ശാലിയൻ

വസ്ത്രനിർമ്മാണം തൊഴിലാക്കിയവരാണ് ശാലിയർ എന്നറിയപ്പെടുന്നത്. ഈ കലയിൽ വിദഗ്ദ്ധരായ ഇവർ ശാലികൻ, ചാലിയൻ, എന്നും അറിയപ്പെടുന്നു. ചേല നെയ്യുന്നവർ എന്ന അർത്ഥത്തിലാണ് ഇവരെ ചാലിയർ എന്നറിയപ്പെടുന്നത്. വീടിനടുത്തായാണ് നെയ്ത്തുശാലകൾ സ്ഥാപിക്കുക. ശാലിയർ എന്നും ഇതിനാൽ ഇവരെ വിളിക്കാറുണ്ട്. ശാല്യമഹർഷിയുടെ പരമ്പരയിൽപ്പെട്ടവരാണിവർ. ഇവരിൽ വലംകൈ (വലങ്ക) ഇടംകൈ(ഇടങ്ക) എന്നിങ്ങനെ രണ്ടു വിഭാഗക്കാരുണ്ട്. കേരളത്തിലെ ഒരു സമുദായമായി ഇതറിയപ്പെടുന്നു.

തെരുവ് സമ്പ്രദായത്തിൽ ജീവിക്കുന്ന ഇവർക്ക് 96 തെരുവുകൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അതോടൊപ്പം അനേകം ഉപതെരുവുകളുമുണ്ട്. പട്ടുവം, അടുത്തില, കുഞ്ഞിമംഗലം, കരിവെള്ളൂർ, വെള്ളൂർ പഴയതെരു, പുതിയതെരു, നീലേശ്വരം, കാഞ്ഞങ്ങാട്, വെള്ളിക്കോത്ത്, പീലിക്കോട്, ഒതോത്ത്, പടിഞ്ഞാറെ തെരു, കിഴക്കേത്തെരു, കാടകം, പുനലൂർ തുടങ്ങിയ സ്ഥലങ്ങൾ ഇടംകൈ വിഭാഗക്കാരുടെ തെരുവുകളായിരുന്നു.

കടലായി, എങ്കക്കാട്, ഉദയമംഗലം, അഴീക്കോട്, ചിറയ്ക്കൽ, പുതിയതെരു കൂടാലി, എരുവേശി,കാഞ്ഞിരോട് രാമർതെരു, നടമ്മൽ, താവെതെരു, മുഴപ്പിലങ്ങാട്, പഴയതെരു, പുതിയതെരു, മാടായി, പാലേരി, കാട്ടിലങ്ങാടി എന്നിവയാണ് കോലത്തുനാട്ടിലെ തെരുവുകൾ. ശാലിയരിലെ ഇടങ്കൈ വിഭാഗം ഭഗവതിയെ ആരാധിക്കുന്നവരാണ്. തെയ്യവും പൂരവും ഇവർ നടത്തുന്നു. വലംങ്കൈ വിഭാഗം ഗണപതിയെ ആരാധിക്കുന്നു.

പാലക്കാട് ജില്ലയിലെ നെയ്ത്തുകാരാണ് ദേവാംഗന്മാർ. ഇവരിൽ ചിലർ തെലുങ്കും, കന്നഡയും സംസാരിക്കുന്നവരാണ്. ഇവരെ ജാടർ എന്നും വിളിക്കുന്നു.

മക്കത്തായ വിഭാഗക്കാരാണിവർ. ഇവരിലെ സമുദായ പ്രമാണിമാർ ചെട്ടിയാർ എന്നും അറിയപ്പെടുന്നു. ദേവാംഗ, പട്ടാര, ശാലിയ, വിഭാഗങ്ങളെ ഒന്നിച്ച് പദ്മശാലിയർ എന്നും വിളിക്കുന്നുണ്ട്. ഇവരുടെയെല്ലാം പ്രധാനതൊഴിൽ തുണിനെയ്ത്തുതന്നെയാണ്.

അവലംബം

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.