ക്രിസ്തുമതം

ക്രിസ്തുമതം അഥവാ ക്രിസ്തുസഭ ഏകദൈവ വിശ്വാസം അടിസ്ഥാനമാക്കിയ മതമാണ്‌. യേശു ക്രിസ്തുവിന്റെ പ്രബോധനങ്ങൾ അടിസ്ഥാനമാക്കിയാണ്‌ ഈ മതം നിലവിൽ വന്നത്‌. ക്രിസ്തീയ മതവിശ്വാസികൾ യേശുവിനെ ദൈവപുത്രനായും പഴയ നിയമത്തിൽ പ്രവചിച്ചിരുന്ന മിശിഹാ ആയും കരുതുന്നു. വിവിധ വിഭാഗങ്ങളിലായി ക്രിസ്തുമതത്തിൽ ഇരുന്നൂറു കോടിയിലേറെ വിശ്വാസികളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ലോകജനസംഖ്യയുടെ മൂന്നിലൊന്നു വരുമിത്‌. ക്രിസ്തുമത വിശ്വാസികൾ പൊതുവായി ക്രിസ്ത്യാനികൾ എന്ന് കേരളത്തിൽ അറിയപ്പെടുന്നു. ബൈബിളാണ് ക്രിസ്ത്യാനികളുടെ പ്രാമാണികവും വിശുദ്ധവുമായ ഗ്രന്ഥം.
ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ്‌ ക്രിസ്തുമതം.[1] യൂറോപ്പിലേയും അമേരിക്കയിലേയും ഉപസഹാറൻ ആഫ്രിക്കയിലേയും ഓസ്ട്രേലിയയിലേയും ന്യൂസിലണ്ടിലേയും ഏറ്റവും വലിയ മതമാണ്.

ഒരു ലേഖനപരമ്പരയുടെ ഭാഗം


 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

സഭകളും അംഗങ്ങളും

210 കോടിയോളം അനുയായികളുണ്ട്‌ ക്രിസ്തുമതത്തിൽ. 110 കോടി വിശ്വാസികളുള്ള റോമൻ കത്തോലിക്കാ സഭ, 51 കോടിയിലേറെ വരുന്ന പ്രൊട്ടസ്റ്റന്റ്‌ സഭകൾ (നവീകരണ സഭകൾ)‍, 21.6 കോടിയോളം വരുന്ന ബൈസാന്ത്യ ഓർത്തഡോക്സ്‌ സഭകൾ‍, ഏഴരക്കോടി വരുന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭ, 15.8 കോടിയിലേറെ വരുന്ന സ്വതന്ത്ര ക്രൈസ്തവ സഭകൾ തുടങ്ങിയവയെല്ലാം ഒരുമിച്ചു് ക്രിസ്തുമതമായികണക്കാക്കുന്നു .

വിശ്വാസം, പ്രദേശം, സംസ്കാരം എന്നിവയിലെ വ്യത്യാസം അടിസ്ഥാനമാക്കി പലകാലങ്ങളിലായി പിരിഞ്ഞ് അനേകവിഭാഗങ്ങളായി കഴിയുന്നുവെങ്കിലും തിരുസഭ (അതായത് ക്രിസ്തു സഭ) പലതല്ലെന്നും ഒന്നേയുള്ളൂവെന്നും ശ്ലൈഹികമാണെന്നും വിശുദ്ധമാണെന്നും മുഖ്യധാര സഭകൾ വിശ്വസിയ്ക്കുന്നു. പൊതുവെ കത്തോലിക്കരെയും, പ്രൊട്ടസ്റ്റന്റുകാരെയും പാശ്ചാത്യസഭകൾ എന്നും, ഓർത്തഡോക്സ് പോലെയുള്ള ഇതര സഭകളെ പൗരസ്ത്യസഭകൾ എന്നും വിഭജിച്ചിരിക്കുന്നു. എണ്ണം അനേകമുണ്ടെങ്കിലും ഈ മുഖ്യധാരാവിഭാഗങ്ങളെല്ലാം താഴെപ്പറയുന്ന ആറ് സഭാകുടുംബങ്ങളായി തരംതിരിക്കാം.

  1. ഓറിയന്റൽ ഓർത്തഡോക്സ് സഭ.
  2. റോമൻ കത്തോലിക്കാ സഭ.
  3. ബൈസാന്ത്യ ഓർത്തഡോക്സ് സഭ.
  4. നെസ്തോറിയൻ സഭ.
  5. ആഗ്ലിക്കൻ, ലൂഥറൻ, മെതഡിസ്റ്റ്‌, സി എസ് ഐ, സി എൻ ഐ, നവീകരണ വിഭാഗമായ മാർത്തോമ്മ സുറിയാനി സഭ എന്നീ സഭാസമൂഹങ്ങൾ ഉൾപ്പെടുന്ന നവീകരണ സഭകൾ.
  6. അൾട്രാ പ്രൊട്ടസ്റ്റന്റ്‌-മൗലികവാദി-സ്വതന്ത്ര ക്രൈസ്തവ സഭാസമൂഹങ്ങൾ, പെന്തക്കോസ്ത് സഭകൾ.

മുഖ്യധാരാക്രൈസ്തവരിൽ പെടാത്ത യഹോവയുടെ സാക്ഷികൾ പോലെയുള്ള സ്വതന്ത്രവിഭാഗങ്ങൾ അത്രിത്വവിശ്വാസങ്ങൾ വെച്ചുപുലർത്തുന്നു. എന്നിരുന്നാലും ക്രിസ്തീയരുടെ മൊത്തം എണ്ണം നിർണ്ണയിക്കുന്നതിൽ ഇക്കൂട്ടരേയും ഉൾപ്പെടുത്തിയിരിക്കുന്നു.

പാശ്ചാത്യ-പൗരസ്ത്യ സഭകൾ

യേശുവിന്റെ പ്രശസ്തമായ ഗിരിപ്രഭാഷണം, ഡാനിഷ് ചിത്രകാരനായ കാൾ ഹെയ്ൻ‌രിച്ച് ബ്ലോച്ചിന്റെ രചന 1890.

ക്രിസ്ത്യാനികളെ പൊതുവെ പാശ്ചാത്യ സഭകളെന്നും പൗരസ്ത്യ സഭകളെന്നും കാണുന്ന പതിവു് റോമാ സാമ്രാജ്യപശ്ചാത്തലത്തിൽ ആരംഭിച്ചതാണു്. പാശ്ചാത്യ സഭകൾ എന്നു് വിവക്ഷിയ്ക്കുന്നത് പാശ്ചാത്യ റോമാ സാമ്രാജ്യത്തിൽ വളർന്ന സഭകളെയും അവയിൽ നിന്നു് പിരിഞ്ഞുണ്ടായതുമായ സഭകളെയും അവയുടെ ദൈവ ശാസ്ത്രവും പൈതൃകവും സ്വീകരിയ്ക്കുന്ന പുത്രീസഭകളെയുമാണു്. പാശ്ചാത്യ സഭ എന്ന പരാമർ‍ശംകൊണ്ട് പലപ്പോഴും റോമാ സഭ എന്നു മാത്രമേ അർത്ഥമാക്കാറുള്ളൂ.

പാശ്ചാത്യ സഭകൾ

പാശ്ചാത്യ സഭകൾ എന്നു് പറയുമ്പോൾ താഴെപ്പറയുന്ന മുന്നു് സഭാകുടുംബങ്ങളിലെ സഭകളെയെല്ലാം ഉൾപ്പെടുത്തുന്നു.

  1. റോമൻ കത്തോലിക്കാ സഭ.
  2. പ്രൊട്ടസ്റ്റന്റ്‌ വിഭാഗം
  3. സ്വതന്ത്ര ക്രൈസ്തവ സഭാസമൂഹങ്ങൾ അഥവാ പെന്തക്കോസ്ത് സഭകൾ

കേരളത്തിലെ നവീകരണ വിഭാഗമായ മാർത്തോമാ സുറിയാനി സഭയുടെ ആരാധനാക്രമ പശ്ചാത്തലം പൗരസ്ത്യമാണെങ്കിലും പാശ്ചാത്യ ദൈവ ശാസ്ത്രമാണത് പിന്തുടരുന്നത്.

പൗരസ്ത്യ സഭകൾ

പൗരസ്ത്യ റോമാ സാമ്രാജ്യത്തിലും റോമാ സാമ്രാജ്യത്തിന് പുറത്തു് കിഴക്കും വളർന്ന സഭകളെയും അവയിൽ നിന്നു് പിരിഞ്ഞുണ്ടായതുമായ സഭകളെയും അവയുടെ ദൈവ ശാസ്ത്രവും പൈതൃകവും സ്വീകരിയ്ക്കുന്ന പുത്രീസഭകളെയുമാണ് പൗരസ്ത്യസഭകൾ എന്ന് വിവക്ഷിക്കുന്നത്. പൗരസ്ത്യ സഭകൾ എന്ന് പറയുമ്പോൾ താഴെപ്പറയുന്ന സഭാകുടുംബങ്ങളിലെ സഭകളെയെല്ലാം ഉൾപ്പെടുത്തുന്നുവെങ്കിലും അവ തമ്മിൽ പരസ്പരം കൂട്ടായ്മയില്ലെന്നും ഓർ‍ക്കണം.

  1. ബൈസാന്ത്യ ഓർത്തഡോക്സ്‌ സഭ
  2. ഓറിയന്റൽ ഓർത്തഡോക്സ് സഭ
  3. നെസ്തോറിയൻ സഭ
  4. പൗരസ്ത്യ കത്തോലിക്കാ സഭ

ചരിത്രം

ക്രിസ്തുമതം അതിന്റെ വിഘടനങ്ങളിലൂടെ

ക്രിസ്തുവിനു ശേഷം ഒന്നാം നൂറ്റാണ്ടിലാണ് ക്രിസ്തുമതം ഉദയം കൊള്ളുന്നത്. തുടക്കത്തിൽ യഹൂദന്മാരുടെ ഒരു പ്രത്യേക വിഭാഗമായാണിത് രൂപപ്പെട്ടത്. [2] അന്ന് യഹൂദരുടെ മതഗ്രന്ഥങ്ങൾ, പ്രത്യേകിച്ച് ഹീബ്രൂ ബൈബിൾ (പഴയ നിയമം) ആണ് അവർ ആശ്രയിച്ചിരിന്നത്. യഹൂദമതവും ഇസ്ലാം മതവും പോലെ, ക്രിസ്തു മതവും അബ്രഹാമിക മതമായാണ് തരം തിരിച്ചിരിക്കുന്നത്. ക്രിസ്ത്യാനികൾ എന്ന പദം ആദ്യമായി ഉപയോഗിക്കാൻ തുടങ്ങിയത് അന്ത്യോക്യായിൽ വച്ചാണ് (പ്രവൃത്തികൾ 11:26).[3] ക്രിസ്തുമതം ഗ്രീക്ക്-ജർമൻ നാടുകളിലൂടെ വളരെ പെട്ടെന്ന് പ്രചാരം നേടി.

ക്രിസ്തുമതം കേരളത്തിൽ

ക്രിസ്തുമതം കേരളത്തിൽ പ്രചരിപ്പിച്ചത് ക്രി.വ. 52-ൽ കേരളത്തിൽ എത്തിയ തോമാശ്ലീഹയാണെന്നും ചെന്നൈക്കടുത്തുള്ള മൈലാപ്പൂരിലാണ്‌ അദ്ദേഹം മരണമടഞ്ഞതെന്നും വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ ആദ്യകാല ക്രിസ്ത്യാനികളായ ഇവരെ മാർ തോമാ നസ്രാണികൾ അഥവാ സുറിയാനി ക്രിസ്ത്യാനികൾ എന്ന് പൊതുവെ വിളിച്ചിരുന്നു. അവിടെ തോമാശ്ലീഹയുടെ നാമത്തിൽ ഒരു കല്ലറയുണ്ട്. ഇതു പക്ഷേ പോർച്ചുഗീസുകാർ മൈലാപ്പൂർ കീഴടക്കിയശേഷം 1523-ൽ പണികഴിപ്പിച്ചതാണെന്ന് ചില ചരിത്രകാരന്മാർ പറയുന്നു. ഏഴു പള്ളികൾ തോമാശ്ലീഹ പണിഞ്ഞു എന്നും ചിലർ വിശ്വസിക്കുന്നു.[4]. കേരളത്തിലെ ഈ ആദ്യകാല ക്രൈസ്തവ സമൂഹം പൗരസ്ത്യ (കൽ‍ദായ) സുറിയാനിഭാഷയും പാരമ്പര്യങ്ങളുമുള്ളവരായിരുന്നു. വാസ്കോ ഡ ഗാമ കേരളത്തിൽ കാലുകുത്തുന്നതു വരെ (1498) ഇവർ ഏകയോഗക്ഷേമരായി കഴിയുകയായിരുന്നു. പോർട്ടുഗീസുകാർ ലത്തീൻ ആരാധനാക്രമങ്ങളും ഭാഷയും അടിച്ചേൽ‍പ്പിക്കാൻ ശ്രമിച്ചപ്പോൾ എതിർത്ത സുറിയാനി ക്രിസ്ത്യാനികൾ തന്നെ പിന്നീട് രണ്ടു ചേരിയായി തിരിഞ്ഞു.

പോർച്ചുഗീസുകാർ ഇന്ത്യയിൽ വന്നതിനുശേഷം നിരവധി ക്രിസ്തീയ മതാചാര്യന്മാർ ഇവിടെയെത്തി മതപ്രചരണം നടത്തുകയും അനേകർ ലത്തീൻ കത്തോലിക്കാ ആരാധനക്രമം സ്വീകരിക്കുകയും ചെയ്തു. വിദേശീയരായ പല ക്രിസ്ത്യാനികളും ഇവിടേയ്ക്ക് കുടിയേറിയതായും ചരിത്രരേഖകൾ ഉണ്ട്. 1503-ലാണ്‌ ഇന്ത്യയിലെ ആദ്യത്തെ റോമൻ ലത്തീൻ കത്തോലിക്ക ദേവാലയം പണിതത്[4]. നവീകരണത്തെ തുടർന്ന് കത്തോലിക്കാ സഭയിൽ നിന്ന് വേർപെട്ട് യൂറോപ്പിൽ രൂപം കൊണ്ട പ്രൊട്ടസ്റ്റൻറ് പ്രസ്ഥാനങ്ങളിലെ മിഷണറിമാർ ക്രമേണ കേരളത്തിലുമെത്തി പ്രൊട്ടസ്റ്റൻറ് വിശ്വാസം പ്രചരിപ്പിച്ചു. കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ വളർച്ചയ്ക്ക് മിഷണറിമാർ നൽകിയ സംഭാവനകൾ നിരവധിയാണ്. അവർ സ്ഥാപിച്ച അനേക വിദ്യാലയങ്ങളും ആതുരാലയങ്ങളും ഇന്നും കേരളത്തിൽ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അന്ന് നില നിന്നിരുന്ന ജാതിവ്യവസ്ഥയുടെയും തൊട്ടുകൂടായ്മയുടെയും ദുരിതം അനുഭവിച്ചിരുന്ന അനേകർ ക്രിസ്തുമതം സ്വീകരിച്ചു.

ക്രിസ്തുമതത്തിലെ വിവേചനങ്ങൾ

നീഗ്രോകളായ ക്രിസ്തുമത വിശ്വാസികൾക്കും ജാതീയമായ അടിമത്തത്തിൽ നിന്നും വിവേചനത്തിൽ നിന്നുമുള്ള മോചനം ആഗ്രഹിച്ച് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത അധസ്ഥിത ജനവിഭാഗങ്ങളിൽപ്പെട്ടവർക്കും ക്രിസ്തുമതത്തിലും ജാതിവിവേചനവും വർണ്ണവിവേചനവും അനുഭവിക്കേണ്ടിവന്നു. ക്രിസ്തുമത സങ്കല്പങ്ങൾക്ക് വിരുദ്ധമായ സമീപനം നേരിടേണ്ടിവന്ന അവരിലെ അമേരിക്കയിലെയും ആഫ്രിക്കിയിലെയും വിഭാഗങ്ങൾ കറുത്ത പള്ളി എന്ന പ്രത്യേക സഭ തന്നെ രൂപീകരിക്കുകയുണ്ടായി. [5] ഇന്ത്യയിൽ ദളിത് ക്രിസ്ത്യാനികൾ, പരിവർത്തിത ക്രൈസ്തവർ, അവശ ക്രിസ്ത്യാനികൾ എന്നിങ്ങനെ വിവിധ പേരുകളിൽ ഇക്കൂട്ടർ വിശേഷിപ്പിക്കപ്പെട്ടു.[6]

അവലംബം

  1. അഡ്‌ഹിയറന്റ്‌സ്‌ ഡോട്ട്‌കോം
  2. ബൈബിൾഗേറ്റ് വേ.കോം
  3. നടപടി 11:26 http://www.earlychristianwritings.com/text/acts-kjv.html
  4. HILL, JOHN (1963). "1-SOUTH INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 28.
  5. ബ്ലാക് ചർച്ച്
  6. ദളിത് ക്രിസ്ത്യൻസ് ഡിമാൻഡ് ഇക്വാലിറ്റി
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.