കാരയ്ക്കലമ്മ

പറയിപെറ്റ പന്തിരു കുലത്തിലെ ഏകസ്ത്രീ ജന്മമാണ്‌ കാരയ്ക്കലമ്മ. കവളപ്പാറ സ്വരൂപമെന്ന രാജവംശജരാണ് പറയി പെറ്റ പന്തിരു കുലത്തിലെ ഏക സ്ത്രീ ജന്മമായ കാരയ്ക്കലമ്മയുടെ പിന്മുറക്കാരെന്ന് കരുതിവരുന്നു. മേഴത്തോൾ മനയുമായി ഈ രാജവംശം പുല ആചരിയ്ക്കാറുണ്ട് എന്നത് ഇതിനൊരു തെളിവാണ്.

പറയിപെറ്റ പന്തിരുകുലം
മാതാവ്‌
  • പഞ്ചമി
പിതാവ്
മക്കൾ

പരമശിവൻ ഇവരെ അമ്മ എന്ന് വിളിച്ചതിനാലാണ് കാരക്കലമ്മ എന്ന പേർ വന്നതെന്നാണ് ഐതിഹ്യം. മഹാശിവഭക്തയായിരുന്ന ഇവർ ചോള ദേശത്താണ് വസിച്ചിരുന്നത്.

ഭർത്താവായ 'പരമദത്തനൊപ്പം' ഇവർ കാരക്കലിലായിരുന്നു താമസം. ഒരിക്കൽ ഒരു യാത്ര കഴിഞ്ഞെത്തിയ പരമദത്തൻ കാരക്കലമ്മക്ക് രണ്ട് മാമ്പഴം നൽകി. അവരത് വീട്ടിൽ സൂക്ഷിച്ച് വെക്കകയും ചെയ്തു. പിന്നീട് വീട്ടിൽ വന്ന ഒരു ഭിക്ഷക്കാരന് അമ്മ അതിൽ നിന്ന് ഒരു മാമ്പഴം നൽകി. എന്നാൽ പരമദത്തൻ പിന്നീട് ആ മാമ്പഴത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ അവർ ബാക്കിയുള്ള ഒന്ന് അദ്ദേഹത്തിനും നൽകി. മാമ്പഴത്തിന്റെ സ്വാദ് നന്നായി പിടിച്ച പരമദത്തൻ രണ്ടാമത്തെ മാമ്പഴത്തെ കുറിച്ച് ചോദിച്ചു. ശിവഭക്തയായിരുന്ന അമ്മ അപ്പോൾ തന്നെ ശിവനെ ധ്യാനിച്ച് പ്രത്യക്ഷപ്പെടുത്തി ഒരു മാങ്ങ കൂടെ ചോദിച്ച് വാങ്ങി ഭർത്താവിന് നൽകി. ഇത് കണ്ട പരമദത്തൻ തന്റെ ഭാര്യ ദിവ്യയാണെന്നും അവരുമായി ബന്ധം തുടരുന്നത് പാപമാണെന്നും കരുതി കാരക്കലിൽ നിന്നും നാട് വിട്ട് പോയി. അദ്ദേഹം എത്തിച്ചേർന്നത് പാണ്ഡ്യദേശത്താണ്. അവിടെ അദ്ദേഹം വേറെ വിവാഹം കഴിക്കുകയും പുത്രകളത്ര സമേതം ജീവിക്കുകയും ചെയ്തു.ഇതറിഞ്ഞ കാരക്കലമ്മ സന്യാസം സ്വീകരിച്ച് കൈലാസം പൂകിയെന്നും അവിടെന്ന് ശിവന്റെ നിർദ്ദേശത്താൽ തിരുവാലങ്കാട് എന്ന പ്രദേശത്തേക്ക് വരികയും അവിടെത്തെ ശിവക്ഷേത്രത്തിൽ ശിഷ്ടകാലം കഴിച്ചു എന്ന ഒരു ഐതിഹ്യം ഇന്നുമുണ്ട്.

അവിടെന്ന് ഇവർ ധാരാളം ശിവസ്തോത്രങ്ങൾ രചിച്ചതായി പറയപ്പെടുന്നു. "ഇരട്ടൈ തിരുമാലൈ" "തിരുവാലങ്കാട് മൂത്തതിരുപ്പതികം " "അർപ്പുവതത്തിരുന്താതി" എന്നിവ ഇവരുടെ കൃതികളാണെന്ന് കരുതുന്നു. ശിവനടിയാർ എന്ന സ്ഥാനം നൽകപ്പെട്ടിട്ടുളള 63 ഭക്തരിൽ ഒരാളാണ് കാരക്കലമ്മ [1]. .


അവലംബം

  1. സർവവിജ്ഞാനകോശം/പ്രസാധനം: കേരള സർക്കാർ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.