ശ്രീവിദ്യ

മലയാളചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയായിരുന്നു ശ്രീവിദ്യ. മെലോഡ്രാമകളിൽ മുഖരിതമായ മലയാള സിനിമയുടെ ചരിത്രത്തിൽ ശ്രീവിദ്യ അഭിനയത്തികവുകൊണ്ടാണ് തന്റെ പേര് എഴുതിച്ചേർത്തത്. റൌഡി രാജമ്മ, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചവടിപ്പാലം തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയിൽ പുതിയ ഒരു ഭാഷ രചിക്കുകയായിരുന്നു ശ്രീവിദ്യ[1].

ശ്രീവിദ്യ
ജനനം(1953-07-24)ജൂലൈ 24, 1953
ചെന്നൈ, തമിഴ്നാട്, ഇന്ത്യ
മരണംഒക്ടോബർ 19, 2006(2006-10-19) (aged 53)
തിരുവനന്തപുരം, കേരളം
സജീവം1966–2006
മാതാപിതാക്കൾകൃഷ്ണമൂർത്തി
എം. എൽ. വസന്തകുമാരി

ബാല്യം

ആർ. കൃഷ്ണമൂർത്തിയുടെയും പ്രശസ്തഗായിക എം.എൽ. വസന്തകുമാരിയുടേയും മകളായി തമിഴ്‌നാട്ടിലെ മദ്രാസിലാണ് (ചെന്നൈ) ശ്രീവിദ്യ ജനിച്ചത്. ചെറുപ്പം മുതൽക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത്. 13-ആം വയസ്സിൽ ‘തിരുവുൾ ചൊൽ‌വർ’‍ എന്ന തമിഴ് സിനിമയിലെ ചെറിയ ഒരു റോളിലൂടെയാണ് ശ്രീവിദ്യ വെള്ളിത്തിരയിലെത്തുന്നത്. ‘അമ്പലപ്രാവ്’ എന്ന ചിത്രത്തിൽ ഒരു നൃത്തരംഗത്തിൽ മാത്രം അഭിനയിച്ചിരുന്നു. മനോഹരമായ കണ്ണുകളുള്ള ഈ പെൺകുട്ടി പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു.

1969-ൽ എൻ. ശങ്കരൻ നായർ സംവിധാനം ചെയ്ത ‘ചട്ടമ്പിക്കവല‘ എന്ന ചിത്രത്തിൽ ആദ്യമായി സത്യന്റെ നായികയായി ശ്രീവിദ്യ മലയാള സിനിമയുടെ മുഖ്യധാരയിലെത്തി. കുസൃതിനിറഞ്ഞ നോട്ടവും നിഷ്കളങ്കമായ ചിരിയുമുള്ള ശ്രീവിദ്യ മലയാളിയുടെ മനസ്സിൽ ഈ ഒരു ചിത്രത്തിലൂടെ നടന്നുകയറി. പ്രശസ്തപുണ്യപുരാണചിത്രമായ ‘അംബ അംബിക അംബാലികയിലെ’ വേഷവും ശ്രദ്ധേയമായി. ‘സൊല്ലത്താൻ നിനക്കിറേൻ’, ‘അപൂർവരാഗങ്ങൾ’ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തും അവർ വ്യക്തിമുദ്ര പതിപ്പിച്ചു. ‘ചെണ്ട’, ‘ഉത്സവം’, ‘തീക്കനൽ’, ‘ഇടവഴിയിലെ മിണ്ടാപ്പൂച്ച’, ‘വേനലിൽ ഒരു മഴ’, ‘ആദാമിന്റെ വാരിയെല്ല്’, ‘എന്റെ സൂര്യപുത്രിക്ക്’ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. മലയാളം,കന്നട, തമിഴ്, ഹിന്ദി എന്നിവ ഉൾപ്പെടെ ആറോളം ഭാഷകളിലെ ചിത്രങ്ങളിൽ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ അഭിനയിച്ചതു് മലയാളത്തിലാണ് - പട്ടിക കാണുക [2]

മലയാളത്തിന്റെ വെള്ളിത്തിരയിലേക്കു പ്രവേശിച്ചതിന്റെ പത്താമത്തെയും പതിനാലാമത്തെയും ഇരുപത്തിമൂന്നത്തെയും വാർഷികങ്ങൾ സംസ്ഥാന അവാർഡ് നേടിയാണ് ശ്രീവിദ്യ ആഘോഷിച്ചത്. 1979-ൽ ‘ഇടവഴിയിലെ മിണ്ടാപ്പൂച്ച’, ‘ജീവിതം ഒരു ഗാനം’ എന്നീ ചിത്രങ്ങൾക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. 1983-ൽ ‘രചന’, 1992-ൽ ദൈവത്തിന്റെ വികൃതികൾ എന്നീ ചിത്രങ്ങൾക്ക് വീണ്ടും സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.

‘അയലത്തെ സുന്ദരി’ എന്ന ചിത്രത്തിലൂടെ ചലച്ചിത്രപിന്നണിഗായികയുമായി അവർ. പിന്നീടു് ‘ഒരു പൈങ്കിളിക്കഥയിലെ’ “ആനകൊടുത്താലും കിളിയേ” എന്ന ചിത്രത്തിൽ ശ്രീവിദ്യ പാടിയ ഗാനം അവിസ്മരണീയമാണ്. ‘നക്ഷത്രത്താരാട്ട്’ എന്ന ചിത്രത്തിലും അവർ പിന്നണിഗായികയായി - മുഴുവൻ പട്ടിക ഇവിടെ കാണുക[3].

പിന്നീട് മിനി സ്ക്രീനിലേക്ക് ചേക്കേറിയ ശ്രീവിദ്യ സീരിയൽ രംഗത്തും സജീവമായിരുന്നു. 2004-ലെ ‘അവിചാരിതം’ എന്ന പരമ്പരയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ടി വി അവാർഡ് ശ്രീവിദ്യക്കു ലഭിച്ചു.

മധുവിനോടൊത്ത് ‘തീക്കനൽ’ എന്ന ചിത്രത്തിൽ അഭിനയിക്കവേ ഇതിന്റെ നിർമ്മാതാവായിരുന്ന ജോർജ്ജ് തോമസുമായി ശ്രീവിദ്യ പ്രണയത്തിലായി. 1979-ൽ ഇവർ വിവാഹിതരായി. ഒട്ടേറെ വിവാദങ്ങളുണ്ടാക്കിയ കുടുംബജീവിതം 1999 ഏപ്രിലിൽ വിവാഹമോചനത്തിൽ അവസാനിച്ചു.

മരണം

കാൻസർ ബാധിച്ച് ശ്രീവിദ്യ 2006 ഒക്ടോബർ 19-നു അന്തരിച്ചു. അമ്മത്തമ്പുരാട്ടി എന്ന സീരിയലിൽ അഭിനയിക്കുകയായിരുന്നു ശ്രീവിദ്യ അവസാന കാലത്ത്.

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.