ശ്രീരാമോദന്തം

സംസ്കൃത ഭാഷയുടെ ബാലപാഠങ്ങളോടൊപ്പം തന്നെ കേരളത്തിലെ സംസ്കൃതവിദ്യാർഥികൾ പഠിച്ചുവരുന്ന ഒരു കൃതിയാണ് ശ്രീരാമോദന്തം. ഇതിൽ രാമായണ കഥയെ അനുഷ്ടുപ്പ് വൃത്തത്തിൽ നൂറ്റിയമ്പതോളം ശ്ലോകങ്ങളാൽ ചുരുക്കി പറഞ്ഞിരിക്കുന്നു.[1] പരമേശ്വരകവിയാണ് ഇതിന്റെ രചയിതാവ് എന്നു വടക്കുംകൂർ രാജരാജവർമ തന്റെ കേരളസാഹിത്യചരിത്രം ചർച്ചയും പൂരണവും(ഒന്നാം ഭാഗം പി. 460) എന്ന ഗ്രന്ഥത്തിൽ പറയുന്നു .സംസ്കൃതത്തിൽ ചന്ദ്രിക എന്ന അജ്ഞാതകർതൃകമായ ഒരു വ്യാഖ്യാനം ഉള്ളതായും അദ്ദേഹം രേഖപ്പെടുത്തുന്നു. ശ്രീരാമോദന്തം എന്ന സമസ്തപദത്തിന്റെ വിഗ്രഹം ശ്രീരാമസ്യ ഉദന്തം എന്നും, അതിന്റെ അർഥം ശ്രീരാമന്റെ കഥ എന്നുമാണ്. സാമ്പ്രദായികരീതിയിലുള്ള സംസ്കൃതവിദ്യാഭ്യാസം നടന്നിരുന്ന കാലത്തും പഴയ പള്ളിക്കൂടങ്ങളിലും ഗണാഷ്ടകം, മുകുന്ദാഷ്ടകം, മണിപ്രവാളശ്ലോകങ്ങൾ തുടങ്ങിയവയ്ക്കുശേഷം സിദ്ധരൂപം, ശ്രീരാമോദന്തം എന്നീ രീതിയിലാണ് പഠിപ്പിച്ചിരുന്നത്.

ശ്രീരാമോദന്തം

ചരിത്രം

ശ്രീപതിം പ്രണിപത്യാഹം ശ്രീവത്സാങ്കിതവക്ഷസം ശ്രീരാമോദന്തമാഖ്യാസ്യേ ശ്രീവാല്മീകി പ്രകീർത്തിതം

എന്നു തുടങ്ങുന്ന ഇതിലെ ശ്ലോകങ്ങൾ മുഴുവനും പണ്ടു കാലത്ത് സംസ്കൃതപഠിതാക്കൾ മനഃപാഠമാക്കിയിരുന്നു. ഇന്ന് സാമ്പ്രദായികരീതിയിലുള്ള സംസ്കൃതവിദ്യാഭ്യാസം മൺമറഞ്ഞുപോയെങ്കിലും, കേരളസർക്കാർ പുറത്തിറക്കുന്ന സംസ്കൃതപാഠാവലികളിൽ കുറച്ചു വർഷങ്ങൾക്ക് മുമ്പുവരെ ശ്രീരാമോദന്തത്തിലെ ബാലകാണ്ഡം മുഴുവൻ ഉൾപെടുത്തിയിട്ടുണ്ടായിരുന്നു. ഇപ്പോഴും കേരള സിലബസിലെ ആറാം ക്ലാസിലെ സംസ്കൃതം പാഠപുസ്തകത്തിൽ ഇഷ്ടവരലാഭഃ എന്ന പാഠത്തിലൂടെ സംസ്കൃതവിദ്യാർഥികൾ ശ്രീരാമോദന്തത്തിലെ ആദ്യത്തെ അഞ്ചു ശ്ലോകങ്ങൾ പഠിക്കുന്നുണ്ട്.

ഐതിഹ്യം

തൃശൂർ തിരുവള്ളക്കാവിൽ ശാസ്താവിനു നിവേദിച്ച പഴം കോലത്തുനാട്ടു പള്ളിക്കുന്നത്തേയ്ക്കു കൊണ്ടുപോയിട്ട് അത് ശങ്കരകവിക്കും ആ പഴത്തിൻറെ തൊലി അവിടത്തെ ഒരു വാര്യസ്യാർക്കും കൊടുത്തുവത്രെ. തത്ഫലമായി ശങ്കരകവി ശ്രീകൃഷ്ണവിജയം എന്ന കാവ്യവും വാര്യസ്യാർ ശ്രീരാമോദന്തം എന്ന ലഘുകാവ്യവും നിർമ്മിച്ചു എന്നൊരു ഐതിഹ്യമുണ്ടു. ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ ഈ ഐതിഹ്യത്തിന് ഒരടിസ്ഥാനവും കാണുന്നില്ല എന്നു പറയുന്നുണ്ട്.[2]

ഉള്ളടക്കം

വാല്മീകി രാമായണത്തിന്റെ ചുവടുപിടിച്ച് ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, എന്നിങ്ങനെ ഉത്തരകാണ്ഡം വരെയായി ഏഴു കാണ്ഡങ്ങളിൽ ലളിതമായ സംസ്കൃതശ്ലോകങ്ങളിലൂടെ രാമകഥ മുഴുവൻ വർണിക്കുകയാണ് കവി ഈ കൃതിയിൽ. വളരെക്കുറച്ചു ശ്ലോകങ്ങൾ മാത്രമാണിതിലുള്ളത്.[3]

പരിഭാഷകൾ

  • പി. ആർ. രാമചന്ദറിന്റെ ശ്രീരാമോദന്തം ആംഗല പരിഭാഷ
  • ആർ. എസ്സ്. വാദ്ധ്യാർ പ്രസിദ്ധീകരിച്ച ശ്രീരാമോദന്തം
  • പണ്ഡിതരത്നം എ. ശങ്കരശർമ്മ സംശോധിച്ച് പുറത്തിറക്കിയത് (1992)
  • ഡോ. പൂവറ്റൂർ രാമകൃഷ്ണപിള്ള സംശോധിച്ച് പുറത്തിറക്കിയത് (1990)
  • പണ്ഡിതൻ എൽ. അനന്തരാമശാസ്ത്രി സംശോധിച്ച് പുറത്തിറക്കിയത്
  • ജി. സുദേവ കൃഷ്ണശർമ്മൻ പഠനത്തോടെ പ്രസിദ്ധീകരിച്ചത് (2004)

അവലംബം

  1. സുദേവ കൃഷ്ണ ശർമ്മൻ (2011). ശ്രീരാമോദന്തം. ഗംഗ ബുക്ക്സ്. p. 106.
  2. ഉള്ളൂർ എസ്. പരമേശ്വര അയ്യർ (1964). കേരള സാഹിത്യ ചരിത്രം ഭാഗം 2. കേരള സാഹിത്യ അക്കാദമി.
  3. http://www.malayalamebooks.org/2010/06/sriramodantam-malayalam/

പുറം കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.