പുതിന

സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽപ്പെടുന്ന ഒരു ഔഷധ സസ്യമാണ് പുതിന. അറേബ്യൻ നാടുകളിലെ ഒരു പ്രധാനപ്പെട്ട സസ്യമായ ഇത് അറബി ഭാഷയിൽ നാന എന്ന പേരിലറിയപ്പെടുന്നു. പുതിനയിൽ നിന്നാണ് മെന്തോൾ എന്ന തൈലം വാറ്റിയെടുക്കുന്നത്. ഇന്ത്യയിൽ എല്ലായിടത്തും ഈ സസ്യം കാണപ്പെടുന്നു. തണ്ടു മുറിച്ചു നട്ട് പുതിന വളർ‌ത്താം. മെന്ത അഥവാ മിന്റ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന പുതിന മണ്ണിൽ പടർന്നാണു വളരുന്നത്. പെപ്പർമിന്റ്, പൈനാപ്പിൾമിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്. പുതിന കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും ശേഷം തണുപ്പുമാണു അനുഭവപ്പെടുക. പുതിനയിലടങ്ങിയ മെന്തോൾ ആണ് ഇതിനു കാരണം.

Mentha
പുതിന ഇല
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Asterids
Order:
Lamiales
Family:
Lamiaceae
Genus:
Mentha

L.
Species

See text

ഉപയോഗം

പുതിന ചട്നി

ഹൃദ്യമായ വാസനയുള്ള പുതിനയില രുചിക്കും മണത്തിനും വേണ്ടി കറികളിലും ബിരിയാണി പോലുള്ള ഭക്ഷണ വിഭവങ്ങളിലും ചേർക്കുന്ന പതിവുണ്ട്. പുതിന ചട്ണി, പുതിന ചായ തുടങ്ങിയ വിഭവങ്ങളും പുതിനയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഇതിനു പുറമേ സൂപ്പ്, ജ്യൂസ് തുടങ്ങിയ പാനീയങ്ങളിലും വിവിധതരം മിഠായികളിലും ച്യൂയിംഗമ്മുകളിലും ചേർക്കുന്നു. പുതിനസത്ത് ചേർന്ന ടൂത്ത് പേസ്റ്റുകളും മൗത്ത് ഫ്രഷ്നറുകളും വിപണിയിൽ ലഭ്യമാണ്.

ഔഷധ ഗുണങ്ങൾ

പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. ഒപ്പം മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. ആസ്തമ, അലർജി തുടങ്ങിയ വ്യാധികൾക്കുള്ള പ്രതിവിധിയായും പുതിന ഉപയോഗിക്കുന്നു.[1] ആയുർവേദപ്രകാരം ചെടിയുടെ മുഴുവൻ ഭാഗങ്ങളും ഔഷധയോഗ്യമാണ്. ജലദോഷം, ത്വക് രോഗങ്ങൾ ഇവയെ പ്രതിരോധിക്കാനും പുതിനയുടെ ഇല ഉപയോഗിക്കുന്നു.

രസാദി ഗുണങ്ങൾ

രസം :കടു

ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു[2]

ഔഷധയോഗ്യ ഭാഗം

ഇല, തൈലം

ചിത്രശാല

[2]

അവലംബം

  1. പുതിയ ഇലരുചികൾ, മനോരമ ഓൺലൈൻ - ആരോഗ്യം താൾ
  2. ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.