സിദ്ധരൂപം
സംസ്കൃതഭാഷയിലെ നാമരൂപങ്ങൾക്ക് അന്തലിംഗവിഭക്തിവചനങ്ങൾ അനുസരിച്ചും ക്രിയാരൂപങ്ങൾക്ക് പദലകാരപുരുഷവചനങ്ങൾ അനുസരിച്ചും വന്നുചേരാവുന്ന ഭേദങ്ങൾ ക്രമീകരിച്ചുവെച്ചു പഠിക്കുന്ന പാഠരീതി; അത്തരം പട്ടികകൾ ഉള്ളടങ്ങിയ ഗ്രന്ഥമാണു് സിദ്ധരൂപം. സംസ്കൃത വൈയാകരണനായിരുന്ന പാണിനിയുടെ നിയമങ്ങൾക്കനുസരിച്ച് പദങ്ങൾക്കു വന്നു ചേരാവുന്ന വ്യത്യാസങ്ങൾ (വിഭക്തികൾ) ഈ പട്ടികകളിലൂടെ അവതരിപ്പിക്കുന്നു.
സാഹിത്യശിരോമണി കെ.എസ്.പരമേശ്വരശാസ്ത്രി ഇരിഞ്ഞാലക്കുടയിൽനിന്നും 1936-മുതൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന "സിദ്ധരൂപാവലി" എന്ന ലഘുപുസ്തകം ഇത്തരം ക്രമീകരണത്തിന് ഒരുത്തമ ഉദാഹരണമാണ്.
കേരളത്തിലെ പരമ്പരാഗതമായ കുടിപ്പള്ളിക്കൂടം സംസ്കൃതപഠനപദ്ധതി "സിദ്ധരൂപം" അനുസരിച്ചായിരുന്നു. അതായത് പദങ്ങളുടെ വിഭക്ത്യർത്ഥങ്ങളും രൂപാന്തരവും പഠിച്ചുകൊണ്ടാണ് കേരളീയവിദ്യാർത്ഥി സംസ്കൃതപഠനത്തിലേയ്ക്കു പ്രവേശിച്ചിരുന്നത് (കേരളത്തിലെ തന്നെ വേദമഠങ്ങളിലും ഭാരതത്തിലെ മറ്റു സ്ഥലങ്ങളിലും ശബ്ദോല്പത്തിയിലും ഉച്ചാരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് സംസ്കൃതാദ്ധ്യായനം തുടങ്ങി വെച്ചിരുന്നത്). സിദ്ധരൂപപഠനത്തിനുശേഷം ശ്രീരാമോദന്തവും പിന്നീട് അമരകോശം, രഘുവംശം, അഭിജ്ഞാന ശാകുന്തളം, കിരാതാർജ്ജുനീയം തുടങ്ങിയ സംസ്കൃതകൃതികളുടെ നിശ്ചിതഭാഗങ്ങളും പഠിച്ചുകഴിയുമ്പോഴേക്കും ഒരു ശരാശരി വിദ്യാർത്ഥിക്ക് അത്യാവശ്യത്തിനുള്ള സംസ്കൃതവ്യുൽപ്പത്തി നേടാനാവുമായിരുന്നു.
സിദ്ധരൂപപദ്ധതിയിൽ നിന്നും മാറി 1959-ൽ ശ്രീ ഇ.പി.ഭരതപിഷാരോടി തിരുനാവായയിൽ വച്ച് സ്വന്തമായി ചിട്ടപ്പെടുത്തിയെടുത്ത മറ്റൊരു പഠനരീതിയാണ് കാമധേനു പദ്ധതി. നാല്പതുദിവസം കൊണ്ട് സംസ്കൃതഭാഷയിൽ സാമാന്യമായ ഒരു അവഗാഹം സൃഷ്ടിക്കുവാൻ ഉദ്ദേശിച്ചു വികസിപ്പിച്ചെടുത്ത കാമധേനു പദ്ധതി പിൽക്കാലത്ത് ഭാരതത്തിലും പുറത്തും പ്രചാരത്തിലായിത്തീർന്നു.