വാൾ

മനുഷ്യൻ പണ്ടുമുതലേ ഉപയോഗിച്ചിരുന്ന ഒരായുധമാണ്‌ വാൾ. പിടിയും മൂർച്ചയുള്ള വായ്ത്തലയും-ഇതു രണ്ടുമാണ്‌ വാളിന്റെ പ്രധാനഭാഗങ്ങൾ. വാളിന്റെ ഉപയോഗത്തിനനുസരിച്ചായിരിക്കും വായ്ത്തലയുടെ രൂപം. കുത്തുക, വെട്ടുക മുതലായ ആവശ്യത്തിനനുസരിച്ച്‌ വാളിന്റെ വായ്ത്തല വളവില്ലാത്തതോ വളഞ്ഞതോ ആകാം. വളയാത്ത വായ്ത്തലയുള്ള വാൾ കുത്താനും വെട്ടാനും ഉപയോഗിക്കാം. അൽപം പിന്നിലേക്കു വളഞ്ഞ വാൾ വെട്ടാനുള്ളതാണ്‌. ഒരു വശത്തുമാത്രം മൂർച്ചയുള്ളതും ഇരുവശത്തും മൂർച്ചയുള്ളതുമായ വാളുകളുണ്ട്‌.

പല നാടുകളിലും വളരെ മാന്യമായ സ്ഥാനമാണ്‌ വാളിന്‌ നൽകിയിരിക്കുന്നത്‌. മറ്റു പല ആയുധങ്ങൾക്കും ലഭിക്കാത്ത സ്ഥാനമാണ്‌ വാളിനു കിട്ടിയത്‌. സാമർത്ഥ്യത്തിന്റെയും ധൈര്യത്തിന്റെയും അടയാളമായും മറ്റും വാൾ ഉപയോഗിച്ചിരുന്നു.

പല രാജ്യക്കാരും വാളിനോട്‌ സാമ്യമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. പുരാതന ഈജിപ്തിൽ നിലവിലിരുന്ന കല്ലുകൊണ്ടു തീർത്ത 'ഫ്ലിന്റ്‌നൈഫ്‌' ആണ്‌ ഇതിലൊന്ന്‌. പസഫിക്‌ സമുദ്രത്തിലെ കിരിബാറ്റി ദ്വീപുകാർ ഗദയുടെ ആകൃതിയിലുള്ള തടിവാളാണ്‌ ഉപയോഗിച്ചിരുന്നത്‌. ഇതിന്റെ രണ്ടു വായ്ത്തലകളിലും സ്രാവിന്റെ പല്ല് പിടിപ്പിച്ചിരുന്നു. ന്യൂഗിനിക്കാരും തടികൊണ്ടുള്ള വാൾ ഉപയോഗിച്ചിരിന്നു. പണ്ട്‌ മലബാറിൽ നീണ്ട കൈപ്പിടിയുള്ള കൊത്തുവാൾ ഉണ്ടായിരുന്നു.

ഗൂർഖകൾ അരയിൽ അണിയുന്ന ചെറിയ വാളിന്‌ 'ഖുക്രി' എന്നാണ്‌ പേര്‌. ജപ്പാനിലെ സമുറായ്‌ യോദ്ധാക്കൾ ഉപയോഗിച്ചിരുന്ന 'ഡെയ്പ്പ്പ്പോ' നീണ്ട കൈപ്പിടിയുള്ളതായിരുന്നു. കുറിയ വാളുകളായ ടാന്റോ, വക്കിസാഷി , നിറയെ പൂക്കളുള്ള ഡിസൈനോടുകൂടിയ കാറ്റാന തുടങ്ങിയവയും ശ്രദ്ധേയമായ വാളുകളായിരുന്നു.

കേരളത്തിൽ കായംകുളം വാൾ എന്നു പ്രസിദ്ധമായ ഒരു വാളുണ്ടായിരുന്നു. ഇരുവശവും മൂർച്ചയുള്ളതാണ്‌ ഇത്‌.

കാലാൾപ്പടയുടെ മുഖ്യ ആയുധമായാണ്‌ വാൾ സൈനികരംഗത്ത്‌ പ്രവേശിക്കുന്നത്‌. ഒന്നാം ലോകമഹായുദ്ധം വരെ ഇത്‌ പ്രധാന ആയുധവുമായിരുന്നു. സൈനികപ്രമുഖർ പദവിയുടെ ചിഹ്നമായി ഇന്നും വാൾ ഉപയോഗിക്കുന്നുണ്ട്‌. പല നാടുകളിലും അധികാരത്തിന്റെ അടയാളമായിരുന്നു വാൾ.


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.