ചോറൂണ്

കുഞ്ഞിന് ആദ്യമായി ചോറുകൊടുക്കുന്ന ഹൈന്ദവാചാരമാണ് ചോറൂണ്. ഈ ചടങ്ങ് വീട്ടിലോ ക്ഷേത്രത്തിലോ വച്ച് നടത്തപ്പെടുന്നു. അന്നപ്രാശം, കുഞ്ഞൂണ്‌ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. ജനനത്തിനു ശേഷം 149 ദിവസങ്ങൾ കഴിഞ്ഞു വരുന്ന 32 ദിവസങ്ങൾക്കിടയിലെ ശുഭമുഹൂർത്തത്തിലാണ് ഈ ചടങ്ങ് നടത്തുന്നത്. ഈ 32 ദിവസങ്ങൾക്കു ശേഷമുള്ള 30 ദിവസങ്ങൾ ശുഭകരമല്ലെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ പിന്നീടുള്ള ഏതു മുഹൂർത്തത്തിലും ചോറൂണ് നടത്താവുന്നതാണ്. ജ്യോത്സ്യനാണ്‌ ഇതിനുള്ള മുഹൂർത്തം നിശ്ചയിക്കുന്നത്‌.

ചോറൂണ്; ചടങ്ങിനായി തൂശനിലയിൽ ഒരുക്കിയ ചോറ്

നടത്തുന്ന വിധം

ചടങ്ങു നടത്തുവാനുള്ള കുഞ്ഞിനെ കുളിപ്പിച്ച ശേഷം നേര്യതുടുപ്പിക്കുന്നു. തുടർന്ന് കത്തിച്ചുവച്ച നിലവിളക്കിനു മുമ്പിലായി മുത്തച്ഛന്റെയോ, അച്ഛന്റെയോ, അമ്മാവന്റെയോ മടിയിൽ കുഞ്ഞിനെ ഇരുത്തുന്നു. ഈ നിലവിളക്കിനു മുമ്പിലായി തൂശനിലയിട്ട്‌ ചോറൂ വിളമ്പുന്നു. കുഞ്ഞിനു ചോറു നൽകുന്നയാൾ ഉപ്പ്, മുളക്, പുളി എന്നിവ ചേർത്ത്‌ അൽപമെടുത്ത്‌ കുട്ടിയുടെ നാവിൽ പുരട്ടുന്നു. തുടർന്ന് ചോറിൽ രണ്ടോ മൂന്നോ വറ്റെടുത്ത് കുട്ടിക്ക് നൽകുന്നു. അവസാനമായി മധുരവും (പഞ്ചസാര) നൽകും. ക്ഷേത്രത്തിലാണ് ചടങ്ങ് നടത്തുന്നതെങ്കിൽ നിവേദിച്ച ചോറോ പായസമോ ആണ്‌ ഉപയോഗിക്കുന്നത്. ചില ദേശങ്ങളിൽ ചടങ്ങിനകമ്പടിയായി നാദസ്വരമേളം നടത്താറുണ്ട്. ബന്ധുക്കൾ ഈ അവസരത്തിൽ കുട്ടിക്കായി ആഭരണങ്ങളും മറ്റും നൽകാറുമുണ്ട്.

ചിത്രശാല

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.