വസ്ത്രധാരണം

ശരീരത്തിനെ തുണികൾ ഉപയോഗിച്ച്‌ മറച്ചുപിടിക്കുക എന്നതാണ്‌ വസ്ത്രധാരണം കൊണ്ടുദ്ദേശിക്കുന്നത്‌. ആഭരണങ്ങൾ, കണ്ണടകൾ മുതലായവ സാധാരണ വസ്ത്രധാരണത്തിൽ പെടുത്താറില്ല. ഒരു സമൂഹത്തിന്റെ വസ്ത്രധാരണത്തിന്‌ ആ സമൂഹം വസിക്കുന്ന സ്ഥലത്തെ കാലാവസ്ഥയും, സംസ്കാരവുമായി അഭേദ്യമായ ബന്ധമുണ്ടായിരിക്കും.

ചരിത്രം

മനുഷ്യൻ വേട്ടയാടി പിടിച്ചിരുന്ന ജീവികളുടെ തോലായിരിക്കണം വസ്ത്രമായി ആദ്യം ഉപയോഗിച്ചിരുന്നത്‌ എന്നാണ്‌ നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായം. എന്നാൽ തോൽ അതേപടി ഉപയോഗിക്കുന്നതുമൂലം ശരീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടും, തോൽ കുറച്ചുകാലം മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു എന്നതുകൊണ്ടും. തോൽ സംസ്കരിക്കുക എന്ന വഴിയും കൂടുതൽ മെച്ചപ്പെട്ട വസ്ത്രങ്ങൾ കണ്ടെത്തുക എന്നവഴിയും കണ്ടെത്താൻ മനുഷ്യനെ പ്രേരിപ്പിച്ചു. മൃഗങ്ങളുടെ തോൽ ഉപയോഗിച്ച്‌ അധികം താമസിയാതെ തന്നെ മരത്തിന്റെ തോൽ വസ്ത്രമായി ഉപയോഗിക്കാനും മനുഷ്യൻ ശീലിച്ചിരുന്നത്രേ. 30,000 വർഷം മുമ്പുതന്നെ മനുഷ്യൻ തയ്യൽ സൂചി ഉപയോച്ചിരുന്നു എന്നതിന്‌ തെളിവുകളുണ്ട്‌.

വസ്ത്രധാരണത്തിലെ സൂചനകൾ

ചിലപ്പോഴൊക്കെ പ്രത്യേക വസ്ത്രധാരണം സമൂഹത്തിനായി അറിയിപ്പുകൾ നൽകാനായി ഉപയോഗിക്കാറുണ്ട്‌. പോലീസ്‌, പട്ടാളം, ഭിഷഗ്വരന്മാർ മുതലായവരെ മിക്കവാറും എല്ലാ സമൂഹങ്ങളിലും താന്താങ്ങളുടെ വേഷം കൊണ്ടു തന്നെ തിരിച്ചറിയാൻ സാധിക്കും. അതായത്‌ വസ്ത്രധാരണത്തിൽ ആഗോള മാനദണ്ഡങ്ങൾ ഉണ്ടാകാറുണ്ട്‌

മതപരമായ സൂചകങ്ങൾ

ചില മതങ്ങളിൽ പെട്ടവർ തങ്ങളുടെ വിശ്വാസങ്ങൾക്കനുസരിച്ച്‌ വസ്ത്രം ധരിക്കാറുണ്ട്‌. സിഖ്‌ മതത്തിലുള്ളവർ തലയിൽ ടർബൻ ഉപയോഗിക്കുന്നതായി കാണാം. അതുപോലെ പള്ളീലച്ചന്മാരും, സന്യാസിമാരും തങ്ങളുടെ ജീവിതരീതി വെളിപ്പെടുത്തുന്നതരത്തിൽ വസ്ത്രം ധരിച്ചിരിക്കുന്നതു കാണാം.

പദവി സൂചകങ്ങൾ

പോലീസ്‌, പട്ടാളം തുടങ്ങിയ ഗണങ്ങളിൽ പദവികൾ വസ്ത്രധാരണത്തിലൂടെ ആശയവിനിമയം ചെയ്യുന്നുണ്ട്‌.

സമൂഹത്തിൽ തന്നെ ഉയർന്നപദവികൾ കൈകാര്യം ചെയ്യുന്നവരും തങ്ങളുടെ വേഷങ്ങളിലൂടെ സ്ഥാനം വെളിപ്പെടുത്താറുണ്ട്‌. രാജാക്കന്മാർ തുടങ്ങിയവരുദാഹരണങ്ങൾ.

വസ്ത്രധാരണത്തിന്റെ മറ്റുപയോഗങ്ങൾ

ശരീരത്തെ മറ്റുള്ളവരിൽ നിന്ന് മറച്ചു പിടിക്കുക എന്ന പ്രാഥമിക ഉദ്ദേശത്തിൽ നിന്നും വ്യത്യസ്തമായി. സൂര്യന്റെ പ്രകാശം, തണുപ്പ്‌, അപകടങ്ങൾ, രാസവസ്തുക്കൾ, ആയുധങ്ങൾ, രോഗാണുക്കൾ, പ്രാണികൾ മുതലായ മറ്റു ജീവികൾ എന്നിവയിൽ നിന്നൊക്കെ ശരീരത്തെ സംരക്ഷിക്കുക എന്ന ധർമ്മവും വസ്ത്രധാരണത്തിലൂടെ സാധിക്കാറുണ്ട്‌.

കേരളീയരുടെ വസ്ത്രധാരണം

നായർ പെൺകുട്ടിയുടെ വേഷവിധാനം. (1914) ബ്ലൗസുപയോഗിക്കൽ അക്കാലത്ത് സാധാരണമല്ലായിരുന്നു.

മലയാളിക്ക് തന്റെ ദേശത്തിനും കാലാവസ്ഥക്കും ഇണങ്ങിയ തനതായ വേഷവിധാനങ്ങളാണുള്ളത്. പുരുഷന്മാർ മുണ്ടും ഷർട്ടും ധരിക്കുന്നു. കള്ളിമുണ്ട് (കൈലി) ഒഴിവുസമയങ്ങളിൽ ധരിക്കുന്നു. സ്ത്രീകൾക്ക് സാരിയാണ് പ്രധാന നാടൻ വേഷം. ഇന്ന് വിദേശ വസ്ത്രങ്ങളായ പാന്റ്, ഷർട്ട്, ചുരിദാർ, ജീൻസ് തുടങ്ങിയവയെ മലയാളി തന്റെ നിത്യജീവിതത്തിലേക്ക് സ്വീകരിച്ചെങ്കിലും വിശേഷ അവസരങ്ങളിൽ ഇന്നും തനതായ വേഷവിധാങ്ങൾ തന്നെയാണ് പ്രധാനം. കസവു സാരിയും കസവു മുണ്ടും കല്യാണം തുടങ്ങിയ വിശേഷാവസരങ്ങളിൽ പ്രധാനമാണ്.

ഈ രീതികളെല്ലാം നിലവിൽ വന്നിട്ട് ഒരു നൂറ്റാണ്ടോളമേ ആകുന്നുള്ളൂ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽപ്പോലും ഭൂരിപക്ഷം ആൾക്കാരും ഷർട്ടും ബ്ലൗസും ധരിച്ചിരുന്നില്ല. ജാതി മത വ്യത്യാസങ്ങളും വസ്ത്രധാരണത്തിലുണ്ടായിരുന്നു.

ചിത്രശാല

ഇതും കാണുക

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.