നാരായണീയം

നാരായണീയം ഭക്തിസാന്ദ്രമായ ഒരു സംസ്കൃതകൃതിയാണ്.മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് ആണ് നാരായണീയത്തിന്റെ രചയിതാവ്. ഒരു പ്രാർത്ഥനയുടെ രൂപത്തിലാണ് നാരായണീയം എഴുതിയിട്ടുള്ളത്. 1034 ശ്ലോകങ്ങൾ ആണ് നാരായണീയത്തിൽ ഉള്ളത്. ഭാഗവത പുരാണത്തിലെ 18,000 ശ്ലോകങ്ങളുടെ ചുരുക്കരൂപം നാരായണീയം നൽകുന്നു. നാരായണീയം 1587-ൽ ആണ് എഴുതപ്പെട്ടത്.

ഐതിഹ്യം

തന്റെ വാതരോഗം മാറുവാനായി തന്റെ സ്നേഹിതർ ഉപദേശിച്ചത് അനുസരിച്ച് ഗുരുവായൂരപ്പന്റെ നടയിൽ പോയ മേൽപ്പത്തൂർ നാരായണഭട്ടതിരി മലയാള വർഷം 761 ചിങ്ങം 19-നു ഗുരുവായൂരെത്തി. അവിടെ ക്ഷേത്രത്തിൽ ഒരു തൂണിനു താഴെ ഇരുന്ന് എഴുതിയ നാരായണീയം അദ്ദേഹം ഗുരുവായൂരപ്പന് സമർപ്പിച്ചു. അദ്ദേഹം 100 ദിവസം കൊണ്ട് പൂർത്തിയാക്കിയ ഈ കൃതി ഓരോ ദിവസവും ഓരോ ദശകം വെച്ച് ഗുരുവായൂരപ്പന് സമർപ്പിക്കുകയായിരുന്നു. 100-ആം ദിവസം വാതരോഗം പൂർണ്ണമായും സുഖപ്പെട്ടു എന്നാണ് വിശ്വാസം.

അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വ്യാകരണ ഗുരുവായ അച്യുതപിഷാരടി പക്ഷവാതം പിടിപെട്ട് കിടപ്പിലായി. അദ്ദേഹത്തിന്റെ വേദന കാണുവാൻ കഴിയാതെ ഗുരുദക്ഷിണയായി തന്റെ യോഗശക്തിയാൽ ഭട്ടതിരി വാതരോഗത്തെ തന്റെ ശരീരത്തിലാക്കി ഗുരുവിന്റെ കഷ്ടത അകറ്റി. ഭട്ടതിരിയെ ഈ രോഗത്തിൽ നിന്നു വിമുക്തനാക്കുവാൻ സംസ്കൃതപണ്ഠിതനും മലയാള ഭാഷയുടെ പിതാവുമായ എഴുത്തച്ഛൻ അദ്ദേഹത്തോട് “മീൻ തൊട്ട് കൂട്ടുവാൻ“ ആവശ്യപ്പെട്ടു. ഭാഗവതത്തിൽ വിഷ്ണുവിന്റെ കഥ ദശകങ്ങളായി മത്സ്യാവതാരം തൊട്ട് തുടങ്ങുന്നതു പോലെ എഴുതുവാനാണ് എഴുത്തച്ഛൻ പറഞ്ഞത് എന്ന് ഭട്ടതിരി മനസ്സിലാക്കി. ഗുരുവായൂർ എത്തിയ അദ്ദേഹം ഓരോ ദിവസവും ഓരോ ദശകങ്ങൾ രചിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ചു. എല്ലാ ദശകത്തിലെയും അവസാനത്തെ ശ്ലോകം തന്റെ രോഗവും കഷ്ടപ്പാടുകളും മാറ്റുവാനായി ഗുരുവായൂരപ്പനോടുള്ള ഒരു പ്രാർത്ഥനയാണ്. 100 ദിവസം കൊണ്ട് തന്റെ ശ്ലോകങ്ങൾ പൂർത്തിയാക്കിയ ഭട്ടാതിരി 1587 നവംബർ 27-നു അവസാനത്തെ ദശകമായ “ആയുരാരോഗ്യ സൗഖ്യം” പൂർത്തിയാക്കി. അതോടെ ഭട്ടതിരിയുടെ രോഗവും സുഖപ്പെട്ടു എന്നാണ് വിശ്വാസം.

നൂറാം ദശകത്തിൽ മഹാവിഷ്ണുവിന്റെ പാദം മുതൽ ശിരസ്സ് വരെയുള്ള രൂപത്തിന്റെ വർണ്ണന നൽകുന്നു. ശ്ലോകം പൂർത്തിയാക്കിയ ദിവസം അദ്ദേഹത്തിന് വേണുഗോപാലന്റെ രൂ‍പത്തിൽ മഹാവിഷ്ണുവിന്റെ ദർശനം ഉണ്ടായി. അദ്ദേഹത്തിന് അന്ന് 27 വയസ്സായിരുന്നു.

ആദ്യകാണ്ഡം

സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാ‍ലദേശാവദിഭ്യാം

നിർമുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരു പുരുഷാർഥാത്മകം ബ്രഹ്മതത്വം
തത്താവദ്ഭാതി സാ‍ക്ഷാദ് ഗുരുപവനപുരേ ഹന്ത ഭാഗ്യം ജനാനാം.

പൂർണ്ണമായ ജ്ഞാനത്തിന്റെയും സന്തോഷത്തിന്റെയും രൂപത്തിലുള്ളതും താരതമ്യം ചെയ്യാൻ പറ്റാത്തതും സമയത്തിനും വാനത്തിനും അപ്പുറത്തുള്ളവനും നിർമ്മലനും 100,000 വേദ വാക്യങ്ങളാൽ സ്തുതിക്കപ്പെടുന്നെങ്കിലും വിവരണത്തിന് അതീതനുമായവൻ.

ഈ ബ്രഹ്മം - കാണുമ്പോൾ ഒരുവൻ നാലു പുരുഷാർത്ഥങ്ങളും (ധർമ്മം, അർത്ഥം, കാമം, മോക്ഷം എന്നിവ) ഇവിടെ ഗുരുവായൂരിനു മുൻപിൽ വിളങ്ങുന്നു. ഇത് കാണാൻ സാധാരണ ജനങ്ങൾക്ക് കഴിയുന്നത് ഒരു ഭാഗ്യവും അനുഗ്രഹവും തന്നെ.

നാരായണീയം പുസ്തകരൂപത്തിൽ അച്ചടിച്ചത് 1851-ൽ മാത്രമായിരുന്നു. ഇരയിമ്മൻ തമ്പി ആണ് തിരുവനന്തപുരം സർക്കാർ അച്ചടിശാലയിൽ ഇത് പ്രസിദ്ധീകരിച്ചത്.

പ്രാധാന്യം

ഇന്ത്യയുടെ ഭക്തി ആചാരങ്ങളെ ഈ പുസ്തകം വിവരിക്കുന്നു. ശ്രീകൃഷ്ണന്റെ ജീവിതം നാരായണീയം വിവരിക്കുന്നു.

ഇതും കാണുക

  • മേൽപ്പത്തൂർ നാരായണ ഭട്ടതിരി
  • ഗുരുവായൂർ
  • ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം
  • ഗുരുവായൂരപ്പൻ
  • സംസ്കൃതഭാഷയ്ക്ക് കേരളത്തിന്റെ സംഭാവനകൾ

അവലംബം

    കുറിപ്പുകൾ

    പുറം കണ്ണികൾ

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.