മുറുക്കാൻ

ലഹരിക്കും വായ സുഗന്ധപൂരിതമാക്കുന്നതിനുമൊക്കെയായി വെറ്റിലയോടൊപ്പം പുകയില, പാക്കു്, ചുണ്ണാമ്പ് തുടങ്ങിയ വസ്തുക്കൾ ചേർത്ത് വായിലിട്ട് ചവയ്ക്കുന്നതിനെയാണ് വെറ്റില മുറുക്കൽ എന്നു പറയുന്നത്. ഇത്തരം വസ്തുക്കളുടെ കൂട്ടിനെയാണ് മുറുക്കാൻ എന്നുപറയുന്നത്.[1] ഉത്തരേന്ത്യയിൽ പൊതുവേ പാൻ അഥവാ പാൻമസാല എന്നറിയപ്പെടുന്നു.

തയ്യാറാക്കിവെച്ചിരിക്കുന്ന മുറുക്കാൻ

മുറുക്കാൻ കൂട്ടുകൾ

മുറുക്കാൻ കൂട്ടിൻ പ്രധാനമായും നാല് സാധനങ്ങളാണ് ആവശ്യമുള്ളത്. വെറ്റില, പഴുത്ത അടയ്ക്ക തോടുകളഞ്ഞു കഷണിച്ചത്, വെറ്റിലയിൽ തേക്കാൻ നൂറ് (കക്കത്തോട് നീറ്റിയെടുത്തുണ്ടാക്കുന്ന വസ്തു), അരയിഞ്ച് നീളത്തിൽ ഒരുകഷണം പുകയില.കളിയടയ്ക്കയും മുറുക്കാൻ ഉപയോഗിയ്ക്കൂം,പച്ചയടയ്ക്കയുടെ ഇറച്ചിപരുവത്തിലുള്ള കാമ്പ് പുഴുങ്ങിയുണക്കിയാണ് കളിയടയ്ക്ക ഉണ്ടാക്കുന്നത്

ഉപയോഗിക്കുന്ന രീതി

വെറ്റിലയിൽ നൂറ് തേച്ച് അടക്കയുടെ കഷണങ്ങളും (ഒരു അടയ്ക്ക നെടുകെ നാല് കഷണങ്ങൾ ആക്കിയവയെ പിന്നെയും രണ്ടോ മൂന്നോ കഷണങ്ങളാക്കും) ആവശ്യത്തിനെടുത്തു വായിലിട്ടു ചവയ്ക്കും. ഈ മൂന്നും വായിലെ ഉമിനീരും കൂടി ചേരുമ്പോൾ ചുവപ്പ് നിറമായിരിക്കും ചുണ്ടിനും വായ്ക്കുള്ളിലും. പുകയില അവസാനമാണ് വായിലിടുക . തല കറക്കവും തലച്ചൊരുക്കും ഉണ്ടാവുമെന്നതിനാൽ ചിലർ പുകയില ഉപയോഗിക്കുമായിരുന്നില്ല.ചിലർക്ക് അടക്കയും തലച്ചൊരുക്കും ഉണ്ടാക്കും പല ദേശങ്ങളിലും ഇതുകൂടാതെ ഗ്രാമ്പൂ മുതലായ സുഗന്ധദ്രവ്യങ്ങളും ഇക്കാലത്ത് (ക്രിസ്ത്വബ്ദം 2013 -ൽ ) ഉപയോഗിച്ചുവരുന്നതായി കാണുന്നു.

ചരിത്രം

വെറ്റില മുറുക്കിനു ഭാരതത്തിന്റെ പാരമ്പര്യത്തോടും സംസ്കൃതികളോടും അഭേദ്യമായ ബന്ധമുണ്ട്. പണ്ട് ഭാരതത്തിലുടനീളം വെറ്റില മുറുക്കൽ ഉണ്ടായിരുന്നു. മുഖ സൗന്ദര്യത്തിനും, വായ സുഗന്ധപൂരിതമാക്കാനും, ശുദ്ധമാക്കാനും ശൃംഗാരം പ്രകടിപ്പിക്കാനും വേണ്ടിയായിരുന്നു പണ്ടത്തെ ജനങ്ങൾ വെറ്റില മുറുക്കിയിരുന്നത്. ഇതിനെ താംബൂല ചർവ്വണം എന്നും വിളിച്ചിരുന്നു. പണ്ട് കേരളത്തിലെ സമ്പന്ന തറവാടുകളിൽ ഈ സാധനങ്ങൾ ഇട്ടുവെക്കാൻ വെള്ളി, പിച്ചളച്ചെല്ലവും, പിച്ചള കൊണ്ട് കെട്ടിയ ഭംഗിയുള്ള കൊത്തുപണി ചെയ്ത മരം കൊണ്ടുണ്ടാക്കിയ ചെല്ലങ്ങളും ഉണ്ടായിരുന്നു. ആളുകളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ഇവ യഥാക്രമം മരം കൊണ്ടുള്ള മുറുക്കാൻ പെട്ടികളും , കൈതോലകൊണ്ടുണ്ടാക്കിയ ചെറിയ പാട്ടികളും' കൊമ്മികളുമായിരുന്നു. പണ്ട് അതിഥി സല്ക്കാരത്തിന്റെ ഭാഗമായി ആദ്യം മുറുക്കാൻ കൊടുത്താണ് അതിഥികളെ സ്വീകരിച്ചിരുന്നത്. മുറുക്കുന്നവരുള്ള വീട്ടിൽ എല്ലാം അക്കാലത്ത് മുറുക്കിത്തുപ്പാൻ വേണ്ടി പിച്ചളകൊണ്ടോ ഓടുകൊണ്ടോ ഉണ്ടാക്കിയ കോളാമ്പികൾ ഉണ്ടായിരുന്നു. ഇന്നും ഇവ കേരളത്തിലെ ചില വീടുകളിൽ കാണപ്പെടുന്നു.

നിരോധനം

ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും, ഇതുപയോഗിക്കുന്നവരുടെ കണ്ടിടത്ത് തുപ്പുന്ന ശീലം കാരണമുണ്ടാവുന്ന പരിസരമലിനീകരണവും തടയാൻ വേണ്ടി ചില രാജ്യങ്ങൾ മുറുക്കാൻ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഭാരതത്തിലെ ചില സ്ംസ്ഥാന സർക്കാരുകളും ഇതിനെ സർക്കാർ മന്ദിരങ്ങളിൽ നിരോധിച്ചിട്ടുണ്ട്. മുംബൈയിലെ ബെസ്റ്റ് ബസ്സുകളിലും മുറുക്കാൻ ചവയ്ക്കുന്നത് നിരോധിച്ചിട്ടുണ്ട്. [2][3][4]

അവലംബം

  1. http://www.thelancet.com/journals/lancet/article/PIIS0140-6736%2800%2904860-1/fulltext
  2. http://articles.timesofindia.indiatimes.com/2012-10-06/bhubaneswar/34293556_1_gutka-and-paan-ban-gutka-government-employees
  3. http://gulfnews.com/news/gulf/uae/government/people-found-selling-paan-will-be-deported-says-top-dubai-municipality-official-1.136329
  4. http://www.indianexpress.com/news/city-anchor-no-chewing-gutkha-paan-masala-on-best-buses/1047858

    പുറത്തേക്കുള്ള കണ്ണികൾ

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.