദ്ദേശം 200 കി.മീ. നീണ്ടുകാണുന്ന ഈ പ്രദേശത്തിന്റെ വീതി പലയിടത്തും വ്യത്യസ്തമാണ്. ദ്രിൻ നദീമുഖത്തുള്ള കടലിനും മലകൾക്കുമിടയ്ക്ക് 7 കിലോമീറ്റർ വിസ്തൃതിയിൽ ചതുപ്പു പ്രദേശമാണുളളത്. ഏതാണ്ട് 80 കിലോമീറ്റർ തെക്ക് തീരപ്രദേശത്തിന്റെ വീതി സുമാർ 50 കിലോമീറ്റർ ആണ്. അതിനും തെക്ക് കുന്നുകളും മലകളും കടൽത്തീരത്തോളം കയറിക്കിടക്കുന്നു. നദീതടങ്ങളൊഴികെ ഇവിടെ തീരസമതലങ്ങളില്ലെന്നുതന്നെ പറയാം.
സമുദ്രനിരപ്പിൽനിന്ന് ഏതാനും മീറ്റർ മാത്രം ഉയരത്തിലുള്ള തീരസമതലം എക്കൽമണ്ണുകൊണ്ട് മൂടപ്പെട്ട ടെർഷ്യറി (Tertiary) ശിലാപ്രസ്തരമാണ് ഉൾ ക്കൊള്ളുന്നത്. നദികളുടെ വിസർപ്പഗതികാരണം എക്കൽനിക്ഷേപങ്ങളുടെ കനം അനുവർഷം വർധിച്ചുവരുന്നു. നിക്ഷേപഫലമായി ഉണ്ടാകുന്ന തിട്ടുകളും വരമ്പുകളും തീരപ്രദേശത്ത് ചതുപ്പുകളും കായലുകളും നിർമ്മിക്കുന്നതിൽ കടലേറ്റങ്ങളോടു പങ്കുചേരുന്നു. സമുദ്രത്തിലേക്കു കയറിക്കിടക്കുന്ന ഡെൽറ്റകൾ പ്രായേണ ചതുപ്പുപ്രദേശങ്ങളാണ്. ചരിത്രകാലാരംഭത്തിനുശേഷം തന്നെ തടരേഖ 5 കിലോമീറ്ററോളം കടലിലേക്കിറങ്ങിയതായി അനുമാനിക്കപ്പെടുന്നു. കടലോരത്തോളം എത്തുന്ന കുന്നുകളിൽ ചിലതിനു സമുദ്രനിരപ്പിൽ നിന്നും സു. 300 മീറ്ററോളം ഉയരമുണ്ട്. തലസ്ഥാനമായ ടിറാനയ്ക്കു തെക്കും പടിഞ്ഞാറും ഈ കുന്നുകൾ സമാന്തരനിരകളായി വർത്തിക്കുന്നു. ഈ കുന്നുകളും ഡൈനാറിക് നിരകളുമൊക്കെത്തന്നെ നിരന്ന ഭൂമിയിൽനിന്നും തൂക്കായി എഴുന്നു കാണുന്നു.
ഫലഭൂയിഷ്ഠമായ തീരദേശം ഒട്ടുമുക്കാലും കൃഷിഭൂമികളാണ്; ശൈത്യകാലത്ത് മേച്ചിൽസ്ഥലമായും ഇവ ഉപയോഗിക്കപ്പെടുന്നു. വേനല്ക്കാലത്ത് ആടുകളെ ഉന്നത പ്രദേശങ്ങളിലേക്ക് മേച്ചിലിനു വിടുന്നു. വരൾച്ചമൂലം വേനല്ക്കാലത്തു ജലസേചനസൗകര്യമുള്ളിടത്തു മാത്രം നെല്ലും പരുത്തിയും കൃഷിചെയ്യുന്നു. ജലസംഭരണത്തിനു പറ്റിയ ശിലാഘടനയല്ല ഈ പ്രദേശത്തിലുള്ളത്. ചതുപ്പുനിലങ്ങൾ പലതും കൃഷിസ്ഥലങ്ങളായി മാറിയിട്ടുണ്ട്.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ താരതമ്യേന കുറവാണ്. ചുരുക്കം നഗരങ്ങൾ കഴിഞ്ഞാൽ പിന്നെ ഒറ്റപ്പെട്ട കുടിപാർപ്പുകളാണധികവും. അങ്ങിങ്ങായി മാത്രം ചെറിയ ഗ്രാമങ്ങൾ കാണാം. പട്ടണങ്ങൾ അധികവും മലകളുടെ താഴ്വാരത്തായാണ്. കേന്ദ്രീകരിച്ചിട്ടുള്ളത്. ഷോഡർ, ടിറാന, എൽബസാൻ, ബറാത് എന്നിവയാണ് പ്രധാന പട്ടണങ്ങൾ; ഡെറെസ്, വ്ളോർ എന്നിവ തുറമുഖങ്ങളും.
മധ്യ-ഉന്നതപ്രദേശം
ടെർഷ്യറി യുഗത്തിലെ മടക്കുപർവതങ്ങളുടെ ശ്രേണിയാണിത്. സമാന്തര മലനിരകളും അവയ്ക്കിടയിലുള്ള താഴ്വാരങ്ങളും ഏറെക്കുറെ ക്രമീകൃതമായിക്കാണുന്നു. തൂക്കായുള്ള ചരിവുതലങ്ങളും മൊട്ടക്കുന്നുകളും അങ്ങിങ്ങായി കാണാമെങ്കിലും പൊതുവേ ഫലഭൂയിഷ്ഠത തീരെയില്ലാത്ത ഉൽഖാതഭൂമി(bad land)യാണ്. രാജ്യത്തിന്റെ വടക്കേ അരികിലേക്കു പോകുന്തോറും ഈ മേഖല വീതി കുറഞ്ഞ് കഠിനശിലാസമൂഹങ്ങളുടേതായ സമാന്തരപംക്തികളായിത്തീരുന്നു. ഇവയ്ക്കിടയിലൂടെ ഒഴുകുന്ന മാറ്റ് നദീതടം മാത്രം ഫലഭൂയിഷ്ഠമായ എക്കൽ പ്രദേശമായി മാറിയിട്ടുണ്ട്. അൽബേനിയയ്ക്ക് അനുദൈർഘ്യമായിക്കിടക്കുന്ന മധ്യ-ഉന്നതപ്രദേശം രാജ്യത്തിന്റെ വ.കിഴക്കേ അരികിലെത്തുമ്പോൾ തീരസമതലത്തിൽ ലയിക്കുന്നു. പൊതുവേ നോക്കുമ്പോൾ തെക്കൻ പകുതി മനുഷ്യപ്രാപ്യവും വടക്കൻ പകുതി ദുർഗമവും ആണ്.
പർവതപ്രദേശം
മധ്യ-ഉന്നതപ്രദേശത്തിനും കിഴക്കുള്ള മേഖല പർവതങ്ങൾ നിറഞ്ഞ് സങ്കീർണമായ ഭൂപ്രകൃതിയുള്ളതാണ്. രാജ്യത്തിന്റെ കിഴക്കരികിലായി വടക്കുനിന്നും തെക്കോട്ട് ക്രമേണ വീതി കുറഞ്ഞുവരുന്ന പർവതനിരകൾ ഒടുവിൽ ഗ്രീസ് അതിർത്തിയിലേക്കു പടർന്നു കാണുന്നു. ആൽപൈൻ പർവതത്തോട് അനുബന്ധിച്ചുണ്ടായ മടക്കു പർവതങ്ങളാണിവ. അൽബേനിയയിലെ പ്രധാന നദികളൊക്കെത്തന്നെ ഈ ഭാഗത്തെ പർവതനിരകളിൽനിന്നും ഉദ്ഭവിച്ച് അവയെ കുറുകെ മുറിച്ചൊഴുകുന്നവയാണ്. അഗാധവും വീതി കുറഞ്ഞതുമായ താഴ്വര പ്രദേശങ്ങളാണ് ഇവയ്ക്കിടയിലുള്ളത്. മാസിഡോണിയ-അൽബേനിയ അതിർത്തിയിൽ രണ്ടു രാജ്യങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന തടാകപ്രദേശവും ഈ മേഖലയിൽ ഉൾ പ്പെടുന്നു. ഓറിഡ്, പ്രെസ്പ എന്നീ പ്രധാന തടാകങ്ങൾ ഇരുരാജ്യങ്ങളിലുമായാണ് വ്യാപിച്ചിരിക്കുന്നത്.
ജലസമ്പത്ത്
രാജ്യത്തിന്റെ തെക്കും കിഴക്കും അതിരുകൾക്ക് ഇരുപുറവുമായി ഉദ്ഭവിക്കുന്ന അനേകം നദികൾ ഏഡ്രിയാറ്റിക്കിൽ പതിക്കുന്നവയായുണ്ട്. മിക്കവാറും നദികൾ ഒഴുകുന്നത് വടക്കുകിഴക്ക് ദിശയിലാണ്; ഡൈനാറിക് മലനിരകൾക്കിടയിക്കുള്ള താഴ്വരകളിലൂടെയാണ് ഗതി. ദ്രിൻ (Drin), മാറ്റ് (Mat), ഷ്കുംബി (Shkumbi) എന്നീ നദികൾ ഡൈനാറിക് നിരകൾക്കു കുറുകെ പ്രവാഹകന്ദരങ്ങൾ (caverns) നിർമിച്ചുകൊണ്ട് തീരസമതലങ്ങളിലേക്കു കടക്കുന്നു. ഒന്നിലേറെ മലനിരകളെ അതിക്രമിച്ചാണ് ഇവ ഒഴുകുന്നത്. പൂർവവർതി (anticedent) അപവാഹത്തിന്റെ ഒന്നാംതരം ദൃഷ്ടാന്തങ്ങളാണിവ.
ദ്രിൻ ആണ് ഏറ്റവും വലിയ നദി. ബ്ലാക്ക് ദ്രിൻ, വൈറ്റ് ദ്രിൻ എന്നിങ്ങനെ രണ്ടു ശാഖകൾ ചേർന്നാണ് ഈ നദി രൂപംകൊള്ളുന്നത്. ഏതാണ്ട് 40 കി.മീ. നീളമുള്ള ഒരു ചുരത്തിലൂടെ കടന്ന് ഇത് യുഗോസ്ലാവിയൻ പ്രദേശത്തേക്ക് ഒഴുകുന്നു. അവിടെ രണ്ടായിപ്പിരിഞ്ഞൊഴുകി ഒരു ശാഖ ഷോഡർ തടാകത്തിലും മറ്റൊന്ന് സമുദ്രത്തിലും പതിക്കുന്നു. അൽബേനിയയിലെ പർവതപ്രദേശത്തുവച്ച് അനേകം ഉപനദികൾ ദ്രിനിൽ ചേരുന്നു. ആദ്യം വടക്ക് പടിഞ്ഞാറും (ബ്ലാക്ക് ദ്രിൻ), പിന്നെ ഏതാണ്ട് തെക്ക് പടിഞ്ഞാറുമായാണ് ഇതിന്റെ ഗതി.
ദ്രിൻ നദിയുടെ പടിഞ്ഞാറായുള്ള മധ്യോന്നത പ്രദേശത്താണ് മാറ്റ് നദിയുടെ ഉദ്ഭവം. പടിഞ്ഞാറേ അരികിലുള്ള മലനിരയെ ഭേദിച്ചുകൊണ്ട് ഈ നദി സമുദ്രത്തിലേക്കൊഴുകുന്നു.
ഷ്കുംബി, ഡെവോൾ എന്നിവയാണ് മധ്യഅൽബേനിയയിലെ പ്രധാന നദികൾ. ഓറിദ് തടാകത്തിൽനിന്നും ഉദ്ഭവിക്കുന്ന ഷ്കുംബി ആദ്യം വടക്ക് പടിഞ്ഞാറും പിന്നെ മലനിരകൾക്കു കുറുകെ പടിഞ്ഞാറായും ഒഴുകി സമുദ്രത്തിലെത്തുന്നു. ഓറിദ് തടാകത്തിനരികിലായിത്തന്നെയാണ് ഡെവോളിന്റെ പ്രഭവവും. മലനിരകൾക്കു കുറുകെയും സമാന്തരമായും മാറിമാറിയൊഴുകുന്ന ഡെവോളും അവസാനം ഏഡ്രിയാറ്റിക് കടലിൽ പതിക്കുന്നു. ഈ മൂന്നു നദികളുടെയും ഗതി പരിശോധിച്ചാൽ നദീഗ്രഹണത്തിന്റെ ( river-capture) പ്രത്യക്ഷലക്ഷണങ്ങൾ കാണാവുന്നതാണ്. തെക്കേ അൽബേനിയയിലും ധാരാളം ചെറു നദികളുണ്ട്.
വേനല്ക്കാലത്തു പ്രായേണ വരൾച്ച അനുഭവപ്പെടുന്ന അൽബേനിയൻ നദികൾ മറ്റ് ഋതുക്കളിൽ-പ്രത്യേകിച്ച് ശൈത്യകാലത്ത്-നിറഞ്ഞൊഴുകുന്നവയാണ്. പർവതസാനുക്കൾ വിട്ടകലുന്നതോടെ ഇവയുടെ പ്രവാഹവേഗം കുറയുന്നു. കനത്ത ജലോഢനിക്ഷേപങ്ങൾ സൃഷ്ടിക്കുന്നതിലും ഇവ പ്രധാന പങ്കു വഹിക്കുന്നു. സമതലങ്ങളിൽ ഈ നദികൾ വളഞ്ഞുപുളഞ്ഞൊഴുകുന്നവയും കൂടെക്കൂടെ ഗതിമാറുന്നവയുമാണ്.
കാലാവസ്ഥ
ചൂടുകൂടിയ വേനല്ക്കാലവും, തണുപ്പ് കുറഞ്ഞ ശിശിരവുമുള്ള ഉപോഷ്ണകാലാവസ്ഥയാണ് അൽബേനിയയിലേത്. സാമാന്യം നല്ല മഴ ലഭിക്കുന്നു. നിമ്നോന്നതമായ ഭൂപ്രകൃതിമൂലം കാലാവസ്ഥയിൽ പ്രാദേശികമായ വൈവിധ്യം അനുഭവപ്പെടാറുണ്ട്. കടലോരപ്രദേശങ്ങളിൽ മെഡിറ്ററേനിയൻ കാലാവസ്ഥയാണുള്ളത്. അത് ലാന്തിക്കിലും മെഡിറ്ററേനിയനിലും രൂപംകൊള്ളുന്ന ചക്രവാതങ്ങളുടെ ഗതി മിക്കപ്പോഴും അൽബേനിയയിലൂടെയാണ്; ഏഡ്രിയാറ്റിക് കടലിൽ രൂപംകൊള്ളുന്നവയും അൽബേനിയൻ പ്രദേശത്തുകൂടി നീങ്ങുന്നു. ഇവ മൂലമാണ് മഴ ലഭിക്കുന്നത്. രാജ്യത്തിന്റെ വടക്കരികിലുള്ള ആൽപ്സ് നിരകളും മറ്റു പർവതശിഖരങ്ങളും ശിശിരത്തിൽ ഹിമപാതത്തിനും ഗ്രീഷ്മത്തിൽ ആലിപ്പഴവർഷത്തിനും വിധേയമാണ്. ശിശിരകാലത്ത് അൽബേനിയയുടെ ഉൾപ്രദേശങ്ങളിലെയും ഏഡ്രിയാറ്റിക് കടലിലെയും താപനിലകൾ തമ്മിലുള്ള സാരമായ അന്തരം 'ബോറാ' എന്നു വിളിക്കപ്പെടുന്ന ഉഷ്ണക്കാറ്റുകൾക്ക് ഹേതുവായിത്തീരുന്നു.
സസ്യങ്ങളും ജന്തുക്കളും
മനുഷ്യരുടെയും വളർത്തുമൃഗങ്ങളുടെയും നെടുനാളായുള്ള ഉപഭോഗംമൂലം അൽബേനിയയിലെ നൈസർഗികപ്രകൃതി മിക്കവാറും മാറ്റപ്പെട്ടിരിക്കുന്നു. കൃഷിക്ക് ഉപയുക്തമല്ലാത്ത പ്രദേശങ്ങളിൽ മാത്രമാണ് നൈസർഗിക സസ്യങ്ങൾ കാണാറുള്ളത്. കുറ്റിക്കാടുകൾ മേച്ചിൽപ്പുറങ്ങളായി ഉപയോഗപ്പെടുത്തുന്നു. സമുദ്രതീരത്തും ജലാശയങ്ങൾക്കു സമീപവും കണ്ടുവരുന്ന ചതുപ്പുനിലങ്ങൾ സവിശേഷമായ സസ്യസമൃദ്ധിയുള്ളവയാണ്. പൊതുവേ മെഡിറ്ററേനിയൻ കാലാവസ്ഥയ്ക്കനുസൃതമായി ഓക്, ബീച്, പൈൻ തുടങ്ങിയ വൻവൃക്ഷങ്ങളാണുള്ളത്. തീരപ്രദേശത്തോടടുക്കുമ്പോൾ സ്ട്രാബെറി, ജൂണിപ്പർ, മെർട്ടിൻ, സ്മിലാക്സ്, ബ്രാബിൾ മുതലായ ഉയരം കുറഞ്ഞ് തഴച്ചുവളരുന്ന നിത്യഹരിതസസ്യങ്ങളുടെ ആധിക്യം കാണാം. ഉയരംകൂടിയ പ്രദേശങ്ങളിൽ പുൽപ്പടർപ്പുകളും മുൾ ച്ചെടികളുമാണ് പ്രധാനമായും വളരുന്നത്.
ഓക് വനങ്ങളിൽ ധാരാളം കണ്ടുവരുന്ന കാട്ടുപന്നികൾ ഒഴിച്ചാൽ വന്യമൃഗങ്ങൾ ഇല്ലെന്നുതന്നെ പറയാം. തുറസ്സായ വനപ്രദേശങ്ങൾ ഏറിയകൂറും മേച്ചിൽപ്പുറങ്ങളായി മാറിയിരിക്കുന്നു.
സമ്പദ്ഘടന
കൃഷി
വ്യാവസായികമായി യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടത്തിൽ അൽബേനിയ ഏറ്റവും പിന്നിലാണ്; പ്രധാനമായും ഒരു കാർഷികരാജ്യമാണ് അൽബേനിയ. ജനങ്ങളിൽ നല്ലൊരു ശതമാനം കാർഷികവൃത്തിയെ ആശ്രയിച്ചു ജിവിക്കുന്ന ഗ്രാമീണരാണ്; 1945 വരെ പ്രാകൃത കൃഷിസമ്പ്രദായങ്ങളാണ് നിലവിലിരുന്നത്. ഭക്ഷ്യധാന്യങ്ങളായിരുന്നു പ്രധാന കൃഷി; നാണ്യവിളകൾ അല്പമായി മാത്രം ഉത്പാദിപ്പിച്ചിരുന്നു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ഈ സ്ഥിതി പാടേ മാറി; കൂട്ടുകൃഷി സമ്പ്രദായം നിലവിൽവന്നു; കൃഷി യന്ത്രവത്കൃതമായി. കൃഷിഭൂമിയുടെ വ്യാപ്തി വർധിപ്പിക്കുന്നതിനും രാസവളങ്ങളും മികച്ചയിനം വിത്തുകളും ഉപയോഗിച്ച് വിളവെടുപ്പ് ഇരട്ടിപ്പിക്കുന്നതിനും ഗവൺമെന്റ് തലത്തിൽ ശ്രമം നടന്നു. 1961 ആയപ്പോഴേക്കും കൃഷിഭൂമിയുടെ 93.3 ശ.മാ.-ത്തോളം പൊതു ഉടമയിലുള്ള കൂട്ടുകൃഷി സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലായിത്തീർന്നിരുന്നു. ശാസ്ത്രീയ കൃഷിസമ്പ്രദായങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തിലെ മൊത്തം ഭൂമിയുടെ 17 ശ.മാ. ധാന്യങ്ങൾ, പഴവർഗങ്ങൾ എന്നിവയ്ക്കായും, 25 ശ.മാ. മേച്ചിൽപ്പുറങ്ങളായും, 45 ശ.മാ. റിസർവ് വനങ്ങളായും വിഭജിക്കപ്പെട്ടിരിക്കുന്നു. നാണ്യവിളകൾക്കായുള്ള തോട്ടക്കൃഷിയും അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്.
ധാതുക്കൾ
ഓറിഡ് തടാകത്തിനു തെ.പ. ഉള്ള മലനിരകളും ദ്രിൻനദീതടവും മറ്റും ധാതുനിക്ഷേപങ്ങളുടെ കലവറയാണ്. ക്രോമിയം, ചെമ്പ് എന്നിവയാണ് പ്രധാനലോഹങ്ങൾ. ഇരുമ്പുനിക്ഷേപങ്ങൾ താരതമ്യേന സമ്പന്നമല്ല. നിക്കലും അല്പമായി ഖനനം ചെയ്തുവരുന്നു. മുന്തിയ ഇനം കൽക്കരി ഇല്ലെന്നുതന്നെ പറയാം; ലിഗ്നൈറ്റിന്റെ നിക്ഷേപങ്ങളുമുണ്ട്. പെട്രോളിയവും ധാരാളമായി ഉത്പാദിപ്പിക്കുന്നു.
വനം
അൽബേനിയയിലെ വനങ്ങളിൽ സാമ്പത്തികപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങൾ നിബിഡമായി വളരുന്നു. അനിയന്ത്രിതമായ ഉപഭോഗം മൂലം ഇവയിൽ പലയിനങ്ങൾക്കും ഉൻമൂലനം സംഭവിച്ചിട്ടുണ്ട്. സോഷ്യലിസ്റ്റ് ഭരണത്തിന്റെ ആവിർഭാവത്തിനുശേഷം വനങ്ങൾ ശാസ്ത്രീയമായി സംരക്ഷിക്കപ്പെട്ടുവരുന്നു; തടിവ്യവസായം ഗണ്യമായി പുരോഗമിച്ചിട്ടുണ്ട്.
വ്യവസായം
ലോഹനിഷ്കർഷണമാണ് ഏറ്റവും മുന്തിയ വ്യവസായം. ക്രോമിയം, ചെമ്പ്, ഇരുമ്പ് എന്നിവയ്ക്കും ധാതുഎണ്ണയ്ക്കും വൻകിട ശുദ്ധീകരണശാലകൾ സ്ഥാപിച്ചിട്ടുണ്ട്. സിമന്റ്, രാസദ്രവ്യങ്ങൾ എന്നിവയാണ് മറ്റു പ്രധാന ഉത്പാദിത വസ്തുക്കൾ. സോപ്പ്, കടലാസ് തുടങ്ങിയ നിത്യോപയോഗസാധനങ്ങളും ചെറുകിടയന്ത്രങ്ങളും നിർമ്മിക്കുന്ന ധാരാളം ഫാക്ടറികൾ ഉണ്ട്. ചെറുകിട വ്യവസായങ്ങളും വികസിച്ചിട്ടുണ്ട്. ലിഗ്നൈറ്റ് ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന താപവൈദ്യുതിയും ധാതുഎണ്ണയുമാണ് ഇന്ധനങ്ങളായി ഉപയോഗപ്പെടുത്തിവരുന്നത്.
വാണിജ്യം
അവികസിതമെങ്കിലും സ്വയംപര്യാപ്തമായ ഒരു സമ്പദ്ഘടനയാണ് അൽബേനിയയ്ക്കുള്ളത്. തന്മൂലം വിദേശവ്യാപാരം വിപുലപ്പെടുത്തേണ്ട ആവശ്യം നേരിട്ടിരുന്നില്ല. ഒന്നാം ലോകയുദ്ധത്തിനുശേഷം ഈ സ്ഥിതിയിൽ മാറ്റമുണ്ടായി. ഇറ്റലിയുമായി കടൽമാർഗ്ഗമുള്ള വാണിജ്യബന്ധം അഭിവൃദ്ധിപ്പെട്ടു. രണ്ടാം ലോകയുദ്ധത്തിനുശേഷം അൽബേനിയയുടെ വാണിജ്യബന്ധം കമ്യൂണിസ്റ്റു ചേരിയിലുള്ള രാജ്യങ്ങളുമായി മാത്രമായിത്തീർന്നു. മുൻ സോവിയറ്റ് യൂണിയൻ, യുഗോസ്ലാവിയ എന്നിവിടങ്ങളിൽ നിന്ന് ധാരാളം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യപ്പെട്ടു. 1964-നു ശേഷം കമ്യൂണിസ്റ്റ് ചൈനയുമായുള്ള ബന്ധം ദൃഢമായതോടെ ഇറക്കുമതികൾ ഏറിയഭാഗവും ആ രാജ്യത്തുനിന്നു മാത്രമായി. യന്ത്രസാമഗ്രികളും യന്ത്രോത്പാദിതവിഭവങ്ങളുമാണ് പ്രധാനപ്പെട്ട ഇറക്കുമതികൾ. ലോഹഅയിരുകളും പുകയില തുടങ്ങിയ കാർഷികവിഭവങ്ങളും കയറ്റുമതി ചെയ്യപ്പെടുന്നു.
ഗതാഗതം
റോമൻ കാലത്തു നിർമ്മിക്കപ്പെട്ടിരുന്ന പഴയ പാതകൾ ഇന്നും കേടുകൂടാതെ സംരക്ഷിക്കപ്പെടുന്നു. ഇവയിൽ പ്രധാനമായത് കടൽത്തീരത്തു നീണ്ടുക്കിടക്കുന്ന റോഡാണ്. വളരെയധികം പാലങ്ങൾ ആവശ്യമായിവരുന്നുവെന്നതാണ് അൽബേനിയൻ റോഡുനിർമ്മാണത്തിലെ പ്രധാന തടസ്സം; ഹൈവേ 18,000 കി. മീ. (1998). മിക്കയിടങ്ങളിലും കടത്തുതോണി ഉപയോഗിക്കുന്നു. റെയിൽ സൗകര്യങ്ങൾ കുറവാണ്; റെയിൽവേ 447 കി.മീ. (2002).
ജനങ്ങൾ
പ്രാചീനകാലത്ത് ഡൈനാറിക് മേഖല അധിവസിച്ച ഇലീറിയൻ ജനതയുടെ പിൻഗാമികളാണ് അൽബേനിയക്കാർ. ഗ്രീക്കുകാർ, ഇറ്റലിക്കാർ, സ്ലാവ് വർഗക്കാർ, തുർക്കികൾ തുടങ്ങിയവരുടെ അധിനിവേശവും സമ്പർക്കവും മൂലം തെക്കേ അൽബേനിയയിൽ സങ്കരവർഗങ്ങൾ ഉടലെടുത്തിട്ടുണ്ട്. എന്നാൽ രാജ്യത്തിന്റെ ഉത്തരഭാഗത്തുള്ള ആൽപ്സ് മേഖലയിൽ ഇന്നും ഇറീലിയൻ സംസ്കാരം നിലനിന്നുപോരുന്നു.
ജനങ്ങളിൽ ഭൂരിപക്ഷവും ഘെഗ് (Gheg), ടോസ്ക് (Tosk) എന്നീ വിഭാഗങ്ങളിൽ പ്പെടുന്നു; ഗ്രീക്, സ്ലാവ് തുടങ്ങിയവർ ന്യൂനപക്ഷങ്ങളാണ്. ഗ്രീക്കുകാരിൽ ഏറിയകൂറും രണ്ടാം ലോകയുദ്ധക്കാലത്തോ അതിനു ശേഷമോ മാതൃരാജ്യത്തിലേക്കു മടങ്ങിപ്പോയിട്ടുണ്ട്. അൽബേനിയയിൽ നിന്ന് അയൽ രാജ്യങ്ങളിലേക്കും മറിച്ചും കുടിയേറിയിട്ടുള്ള ജനങ്ങളുടെ കൃത്യമായ സംഖ്യ തിട്ടപ്പെടുത്താനായിട്ടില്ല.
പത്തൊൻപതാം ശതകം വരെ സ്വന്തമായി ലിപിയില്ലാതിരുന്ന അൽബേനിയൻ ഭാഷ ഇന്തോ-യൂറോപ്യൻ ഗോത്രത്തിൽപ്പെടുന്നു. പതിനാറാം ശതകത്തിൽ പൗരസ്ത്യസഭകളുടെ ആവിർഭാവം മുതൽ ഈ രാജ്യത്ത് ഗ്രീക്കുഭാഷയ്ക്കു പ്രചാരം വന്നു; വിദ്യാഭ്യാസമാധ്യമം ഗ്രീക്ക് ആയിരുന്നു. ദേശീയ ഭാഷയിൽ ഗ്രീക്ക്, ലാറ്റിൻ, സ്ലാവിക് തുടങ്ങിയ ഭാഷകളുടെ സ്വാധീനമുണ്ട്. റോമൻ കത്തോലിക്കാ വിഭാഗത്തിൽ പ്പെട്ട ജനങ്ങൾ കൂടുതലുള്ള ഉത്തരപ്രാന്തങ്ങളിൽ ലാറ്റിൻ സ്വാധീനവും പൗരസ്ത്യസഭയ്ക്ക് ആഭിമുഖ്യമുള്ള തെക്കൻ ഭാഗത്ത് ഗ്രീക്ക് സ്വാധീനവും തെളിഞ്ഞുകാണാം. ഇരുപതാം ശാതകത്തിന്റെ ആരംഭത്തോടെ പ്രായോഗികത പരിഗണിച്ച് ദേശീയഭാഷയ്ക്ക് ലാറ്റിൻ അക്ഷരമാലാക്രമം സ്വീകരിച്ചു; എന്നാൽ സംസാരഭാഷകളിലുള്ള വൈവിധ്യം ഒഴിവാക്കി ഏകരൂപമായ ദേശീയഭാഷ ആവിഷ്കരിക്കുവാൻ ഇനിയും കഴിഞ്ഞിട്ടില്ല.
മുസ്ലിം ഭൂരിപക്ഷമുള്ള ഒരു രാജ്യമാണ് അൽബേനിയ; ക്രിസ്ത്യാനികൾ ന്യൂനപക്ഷമാണ്. മുസ്ലിങ്ങളുടെ ആധിക്യമുള്ളത് രാജ്യത്തിന്റെ മധ്യഭാഗത്താണ്.
ചരിത്രം
യൂറോപ്പിലെ ഏറ്റവും പ്രാചീന ജനവിഭാഗങ്ങളുടെ നാടാണ് അൽബേനിയ; റോമൻ സാമ്രാജ്യത്തിലെ ഇലീറിയ (Illyria), എപ്പിറസ് (Epirus) എന്നീ പ്രവിശ്യകളുടെ ഭാഗമായിരുന്ന ഈ പ്രദേശം, റോമൻ സാമ്രാജ്യത്തിന്റെ ശിഥിലീകരണത്തോടെ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു.
ആദ്യകാലം
ചരിത്രാതീതകാലത്തുതന്നെ അൽബേനിയ ഉൾ പ്പെടുന്ന പ്രദേശങ്ങളിൽ ഇലീറിയൻമാർ വസിച്ചിരുന്നു. ഈ പ്രദേശങ്ങളിലുണ്ടായിരുന്ന ജനവിഭാഗങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഗ്രീക്കു ഗ്രന്ഥങ്ങളിൽ കാണാം. ഇലീറിയൻമാർ ഇന്തോ-യൂറോപ്യൻ ജനവർഗത്തിൽ പ്പെട്ടവരായിരുന്നു; പല ഗോത്രങ്ങളായിട്ടാണ് അവർ വർത്തിച്ചിരുന്നത്. ആധുനിക അൽബേനിയയുടെ ദക്ഷിണഭാഗത്തുണ്ടായിരുന്ന ഇലീറിയൻമാർ ഗ്രീക്കു സംസ്കാരവുമായി ബന്ധപ്പെട്ടുവെങ്കിലും അവർ ഒരു സ്വതന്ത്ര രാഷ്ട്രമായും ജനതയായും തുടർന്നു. ബി.സി. മൂന്നാം ശതകത്തിൽ അവരുടെ രാജാവ് അഗ്രോൻ ആയിരുന്നു; തലസ്ഥാനം സ്കോഡ്രാ (Scorda)യും (ആധുനികഷ്കോഡർ-Shkoder). ഇലീറിയൻമാർ ഗ്രീക്കുകാരുമായും ഇറ്റലിക്കാരുമായും വ്യാപാരബന്ധങ്ങളിൽ ഏർ പ്പെട്ടിരുന്നു. ലെംബി (Lembi) എന്നറിയപ്പെട്ടിരുന്ന നൗകകളിൽ കയറി ഏഡ്രിയാറ്റിക് തീരത്തു കടൽ ക്കൊള്ള നടത്തുക അന്നു സാധാരണമായിരുന്നു. ഒരു യുദ്ധവിജയാഘോഷത്തിനിടയ്ക്ക് അമിത മദ്യപാനത്താൽ അഗ്രോൻ പെട്ടെന്നു മരിച്ചു. അദ്ദേഹത്തിന്റെ വിധവ ട്യൂട്ട റീജന്റായി. അവർ ഗ്രീക്കു കോളനികൾ ആക്രമിക്കുകയും ഇറ്റലിക്കാരെ കൊള്ളയടിക്കുകയും ചെയ്തു. റോമാക്കാർ നാവികസേനയുമായി ഏഡ്രിയാറ്റിക്കു തീരത്തെത്തി ഗ്രീക്കു കോളനികൾ കീഴടക്കി. ഇലീറിയന്മാർ റോമാക്കാർക്കു കീഴടങ്ങാൻ നിർബന്ധിതരായി (ബി.സി. 228). ബി.സി. 219-ൽ വീണ്ടും റോമാക്കാർ ഇലീറിയ ആക്രമിച്ചു. അന്നു മാസിഡോണിയയിലെ ഫിലിപ്പ് V ഇലീറിയക്കാരെ സഹായിക്കാനെത്തി. അനന്തരഫലമായി റോമാക്കാർ ബാൾക്കൻ ഉപദ്വീപ് മുഴുവൻ ആക്രമിച്ചു. അവസാനത്തെ ഇലീറിയൻ രാജാവായ ഗെന്തിസ് ബി.സി. 168-ൽ കീഴടങ്ങി. റോമൻ സാമ്രാജ്യഭാഗമായിത്തീർന്നപ്പോൾ, ഈ പ്രദേശം ഡൽമേഷിയ (Dalmatia) എന്നും പനോനിയ (Pannonia) എന്നും രണ്ടു പ്രവിശ്യകളായി വിഭജിക്കപ്പെട്ടു. മാസിഡോണിയ, അക്കിയ, എപ്പിറസ് എന്നീ പ്രവിശ്യകളിലും ഇലീറിയന്മാർ വസിച്ചിരുന്നു. ഇലീറിയൻമാർക്ക് റോമൻ ഭരണകാലത്ത് സ്വയംഭരണാവകാശം ഉണ്ടായിരുന്നു. റോമൻ ആധിപത്യകാലത്ത് കിഴക്കൻ യൂറോപ്പും റോമും തമ്മിലുള്ള ബന്ധത്തിന്റെ ഒരു സുപ്രധാന കണ്ണിയായിരുന്നു ഇലീറിയ. ഇലീറിയക്കാർ നല്ല യോദ്ധാക്കളായിരുന്നതിനാൽ റോമൻസേനയിൽ അവർ നിർണായകമായ സ്വാധീനം ചെലുത്തിയിരുന്നു. എ.ഡി. മൂന്നും നാലും ശതകങ്ങളിലെ പല റോമൻ സമ്രാട്ടുകളും ഇലീറിയക്കാരായിരുന്നു (ക്ലോഡിയസ് II, ഗോത്തിക്കസ്, ഒറേലിയൻ, ഡയക്ലീഷിയൻ, കോൺസ്റ്റൻറ്റീൻ).
എ.ഡി. 395-ൽ റോമാസാമ്രാജ്യം വിഭജിക്കപ്പെട്ടപ്പോൾ ഇലീറിയ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ ഭാഗമായി. അക്കാലത്ത് ഈ പ്രദേശം വിസിഗോത്തുകളുടെ ആക്രമണത്തിന് വിധേയമാവുകയുണ്ടായി. ആറും ഏഴും ശ.-ങ്ങളിൽ സ്ലാവ് വർഗക്കാർ ഈ പ്രദേശങ്ങളിൽ കുടിപാർപ്പ് ആരംഭിച്ചു. ആധുനിക അൽബേനിയക്കാർ മാത്രമാണ് പ്രാചീന ഇലീറിയൻ വംശജരുടെ പരമ്പരയിൽ പ്പെടുന്നത്.
ഇലീറിയയ്ക്കു പകരം അൽബേനിയ എന്ന് ആദ്യമായി രേഖപ്പെടുത്തിയത് ബൈസാന്തിയൻ ചക്രവർത്തി അലക്സിയസ് കോംനേനസിന്റെ പുത്രിയും സുപ്രസിദ്ധ ചരിത്രകാരിയുമായ അന്നാ കോംനേനയാണ്. നാലും അഞ്ചും ശതകങ്ങളിൽ ഗോത്തുകൾ ഈ പ്രദേശം ആക്രമിച്ചു കീഴടക്കി. ജസ്റ്റീനിയൻ ചക്രവർത്തി 535-ൽ ഈ പ്രദേശം തിരികെ പിടിച്ചെടുത്തു. സെർബുകൾ 640-ൽ അൽബേനിയയുടെ ഉത്തരപ്രദേശങ്ങൾ അധീനതയിലാക്കി.
എട്ടാം ശതകത്തിൽ സ്ലാവ് വർഗക്കാർ കുടിയേറിപ്പാർത്തതോടുകൂടി അൽബേനിയൻ ഭാഷ സംസാരിക്കുന്നവരുടെ നാട്, അൽബേനിയയും യുഗോസ്ലാവിയ, മാസിഡോണിയ, ഉത്തരഗ്രീസ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളും മാത്രമായി. പതിനൊന്നാം ശതകം വരെയും സ്ലാവ് വർഗക്കാർ അൽബേനിയയിലെ ചില പ്രദേശങ്ങളിൽ ആധിപത്യം ഉറപ്പിച്ചിരുന്നു. 861-ൽ അൽബേനിയയുടെ ദക്ഷിണപ്രദേശങ്ങൾ ബൾഗേറിയരും പിടിച്ചെടുത്തു. ഗ്രീക്കുകാരും നോർമൻകാരും ഈ പ്രദേശം ഭരിച്ചിരുന്നു. 1205-ൽ മൈക്കേൽ കോംനേനസ് ദക്ഷിണ അൽബേനിയയിലെ എപ്പിറസിൽ ഏകാധിപത്യ ഭരണം സ്ഥാപിച്ചു. 1214 വരെ ഈ ഭരണം നിലനിന്നു. മൈക്കേലിനുശേഷം തിയഡോർ അൻജേലസ് ഭരണാധികാരിയായി. എന്നാൽ ബൾഗേറിയയിലെ ഇവാൻ അസൻ അദ്ദേഹത്തെ പരാജയപ്പെടുത്തി അൽബേനിയയുടെമേൽ ആധിപത്യം സ്ഥാപിച്ചു. ഇവാനുശേഷം മൈക്കേൽ അൻജേലസ് II ഏകാധിപത്യഭരണം പുനഃസ്ഥാപിച്ചെങ്കിലും താമസിയാതെ (1264) മൈക്കേൽ പലിയോലോഗസ് ബൈസാന്തിയൻ ചക്രവർത്തിയാൽ പരാജയപ്പെടുത്തപ്പെട്ടു. അങ്ങനെ വീണ്ടും അൽബേനിയ ബൈസാന്തിയൻ സാമ്രാജ്യവിഭാഗമായിത്തീർന്നു.13-ഉം, 14-ഉം ശതകങ്ങളിൽ അൽബേനിയയെ സെർബുകൾ ആക്രമിച്ചു.
ഒട്ടോമൻ തുർക്കികൾ
പതിനാലാം ശതകത്തിന്റെ ഉത്തരാർധത്തിൽ അൽബേനിയയിലെ ചെറിയ രാജ്യങ്ങൾ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ അധീശാധികാരത്തിൽ നിന്നു സ്വതന്ത്രമായെങ്കിലും അവർ തമ്മിൽ കലഹിച്ചുകൊണ്ടിരുന്നു. ബൽഷാ, ദുക്കാഗ്ജിൻ, തോബിയ, കസ്ട്രിയോട്ടി, മുസാക്കി, അരിയാന്തി-ക്വെംനേനി, ഷ്പ്താ എന്നിവ അന്ന് അൽബേനിയൻ പ്രദേശത്തെ ചെറിയ രാജ്യങ്ങളായിരുന്നു; ഇവയെല്ലാം ക്രൈസ്തവ രാജ്യങ്ങളുമായിരുന്നു. ഈ സന്ദർഭത്തിലാണ് തുർക്കികൾ അൽബേനിയ ആക്രമിച്ചു കീഴടക്കിയത്. 1443-ൽ തുർക്കികൾ ക്കെതിരായി സ്കൻഡർബെഗ് എന്ന് അറിയപ്പെടുന്ന ജോർജ് കസ്ട്രിയോട്ടിയുടെ നേതൃത്വത്തിൽ അൽബേനിയക്കാർ അണിനിരന്നു. മുറാദ് II അയച്ച തുർക്കിസേനയെ സ്കൻഡർബെഗ് തോല്പിച്ചു. തുർക്കികളുമായി അൽബേനിയക്കാർക്കു തുടരെത്തുടരെ പൊരുതേണ്ടിവന്നു. 1451-ൽ സ്കൻഡർബെഗ് നേപ്പിൾസിലെ അൽഫോൻസോ I-മായി സഖ്യം ചെയ്ത് നേപ്പിൾസിന്റെ അധീശാധികാരം അംഗീകരിച്ചു. നേപ്പിൾസുകാരുടെ ഒരു സേനാവിഭാഗത്തെ അൽബേനിയയിൽ പാർപ്പിക്കുകയും ചെയ്തു. 1466-ലും 1467-ലും തുർക്കി സുൽത്താൻ മുഹമ്മദ് II-ന്റെ വമ്പിച്ച സേന അൽബേനിയ ആക്രമിക്കുകയുണ്ടായി. എങ്കിലും സ്കൻഡർബെഗ് അവരെ തോല്പിച്ചു. സ്കൻഡർബെഗ് 1467-ൽ നിര്യാതനായി; 1478-ൽ അൽബേനിയ തുർക്കികൾ കൈവശമാക്കുകയും ചെയ്തു. 1501-ൽ വെനീസുകാരും അൽബേനിയ വിട്ടൊഴിഞ്ഞതോടെ, അൽബേനിയ തുർക്കിഭരണാധികാരികളുടെ പൂർണമായ പിടിയിലമർന്നു. തുർക്കിഭരണകാലത്ത് അനേകം അൽബേനിയക്കാർ ഇറ്റലിയിൽ അഭയം തേടി. ഭൂവുടമകളായ വളരെപ്പേർ ഇസ്ലാം മതം സ്വീകരിച്ചു. പട്ടണങ്ങളിൽ തുർക്കികളുടെ നേരിട്ടുള്ള ഭരണം നടപ്പിലായെങ്കിലും പല ഉൾപ്രദേശങ്ങളും പ്രായേണ സ്വതന്ത്രമായിരുന്നു. ഈ സ്വതന്ത്രഘടകങ്ങൾ മേല്ക്കോയ്മകളായിരുന്ന തുർക്കികൾക്കു കപ്പം നല്കിവന്നു. ഇസ്ലാം മതം സ്വീകരിച്ച അൽബേനിയർ തുർക്കിയിൽ വിദ്യാഭ്യാസം ചെയ്യുകയും അവരിൽ പലരും ഉയർന്ന ഉദ്യോഗങ്ങളിൽ നിയമിതരാകുകയും ചെയ്തു; പല അൽബേനിയരും തുർക്കിസേനാംഗങ്ങളുമായി.
പത്തൊൻപതാം ശതകത്തിൽ തുർക്കിയിൽ ഭരണപ്രതിസന്ധി ഉണ്ടായപ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ അൽബേനിയയിലും അനുഭവപ്പെട്ടു; ജനങ്ങളിൽ മൂന്നിൽ രണ്ടുഭാഗം ഇസ്ലാം മതസ്ഥരും മൂന്നിലൊന്ന് ക്രിസ്തുമതാനുയായികളുമായിരുന്നു. തുർക്കികളുടെ കേന്ദ്രഭരണം ബലഹീനമായപ്പോൾ പല പ്രാദേശിക ഭരണകർത്താക്കളും സ്വതന്ത്രരാവാനുള്ള ശ്രമം ആരംഭിച്ചു. ഇങ്ങനെ അലിപാഷാ ജന്നീനയിൽ (ദക്ഷിണ അൽബേനിയ) ഒരു സ്വതന്ത്രഭരണകൂടം സ്ഥാപിച്ചു; എന്നാൽ 1822-ൽ ഇദ്ദേഹം വധിക്കപ്പെട്ടു. ഉത്തര അൽബേനിയയിൽ ബുഷാതി കുടുംബക്കാർ സ്വതന്ത്ര ഭരണകൂടം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു. മുഹമ്മദ് ബുഷാതിയും അദ്ദേഹത്തിന്റെ പൗത്രനായ മുസ്തഫയും ആയിരുന്നു ആ കുടുംബത്തിലെ പ്രമുഖർ. തുർക്കി സുൽത്താനായ അബ്ദുൽ മജീദ് I തുർക്കികളുടെ ആധിപത്യം അൽബേനിയയിൽ ഉറപ്പിച്ചശേഷം പല ഭരണപരിഷ്കാരങ്ങളും നടപ്പിലാക്കി. പക്ഷേ, അവയൊന്നും ഉദ്ദേശിച്ച ഫലം നല്കിയില്ല.
സ്വാതന്ത്ര്യസമരങ്ങൾ
തുർക്കിയിൽനിന്നു റഷ്യ പിടിച്ചെടുത്ത അൽബേനിയൻ പ്രദേശങ്ങൾ വീണ്ടെടുക്കുന്നതിനു തുർക്കിയും അൽബേനിയയും ചേർന്ന് ഒരു ദേശീയ സംഘടന രൂപവത്കരിച്ചു. പക്ഷേ, അൽബേനിയർ സ്വന്തം സ്വാതന്ത്ര്യമാണ് ലക്ഷ്യമാക്കുന്നതെന്നു മനസ്സിലാക്കിയ തുർക്കികൾ, അൽബേനിയരുമായുള്ള കൂട്ടുപ്രവർത്തനങ്ങളിൽനിന്നു പിൻമാറുകയും അവർ ക്കെതിരായുള്ള സന്നാഹങ്ങളെ സഹായിക്കുകയും ചെയ്തു. അൽബേനിയർക്കു രണ്ടു തുറമുഖ പട്ടണങ്ങൾ നഷ്ടപ്പെട്ടത് അവരുടെ സ്വാതന്ത്ര്യസമരത്തിനു ശക്തികൂട്ടി. തുർക്കിയുടെ അധീശാധികാരത്തിനും അയൽരാജ്യങ്ങളുടെ കൈയേറ്റങ്ങൾക്കും എതിരായി ഒരു ദ്വിമുഖ സമരം നയിക്കാൻ അൽബേനിയർ നിർബന്ധിതരായി. ദേശീയ ചിന്താഗതി വളർത്തുന്നതിനനുകൂലമായ പ്രവർത്തനങ്ങൾ അൽബേനിയയിലുടനീളം ശക്തി പ്രാപിച്ചു. ഒട്ടോമൻ സാമ്രാജ്യത്തിനുള്ളിൽ സ്വയംഭരണാധികാരമുള്ള അൽബേനിയൻ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്നു. യുവതുർക്കിപ്രസ്ഥാനം തുർക്കിയിൽ വിജയിച്ചപ്പോഴും അൽബേനിയരുടെ സ്വയം നിർണയാവകാശത്തെ അവർ നിഷേധിക്കുകയാണു ചെയ്തത്. പക്ഷേ, പിന്നീട് അൽബേനിയരുടെ അവകാശങ്ങൾ അംഗീകരിക്കാൻ അവർ നിർബന്ധിതരായി. തുർക്കിസേനയുടെ പരാജയം അൽബേനിയയ്ക്ക് പുതിയ ശത്രുക്കളെ സൃഷ്ടിച്ചു. സ്വതന്ത്ര അൽബേനിയൻ രാഷ്ട്രത്തിന്റെ ആവിർഭാവത്തെ എതിർത്ത ഗ്രീസ്, സെർബിയ ആദിയായ രാഷ്ട്രങ്ങൾ, അൽബേനിയയെ ആക്രമിക്കാൻ സന്നദ്ധമായി. എങ്കിലും 1912 നവംബർ 28-ന് ഇസ്മായിൽ കെമാൽ വ്ലോറയുടെ നേതൃത്വത്തിൽ സ്വതന്ത്ര അൽബേനിയൻ രാഷ്ട്രം ഉടലെടുത്തു. യൂറോപ്പിലെ വൻകിടരാഷ്ട്രങ്ങൾ അൽബേനിയൻ പ്രശ്നത്തിൽ ഇടപെടുകയും അവസാനം അൽബേനിയയെ അംഗീകരിക്കുകയും ചെയ്തു (1912 ഡിസംബർ). ഒന്നാം ലോകയുദ്ധകാലത്ത് അൽബേനിയ നിഷ്പക്ഷത പ്രഖ്യാപിച്ചെങ്കിലും അത് ഒരു യുദ്ധരംഗമായിത്തീരുകയാണുണ്ടായത്.
ഒന്നാം ലോകയുദ്ധാനന്തരമുണ്ടായ പാരിസ് സമാധാന സമ്മേളനം അൽബേനിയൻ പ്രശ്നം പരിഹരിച്ചില്ല. 1920-ൽ സുലൈമാൻ ദെൽവിനയുടെ നേതൃത്വത്തിൽ ടിറാന തലസ്ഥാനമാക്കി ഒരു ദേശീയ ഗവൺമെന്റ് രൂപവത്കൃതമാകുകയും സഖ്യകക്ഷികൾ കൈയടക്കിയിരുന്ന പ്രദേശങ്ങൾ ഈ ദേശീയ ഗവൺമെന്റിനു കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഇറ്റലിയും യുഗോസ്ലാവിയയും അൽബേനിയൻ പ്രദേശങ്ങളിൽ നിന്നു പിൻമാറി. 1920-ൽ ലീഗ് ഓഫ് നേഷൻസിൽ (League of Nations) അൽബേനിയ അംഗമായി.
ജനായത്തഭരണസമ്പ്രദായം നടപ്പിലാക്കുവാൻ നടത്തിയ ശ്രമങ്ങൾ അൽബേനിയയിൽ വിജയിച്ചില്ല. അഹമ്മദ് ബേസോഗു പ്രധാനമന്ത്രിയായിരിക്കവെ നടന്ന വിപ്ലവഫലമായി അദ്ദേഹം പുറന്തള്ളപ്പെടുകയുണ്ടായെങ്കിലും ഇദ്ദേഹം വീണ്ടും അധികാരത്തിലെത്തി ഏകാധിപത്യഭരണമാരംഭിച്ചു. 1928-ൽ ഇദ്ദേഹം സോഗ്ക എന്ന പേരിൽ അൽബേനിയൻ രാജാവായി സ്വയം പ്രഖ്യാപിച്ചു. ഇറ്റലിയുമായുള്ള സൗഹാർദബന്ധം ഇദ്ദേഹം ബലപ്പെടുത്തി. സോഗിന്റെ ഭരണം അൽബേനിയയിലെ ആഭ്യന്തര കാർഷിക പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകമായിരുന്നില്ല. തകർന്ന സാമ്പത്തികസ്ഥിതി പുനരുദ്ധരിക്കുവാൻ അൽബേനിയയെ ഇറ്റലി സഹായിച്ചു. അൽബേനിയയിലെ ഏകാധിപത്യഭരണത്തെ ജനങ്ങൾ വെറുക്കുകയും സാമ്പത്തിക സാമൂഹിക പ്രശ്നങ്ങൾ വളരുകയും ചെയ്തപ്പോൾ ജനങ്ങൾ കമ്യൂണിസ്റ്റ് ആദർശങ്ങളോടു സഹാനുഭൂതിയുള്ളവരായിത്തീർന്നു. എങ്കിലും ഒരു ശക്തമായ ഗവൺമെന്റ് അൽബേനിയയിൽ നിലവിലിരുന്നത് സോഗിന്റെ 11 വർഷത്തെ ഭരണകാലത്താണ്. സോഗ് ഹംഗറിയിലെ പ്രഭ്വിയായ ജെറാൾഡിൻ അപ്പോനിയിയെ വിവാഹം കഴിച്ചു (1938). അൽബേനിയയെ ഇറ്റലിയുടെ അധീശാധികാരത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളെ എതിർത്തതോടെ മുസ്സോളിനി അൽബേനിയ ആക്രമിച്ചു. അൽബേനിയ ഇറ്റലിയുടെ ഒരു പ്രവിശ്യയായിത്തീർന്നു. ഇറ്റാലിയൻ ചക്രവർത്തി ഇമ്മാനുവൽ III അൽബേനിയൻ രാജാവായി പ്രഖ്യാപിക്കപ്പെട്ടു.
കമ്യൂണിസ്റ്റ് ഭരണം
രണ്ടാം ലോകയുദ്ധകാലത്ത് ഇറ്റലിയുടെ അധീശാധികാരത്തിനെതിരായി അൽബേനിയയിൽ വിപ്ലവങ്ങൾ സംഘടിപ്പിക്കപ്പെട്ടു. യുദ്ധകാലത്ത് അൽബേനിയയിലെ കമ്യൂണിസ്റ്റ് സംഘടനയ്ക്ക് ഐക്യകക്ഷികളുടെ സഹായവും ലഭിച്ചു. മുസ്സോളിനിയുടെ തിരോധാനശേഷം അൽബേനിയയിൽ കമ്യൂണിസ്റ്റുകളും ദേശീയവാദികളും തമ്മിലുണ്ടായ സംഘട്ടനത്തിനുശേഷം അവിടെ കമ്യൂണിസ്റ്റുകാർ പ്രബലരായി.
1944 നവംബറിൽ അൻവർ ഹോജ(Enver Hoxha)യുടെ നേതൃത്വത്തിൽ ഒരു ഗവൺമെന്റ് രൂപവത്കൃതമായി. കമ്യൂണിസ്റ്റ് പരിപാടികൾ നടപ്പിലാക്കാൻ ആരംഭിച്ചതോടെ ഇദ്ദേഹത്തിനു പല എതിർപ്പുകളും നേരിടേണ്ടിവന്നു. 1945-ൽ നാഷണൽ അസംബ്ലിയിലേക്ക് തെരഞ്ഞെടുപ്പു നടന്നു. 1948 വരെ അൽബേനിയ യുഗോസ്ലാവിയയുമായി സൗഹൃദത്തിലായിരുന്നു. അതിനുശേഷം യുഗോസ്ലാവിയയ്ക്കനുകൂലമായ നയപരിപാടികൾ നടപ്പിലാക്കാൻ ശ്രമിച്ചവരെ അധികാരത്തിൽനിന്നു പുറന്തള്ളിയതോടെ അൻവർ ഹോജയും മുഹമ്മദ് ഷെഹുവും യു.എസ്.എസ്.ആറിന് അനുകൂലമായ നയപരിപാടികൾ ആവിഷ്കരിച്ചു. 1961 വരെ അൽബേനിയ മുൻ യു.എസ്.എസ്.ആർ ചേരിയിൽ തുടർന്നു. സ്റ്റാലിൻ പക്ഷപാതിയായ അൽബേനിയൻ ഭരണനേതാവ്, എൻ.എസ്. ക്രൂഷ്ചേവിന്റെ രാഷ്ട്രീയചേരിക്ക് എതിരായ നിലപാട് സ്വീകരിച്ചതോടെ യു.എസ്.എസ്.ആറുമായുള്ള അൽബേനിയയുടെ ബന്ധങ്ങൾ ഉലയുകയും കമ്യൂണിസ്റ്റ് ചൈനയുമായുള്ള ബന്ധങ്ങൾ ദൃഢതരമാവുകയും ചെയ്തു. ചൈനീസ് കമ്യൂണിസ്റ്റ് ക്യാമ്പുമായി അടുപ്പം സ്ഥാപിച്ച ആദ്യത്തെ യൂറോപ്യൻ രാഷ്ട്രമാണിത്. 1976 ജനുവരി 21-നു പുതിയ ഭരണഘടന നിലവിൽവന്നു. അതോടെ രാജ്യം പീപ്പിൾസ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഒഫ് അൽബേനിയ ആയിത്തീർന്നു. ഹോജയുടെ മരണ(1985)ത്തെത്തുടർന്നു റമിസ് അലിയ ഭരണമേറ്റു. തുടർന്ന് പാശ്ചാത്യരാഷ്ട്രങ്ങളുമായുള്ള സാമ്പത്തികബന്ധങ്ങൾ മെച്ചപ്പെടുകയും ജനാധിപത്യപ്രക്രിയ ത്വരിതപ്പെടുകയും ചെയ്തു.
ആധുനിക അൽബേനിയ
1991-ൽ നടന്ന തെരഞ്ഞെടുപ്പിൽ പല രാഷ്ട്രീയപാർട്ടികളും പങ്കെടുത്തു. 1992-ൽ ഡെമോക്രാറ്റിക് പാർട്ടിയാണ് അധികാരത്തിലെത്തിയത്. സാമ്പത്തികപരിഷ്കാരങ്ങൾ നടപ്പിലാക്കിയതിന്റെ ഭാഗമായി അഴിമതിയും വർധിച്ചുവന്നു. 1995-ൽ അൽബേനിയയ്ക്ക് കൗൺസിൽ ഒഫ് യൂറോപ്പിൽ അംഗീകാരം ലഭിച്ചു.
1997-ൽ നടന്ന തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടികൾ അധികാരത്തിലെത്തി. റീഹെപ്മീദാനി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അൽബേനിയൻ സോഷ്യലിസ്റ്റ് പാർട്ടി ചെയർമാനായ ഫാറ്റോഡ് നാനോ പ്രധാനമന്ത്രിപദം ഏറ്റെടുത്തു. 1998-ൽ അംഗീകരിക്കപ്പെട്ട ഭരണഘടന പ്രകാരം ജനാധിപത്യഭരണവ്യവസ്ഥ നിലവിൽവരികയും പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും ചെയ്തു. 2000 ഒ.-ൽ നടന്ന പ്രാദേശികതെരഞ്ഞെടുപ്പുകളിലും സോഷ്യലിസ്റ്റുകളാണ് വിജയക്കൊടി പാറിച്ചത്.
2001 ജൂണിൽ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനെത്തുടർന്ന് സോഷ്യലിസ്റ്റ് നേതാവായ ഇലിർമേന പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു. എങ്കിലും പാർട്ടിയ്ക്കുള്ളിലെ വിഭാഗീയപ്രവണതകൾ കാരണം 2002-ൽ പണ്ഡേലിമാജ്കൊ പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുത്തു.
കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ അൽബേനിയയിലുണ്ടായ സാമ്പത്തികപുരോഗതി ശ്രദ്ധേയമാണ്. ജനങ്ങളുടെ ജീവിതനിലവാരം വളരെയേറെ മെച്ചപ്പെട്ടിരിക്കുന്നു. ഉപഭോക്തൃസാധനങ്ങളുടെ ഉത്പാദനത്തിലും വിപണനത്തിലും അൽബേനിയ മുൻപന്തിയിലാണ്.
സ്വതന്ത്ര അൽബേനിയ |
പ്രിൻസിപ്പാലിറ്റി ഓഫ് അൽബേനിയ |
അൽബേനിയൻ റിപ്പബ്ലിക്ക് |
അൽബേനിയൻ കിംഗ്ഡം |
അൽബേനിയ ഇറ്റലിക്കു കീഴിൽ |
അൽബേനിയ ജർമനിക്കു കീഴിൽ |
സോഷ്യലിസ്റ്റ് അൽബേനിയ |
റിപ്പബ്ലിക്ക് ഓഫ് അൽബേനിയ | |
---|---|---|---|---|---|---|---|---|
1912 | 1912–1914 | 1914–1925 | 1925–1928 | 1928–1939 | 1939–1943 | 1943–1944 | 1944–1992 | since 1992 |
- സ്കാഡെർബെഗ്.
(1405–1468) - ഇസ്മായീൽ ക്വെമാലി, സ്വാതന്ത്ര്യസമര നായകൻ (1912–14)
- വില്യം ഓഫ് അൽബേനിയ. ചുരുങ്ങിയകാലം അൽബേനിയയുടെ രാജാവായിരുന്നു (1914 മാർച്ച് 7 – 1914 സെപ്റ്റംബർ 3)
- സോഗ് ഓഫ് അൽബേനിയ. പ്രസിഡന്റും (1925–28)
രാജാവുമായിരുന്നു (1928–39)
- എന്വർ ഹോജ
(1944–1985)
അവലംബം
- "CIA - The World Factbook - Albania". Cia.gov. ശേഖരിച്ചത്: 2009-01-02.
- "Report for Selected Countries and Subjects". Imf.org. ശേഖരിച്ചത്: 2009-01-02.
- http://web.archive.org/web/20071213094319/http://www.nato.int/issues/nato_albania/evolution.html
- http://www.worldpress.org/1001cover5.htm
- "Conservation of the Critically Endangered Balkan Lynx" (PDF). Catsg.org. ശേഖരിച്ചത്: 5 January 2011.
- Streissguth, Thomas (2010). Albania in Pictures. Twenty-First Century Books. ISBN 978-0-7613-4629-6.