കാവ്
ജൈവവൈവിധ്യത്തിന്റെ ചെറു മാതൃകകളാണ് കാവുകൾ. വിശുദ്ധവനങ്ങൾ എന്നും ഇവയെ വിശേഷിപ്പിക്കുന്നു. നിത്യഹരിതവനങ്ങളുടെ അവശിഷ്ടങ്ങളാണ് ഈ കാവുകൾ.[1] പ്രകൃതിയെയും വൃക്ഷങ്ങളെയും ആരാധിക്കുന്ന പതിവ് പണ്ട് മുതലേ നിലനിന്നിരുന്നതിനാൽ, വനത്തെ ഉപജീവനമാർഗ്ഗമായി കരുതിയിരുന്ന പണ്ടുകാലത്തെ ജനങ്ങൾ കാവുകളെയും പുണ്യസ്ഥലമായി കരുതിയിരുന്നു. ആചാരപരമായ ആവശ്യങ്ങളാൽ ജനങ്ങൾ സംരക്ഷിച്ചു പോരുന്ന കാടിന്റെ ലഘു രൂപങ്ങളാണ് കാവുകൾ എന്നും പറയാം[2]. ദ്രാവിഡരീതിയിലുള്ള ഇത്തരം ക്ഷേത്രങ്ങളിൽ സ്ത്രീ ദേവതകളായിരുന്നു പ്രതിഷ്ഠ. [3] കേരളത്തിലെ പ്രാചീന ദേവതകളായ കാളി, വേട്ടയ്ക്കൊരുമകൻ, അന്തിമഹാകാളൻ, കരിങ്കാളി, അയ്യപ്പൻ, പാമ്പ്(നാഗം), ചാമുണ്ഡി എന്നിവർ കുടികൊള്ളുന്ന സ്ഥലങ്ങളെ മാത്രമേ കാവുകൾ എന്ന് പറയാറുള്ളൂ. ശിവൻ, വിഷ്ണു മുതലായ ദൈവങ്ങൾ കുടികൊള്ളൂന്ന സ്ഥലം അമ്പലം എന്നാണ് പറയുക[4]. ഉത്തരകേരളത്തിൽ കാവുകൾ മുച്ചിലോട്ട് , കണ്ണങ്കാട്, മുണ്ടിയ, കോട്ടം, പള്ളിയറ എന്നീ പേരുകളിൽ അറിയപ്പെടുന്നു[2].
ദേവതാസങ്കൽപ്പങ്ങളുള്ള മരകൂട്ടങ്ങളെ കാവുകൾ എന്നു വിളിക്കുന്നു. ക്ഷേത്രങ്ങളോട് ചേർന്നും അല്ലാതെയും കാവുകൾ കാണപ്പെടുന്നു. പൊതുവെ ഭഗവതി, നാഗരാജാവ്, വേട്ടയ്ക്കൊരു മകൻ തുടങ്ങിയ ദേവതകളുടെ ആരാധനാകേന്ദ്രങ്ങൾ ആണ് കാവുകൾ. ഇവയോട് അനുബന്ധമായി കുളവും വയലുകളും കാണാം. മനുഷ്യൻറെ ഇടപെടലും ചൂഷണങ്ങളും അനുവദിക്കാതെ വിശ്വാസത്തിന്റെ പിൻബലത്തിൽ കാവുകൾ ഒരു വനം പോലെ സംരക്ഷിച്ചു വരുന്നു. വൻമരങ്ങളും ചെറുവൃക്ഷങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളും കാവുകളിൽ ഇടതൂർന്നു വളരുന്നു. ബാഹ്യ ഇടപടൽ ഇല്ലാതെ പ്രകൃതിദത്തമായ ആവാസവ്യവസ്ഥ കാവുകളിൽ നിലനിൽക്കുന്നു. ആദിമ ഗോത്രവർഗ്ഗങ്ങളുടെ ജിവിതരീതികളും ആചാരക്രമങ്ങളും കാവുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. കൃഷി ഉപജീവനമാക്കിയ പൂർവ്വികർ കൃഷിനാശം, മൃഗശല്ല്യം, രോഗബാധ മുതലായവ ഇല്ലാതാക്കാൻ പ്രകൃതിശക്തികളേയും ദേവതകളെയും മലദൈവങ്ങളേയും നാഗങ്ങളേയും ആരാധിച്ചിരുന്നു. ഇതിനായി പ്രത്യേക ഭൂപ്രദേശം സംരക്ഷിച്ചിരുന്നു. ഇവയുടെ ഭാഗമാണ് ഇന്നു നാം കാണുന്ന കാവുകൾ. സ്വാഭാവിക വനമായ കാവുകൾ അനേകം സസ്യജാലങ്ങൾക്കും ജന്തുജാലങ്ങൾക്കും സൂക്ഷ്മ ജീവികൾക്കും പ്രകൃതിദത്ത ആവാസവ്യവസ്ഥ നൽകികൊണ്ട് പാരിസ്ഥിക സംതുലനം നിലനിർത്തുന്നു. ഔഷധസസ്യങ്ങളുടെ കലവറയാണ് കാവുകൾ. ഇവ പ്രദേശത്തെ ജലസമ്പത്തിനെ പരിപോഷിപ്പിക്കുകയും വായുവിൽ ഓക്സിജൻറെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാവുകളിലെ കുളങ്ങളും മണിക്കിണറുകളും പ്രദേശത്തെ വറ്റാത്ത ജലസ്രോതസ്സാണ്. "കാവുതീണ്ടിയാൽ കുളം വറ്റും" എന്ന പഴമൊഴി , കാവുകളുടെ തനിമ നിലനിർത്തുന്നതിൽ പൂർവ്വികർ ഏറെ ശ്രദ്ധാലുക്കളായിരുന്നു എന്നതിനു തെളിവാണ്. പ്രകൃതി സംരക്ഷണ പൂജയോടെ കന്നിയിലെ വിശേഷാൽ ആയില്യം തിരുനാളിൽ സർപ്പ ക്കാവിൽ ആയില്യം പൂജയുള്ള കേരളത്തിലെ പ്രമുഖ കാവാണ് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് .ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ ,മീന്നൂട്ട് വാനര ഊട്ട് നാഗ ഊട്ട് ആന ഊട്ട് എന്നിവ കാവിലെ പ്രധാന ചടങ്ങ് ആണ് .നാഗ പൂജ നാഗ കളം കളമെഴുത്ത് നാഗ പാട്ട് പുള്ളുവൻ പാട്ട് മഞ്ഞൾ നീരാട്ട് പാൽ നീരാട്ട് തുടങ്ങിയവ കല്ലേലി കാവിൽ ഉണ്ട് .
മലബാറിൽ അനേകം കാവുകൾ ഇന്നും തനിമയോടെ സംരക്ഷിച്ചു പോരുന്നുണ്ട്. ഇവിടങ്ങളിൽ അനേകം ആചാരാനുഷ്ഠാനങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. തെക്കൻമലബാറിലെ കാവുകളിൽ വർഷംതോറും നടത്തിവരുന്ന അനുഷ്ഠാന കലാരൂപമാണ് "തിറയാട്ടം". ഇവിടെ കാവുകളോട് ചേർന്ന് ആരാധനാ സ്ഥാനങ്ങൾ (പള്ളിയറ, കുരിയാല, തിടപ്പള്ളി, ചെറു പീഠങ്ങൾ എന്നിവ) ഉണ്ടായിരിക്കും. ചില കാവുകളിൽ നിത്യപൂജ ഉണ്ടായിരിക്കും. ചിലയിടത്ത് മാസപൂജയോ വിശേഷാൽ പൂജകളോ ആയില്യപൂജയോ ഉണ്ടാകും. മറ്റു ചില കാവുകളിൽ വാർഷിക തിറയാട്ട മഹോത്സവത്തിനു മാത്രമേ ആരാധന അനുവദിക്കുകയുള്ളൂ. പ്രാദേശിക വിശ്വാസങ്ങളനുസരിച്ചാണ് കാവുകളിലെ ആരാധനാക്രമങ്ങൾ. മിക്ക കാവുകളിലും നാഗപ്രതിഷ്ഠ കാവുകൾക്കുള്ളിലായിരിക്കും. ആൽമരങ്ങൾ, കാഞ്ഞിരം, പാലമരം, തൊണ്ടി, ഇലഞ്ഞി, വെട്ടി, താന്നി മുതലായവ മരങ്ങൾ കാവുകളിൽ പൊതുവായി കണ്ടുവരുന്നു. തെക്കൻ കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ടുള്ള മണ്ണാറശാല ശ്രീനാഗരാജാക്ഷേത്രം, വെട്ടിക്കോട് നാഗരാജാക്ഷേത്രം എന്നിവയോടു അനുബന്ധിച്ചു വലിയ കാവുകൾ കാണാം.
പേരിനു പിന്നിൽ
ബലിയിടുന്ന സ്ഥലം എന്നാണ് കാവിൻറെ അർത്ഥം.[3] ചിറുദൈവങ്ങൾക്കിടും പലി എന്നാണ് തമിഴ് ലെക്സിക്കനിൽ പറയുന്നത്. സാധാരണാർത്ഥത്തിൽ കാവ് എന്നാൽ മരക്കൂട്ടമാണ്. സാങ്കേതികാർത്ഥത്തിൽ അത് ആരാധനാസ്ഥാനമാകുന്നു. [4].
ചരിത്രം
വനങ്ങളിൽ വസിച്ചു വന്ന ആദിമ മനുഷ്യരുടെ ജീവിത ശൈലിയും, ഉപജീവന മാർഗവും കാടുകളുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു . കൃഷി തൊഴിലാക്കിയതോടെ അവർ സ്ഥിര താമസക്കാരായി. കൃഷി നാശത്തിനു കാരണമാകുന്ന മൃഗശല്യം ഒഴിവാക്കാൻ അവർ ചില പൂജകളും മറ്റും നടത്തിയിരുന്നു. വേട്ടക്കൊരുമകൻ, വയനാട്ട് കുലവൻ, കിരാതശിവൻ എന്നീ വേട്ടക്കാരായ ദൈവങ്ങൾക്ക് വേണ്ടിയായിരുന്നു പല പൂജകളും. ഈഴവ ജാതി വിഭാഗത്തിന്റെ കുലദൈവമായ മുത്തപ്പനും വേട്ടയാടലിൽ തല്പ്പര്യനായിരുന്നു. ചിലയിടങ്ങളിൽ ഭദ്രകാളി, ഭഗവതി, ചാമുണ്ഡി തുടങ്ങിയ ശാക്തേയ ദേവതകളെയും കാവുകളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ ദൈവങ്ങളുടെ വാസസ്ഥലങ്ങളാണ് പല കാവുകളും എന്നാണ് വിശ്വാസം. ആയതിനാൽ ഇത്തരംകാവുകളുടെ സംരക്ഷണത്തിൽ വിശ്വാസികൾ പ്രത്യേക ശ്രദ്ധ നല്കുന്നു.
കേരളത്തിലെ കാവുകൾ
കേരളത്തിലെ കാവുകളെ കാളിക്കാവ്, നാഗക്കാവ് എന്നിങ്ങനെ രണ്ടായി തിരിക്കാം. നാഗദേവിയും നാഗരാജനും എന്ന സങ്കല്പം വരുമ്പോൾ നാഗക്കാവ് കാളിക്കാവില്പെടുത്താം. കാളിക്കാവുകളെ അവയിലെ അനുഷ്ഠാനരൂപങ്ങളെ അടിസ്ഥാനമാക്കി പടയണിക്കാവ്, തിറയാട്ട കാവ്, മുടിയേറ്റ് കാവ്, മുടിപ്പേച്ച് കാവ്, കാളിയൂട്ട് കാവ്, തീയ്യാട്ട് കാവ്(അയ്യപ്പൻ തീയാട്ട് കാവും ഇതിൽ പെടുന്നു) പൂതൻ തിറ കാവ്, കളിയാട്ട കാവ് എന്നിങ്ങനെ വിഭജിക്കാം. കാളീദാരിക സംഘട്ടനമാണ് ഈ കാവുകളിലെ പൊതുവായ കഥാബീജം. കേരളത്തിൽ കുംഭ പാട്ട് ഉള്ള ഏക കാവ് പത്തനംതിട്ട കോന്നി കല്ലേലി ശ്രീ ഊരാളി അപ്പൂപ്പൻ കാവിൽ മാത്രമാണ്. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസം കുടികൊള്ളുന്ന കാവാണ് ഇത്. തലയാട്ടംകളി, വാനരയൂട്ട്, മീനൂട്ട് തുടങ്ങിയവയും ഇവിടെ ഉണ്ട്.
കാവ് വിവിധ ഭാഷകളിൽ
- തമിഴ് (തമിഴ്‌നാട്) - കോവിൽകാവ്,
- കന്നഡ (കർണ്ണാടക) - ദേവറക്കാട്
- മറാഠി (മഹാരാഷ്ട്ര) - ദേവറഹാട്ട്
- ഭോജ്പൂരി (ബീഹാർ) - സാമാസ്
- മാൽവി (മദ്ധ്യപ്രദേശ്) - സർന
- രാജസ്ഥാനി (രാജസ്ഥാൻ) - ഒറാൻസ്
- ബംഗാളി (പശ്ചിമ ബംഗാൾ - ഗരിമതാൽ
- ഹിമാചലി (ഹിമാചൽ പ്രദേശ്) - ദേവോവൻ
- ആസാമി (മേഘാലയ) - ലോക്കിൻ ഹാങ്സ്
- ഇംഗ്ലീഷ് - സേക്രഡ് ഗ്രൂവ്സ്[2].
കാവുകളെക്കുറിച്ചുള്ള പഠനങ്ങൾ
ഉത്തര കേരളത്തിലെ കാവുകളെക്കുറിച്ച് ഇ. ഉണ്ണികൃഷ്ണൻ ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ എന്ന കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്[5]. കാവുകളുടെ നാശം ഒരു സമൂഹത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച് ജിതേഷ് മാണിയാട്ട് ഒരു പഠനം നടത്തിയിട്ടുണ്ട് . കേരളത്തിലെ കാവുകളെക്കുറിച്ച് മുന്നാർ ഡി.ഫ.ഓ. ആയിരുന്ന ഡോ. എൻ. സി. ഇന്ദുചൂഡൻ പഠനം നടത്തിയിട്ടുണ്ട്..കാവുകളെ കുറിച്ചുള്ള പഠനങൾക്ക് ജപ്പാനിൽ നിന്നുള്ള നരവംശ വിദക്തർ എത്തുന്ന ഏക കാവ് കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവാണ് .കാവുകളെ കുറിച്ച് പഠിക്കുന്ന ത്തിന് നിരവധി അദ്ധ്യാപകരും വിദ്യാർഥി കളും മാധ്യമ പ്രവർത്തകരും കല്ലേലി കാവിൽ എത്തുന്നു .പ്രകൃതി സംരക്ഷണ പൂജയാണ് ഇവിടെ പ്രധാനമായും ഉള്ളത് .
കാവുകളുടെ പ്രാധാന്യം
ഏഷ്യയുടെയും ആഫ്രിക്കയുടെയും ഭാഗങ്ങളിലായാണ് കാവുകൾ കൂടുതലായി കാണപ്പെടുന്നത്.[1] ഗ്രാമങ്ങളിലെ ഭൂഗർഭജലനിരപ്പ് നിലനിർത്താനും ഗ്രാമീണരുടെ ഇന്ധന ലഭ്യത ഉറപ്പുവരുത്താനും അത്യപൂർവമായ ഔഷധസസ്യങ്ങളാൽ സമ്പന്നമായ കാവുകൾ ഗ്രാമീണരുടെ ആരോഗ്യസംരക്ഷണത്തിനും സഹായകമാണ്[2]. കാവുകൾ ജൈവവൈവിധ്യം ഏറെയുള്ള ജീൻകലവറയാണ്. മൂന്നിനം ഉഭയജീവികൾ, പത്തിനം ഉരഗങ്ങൾ, എഴുപത്തിഏഴിനം പക്ഷികൾ, ഇരുപത്തിഒന്നിനം സസ്തനങ്ങൾ, അറുപത്തിയാറിനം ചിത്രശലഭങ്ങൾ, നിരവധിയിനം സസ്യങ്ങൾ തുടങ്ങിയവയെല്ലാം കാവുകളിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു[2]. നിത്യഹരിതവനങ്ങളിൽ മാത്രം കാണാറുള്ള തമ്പകം, വങ്കോട്ട, ഇലവംഗം, വെട്ടി മുതലായ മരങ്ങൾ കാവുകളിൽ കാണാനാകും[2].
വിശ്വാസങ്ങൾ
ചില കാവുകൾ ദേവതമാരുടെ വാസസ്ഥലമാണെന്നാണ് വിശ്വാസം. ഇത്തരം കാവുകളിൽ ചിലതിൽ വർഷത്തിൽ തെയ്യം കെട്ടുൽസവങ്ങളും ക്ഷേത്രങ്ങളുടെ വശങ്ങളിലായി സ്ഥിതി ചെയ്യുന്നവ, ക്ഷേത്രങ്ങള്ക്ക് ചുറ്റുമായുള്ളവ എന്നിങ്ങനെ ഇത്തരം കാവുകളും വ്യത്യാസപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിന് ചുറ്റുമായുള്ള കാവുകൾക്ക് ഉദാഹരണമാണ് കാസർഗോട് ജില്ലയിലെ നീലേശ്വരത്ത് സ്ഥിതി ചെയ്യുന്ന മന്നൻ പുറത്ത് കാവ്. മറ്റ് ചില കാവുകൾ നാഗാരാദനയുള്ളവയാണ്. ഇത്തരം കാവുകളിൽ ആയില്യം നാളിൽ പ്രത്യേകം പൂജകളും മറ്റും നടക്കാറുണ്ട്. നാഗാരാധനയുമായി ബന്ധപ്പെട്ട കാവുകളിൽ ചിലതിൽ മനുഷ്യരുടെ പ്രവേശനം പോലും പരിമിതമാണ്. വടക്കൻ കേരളത്തിൽ അനേകം കാവുകൾ ഇപ്പോഴും തനിമയോടെ സംരെക്ഷിച്ചു പോരുന്നു. തെക്കൻ കേരളത്തിലും മണ്ണാറശാല, വെട്ടിക്കോട് നാഗരാജാക്ഷേത്രം തുടങ്ങിയവയോടു അനുബന്ധിച്ചു വലിയ കാവുകൾ സംരക്ഷിച്ചു വരുന്നുണ്ട്. മുത്തപ്പൻ കാവ്, അയ്യപ്പൻകാവ്, നാഗർകാവ്, ഭഗവതിക്കാവ്, ഭദ്രകാളിക്കാവ്, ശിവക്കാവ് എന്നിങ്ങനെ പലപേരുകളിൽ അറിയപ്പെടുന്നു. പ്രകൃതി സംരക്ഷണ പൂജയുള്ള ഏക കാവ് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവാണ്.
ആദിദ്രാവിഡ നാഗ ഗോത്രജനതയുടെ പാരമ്ബര്യകല 'കുംഭപാട്ട്': അനുഷ്ഠാനകലയുടെ ആദിമ രൂപം ചൊല്ലുന്ന ഏക കാവ്
പത്തനംതിട്ട: ആദിദ്രാവിഡ നാഗ ഗോത്രജനതയുടെ പാരമ്പര്യ കലയായ കുംഭപാട്ട് എന്നും കൊട്ടി പാടുന്ന ഏക കാനന വിശ്വാസ കേന്ദ്രമായി കല്ലേലി അപ്പൂപ്പൻ കാവ് മാറുന്നു. ലോകത്തെ ഒരു കാവിലും ക്ഷേത്രത്തിലും കാണാത്ത പ്രാചീന കലയാണ് കുംഭപാട്ട്.
പത്തനംതിട്ട കോന്നിയിൽ ഉള്ള കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ സന്ധ്യാ വന്ദനത്തിനും ദീപാരാധനക്കും ശേഷം പ്രകൃതിയിലെ ഭാവങ്ങളെ വർണ്ണിച്ചും, പ്രകൃതി കോപങ്ങളെ ശമിപ്പിക്കുവാനും മല ദൈവമായ ഊരാളി അപ്പൂപ്പനോട് പാട്ടിന്റെ രൂപത്തിൽ കൊട്ടി ഉണർത്തുന്ന പാട്ടാണ് കുംഭ പാട്ട്.
ഇത് ഇന്നും അന്യമാകാതെ കാത്തു സൂക്ഷിക്കുന്ന ഏക കാവാണ് കല്ലേലി അപ്പൂപ്പൻ കാവ്. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പനെ മനസ്സിൽ ധ്യാനിച്ച് ഏഴുദിവസത്തെ വ്രതാനുഷ്ഠാനത്തോടെ രാത്രിയിൽ ആഴികൂട്ടിയിട്ട് ഇതിനു മുന്നിൽ ചുറ്റും ഇരുന്ന് അപ്പൂപ്പനെ പ്രകീർത്തിച്ച് ഈണത്തിൽ പാടുന്നു.
മുളയും,കാട്ടു കല്ലും പച്ചിരുമ്പും,ഉണക്ക പാളയും, കാട്ടു കമ്പും, വാദ്യോപകരണമാക്കി പ്രപഞ്ച ശക്തിയായ മലദേവനായ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ നാമത്തിൽ ലോക ഐശ്വര്യത്തിനു വേണ്ടി മനമുരുകി പാടുന്നു പ്രകൃതിയുടെ നിലനിൽപ്പിനായി കുംഭ പാട്ട് നടത്തി വരുന്നു. ലൗകിക ജീവിതത്തിന്റെ പരിധിയിൽ നിന്ന് അകന്നു നിൽക്കുന്നവയാണ് പുരാവൃത്തങ്ങൾ.
ദേവീദേവൻമാരുടെയും മറ്റ് അലൗകിക ശക്തികളുടെയും ഉത്ഭവം, ജീവിതം എന്നിവയുമായി ബന്ധപ്പെട്ടതാണ് മിക്ക പുരാവൃത്തങ്ങളും. വയനാടൻ കുറിച്യർക്കിടയിൽ ഏറെ പ്രചാരത്തിലുളള 'കുംഭപാട്ട് 'ഇപ്പോൾ പാടുന്നത് കല്ലേലി കാവിൽ മാത്രമാണ്.
കാട്ടിൽ നിന്നും ഏഴ് മുട്ടുള്ള മുള വെട്ടി കൊണ്ടുവന്ന് അതിൽ ദ്വാരമുണ്ടാക്കി കള്ള് നിറക്കും. കള്ള് നിറച്ചതിന് ശേഷം ചൂരൽ കൊണ്ട് കെട്ടി വെക്കും. മുളയിലെ പുളിപ്പ് പോകും വരെ പരിശുദ്ധ സ്ഥലത്ത് വയ്ക്കും. പുളിപ്പ് ഇറങ്ങിയ മുളയുടെ കണ്ണായ ഭാഗം ചുവട് പോകാതെ പച്ചിരുമ്പ് കൊണ്ട് പാകത്തിൽ പരുവപ്പെടുത്തും.
മുകൾ വശ ദ്വാരം ക്രമപ്പെടുത്തും. മുകളിലും താഴെയും ചൂരൽ കൊണ്ട് വരിയും. തുടർന്ന് മുള ഉണങ്ങാൻ ഇടും .അങ്ങനെ ഉണങ്ങി കിട്ടുന്ന 'കുംഭം 'കല്ലേലി അപ്പൂപ്പന്റെ അനുഗ്രഹത്തിന് വേണ്ടി നടയിൽ പൂജ വയ്ക്കും. കുംഭം അടിക്കുന്ന മൂത്ത ഊരാളി വ്രതമെടുത്ത ശേഷമാണ് പൂജ വെച്ച കുംഭം എടുക്കുന്നത്.
കുംഭം ഇടിക്കുന്ന കല്ല് നദിയിൽ നിന്നും കണ്ടെത്തിയാണ് ഉപയോഗിക്കുന്നത്. കല്ല് കണ്ടെത്തി കല്ലിനെ കുളിപ്പിച്ച് ഒരുക്കി പൂജകൾ നൽകിയാണ് വാദ്യ ഉപകരണമാക്കുന്നത്.ഉണക്ക പാളയും അതിൽ അടിക്കാൻ ഉള്ള കാട്ടുകമ്പും, രണ്ടു പച്ചിരുമ്പും, കൈ താളവും ചേരുമ്പോൾ കുംഭപ്പാട്ട് പിറക്കുന്നു. ഏറ്റു ചൊല്ലാൻ ആറാളുകൾ വേറെയും ഉണ്ട് .
ഓ........ഓ........ഓ........ഓ........ഓ........
ഓ........ഓ........ഓ........ഓ........ഓ........
ഓ........ഓ........ഓ........ഓ........ഓ........
കിഴക്കൊന്നു തെളിയെട്ടെടോ....
ഓ........ഓ........ഓ........ഓ........ഓ........
ഹരിനാരായണ തമ്പുരാനേ......
ഓ........ഓ........ഓ........ഓ........ഓ........
പടിഞ്ഞാറും തെളിയെട്ടെടോ.....
ഓ........ഓ........ഓ........ഓ........ഓ........
ഹരിനാരായണ തമ്പുരാനേ.......
ഓ........ഓ........ഓ........ഓ........ഓ........
അരുവാപ്പുലം അഞ്ഞൂറും.......
കോന്നി മുന്നൂറും
ഓ........ഓ........ഓ........ഓ........ഓ........
ഹരിനാരായണ തമ്പുരാനേ......
ഓ........ഓ........ഓ........ഓ........ഓ........
കല്ലേലി അപ്പൂപ്പാ..........
ഓ........ഓ........ഓ........ഓ........ഓ........
ഹരിനാരായണ തമ്പുരാനേ.....
ഓ........ഓ........ഓ........ഓ........ഓ........
പാണ്ടിമലയാളം ഒന്നുപോലെ തെളിയെട്ടെടോ.....
ഓ........ഓ........ഓ........ഓ........ഓ........
ഹരിനാരായണ തമ്പുരാനേ.....
ഓ........ഓ........ഓ........ഓ........ഓ........
കല്ലേലി തമ്പുരാനേ.......
ഓ........ഓ........ഓ........ഓ........ഓ........
ഹരിനാരായണ തമ്പുരാനേ.....
ഓ........ഓ........ഓ........ഓ........ഓ........
ഈ കൊട്ടും പാട്ടും പിണക്കല്ലെടോ.....
എന്റെ കുംഭമൊന്നു തെളിയെട്ടെടോ....
ഓ........ഓ........ഓ........ഓ........ഓ........
ഹരിനാരായണ തമ്പുരാനേ.....
ഓ........ഓ........ഓ........ഓ........ഓ........
ആനക്കാട് അഞ്ഞൂറ് കാതം......
ഓ........ഓ........ഓ........ഓ........ഓ........
ചേലക്കാട് ഏഴു കാതം...
ഓ........ഓ........ഓ........ഓ........ഓ........
അണലിയും പെരുമ്പാമ്പും....
ഓ........ഓ........ഓ........ഓ........ഓ........
തുറമൂത്തിറങ്ങുന്നേ......
ഓ........ഓ........ഓ........ഓ........ഓ........
കല്ലേലിയിലാകപ്പെട്ടവനേ......
ഓ........ഓ........ഓ........ഓ........ഓ........
ഹരിനാരായണ തമ്പുരാനേ.....
ഓ........ഓ........ഓ........ഓ........ഓ........
പ്രപഞ്ചത്തിലെ സർവ്വ ചരാചരങ്ങളെയും ഉണർത്തിച്ചു കൊണ്ടുള്ള കുംഭ പാട്ട് ഏഴര വെളുപ്പിനെ വരെ നീളും. കർഷകരുടെ കാർഷിക വിളകൾ രാത്രികാലങ്ങളിൽ വന്യമൃഗങ്ങൾ ഇറങ്ങി നശിപ്പിച്ചിരുന്നു. രാത്രിയിൽ ആഴികൂട്ടിയിട്ട് ഇതിനു ചുറ്റുമിരുന്ന് പണിയായുധങ്ങളും, പാറകളും, മുളകളും സംഗീത ഉപകരണമാക്കി ഈണത്തിലും, താളത്തിലും കർഷകർ വായ്പ്പാട്ട് പാടി വന്യ മൃഗങ്ങളെ അകറ്റിയിരുന്നു.
ആദിദ്രാവിഡ നാഗഗോത്ര ജനതയുടെ ഉണർത്തുപാട്ടായി പിന്നീട് കുംഭപ്പാട്ട് കൈമാറിക്കിട്ടി. കുംഭം എന്നാൽ മുള എന്നാണ്. മുളന്തണ്ട് പാകത്തിൽ മുറിച്ച് വ്യത്യസ്ത അളവിൽ എടുത്ത് പരന്ന ഒരു ശിലയിൽ ഒരേതാളത്തിൽ കുത്തുന്നു. ശിലയിൽ അമരുന്ന മുളം തണ്ടിൽ നിന്നു പ്രത്യേക ശബ്ദം തന്നെ പുറത്തേക്കിറങ്ങുന്നു.
പണിയായുധങ്ങളിൽ ഒന്നായ ഇരുമ്പ് എന്ന ജാരൽ പരസ്പരം കൂട്ടിമുട്ടുമ്പോൾ ഉണ്ടാകുന്ന കിലുകിലാരവവും ഉണങ്ങിയ പാളമുറിയിൽ രണ്ട് കമ്പുകൾ തട്ടിയുണ്ടാകുന്ന ശബ്ദവും ചേരുമ്പോൾ കുംഭപ്പാട്ടിന്റെ താളം മുറുകും. ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ ചൈതന്യം കുംഭത്തിൽ നിറയുമ്പോൾ കർണ്ണങ്ങൾക്ക് ഇമ്പമാർന്ന നാദവും ശ്രവിക്കാം.
മനുഷ്യനിൽ നിന്ന് വേറിട്ട് പ്രകൃതിയെ കാണാനും പ്രകൃതിയിൽ നിന്ന് മാറ്റി നിർത്തി മനുഷ്യ ജീവിതത്തെ കാണുവാനും കഴിയില്ല. മനുഷ്യനും പ്രകൃതിയും ജന്തുജാലകങ്ങളും പരസ്പരം പൂരകങ്ങളായി സമന്വയിക്കുന്ന സഹവർത്തിത്വത്തിന്റെ സംസ്‌കാരത്തെയാണ് നാം പരിപോഷിപ്പിക്കുന്നത്.
കാടിനെ അറിയുവാനും തുടിയും താളവും സ്പന്ദനങ്ങളുമറിഞ്ഞ് കാടിനെ സ്‌നേഹിക്കുവാനും ജീവന്റെ നിലനിൽപ്പിനാധാരമായ ജലസ്രോതസ്സുകൾ, നദികൾ, ജലാശയങ്ങൾ എന്നിവയെ സംരക്ഷിക്കുവാനും ആരണ്യ കേരളത്തിന്റെ കൈകൾക്ക് കഴിയണം.
ആദിമ ഗോത്ര സംസ്‌കാരത്തിന്റെ അടയാളങ്ങൾ ഇന്നും ചിതലരിയ്ക്കാതെ നില നിന്നുപോകുന്നഅപൂർവ്വം കാനനക്ഷേത്രങ്ങളിൽ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിലെ കല്ലേലിയിലുള്ള ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്
ശാസ്ത്ര വശങ്ങൾ
ആരാധനാ, വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് സംരക്ഷിക്കുന്നവയാണ് എങ്കിലും, കാവുകൾക്ക് പിന്നിൽ മറ്റു ചില ശാസ്ത്രവശങ്ങൾ കൂടിയുണ്ട്. കാലാകാലങ്ങളായി സംരക്ഷിച്ചുവരുന്ന ഇത്തരം കാവുകൾ ഔഷധ സസ്യങ്ങളുടെ കലവറകളാണ്. വ്യത്യസത വിഭാഗങ്ങളിൽപ്പെട്ട ധാരാളം ഔഷധ സസ്യങ്ങൾ ഇവിടെ കാണാം.കൂടാതെ കൃഷി വയലിനോട് ചേർന്ന് കാണുന്ന കാവുകൾ ഇത്തരം വയലുകളിലേക്കുള്ള ജലം അരിച്ചിറങ്ങൽ പ്രക്രിയയെ ത്വരിത്തപ്പെടുത്തുന്നവയാണെന്നും ചില ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ആൽ, അരയാൽ എന്നീ മരങ്ങൾ ധാരാളമായി കാണുന്ന കാവുകൾ അതിനു ചുറ്റുമുള്ള ഗ്രാമങ്ങളിലെ ഓക്സിജൻ ലഭ്യത വർധിപ്പിക്കാൻ വരെ പ്രാപ്ത്തമാണ്. കാവുകളോട് ചേർന്ന പ്രദേശങ്ങളി്‍ൽ മറ്റു പ്രദേശങ്ങളിലേക്കാൾ നീരുറവകൾ ദൃശ്യമാണെന്നും, ഇവ മറ്റുള്ളവയേക്കാൾ സമൃതമാണെന്നും ജെ ആർ ഫ്രീമാൻ J. R. Freeman തന്റെ ലേഹനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിൽ പെട്ട ആയിരക്കണക്കിന് പക്ഷികളുടെ വ്യവഹാര കേന്ദ്രം കൂടിയാണ് കാവുകൾ. ഇവയുടെ വ്യത്യസ്ത തരത്തിലുള്ള കൂടുകളും ഇവിടെ കാണാം. ഭൂമിയിൽ വംശ നാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന വൈവിധ്യങ്ങളായ മൃഗങ്ങളുടെ ഒരു പ്രധാന കേന്ദ്രമായ ഇത്തരം കാവുകൾ ഒരുത്തമ ആവാസ വ്യവസ്ഥയ്ക്കും ഉദാഹരണങ്ങളാണ്.
ചിത്രങ്ങൾ
- വെണ്മണീയിലെ ശാർങ്ങക്കാവ്
- കാസർഗോഡു ജില്ലയിലെ കോടോം-ബേളൂർ പഞ്ചായത്തിൽ കണ്ടടുക്കത്ത് സ്ഥിതിചെയ്യുന്ന കരിഞ്ചാമുണ്ഡിയമ്മയുടെ കാവ്
- കാവും പരികർമ്മിയും
അവലംബം
- "കാക്കണം കാവിനെ". മനോരമ മെട്രോ, കൊച്ചി എഡിഷൻ, പേജ് 2. 2013 സെപ്റ്റംബർ 20. ശേഖരിച്ചത്: 2013 സെപ്റ്റംബർ 20.
- http://kif.gov.in/ml/index.php?option=com_content&task=view&id=308&Itemid=29
- വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6.
- അഴീക്കോട്, സഞ്ജീവൻ. (2007). തെയ്യത്തിലെ ജാതിവഴക്കം. കോട്ടയം: കറന്റ് ബുക്സ്. ISBN 81-240-1758-1.
- http://keralaculture.org/malayalam/gn-pilla-smaraka-endowment-awards/469
കുറിപ്പുകൾ
![]() |
വിക്കിമീഡിയ കോമൺസിലെ Hindu shrines in Kerala എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |