ഗുൽസാർ
സംപൂരൺ സിങ്ങ് കൽറ (പഞ്ചാബി: ਸਮਪੂਰਨ ਸਿੰਘ ਕਾਲਰਾ, ഹിന്ദി: संपूरण सिंह कालरा, ഉർദു: سمپورن سنگھ کالرا, ജനനം 18 ആഗസ്റ്റ് 1936) ഗുൽസാർ എന്ന തൂലികാ നാമത്തിൽ പ്രശസ്തനായ ഇന്ത്യൻ കവിയും ഗാനരചയിതാവും സംവിധായകനും തിരക്കഥാകൃത്തുമാണ്. അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തന മേഖല ഹിന്ദി-ഉർദു ഭാഷകളാണെങ്കിലും പഞ്ചാബി, ഹിന്ദി വകഭേദങ്ങളായ മാർവാറി, ബ്രജ് ഭാഷ, ഹര്യാൻവി മുതലായവയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഗുൽസാർ | |
---|---|
![]() | |
ജനനം | സംപൂരൺ സിങ്ങ് കൽറ |
മറ്റ് പേരുകൾ | ഗുൽസാർ |
തൊഴിൽ | സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, നിർമ്മാതാവ് |
സജീവം | 1961 – തുടരുന്നു |
ജീവിത പങ്കാളി(കൾ) | രാഖീ ഗുൽസാർ |
കുട്ടി(കൾ) | മേഘ്ന ഗുൽസാർ |
കലാലോകത്തിന് ഗുൽസാർ നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2004ൽ ഭാരത സർക്കാർ അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. 5 ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും 19 ഫിലിംഫെയർ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.[1] സ്ലംഡോഗ് മില്യണയറിലൂടെ ഓസ്കാർ പുരസ്കാരവും ഗ്രാമി പുരസ്കാരവും നേടി. സാഹിത്യ അക്കാദമി അവാർഡും ഗുൽസാർ നേടിയിട്ടുണ്ട്. ദേശസ്നേഹം വഹിച്ച പങ്ക് കണക്കിലെടുത്ത് നൽകുന്ന ഇന്ത്യാ ഗവണ്മെന്റിന്റെ ഇന്ധിരാഗാന്ധി പുരസ്കാരം 2012-ൽ ലഭിച്ചു.
ഇന്ത്യൻ സിനിമയുടെ വളർച്ചക്കു നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് 45-മത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഗുൽസാറിന് നൽകാൻ ഭാരത സർക്കാർ 2014-ൽ തീരുമാനിച്ചു.
ഗാനരചയിതാവ് എന്ന നിലയിൽ ഗുൽസാർ പ്രശസ്തനായത് രാഹുൽ ദേവ് ബർമൻ, എ.ആർ. റഹ്‌മാൻ, വിശാൽ ഭരദ്വാജ് തുടങ്ങിയവരുമായുള്ള കൂട്ടുകെട്ടുകളിലൂടെയാണ്. മറ്റുള്ള പ്രശസ്ത സംഗീത സംവിധായകരായ സച്ചിൻ ദേവ് ബർമൻ, സലിൽ ചൗധരി, ശങ്കർ എഹ്സാൻ ലോയ്, മദൻ മോഹൻ, അനു മാലിക് മുതലായവരുമായും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്.
ആദ്യകാല ജീവിതം
കല്റ അറോറ സിഖ് കുടുംബത്തിൽ മഖൻ സിങ്ങ് കല്റയുടെയും സുജൻ കൗറിന്റെയും മകനായി ഇപ്പോൾ പാകിസ്താനിൽ ഉൾപ്പെട്ട ദിന എന്ന സ്ഥലത്താണ് ഗുൽസാർ ജനിച്ചത്. എഴുത്തുകാരൻ എന്ന നിലയിൽ പ്രശസ്തനാകുന്നതിനു മുൻപ് ഒരു ഗാരേജിൽ കാർ മെക്കാനിക് ആയി ജോലി നോക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരനായ ശേഷമാണ് ഗുൽസാർ എന്ന തൂലികാ നാമം സംപൂരൺ സ്വീകരിച്ചത്.
ജീവിത ഗതി
ഗുൽസാർ ഇന്ത്യയിൽ പരക്കെ അറിയപ്പെടുന്നത് ബോളിവുഡിലെ ഗാനരചയിതാവ് എന്ന നിലയിലാണ്. പ്രശസ്ത കലാകാരന്മാരായ ബിമൽ റോയുടെയും ഹൃഷികേശ് മുഖർജിയുടെയും കീഴിലാണ് ഗുൽസാർ തന്റെ കലാജീവിതം ആരംഭിക്കുന്നത്. ആദ്യമായി ഗുൽസാർ ഗാനരചന നിർവഹിച്ചത് സച്ചിൻ ദേവ് ബർമൻ സംഗീത്ം പകർന്ന 'ബന്ധിനി' എന്ന ചിത്രത്തിനു വേണ്ടിയാണ്. 1963ലായിരുന്നു അത്.
ഗുൽസാറിന്റെ ഏറ്റവും പ്രശസ്ത ഗാനങ്ങൾ പിറന്നത് രാഹുൽ ദേവ് ബർമന്റെ കൂടെയായിരുന്നു. കിഷോർ കുമാർ പാടിയ 'മുസാഫിർ ഹൂം യാരോ' (പരിചയ്), കിഷോർ കുമാർ-ലത മങ്കേഷ്കർ ജോടി പാടിയ തേരേ 'ബിന സിന്ദഗി സെ'(ആന്ധി), ആശ ഭോസ്‌ലേ പാടിയ 'ഘർ ജായേഗി' (ഖുഷ്ബൂ), 'മേരാ കുച് സാമൻ'(ഇജാസത്), ലത മങ്കേഷ്കർ-അനൂപ് ഘോഷൽ ജോടി പാടിയ 'തുജ്സെ നാരാസ് നഹി'(മാസൂം) തുടങ്ങിയ അനശ്വര ഗാനങ്ങൾ ഈ കൂട്ടുകെട്ടിൽ പിറവി കൊണ്ടവയാണ്.
'ആനന്ദ്', 'മോസം' എന്നീ ചിത്രങ്ങളിൽ സലിൽ ചൗധരിയുമൊത്ത് അദ്ദേഹം ഹിറ്റ് ഗാനങ്ങൾ രൂപപ്പെടുത്തി. അടുത്ത കാലത്ത് അദ്ദേഹത്തിന്റെ ഹിറ്റ് കൂട്ടുകെട്ടുകളിൽ വിശാൽ ഭരദ്വാജ്(മാച്ചിസ്), എ.ആർ. റഹ്‌മാൻ (ദിൽ സേ, ഗുരു, രാവൺ) ശങ്കർ-എഹ്സാൻ-ലോയ്(ബന്റി ഓർ ബബ്ലി) എന്നിവ എടുത്തു പറയാവുന്നവയാണ്.
ആദ്യകാലത്ത് കമ്യൂണിസ്റ്റ് ആശയങ്ങളോട് ഗുൽസാർ പ്രതിപത്തി പുലർത്തിയിരുന്നു. അദ്ദേഹത്തിന്റെ ആദ്യകാല സംവിധാന സംരംഭമായ മേരേ അപ്നേ മുതലായവ ഇതിനുദാഹരണങ്ങളാണ്. ഇന്ത്യൻ രാഷ്ട്രീയത്തെ നിശിതമായി വിമർശിച്ച അദ്ദേഹത്തിന്റെ ആന്ധി എന്ന ചിത്രം കുറച്ചുകാലം നിരോധിക്കപ്പെടുക വരെ ചെയ്തു. ഇന്ദിരാ ഗാന്ധിയെയും നിരോധനാജ്ഞയേയും വിമർശിക്കുന്നതായിരുന്നു ചിത്രം എന്നതായിരുന്നു കാരണം.
സാഹിത്യസൃഷ്ടികളിൽ നിന്നും മറ്റുള്ള ചലച്ചിത്രങ്ങളിൽ നിന്നും ആശയങ്ങളും കഥകളും മെനഞ്ഞെടുക്കാൻ ഗുൽസാറിനുള്ള കഴിവ് അപാരമായിരുന്നു. ഷേക്സ്പിയറിന്റെ കോമഡി ഒഫ് എറേഴ്സ് അടിസ്ഥാനമാക്കി അംഗൂർ എന്ന ചിത്രവും എ.ജെ. ക്രോണിന്റെ ദ ജൂഡാസ് ട്രീയെ അടിസ്ഥാനമാക്കി മോസം എന്ന ചിത്രവും അദ്ദേഹം നിർമ്മിച്ചു. ഹോളിവുഡ് ക്ലാസിക് സൗണ്ട് ഒഫ് മ്യുസിക് അദ്ദേഹം ഹിന്ദിയിൽ പരിചയ് ആയി പുനരാവിഷ്കരിച്ചു.
പേർഷ്യൻ കവി മിർസ ഖാലിബിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി 1988 ഗുൽസാർ ഒരു ടെലിവിഷൻ സീരിയൽ സംവിധാനം ചെയ്തു. നസറുദ്ദീൻ ഷാ ആയിരുന്നു ദൂരദർശനിൽ സംപ്രേഷണം ചെയ്ത മിർസ ഖാലിബ് എന്ന ആ സീരിയലിലെ മുഖ്യ കഥാപാത്രം.
വിശാൽ ഭരദ്വാജിന്റെ കൂടെ ഗുൽസാർ പല ദൂരദർശൻ പരിപാടികളുടെയും ഗാനരചയിതാവും സംഭാഷണരചയിതാവും ആയി പ്രവർത്തിച്ചു. ജംഗിൾ ബുക്ക്, ആലീസ് ഇൻ വണ്ടർലാന്റ് മുതലായവ ഉദാഹരണങ്ങളാണ്.
സാമൂഹിക പ്രശ്നങ്ങളും വ്യക്തി ബന്ധങ്ങളെയും ഹൃദയസ്പർശിയായി ആവിഷ്കരിക്കാൻ ഗുൽസാറിനുള്ള കഴിവ് അപാരമാണ്. അദ്ദേഹവും അദ്ദേഹത്തിന്റെ ചിത്രങ്ങളും ദേശീയ ബഹുമതികൾ, (മികച്ച സംവിധായകനും മികച്ച ഗാനരചയിതാവും ഉൾപ്പെടെ) പലവട്ടം നേടി. അദ്ദേഹത്തിന്റെ 'ധുവൻ' എന്ന ഉർദു ചെറു കഥാസമാഹാരം 2002ൽ സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി.[2]
സ്വകാര്യജീവിതം
അഭിനേത്രി രാഖീ ആണ് ഗുൽസാറിന്റെ പത്നി. മകൾ മേഘ്ന ഗുൽസാർ സംവിധായികയാണ്. മേഘ്ന ഗുൽസാറിന്റെ ജീവചരിത്രം "ബികോസ് ഹി ഈസ്" എന്ന പേരിൽ പുറത്തിറക്കിയിട്ടുണ്ട്.
പുരസ്കാരങ്ങൾ
അക്കാദമി അവാർഡ്(ഓസ്കാർ)
- മികച്ച തനതായ ഗാനം - ജയ് ഹോ - സ്ലംഡോഗ് മില്യണയർ(2008)
ദേശീയ ചലച്ചിത്രപുരസ്കാരം
- മികച്ച സംവിധാനം - മോസം (1976)
- മികച്ച ജനപ്രീതി നേടിയ ചിത്രം - മാച്ചിസ് (1996)
- മികച്ച ഗാനരചന - 'മേരാ കുച് സാമൻ' - ഇജാസത് (1988)
- മികച്ച ഗാനരചന - 'യാരാ സിലി സിലി' - ലേക്കിൻ (1991)
- മികച്ച തിരക്കഥ - കോശിഷ് (1972)
ഗ്രാമി പുരസ്കാരം
- മികച്ച ഗാനം, ചലച്ചിത്രം,ടെലിവിഷൻ മറ്റുള്ള വിഷ്വൽ മീഡിയ എന്നിവക്ക് വേണ്ടി എഴുതപ്പെട്ടതിൽ വച്ച് - ജയ് ഹോ - സ്ലംഡോഗ് മില്യണയർ(2010)
ഫിലിംഫെയർ പുരസ്കാരം
- മികച്ച ഗാനരചയിതാവ്
- ദോ ദീവാനേ ശേഹാർ മേൻ – ഘരോണ്ട(1977)
- ആനേവാല പൽ ജാനേവാല ഹൈൻ- ഗോൾമാൽ(1979)
- ഹസാർ രാഹേൻ മുഡ് കെ ദേഖി- ഥോടിസി ബേവഫായി(1980)
- തുജ്സെ നാരാസ് നഹീൻ സിന്ദഗി – മാസൂം(1983)
- മേരാ കുഛ് സാമാൻ – ഇജാസത്ത്(1988)
- യാരാ സീലി സീലി – ലേകിൻ(1991)
- ഛൈയ്യാ ഛൈയ്യാ – ദിൽസെ(1998)
- സാഥിയാ – സാഥിയാ(2002)
- കജ്രാരെ – ബൺറ്റി ഓർ ബബ്ലി(2005)
- ദിൽ ത്തൊ ബച്ചാ ഹൈൻ ജീ - ഇഷ്കിയ(2010)
- മികച്ച സംഭാഷണം
- ആനന്ദ് -(1972)
- നമക് ഹറാം-(1974)
- മാച്ചിസ്- (1996)
- സാഥിയാം- (2002)
മറ്റ് പുരസ്കാരങ്ങൾ
- പത്മഭൂഷൺ - 2004
- സാഹിത്യ അക്കാദമി അവാർഡ് - ധുവൻ(2002)
അവലംബം
- http://www.gulzaronline.com/gulqatra.htm
- http://www.hinduonnet.com/2002/12/22/stories/2002122204321300.htm