ഭൂമിശാസ്ത്രനിർദ്ദേശാങ്കവ്യവസ്ഥ

ഭൂമിയിലെ സ്ഥലങ്ങളുടെ സ്ഥാനം സൂചിപ്പിക്കുന്നതിന്‌ ഉപയോഗിക്കുന്ന നിർദ്ദേശാങ്കവ്യവസ്ഥയാണു് ഭൂമിശാസ്ത്രനിർദ്ദേശാങ്കവ്യവസ്ഥ അഥവാ ജ്യോഗ്രഫിക് കോർഡിനേറ്റ് സിസ്റ്റം (Geographic Coordinate System). ഖഗോളനിർദ്ദേശാങ്കവ്യവസ്ഥകളിലെ ഒരു ഉപവിഭാഗമാണു് ഇതു്. ഒരു ത്രിമാന ഗോളീയ ഉപരിതലമാണ്‌ ഇതിൽ ഉപയോഗപ്പെടുത്തുന്നത്. ഭൂമിയിലെ വിവിധ പ്രദേശങ്ങൾക്കനുയോജ്യമായ തരത്തിൽ ഭൂപടങ്ങൾ നിർമ്മിക്കുന്നതിന്‌ പലതരത്തിലുള്ള ഭൂമിശാസ്ത്രനിർദ്ദേശാങ്കവ്യവസ്ഥ ഉപയോഗിക്കുന്നുണ്ട്.

ഘടകങ്ങൾ

ഒരു കോണീയ ഏകകം (Angular unit), ഒരു പ്രൈം മെറിഡിയൻ, ഒരു ഗോളാഭം ആധാരമാക്കിയുള്ള മാപ്പ് ഡാറ്റം എന്നിവയാണ്‌ ജി.സി.എസിന്റെ ഘടകങ്ങൾ. ഭൂപടം നിർമ്മിക്കേണ്ടുന്ന പ്രദേശത്തിനനുസരിച്ച്, തിരഞ്ഞെടുക്കുന്ന ഗോളാഭത്തിന്റെ രൂപത്തിന് (അതായത് മാപ്പ് ഡേറ്റത്തിന്) വ്യത്യാസമുണ്ടാകും. ഭൗമോപരിതലത്തിന്റെ മൊത്തത്തിലുള്ള ഭൂപടങ്ങൾ നിർമ്മിക്കുന്നതിന് ഇന്ന് സാർവ്വത്രികമായി ഉപയോഗിക്കുന്ന മാപ്പ് ഡേറ്റം ഡബ്ല്യൂ.ജി.എസ്. 84 ആണ്.

ഭൗമോപരിതലത്തിലെ ഒരു ബിന്ദുവിനെ കുറിക്കുന്നതിന്‌ രേഖാംശം(longitude), അക്ഷാംശം (latitude) എന്നീ അളവുകളാണ്‌ ഉപയോഗിക്കുന്നത്. ഭൗമകേന്ദ്രത്തിൽ നിന്ന് അതായത് ഉപയോഗിക്കുന്ന ഗോളാഭത്തിന്റെ കേന്ദ്രത്തിൽനിന്ന് പ്രസ്തുതബിന്ദുവിലേക്കുള്ള കോണളവുകളാണ്‌ രേഖാംശവും അക്ഷാംശവും. രേഖാംശവും അക്ഷാംശവും അളക്കുന്നത് പൊതുവേ ഡിഗ്രിയിലാണ്‌.

float

ഗോളീയരീതിയിൽ തിരശ്ചീനമായി സ്ഥിതി ചെയ്യുന്ന ഓരോ രേഖയിലേയും അക്ഷാംശം എല്ലായിടത്തും ഒന്നു തന്നെയായിരിക്കും. ഈ രേഖകൾ, കിഴക്കു-പടിഞ്ഞാറൻ രേഖകൾ, അക്ഷാംശരേഖകൾ, പാരലലുകൾ (parallels) തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നു. ലംബമായി സ്ഥിതി ചെയ്യുന്ന രേഖകളലോരോന്നിലും രേഖാംശം തുല്യമായിരിക്കും. ഇവയെ ലംബരേഖകൾ, വടക്കു-തെക്ക് രേഖകൾ, രേഖാംശരേഖകൾ, മെറിഡിയനുകൾ (meridians) തുടങ്ങിയ നാമങ്ങളിൽ അറിയപ്പെടുന്നു. ഈ രേഖകൾ ചേർന്നുണ്ടാകുന്ന ജാലിശൃംഖലയെ ഗ്രാറ്റിക്യൂൾ (graticule) എന്നും പറയ്പ്പെടുന്നു.

ഇരുധ്രുവങ്ങൾക്കും മധ്യത്തിലായി നിലകൊള്ളുന്ന അക്ഷാംശരേഖയാണ്‌ മദ്ധ്യരേഖ അഥവാ ഭൂമദ്ധ്യരേഖ (equator). ഈ രേഖയുടെ അക്ഷാംശം 0 ഡിഗ്രിയാണ്‌.

0 ഡിഗ്രി രേഖാംശം കണക്കാക്കുന്ന രേഖയെയാണ്‌ പ്രൈം മെറിഡിയൻ എന്നു പറയുന്നത്. മിക്കവാറും ജ്യോഗ്രഫിക് കോഓർഡിനേറ്റ് സിസ്റ്റങ്ങളും ഇംഗ്ലണ്ടിലെ ഗ്രീനിച്ചിലൂടെ കടന്നു പോകുന്ന രേഖാംശരേഖയെയാണ്‌ പ്രൈം മെറിഡിയൻ ആയി കണക്കാക്കുന്നത്. ബേൺ, ബൊഗോട്ട, പാരീസ് തുടങ്ങിയ സ്ഥലങ്ങളിലൂടെ കടന്നു പോകുന്ന രേഖാംശരേഖകളെ പ്രൈം മെറിഡിയനായി കണക്കാക്കുന്ന ജി.സി.എസുകളും ചില രാജ്യങ്ങൾ ഉപയോഗിക്കുന്നുണ്ട്.

മദ്ധ്യരേഖയും, പ്രൈം മെറിഡിയനും കൂട്ടിമുട്ടുന്ന ബിന്ദുവാണ്‌ ഗ്രാറ്റിക്യൂളിന്റെ പ്രാരംഭബിന്ദു (origin). ഇവിടത്തെ അക്ഷാംശവും രേഖാംശവും (0,0) ആയിരിക്കും.

ഇതും കാണുക

ഖഗോളനിർദ്ദേശാങ്കങ്ങൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.