സത്യവേദപുസ്തകം

ബൈബിൾ സൊസൈറ്റി ഓഫ് ഇൻഡ്യ പ്രസിദ്ധീകരിക്കുന്ന മലയാളം ബൈബിൾ ആണ്‌ സത്യവേദപുസ്തകം (Holy Bible) അഥവാ വിശുദ്ധ വേദപുസ്തകം. 1871-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാർമ്മികത്വിൽ പരിഭാഷ ചെയ്യപ്പെട്ട്, 1910-ൽ പ്രസിദ്ധീകരിച്ച മലയാള ബൈബിൾ പരിഭാഷ ആണ് സത്യവേദപുസ്തകം എന്ന പേരിൽ അറിയപ്പെടുന്നത്.

കേരളത്തിൽ കത്തോലിക്കാ സഭയും യാക്കോബായ സഭയുമൊഴിച്ച് മുഖ്യധാരയിൽ പെട്ട മിക്ക ക്രിസ്തീയ സഭകളും സത്യവേദപുസ്തകം എന്ന ഈ മലയാള ബൈബിൾ ആണ്‌ പിന്തുടർ‌ന്നു പോരുന്നത്.

സത്യവേദപുസ്തകത്തിന്റെ പരിഭാഷാചരിത്രം

തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ ഉപയോഗിക്കുന്നതിനു പൊതുവായ ഒരു പരിഭാഷ തയ്യാറാക്കുവാൻ 1871-ൽ ബൈബിൾ സൊസൈറ്റിയുടെ മദ്രാസ് ഓക്സിലിയറി ഒരു കമ്മിറ്റിയെ നിയമിച്ചു. അതിൽ സി.എം.എസ് ന്റേയും എൽ.എം.എസ്സ്.ന്റേയും ബാസൽ മിഷണ്ടേയും സുറിയാനി സഭയുടേയും പ്രതിനിധികൾ ഉൾപ്പെട്ടിരുന്നു. ഈ കമ്മിറ്റി ആദ്യം തയ്യാറാക്കിയത് പുതിയ നിയമത്തിന്റെ പരിഭാഷയാണ്. യവന മൂലകൃതിയെ ആധാരമാക്കിയാണ് ഈ വിവർത്തനം നിർവഹിച്ചത്.

ഇതിനു വേണ്ടി ലൂഥറിന്റേയും സ്റ്റെറിന്റേയും ജർമ്മൻ ഭാഷയിലുള്ള വിവർത്തനങ്ങളും, തമിഴിലുള്ള പുതിയ പരിഭാഷയും, ബെയ്‌ലിയുടെ മലയാള തർജ്ജുമയും, സാമുവേൽ ലീയുടെ സുറിയാനി ബൈബിളും സസൂക്ഷ്മം പരിശോധിച്ചു. ഡോ. ഗുണ്ടർട്ടിന്റെ പരിഭാഷയായിരുന്നു ഈ പരിഭാഷയ്ക്കു അടിസ്ഥാനമാക്കി സ്വീകരിച്ചത്. 1880-ൽ പുതിയ നിയമം പൂർത്തിയാക്കിയെങ്കിലും 1889-ലാണ് അതു പ്രസിദ്ധീകരിച്ചത്.


1871-ൽ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ നിയമിച്ച കമ്മിറ്റിയുടെ കാർമ്മികത്വിൽ പരിഭാഷ ചെയ്യപ്പെട്ട് 1910-ൽ പ്രസിദ്ധീകരിച്ച മലയാള ബൈബിൾ പരിഭാഷ ആണ് സത്യവേദപുസ്തകം എന്ന പേരിൽ അറിയപ്പെടുന്നത്. ഇംഗ്ലീഷ് റിവൈസ്‌ഡ് വേർഷന്റെ വെളിച്ചത്തിൽ, ബെഞ്ചമിൻ ബെയ്‌ലിയുടെ വിവർത്തനത്തിൽ വരുത്തിയ പരിഷ്ക്കാരങ്ങൾ ഉൾപ്പെടുത്തി 1889-ൽ പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ ശൈലിയിലാണ് ഇത് തയ്യാറാക്കിയത്. ഈ പരിഭാഷയാണ് ഇപ്പോൾ പ്രചുര പ്രചാരത്തിലിരിക്കുന്ന സത്യവേദപുസ്തകം. മലയാള ഭാഷയുടെ അന്നുവരെയുള്ള വളർച്ചയും, വികാസവും, ആശയവ്യാപ്തിയും ഉൾക്കൊള്ളാൻ ഈ തർജ്ജുമയ്ക്കു കഴിഞ്ഞു.

സത്യവേദപുസ്തകത്തിലെ പുസ്തകങ്ങളുടെ വിഭജനം

66 പുസ്തകങ്ങൾ ഉള്ള സത്യവേദപുസ്തകം രണ്ട് ഭാഗങ്ങളായീ തിരിച്ചിരിക്കുന്നു. ആദ്യത്തെ ഭാഗമായ പഴയ നിയമത്തിൽ ക്രിസ്തുവിന് മുമ്പേ രചിക്കപ്പെട്ട 39 പുസ്തകങ്ങളും , രണ്ടാമത്തെ ഭാഗമായ പുതിയ നിയമത്തിൽ ക്രിസ്തുവിനു ശേഷം രചിക്കപ്പെട്ട 27 പുസ്തകങ്ങളും ഉൾപ്പെടുന്നു.

പഴയ നിയമത്തിലെ 39 പുസ്തകങ്ങൾ‌

  1. ഉല്പത്തി
  2. പുറപ്പാട്
  3. ലേവ്യപുസ്തകം
  4. സംഖ്യാപുസ്തകം
  5. ആവർത്തനപുസ്തകം
  6. യോശുവ
  7. ന്യായാധിപന്മാർ
  8. രൂത്ത്
  9. 1. ശമുവേൽ
  10. 2. ശമുവേൽ
  11. 1. രാജാക്കന്മാർ
  12. 2. രാജാക്കന്മാർ
  13. 1. ദിനവൃത്താന്തം
  14. 2. ദിനവൃത്താന്തം
  15. എസ്രാ
  16. നെഹെമ്യാവു
  17. എസ്ഥേർ
  18. ഇയ്യോബ്
  19. സങ്കീർത്തനങ്ങൾ
  20. സദൃശവാക്യങ്ങൾ
  21. സഭാപ്രസംഗി
  22. ഉത്തമഗീതം
  23. യെശയ്യാവു
  24. യിരെമ്യാവു
  25. വിലാപങ്ങൾ
  26. യെഹെസ്കേൽ
  27. ദാനിയേൽ
  28. ഹോശേയ
  29. യോവേൽ
  30. ആമോസ്
  31. ഓബദ്യാവു
  32. യോനാ
  33. മീഖാ
  34. നഹൂം
  35. ഹബക്കൂൿ
  36. സെഫന്യാവു
  37. ഹഗ്ഗായി
  38. സെഖർയ്യാവു
  39. മലാഖി

പുതിയ നിയമത്തിലെ 27 പുസ്തകങ്ങൾ

27 പുസ്തകങ്ങൾ അടങ്ങിയ പുതിയ നിയമം, യേശുക്രിസ്തുവിന്റെ ജനന മരണ പുനരുത്ഥാനങ്ങളെ ക്കുറിച്ച് വിശദീകരിക്കുന്നതിനോടോപ്പം , ക്രിസ്തീയതയുടെ ആദ്യകാലത്തെ ചരിത്രം, ധാർമ്മിക വശങ്ങൾ, ഉപദേശങ്ങൾ, ആരാധനരീതികൾ, വരുവാനുള്ള ലോകം തുടങ്ങി സമസ്ത വിഷയങ്ങളും പ്രതിപാദിക്കുന്നു.


  1. മത്തായി
  2. മർക്കൊസ്
  3. ലൂക്കോസ്
  4. യോഹന്നാൻ
  5. അപ്പൊസ്തലന്മാരുടെ പ്രവൃത്തികൾ
  6. റോമർ
  7. 1. കൊരിന്ത്യർ
  8. 2. കൊരിന്ത്യർ
  9. ഗലാത്യർ
  10. എഫെസ്യർ
  11. ഫിലിപ്പിയർ
  12. കൊലൊസ്സ്യർ
  13. 1. തെസ്സലൊനീക്യർ
  14. 2. തെസ്സലൊനീക്യർ
  15. 1. തിമൊഥെയൊസ്
  16. 2. തിമൊഥെയൊസ്
  17. തീത്തൊസ്
  18. ഫിലേമോൻ
  19. എബ്രായർ
  20. യാക്കോബ്
  21. 1. പത്രൊസ്
  22. 2. പത്രൊസ്
  23. 1. യോഹന്നാൻ
  24. 2. യോഹന്നാൻ
  25. 3. യോഹന്നാൻ
  26. യൂദാ
  27. വെളിപ്പാടു

ഇതും കാണുക

  • മലയാളബൈബിൾ പരിഭാഷാചരിത്രം

പുറംകണ്ണികൾ

സത്യവേദപുസ്തകം മലയാളം വിക്കിഗ്രന്ഥശാലയിൽ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.