പാലിശ്ശേരി

തൃശ്ശൂർ ജില്ലയിലെ അവിണിശ്ശേരി ഗ്രാമപഞ്ചായത്തിലെ ഒരു റവന്യു വില്ലേജ് ആണ് പാലിശ്ശേരി.

പാലിശ്ശേരി
പാലിശ്ശേരി
Location of പാലിശ്ശേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Thrissur
ജനസംഖ്യ 7,950 (2001)
സമയമേഖല IST (UTC+5:30)

സ്ഥിതിവിവരക്കണക്കുകൾ

2001 ലെ ഇന്ത്യ കാനേഷുമാരി കണക്കെടുപ്പ്[1] പ്രകാരം ഇവിടുത്തെ ജനസംഖ്യ 7950 ആണ്. ഇതിൽ 48% ശതമാനം പുരുഷന്മാരും 52% സ്ത്രീകളുമാണ്. ശരാശരി 84% സാക്ഷരതയുള്ള പാലിശേരിയിൽ 11% ജനത 6 വയസ്സിനു താഴെയാണ്.

ആരാധനാലയങ്ങൾ

ശെരിശ്ശേരിക്കാവ് ഭഗവതി ക്ഷേത്രം

പാലിശ്ശേരിയിൽ സ്ഥിതി ചെയ്യുന്നു. പെരുവനം ക്ഷേത്രഗ്രാമത്തിൽപ്പെട്ട അമ്പലമായിരുന്നു ശെരിശ്ശേരിക്കാവ് എന്നാണ് ഐതിഹ്യം. ചേർപ്പിലുള്ള മേക്കാവ് ഭഗവതി അവിടുത്തെ പൂരം കഴിഞ്ഞ് പിറ്റെദിവസം വെളുപ്പിന് ശെരിശ്ശേരിക്കാവ് ഭഗവതിയെ കാണാൻ വരാറുണ്ട്. ജ്യേഷ്ഠത്തി അനുജത്തിയെ കാണാൻ വരുന്നുവെന്നാണ് ഇതിന്റെ പിന്നിലുള്ള സങ്കൽപ്പം. പാറേക്കാട്ട് , അവണൂർ, വെങ്ങല്ലൂർ, മൂർക്കന്നൂർ എന്നീ നാല് നമ്പൂതിരി കുടുംബക്കാരാണ്‌ ഈ ക്ഷേത്രത്തിന്റെ ഊരാളന്മാരായി അറിയപ്പെടുന്നത്. ഇപ്പോൾ നാട്ടുകാരുടെ ഒരു സമിതിയാണ് ക്ഷേത്രഭരണത്തിന് മേൽനോട്ടം വഹിക്കുന്നത്. മകര മാസത്തിലെ അശ്വതി നാളിലാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആഘോഷം. അത് അശ്വതി വേല എന്ന പേരിൽ അറിയപ്പെടുന്നു. ഇവിടെത്തന്നെ രണ്ട് നരസിംഹമൂർത്തി ക്ഷേത്രങ്ങളും ഉണ്ട് - നാരായണമംഗലം നരസിംഹക്ഷേത്രവും പാലിശ്ശേരി തേവർ ക്ഷേത്രവും. നാരായണമംഗലം ക്ഷേത്രം ശെരിശ്ശേരിക്കാവ് ക്ഷേത്രത്തിന്റെ തൊട്ടടുത്താണ്. പാലിശ്ശേരി തേവർ ക്ഷേത്രം തൃശ്ശൂർ- കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ പാലക്കൽ മാർക്കറ്റ് സ്റ്റോപ്പിനു തൊട്ടടുത്തു സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രം കുറെ വർഷങ്ങൾക്ക് മുൻപ് വരെ ജീർണ്ണിച്ച നിലയിൽ ആയിരുന്നു.ഇപ്പോൾ ഇവിടെ നിലനിൽക്കുന്ന ക്ഷേത്രത്തിനു അഞ്ചാറ് വർഷം പഴക്കമേയുള്ളൂ. വൈശാഖമാസത്തിലെ ഏകാദശിയാണു് ഇവിടത്തെ പ്രധാന ആഘോഷം.

സെന്റ് മാത്യുസ് പള്ളി

പാലക്കൽ മാർക്കറ്റിനടുത്ത് പാലക്കൽ സെന്റ് മാത്യുസ് പള്ളി സ്ഥിതിചെയ്യുന്നു.പാലക്കലും പരിസരപ്രദേശത്തുള്ള ക്രൈസ്തവരുടെ ആരാധനാസൗകര്യം മുൻനിർത്തി ആ പ്രദേശത്തെ നാട്ടുപ്രമാണിയായ ചക്കാലക്കൽ കുഞ്ഞിപ്പാലു മാത്യു സ്വന്തം ചിലവിൽ 1940-41 ൽ പണികഴിച്ചതാണ് പ്രസ്തുത ദേവാലയം. 1942ൽ തന്നെ ഈ പള്ളിയെ പാലക്കൽ ഇടവകയായി ഉയർത്തി.

വായനശാലയും വിദ്യാലയങ്ങളും സർക്കാർ കാര്യാലയങ്ങളൂം

പാലിശ്ശേരിയിലെ എ . കെ. ജി . സ്മാരക ഗ്രാമീണ വായനശാല പ്രദേശത്തെ ഏക വായനശാലയായാണ് പാലിശ്ശേരിയിലുള്ള ഒരു വിദ്യാലയമാണ് പാലിശ്ശേരി എ.എൽ.പി സ്കൂൾ.ചേർപ്പ് ബ്ലോക്ക് കാര്യാലയം,വില്ലേജ് ഓഫീസ്,തപാൽ ഓഫീസ് തുടങ്ങിയവ തൃശ്ശൂർ-തൃപ്രയാർ റൂട്ടിൽ പാലക്കൽ മാർക്കറ്റ് സ്റ്റോപ്പിനു തൊട്ടടുത്തു സ്ഥിതിചെയ്യുന്നു. 112 വർഷത്തെ ചരിത്രപാരമ്പര്യമുള്ള ഒരു വിദ്യാലയമാണ്‌ പാലിശ്ശേരി എ.എൽ.പി.സ്കൂൾ. പ്രമുഖ സ്വാതന്ത്ര്യസമരസേനാനി വി.ആർ. കൃഷ്ണനെഴുത്തച്ഛൻ അടക്കം നിരവധി പ്രമുഖരായവര് ഈവിദ്യാലയത്തിൽ അഭ്യസിച്ചിട്ടുണ്ട്. ലാഭകരമല്ലാത്ത സ്കൂളുകൾ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, നമ്മുടെ മാതൃഭാഷയിൽ പട്ഠിപ്പിക്കുന്ന ഈ സ്കൂൾ കെട്ടിടം പൊളിച്ചുപണിത് 2010 പുതുവർഷദിനത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. .

സാമൂഹികപരിഷ്ക്കരണം

നമ്പൂതിരി സമുദായത്തിൽ ഉണ്ടായിരുന്ന ദുരാചാരങ്ങൾ ഇല്ലാതാക്കുന്നത്തിനും നമ്പൂതിരിയെ മനുഷ്യനാക്കുന്നതിനുവേണ്ടി ആരംഭിച്ച യോഗക്ഷേമപ്രസ്ഥാനം പാലിശ്ശേരിയിലും വേരൂന്നിയിരുന്നു.അവണൂർ വാസുദേവൻ നമ്പൂതിരി, വെങ്ങല്ലൂർ നാരായണൻ നമ്പൂതിരി, അദ്ദേഹത്തിന്റെ ഭാര്യ ദേവസേന അന്തർജ്ജനം എന്നിവർ ഇവിടെനിന്നും ഈ പ്രസ്ഥാനത്തിൽ പങ്കെടുത്തവരാണ്.

അവലംബം

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. ശേഖരിച്ചത്: 2007-09-03.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.