വ്യാപാരം

പണം പ്രതിഫലമാക്കിക്കൊണ്ട് സാധനങ്ങളോ സേവനങ്ങളോ കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രീയയാണ് വ്യാപാരം എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്. ഉത്പാദകരിൽ നിന്നും ഉപഭോക്താക്കളിലേക്ക് സാധനങ്ങളോ സേവനങ്ങളോ എത്തിച്ചേരുന്നതുവരെയുള്ള ആകെ പ്രവർത്തനങ്ങളാണ് വ്യാപാരത്തിൽ ഉൾപ്പെടുന്നത്. ഇങ്ങനെ സാധനങ്ങളോ സേവനങ്ങളോ കൈമാറ്റം ചെയ്യപ്പെടുന്നതിന് സഹായകമായ സംവിധാനമോ സ്ഥലമോ വിപണി എന്നറിയപ്പെടുന്നു. ബാർട്ടർ സമ്പ്രദായം ആണ് വ്യാപാരത്തിൻറെ ആദ്യ രൂപം. ബാർട്ടർ സമ്പ്രദായത്തിൽ സാധനങ്ങൾക്ക് പകരം സാധനങ്ങളാണ് വിനിമയം ചെയ്തിരുന്നത്. എന്നാൽ ഈ സംവിധാനത്തിൽ സാധനങ്ങളുടെ യഥാർത്ഥ മൂല്യം കണക്കാക്കാൻ പറ്റില്ലായിരിന്നു.[1] പണത്തിൻറെ ആവിർഭാവം ബാർട്ടർ സമ്പ്രദായത്തിൻറെ ഈ ന്യൂനതയ്ക്കൊരു പരിഹാരമായി. അങ്ങനെയാണ് വ്യാപാരത്തിന് തുടക്കമായത്. വ്യാപാരം രണ്ട് വ്യക്തികൾ തമ്മിലോ രണ്ടിലധികം വ്യക്തികൾ തമ്മിലോ ആകാം.

വിവിധതരം വ്യാപാരങ്ങൾ

മൊത്ത വ്യാപാരം

ഉത്പാദകരിൽ നിന്നും ചില്ലറ വ്യാപാരികളിലേക്ക് സേവനങ്ങളോ എത്തിച്ചേരുന്നതിനിടയിൽ പ്രവർത്തിക്കുന്നതാണ് മൊത്ത വ്യാപാരം (Wholesale). ഈ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ മൊത്ത വ്യാപാരികൾ എന്നു പറയുന്നു. മൊത്ത വ്യാപാരികൾ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്നില്ല.

ചില്ലറ വ്യാപാരം

സാധനങ്ങളോ സേവനങ്ങളോ അതിൻറെ അന്തിമ ഉപഭോക്താക്കളിലേക്ക് എത്തിച്ചുകൊടുക്കുന്ന വ്യാപാരമാണ് ചില്ലറ വ്യാപാരം (Retail). ഇങ്ങനെ ചെയ്യുന്നവർ ചില്ലറ വ്യാപാരികൾ എന്നറിയപ്പെടുന്നു.

ആഭ്യന്തര വ്യാപാരം

ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിനകത്ത് മാത്രമുള്ള വ്യാപാരമാണ് ആഭ്യന്തര വ്യാപാരം (Inernal trade). ആ രാജ്യത്തിനകത്ത് നിലനിൽക്കുന്ന നിയമങ്ങൾ ആണ് അത്തരം വ്യാപാരങ്ങളെ നിയന്ത്രിക്കുന്നത്‌.

വിദേശ വ്യാപാരം

ഒരു രാജ്യത്തിനകത്തുനിന്നും മറ്റുരാജ്യങ്ങളിലേക്ക് വ്യാപാരം നടത്തുന്നതിനെ വിദേശ വ്യാപാരം എന്നു പറയുന്നു (Foreign trade) രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര കരാറുകളാണ് ഇത് സാധ്യമാക്കുന്നത്.

അന്താരാഷ്‌ട്ര വ്യാപാരം

ഒന്നിലധികം രാജ്യങ്ങളിൽ വിപണികണ്ടെത്തി നടക്കുന്ന വ്യാപാരങ്ങളാണ് അന്താരാഷ്‌ട്ര വ്യാപാരം(International trade). അന്താരാഷ്‌ട്ര വാണിജ്യ കാരാറുകളും നിയമങ്ങളുമാണ് ഇത്തരം വ്യാപാരങ്ങളെ നിയന്ത്രിക്കുന്നത്‌.

സ്വതന്ത്ര വ്യാപാരം

ആഗോളവത്ക്കരണത്തിൻറെ ഫലമായി ഉടലെടുത്ത ഒരു സംവിധാനമാണ് സ്വതന്ത്ര വ്യാപാരം. കർശനമായ നിയന്ത്രണങ്ങളോ നികുതിവ്യവസ്ഥയോ ഇല്ലാത്ത സംവിധാനമാണിത്.[2]

ഓൺലൈൻ വ്യാപാരം

ഇന്റെർനെറ്റിൻറെ അനന്തമായ സാധ്യതകൾ പ്രയോജനപ്പെടുത്തി ഉടലെടുത്ത വ്യാപാരമാണിത്. ഇടനിലക്കാരില്ലാതെ ഉത്പാദകരിൽ നിന്നും നേരിട്ട് ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തുന്നത് വഴി ഉപഭോക്താക്കൾക്ക് വിലക്കുറവിൻറെ നേട്ടം ലഭിക്കുന്നു.[3]

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. http://www.economicsdiscussion.net/money/barter-system-and-its-drawbacks/4056
  2. http://www.bbc.com/news/business-38209407
  3. http://www.stock-trading-warrior.com/History-of-Online-Stock-Trading.html
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.