നായ്ക്കുരണ

ഭാരതത്തിൽ ഉടനീളം കണ്ടുവരുന്നതും പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്നതുമായ ഒരു ഔഷധസസ്യമാണ്‌ നായ്ക്കുരണ. ഉപയോഗത്തെ അടിസ്ഥാനമാക്കി ആയുർവേദത്തിൽ ഇതിനെ വാജീകരണ ഔഷധങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Mucuna pruriens
Scientific classification
Kingdom:
Plantae
Division:
Magnoliophyta
Class:
Magnoliopsida
Order:
Fabales
Family:
Fabaceae
Subfamily:
Faboideae
Tribe:
Phaseoleae
Genus:
Mucuna
Species:
M. pruriens
Binomial name
Mucuna pruriens
(L.) DC.

പേരുകൾ

അജഡാ, കണ്ഡുര:, പ്രാവൃഷേണ്യ:, ശുകശിംബി:, കപികച്ഛു:, മർക്കടീ, കുലക്ഷയാ എന്നീ പേരുകളിൽ സംസ്കൃതത്തിൽ അറിയപ്പെടുന്ന ഇതിന്റെ ഹിന്ദിയിലെ പേരുകൾ കാവച, കിവച, കൊഞ്ചാ എന്നിവയാണ്‌. ബംഗാളിയിൽ അൽക്കുഷി എന്ന പേരിലും നായ്ക്കുരണ അറിയപ്പെടുന്നു. പൂനക്കാലി, പൂനക്കജോരി എന്നീ പേരുകളി തമിഴിൽ അറിയപ്പെടുന്ന ഇതിന്റെ തെലുഗു നാമം പില്ലിയഡാഗു എന്നാണ്‌.

രസഗുണങ്ങൾ

മധുര തിക്ത രസവും, ഗുരു സ്നിഗ്ധ ഗുണവുമുള്ള ഇതിന്റെ വീര്യം ഉഷ്ണവും വിപാകം മധുരവുമാണ്‌.

ഘടന

ഏകവർഷമായും ചിലപ്പോൾ ബഹുവർഷിയായും കാണപ്പെടുന്നതും പടർന്നു വളരുന്നതുമായ ഒരു വള്ളിച്ചെടിയാണിത്. ഇളം തണ്ടുകൾ, കായ്കൾ എന്നിവ രോമത്താൽ മൂടപ്പെട്ടിരിക്കും. ഈ രോമങ്ങൾ മനുഷ്യന്റെ ശരീരത്തിൽ സ്പർശിച്ചാൽ ചൊറിച്ചിൽ വരാറുമുണ്ട്. ഇലകൾക്ക് മൂന്ന് ഇതളുകൾ ആണ്‌ ഉള്ളത്. 5 മുതൽ 300 സെന്റീമീറ്റർ വരെ നീളമുള്ളതും അനേകം പൂക്കളുള്ളതുമായ പൂങ്കുലകൾ പത്രകക്ഷത്തിൽ നിന്നും ഉണ്ടാകുന്നു. പൂങ്കുലകൾക്ക് സഹ പത്രങ്ങളൂം സഹപത്രകങ്ങളും ഉണ്ട്. പുഷ്പങ്ങളുടെ നിറം നീല കലർന്നതാണ്‌. അവ ഉണങ്ങുമ്പോൾ കറുത്ത നിറമായി ത്തീരുന്നു. പൂക്കൾക്ക് ബാഹ്യ ദളങ്ങൾ 5 എണ്ണം വീതമാണ്‌ ഉള്ളത്. പത്ത് കേസരങ്ങൾ ദ്വിസന്ധിതമായതാണ്‌. അതിൽ ഒൻപതെണ്ണം ചേർന്ന് ഒരു കറ്റയായി സ്ഥിതിചെയ്യുന്നു. 8-12 സെന്റീമീറ്റർ നീളമുള്ളതും ഒന്നര സെന്റീമീറ്റർ വീതിയുള്ളതുമായ കായ്കൾ രോമങ്ങൾ കൊണ്ട് പൊതിഞ്ഞവയാണ്‌. ഒരു കായിൽ 5-6 വിത്തുകൾ വരെ ഉണ്ടായിരിക്കും. മിനുസമാർന്നതും, കറുപ്പ്, തവിട്ട് നിറങ്ങളോടുകൂടിയ വിത്തുകൾക്ക് ചിലപ്പോൾ പുള്ളികളും കാണാറുണ്ട്.

വിത്തുകളിൽ 25.03% പ്രോട്ടീൻ, 6.75% ഖനിജങ്ങൾ, 3.95% കാൽസ്യം, 0.02% സൾഫർഅത്രയും തന്നെ മാംഗനീസ് എന്നിവയും ഡൈഹൈഡ്രോക്സിഫിനൈൽ അലനിൻ, ഗ്ലൂട്ടാത്തിയോൺ, ലെസിഥിൻ, ഗാലിക് അമ്‌ളം, ഗ്ലൂക്കോസൈഡ് എന്നീ രാസ പദാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു. ഈ പദാർത്ഥങ്ങൾ തന്നെ അവയുടെ വേരിലും അടങ്ങിയിരിക്കുന്നു. വേര്‌, വിത്ത്, ഫലരോമം എന്നിവയാണ്‌ നായ്ക്കുരണയുടെ ഔഷധയോഗ്യമായ ഭാഗങ്ങൾ

ചിത്രശാല

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.