ശ്രീകൃഷ്ണവിലാസം

സംസ്കൃതഭാഷയിൽ എഴുതപ്പെട്ട മഹാകാവ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ശ്രീകൃഷ്ണവിലാസം. സൌകുമാര്യം, സമത, പ്രസാദം, മാധുര്യം, അർത്ഥവ്യക്തി മുതലായ ഗുണങ്ങൾ ഇത്രമാത്രം തികഞ്ഞിട്ടുള്ള കാവ്യങ്ങൾ വേറെ ഉണ്ടെന്നു താന്നുന്നില്ല എന്നും അത്യന്തം മഹനീയമായ സ്ഥാനമാണ് ഈ ഗ്രന്ഥത്തിനെന്നും ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ പരാമർശിക്കുന്നു.[1] കേരളീയരായ സംസ്കൃത വിദ്യാർത്ഥികൾ ശ്രീരാമോദന്തം വായിച്ചു് ഒരു മാതിരി വിഭക്തിജ്ഞാനം സമ്പാദിച്ചു കഴിഞ്ഞാൽ പഠിക്കുന്ന ആദ്യത്തെ ഗ്രന്ഥം ഇതാണ്. സുകുമാരൻ എന്ന കവിയാണ് പൂർണ്ണമല്ലാത്ത ഈ കാവ്യം രചിച്ചതായി കരുതപ്പെടുന്നത്.

ഐതിഹ്യം

ഗുരുവിന്റെ ശാസനകാർക്കശ്യം സഹിക്കവയ്യാതെ അദ്ദേഹത്തെ വധിക്കുവാൻ സുകുമാരൻ ഒരു ദിവസം രാത്രിയിൽ തട്ടിൻപുറത്തു് ഒരു കല്ലുമായി ഒളിഞ്ഞിരുന്നു എന്നും അപ്പോൾ ഗുരുപത്നിക്കും ഗുരുവിനും തമ്മിൽ തനിക്കു് അത്യന്തം അഭിമാനജനകമായ ഒരു സംഭാഷണം കേൾക്കാനിടയായ അദ്ദേഹം അതുകേട്ടു പിറ്റേ ദിവസം കാലത്തു ഗുരുവധ്യോദ്യമത്തിനുള്ള ശിക്ഷയെന്തെന്നു ഗുരുവിൽ നിന്നു തന്നെ ഗ്രഹിച്ച്, ഒരു കുണ്ഡമുണ്ടാക്കി ഉമി നിറച്ചു് അതിൽ തീ കത്തിച്ചു് അവിടെനിന്നുകൊണ്ടു് ദേഹം നീറ്റി ആത്മഹത്യ ചെയ്തു എന്നും കേരളത്തിൽ ഒരൈതിഹ്യം സുകുമാരനെപ്പറ്റിയും പ്രഭാകരമിശ്രനെ സംബന്ധിച്ചുള്ള രീതിയിൽ പ്രചരിക്കുന്നുണ്ട്. ഉമിത്തീയിൽ നിൽക്കുമ്പോൾ സുകുമാരൻ ഉണ്ടാക്കിച്ചൊല്ലിയതാണു് ശ്രീകൃഷ്ണവിലാസമെന്നും ʻപശ്യ പ്രിയേ! കോങ്കണഭൂവിഭാഗാൻʼ എന്ന പദം ചൊല്ലിയപ്പോൾ നാക്കു വെന്തുപോകയാലാണു് ശേഷം ഭാഗം രചിക്കാഞ്ഞതു് എന്നും ഐതിഹ്യം ഇടരുന്നു. പ്രഭാകരനായിരുന്നു ആത്മഹത്യ ചെയ്തതെന്നും പ്രഭാകരന്റെ നാമാന്തരമാണു് സുകുമാരൻ എന്നും സങ്കല്പിക്കുന്നവരുമുണ്ടു്. ഈ ഐതിഹ്യങ്ങളിൽ യാതൊരു വാസ്തവാംശവും ഉള്ളതായി തനിക്കു തോന്നുന്നില്ലെന്ന് ഉള്ളൂർ പറയുന്നുണ്ട്. കാവ്യം സമാപിപ്പിക്കുന്നതിനു മുൻപു കവി മരിച്ചുപോയി എന്നു അദ്ദേഹം അനുമാനിക്കുന്നു.

ശ്രീകൃഷ്ണവിലാസം പന്ത്രണ്ടാമത്തെസർഗ്ഗം മുഴുപ്പിക്കുന്നതിന് കവിക്കു സാധിച്ചിട്ടില്ല.

വ്രാതേന പൂഗദ്രുമവാടികാനാം
നിവാരയന്നർക്കമഹഃപ്രകാശാൻ
പാരം ശ്രിതാൻ പശ്ചിമവാരിരാശേഃ
പശ്യ പ്രിയേ!കോങ്കണഭൂവിഭാഗാൻ.

എന്ന അറുപത്താറാമത്തെ ശ്ലോകമാണ് അദ്ദേഹം ഒടുവിൽ എഴുതിയതു്.

വ്യാഖ്യാനങ്ങൾ

ശ്രീകൃഷ്ണവിലാസം പത്താം സർഗ്ഗത്തിൽ ഏതാനും ഭാഗംവരെ കവിയൂർ രാമൻനമ്പ്യാർ തർജ്ജമ ചെയ്തിട്ടുണ്ടു്. സംസ്കൃതത്തിൽ രാമപാണിവാദന്റെ വിലാസിനി എന്ന വ്യാഖ്യാനം സമ്പൂർണ്ണമാണ് ʻʻയത്രോദ്യതാനാം കുസുമാപചായേ കാന്താസു കല്പദ്രുമവാടികാസുˮ ഇത്യാദി ശ്ലോകത്തിനു് ʻʻകസുമാപചായേ പുഷ്പോച്ചയേ, ഹസ്താദാനേ ചേരസ്തേയ ഇതി ണ്യാന്താൽ അധഃസ്ഥിതാനാമേവ ഹസ്തേന പുഷ്പാപചയോ യുജ്യതേˮ എന്നും മറ്റും സമഞ്ജസമായി അർത്ഥകല്പനം ചെയ്യുന്ന പാണിവാദന്റെ സഹൃദയത്വം ശ്ലാഘനീയമായിരിക്കുന്നതായി ഉള്ളൂർ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു വ്യാഖ്യാനത്തിന്റെ പേർ ബാലപാഠ്യയെന്നാണു്. ʻʻശ്രീവൈഷ്ണവാഗ്രസരവാരിജസത്തമൌ തൌ ഗോപാലമാധവഗുരൂˮ എന്ന പദ്യത്തിൽ നിന്നു ഗോപാലപ്പിഷാരടിയും മാധവവാരിയരുമാണു് വ്യാഖ്യാതാവിന്റെ ഗുരുക്കന്മാരെന്നു കാണുന്നു.

ബാലപാഠ്യാഭിധാ കാചിദസ്യ വ്യാഖ്യാ വിരച്യതേ
താമ്രപത്രാലയസ്ഥേന ഗോവിന്ദേന യഥാന്വയാൽ
സുകുമാരസരസ്വതീരസാർദ്രാ
ഹരിലീലാമനുരുദ്ധ്യ ജേജയീതി
മലിനാപി വിഗാഹനാദമുഷ്യാം
വിമലാ സ്യാന്ന കഥം മദീയവാണീ?

എന്ന പ്രസ്താവനയിൽനിന്നു ചെമ്പോലിൽ ഗോവിന്ദനെന്നൊരു പണ്ഡിതനാണു് വ്യാഖ്യാതാവെന്നും കൊല്ലം 1055 മുതൽ 1060 വരെ തിരുവിതാംകൂറിൽ നാടുവാണിരുന്ന വിശാഖം തിരുനാൾ മഹാരാജാവിന്റെ ആജ്ഞ അനുസരിച്ചു് ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ ഉണ്ടാക്കിയ മഞ്ജുഭാഷിണിയാണു്. ഇതിന്റെ അഞ്ചാംസർഗ്ഗംവരെയുള്ള ഭാഗം മാത്രമേ ഞാൻ കണ്ടിട്ടുള്ളു.

അവലംബം

  1. "സംസ്കൃതസാഹിത്യം". കേരളസാഹിത്യചരിത്രം. സായാഹ്ന. ശേഖരിച്ചത്: 2014 ജനുവരി 25. |first1= missing |last1= in Authors list (help)

പുറം കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.