വെങ്ങര
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു സ്ഥലമാണ് വെങ്ങര. മാടായി ഗ്രാമപഞ്ചായത്തിനു കീഴിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്.
പേരിനു പിന്നിൽ
കടൽ നീങ്ങി ഉണ്ടായ വെളുത്ത കര എന്ന അർത്ഥത്തിൽ വെൺ (വെളുത്ത) കര എന്ന വാക്കുകൾ ചേർന്നാണ് വെങ്ങര എന്ന പദം ഉണ്ടായത്.
അതിരുകൾ
കിഴക്ക് എരിപുരം, തെക്ക് പഴയങ്ങാടി, പടിഞ്ഞാറ് അറബിക്കടൽ, വടക്ക് ചെറുതാഴം എന്നിവയാണ് വെങ്ങരയുടെ അതിരുകൾ.
ചരിത്രത്തിൽ
സുൽത്താൻ ഹൈദർ അലി ഈ പ്രദേശം ആക്രമിച്ച് കീഴടക്കിയപ്പോൾ വെങ്ങരയും അധിനഭൂമിയുടെ ഭാഗമായിരുന്നു. പഴയങ്ങാടി പുഴയെയും മൂലയ്ക്കൽ പുഴയെയും ബന്ധിപ്പിച്ച് സുൽത്താൻ ഹൈദർ അലി നിർമ്മിച്ച സുൽത്താൻ തോട് (സുൽത്താൻ കനാൽ) വെങ്ങരയിലൂടെ കടന്നുപോവുന്നു.
ജീവിതമാർഗ്ഗം
കൃഷിയാണ് വെങ്ങരയിലെ ജനങ്ങളുടെ പ്രധാന തൊഴിൽ. തെങ്ങ്, നെല്ല് എന്നിവയാണ് പ്രധാന വിളകൾ. കശുവണ്ടി, വെറ്റില, പച്ചക്കറികൾ എന്നിവയും പരക്കെ കൃഷിചെയ്യുന്നു.വെങ്ങരയിലെ പുരുഷന്മാരിൽ അഞ്ചിലൊരാൾ ഗൾഫ് മേഖലയിൽ ജോലിചെയ്യുന്ന പ്രവാസിയാണ് എന്ന് കണക്കാക്കപെടുന്നു.
വ്യവസായങ്ങൾ
കേരള ക്ലേയ്സ് ആന്റ് സെറാമിക് പ്രോഡക്റ്റ്സ് ലിമിറ്റഡ് എന്ന സ്ഥാപനം വെങ്ങരയിൽ പ്രവർത്തിക്കുന്നു. ഈ സ്ഥാപനത്തിൽ നിന്നുള്ള പരിസ്ഥിതി മലിനീകരണം കാരണം കിണറുകളിൽ വിഷജലം ആയി എന്ന കാരണത്താൽ ജനങ്ങൾ വർഷങ്ങളായി ഇവിടെ പ്രക്ഷോഭം നടത്തുന്നു. മേധ പട്കർ, സുഗതകുമാരി തുടങ്ങിയ പരിസ്ഥിതി പ്രവർത്തകർ ഈ സ്ഥലം സന്ദർശിച്ചിട്ടുണ്ട്.
ഇതും കാണുക
വേങ്ങര (മലപ്പുറം)