ഇന്ദുലേഖ
ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. കോളിൻസ് മദാമ്മയുടെ ഘാതകവധം (1877), ആർച്ച് ഡീക്കൻ കോശിയുടെ പുല്ലേലിക്കുഞ്ചു (1882), അപ്പു നെടുങ്ങാടിയുടെ കുന്ദലത (1887) തുടങ്ങിയവയാണ് ഇന്ദുലേഖയ്ക്കു മുൻപുണ്ടായ നോവൽമാതൃകകൾ. ഒരു നായർ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം.
![]() പുസ്തകത്തിന്റെ പുറംചട്ട | |
Author | ഒ. ചന്തു മേനോൻ |
---|---|
Country | ഇന്ത്യ |
Language | മലയാളം |
Genre | നോവൽ |
Publication date | 1889 |
ISBN | NA |
നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു. അദ്ദേഹം കൂടി അംഗമായിരുന്ന മലബാർ വിവാഹ കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കുവാൻ ഈ നോവലിനു സാധിച്ചു. മലയാളത്തിലെ പില്കാല നോവലുകളെ ഒരു വലിയ അളവിൽ ഇന്ദുലേഖ സ്വാധീനിച്ചു.
ഇന്ദുലേഖയുടെ പ്രസിദ്ധീകരണത്തിനു ശേഷം ഇതിനോടു സാമ്യമുള്ള ഇതിവൃത്തത്തിൽ മറ്റു പല നോവലുകളും പുറത്തിറങ്ങി. ചെറുവലത്തു ചാത്തുനായരുടെ മീനാക്ഷി (1890), കോമാട്ടിൽ പാടുമേനോന്റെ ലക്ഷ്മീകേശവം (1892), ചന്തുമേനോന്റെ തന്നെ ശാരദ തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്.[1]
പ്രസാധനചരിത്രം
ഇന്ദുലേഖ ആദ്യം പ്രസിദ്ധികരിക്കാൻ പ്രസാധകർ തയ്യാറാകാത്തതുകൊണ്ട് ആ വർഷം ഡിസംബറിൽ ചന്ദു മേനോൻ സ്വന്തമായാണ് കോഴിക്കോട്ടെ ഇസ്പെക്ടെറ്റർ പ്രെസ്സിൽ അച്ചടിച്ച് പുറത്തിറക്കിയത്.1890 ജനുവരിയിൽ നോവൽ വിൽപനക്ക് എത്തി. മൂന്ന് മാസത്തിനുള്ളിൽ ഒന്നാം പതിപ്പ് മുഴുവൻ വിറ്റു തീർന്നൂ. 1889 മുതൽ 2014 വരെ ഉദ്ദേശം ഒന്നരലക്ഷം കോപ്പിയെങ്കിലും അച്ചടിക്കപെട്ടിടുണ്ട്. നോവലിന്റെ പ്രാധാന്യം മനസ്സിലക്കി പല പത്രങ്ങളും നോവലിന്റെ നിരുപണം പ്രസദ്ധികരിച്ചു . 1890 ൽ നോവലിന്റെ രണ്ടാം പതിപ്പും പ്രസദ്ധികരിച്ചു. ഇക്കാലയളവിൽ ഇംഗ്ലീഷ് പരിഭാഷയും പുറത്തിറങ്ങി.
വെട്ടിത്തിരുത്തലുകൾ
ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിൽ നിന്ന് കണ്ടെടുത്ത യഥാർഥ ഇന്ദുലേഖയുടെ ഒന്നാം പതിപ്പിൽ നിന്ന് നോവലിന്റെ അന്തഃസത്ത ചോർത്തിക്കളയുന്ന രീതിയിൽ വെട്ടിത്തിരുത്തലുകൾ നടന്നതായുള്ള തെളിവുകളും യഥാർഥ ഇന്ദുലേഖയിൽ നിന്ന് വെട്ടിമാറ്റപ്പെട്ട ഭാഗങ്ങളും ഉൾപ്പെടുത്തി മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രത്യേക പതിപ്പ് തയ്യാറാക്കിയിരുന്നു. കഥാന്ത്യവും നോവലിന്റെ തുടക്കവും വെട്ടിമാറ്റപ്പെട്ട നിലയിലാണെന്നാണ് ഇത് കണ്ടെത്തിയ ഡോ. പി.കെ. രാജശേഖരൻ, ഡോ. പി. വേണുഗോപാലൻ എന്നിവരുടെ അഭിപ്രായം. കഥാന്ത്യത്തിൽ നോവലിസ്റ്റ് ഒ. ചന്തുമേനോൻ നിർവഹിച്ച ചരിത്ര പ്രസക്തിയുള്ള സ്ത്രീപക്ഷ രാഷ്ട്രീയ പ്രസ്താവന ഒഴിവാക്കിയതായി ഇവർ ആരോപിക്കുന്നു. ഇന്ദുലേഖ മാധവനെ സ്വയംവരം ചെയ്തു എന്ന ഭാഗവും വികലമാക്കിയതായും നോവലിന്റെ തുടക്കത്തിൽ കഥാപാത്രങ്ങളുടെ ബന്ധം പ്രസ്താവിക്കുന്ന പ്രധാനഭാഗം വെട്ടിമാറ്റപ്പെട്ടതായും ഇവർ പറയുന്നു. [2]
വിവർത്തനങ്ങൾ
ഇന്ദുലേഖയ്ക്ക് പ്രധാനമായും രണ്ട് ഇംഗ്ലീഷ് വിവർത്തനങ്ങളാണ് ഉള്ളത്: 1890-ൽ ഇറങ്ങിയ ഡബ്ല്യൂ. ഡ്യൂമർഗിന്റെ വിവർത്തനവും (Indulekha: A Novel from Malabar ) 1995-ലെ അനിതാ ദേവസ്യയുടെ വിവർത്തനവും.
അവലംബം
- ജെ. ദേവിക (2010). "9 - പുതിയ സാഹിത്യം, പുതിയ കല, പുതിയ സ്ത്രീത്വം". 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് , പ്രശാന്ത് നഗർ, തിരുവനന്തപുരം-695011, കേരളം, ഇന്ത്യ. p. 174. ISBN 81-86353-03-S Check
|isbn=
value: invalid character (help). ശേഖരിച്ചത്: 2013 ഫെബ്രുവരി 9. - "മലയാളി വായിച്ചത് യഥാർഥ 'ഇന്ദുലേഖ'യല്ല Posted on: 08 Apr 2014 വെട്ടിമാറ്റിയ ഭാഗങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ". മാതൃഭൂമി. ശേഖരിച്ചത്: 8 ഏപ്രിൽ 2014.