പക്ഷിപാതാളം

കേരളത്തിലെ വയനാട് ജില്ലയിലെ കന്യാവനങ്ങൾക്കു നടുവിലുള്ള ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ് പക്ഷിപാതാളം. തിരുനെല്ലിയിലെ ബ്രഹ്മഗിരികളിൽ ആണ് പക്ഷിപാതാളം. കടൽനിരപ്പിൽ നിന്ന് 1740 മീറ്റർ ഉയരത്തിലുള്ള പക്ഷിപാതാളം ഒരു മനോഹരമായ പക്ഷിനിരീ‍ക്ഷണ കേന്ദ്രമാണ്. ചെങ്കുത്തായ മലകളും കന്യാവനങ്ങളും കാട്ടുചോലകളുമുള്ള ഇവിടം അനേകം ഇനത്തിൽ പെട്ട പക്ഷികളുടെ വാസസ്ഥലമാണ്. കർണ്ണാടക അതിർത്തിയോട് തൊട്ടടുത്താണ് ഈ സ്ഥലം. ബ്രഹ്മഗിരിയുടെ വടക്കേ അറ്റത്ത് മലമുകളിലുള്ള വലിയ പാറ ഗുഹകളിൽ ധാരാളം പക്ഷികളും വന്യമൃഗങ്ങളും വസിക്കുന്നു. ഭീമാകാരങ്ങളായ അനേകം ഉരുളൻ കല്ലുകളാൽ രൂപപ്പെട്ട ഈ ഗുഹകളിലൂടെ സഞ്ചാരികൾക്ക് അടിയിലേക്ക് ഇറങ്ങാം. താഴെഭാഗത്ത് വവ്വാലുകൾ കൂട്ടം കൂട്ടമായി തൂങ്ങിക്കിടക്കുന്ന ഒരു ഗുഹ കാണാൻ സാധിക്കും. വിവിധയിനം ദേശാടനപക്ഷികൾ കൂടുകൂട്ടുന്ന മറ്റ് ഗുഹകളും പണ്ടുകാലത്ത് സന്യാസിമാർ തപസ്സിന് ഉപയോഗിച്ചിരുന്നു എന്നു കരുതുന്ന ഒരു പുരാതന ഗുഹയും ഇവിടെ ഉണ്ട്.

പക്ഷിപാതാളം

കാട്ടിലൂടെ 7 കിലോമീറ്റർ സഞ്ചരിച്ചാൽ പക്ഷിപാതാളത്ത് എത്താം. പക്ഷിപാതാളത്ത് പോകുവാൻ വനം വകുപ്പിൽ നിന്ന് അനുമതി വാങ്ങണം. പക്ഷിപാതാളത്തേക്ക് വനം വകുപ്പ് അധികാരപ്പെടുത്തിയിട്ടുള്ള വഴികാട്ടികളെയും (ഗൈഡ്) ഇവിടെനിന്നും ലഭിക്കും. കർണ്ണാടകത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളും മറുവശത്തു കൂടി ഇവിടേക്ക് എത്തുന്നു.

വിശ്വാസങ്ങൾ

വയനാട്ടിലെ ആദിവാസികൾ തിരുനെല്ലി യോഗിച്ചൻ എന്ന ദൈവം പക്ഷിപാതാളത്ത് വസിക്കുന്നു എന്ന് വിശ്വസിക്കുന്നു. യോഗിച്ചന് ഒരു കാലേ ഉള്ളൂ എങ്കിലും അദ്ദേഹം തിരുനെല്ലി പെരുമാളിനെ പരാജയപ്പെടുത്താൻ മാത്രം ശക്തനാണെന്ന് അവർ വിശ്വസിക്കുന്നു.

എത്താനുള്ള വഴി

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ - കോഴിക്കോട് - 98 കിലോമീറ്റർ അകലെ.
  • ഏറ്റവും അടുത്തുള്ള വിമാനത്താവളം - കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം - 98 കിലോമീറ്റർ അകലെ.
  • തിരുനെല്ലിക്ക് 7 കിലോമീറ്റർ കിഴക്കായി ആണ് പക്ഷിപാതാളം സ്ഥിതിചെയ്യുന്നത്.

ചിത്രശാല

അനുബന്ധം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.