നവപ്ലേറ്റോണിസം

പ്ലേറ്റോയുടെ ആശയസംഹിതയെ അടിസ്ഥാനമാക്കി രൂപപ്പെട്ട തത്ത്വചിന്താപദ്ധതിയാണ് നവപ്ലേറ്റോണിസം(ഗ്രീക്ക്: Νεοπλατωνισμός). 3-ാം ശതകം മുതൽ 5-ാം ശതകം വരെയുള്ള കാലഘട്ടത്തിലാണ് ഇത് വികസിച്ചത്. പൈതഗോറിയൻ ചിന്തയുടെയും അരിസ്റ്റോട്ടിലീയൻ ചിന്താപദ്ധതിയുടെയും സ്റ്റോയിക് തത്ത്വസംഹിതയുടെയും അന്തഃസത്ത ഉൾക്കൊണ്ട് പ്ലോട്ടിനസ് ആണ് നവപ്ലേറ്റോണിസത്തിന് അടിത്തറയിട്ടത്. പ്ലോട്ടിനസിന്റെ അടുത്ത അനുയായികളായിരുന്ന പൊർഫിറിയും (Porphery), പ്രൊക്ലസും (Proclus) ഇതിന്റെ പിൻഗാമികളായി.

നവപ്ലേറ്റോണിസ്റ്റുകൾ അവരുടെ തത്ത്വസംഹിത പ്ലേറ്റോയുടെ തിയറി ഒഫ് ഫോംസിൽ നിന്നാണ് വികസിപ്പിച്ചെടുത്തത്. ആശയങ്ങളുടെ (forms) യുക്തിഭദ്രമായ വ്യവസ്ഥയായാണ് പ്രപഞ്ചത്തെ (universe) പ്ലേറ്റോ ദർശിച്ചത്. എല്ലാ വസ്തുക്കളും രൂപങ്ങളിൽ നിന്ന് അഥവാ ആശയങ്ങളിൽ നിന്ന് ഉണ്ടാകുന്നതാണെന്നും ഒരു വസ്തുവിന്റെ രൂപഗ്രഹണം മനസ്സിലുണ്ടാകുമ്പോഴാണ് ആ വസ്തുവിനെക്കുറിച്ചുള്ള ജ്ഞാനം ഉണ്ടാകുന്നത് എന്നുമാണ് പ്ലേറ്റോയുടെ ദർശനം. രൂപം വസ്തുക്കളുടെ പ്രാഗ്രൂപമാണ്. വസ്തുക്കൾക്കു മുമ്പ് നിലനില്ക്കുന്ന ഒന്നാണ് ആശയം. പ്ലോട്ടിനസാകട്ടെ രൂപം ആശയത്താൽ പ്രദീപ്തമാകുന്നതുമൂലമാണ് പദാർഥത്തെ അറിയാനിടവരുന്നതെന്ന് സിദ്ധാന്തിച്ചു. അസ്തിത്വത്തിന്റെ പ്രതിഭാസങ്ങളെ പ്ലോട്ടിനസ് ദർശിക്കുന്നത് ആരോഹണക്രമത്തിലാണ്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പ്രകൃതി വസ്തുക്കളുടെ സൗന്ദര്യം ആത്മാവിൽ നിലനില്ക്കുന്ന ഒരു ആദിരൂപം (archetype) മാത്രമാണ്. പദാർഥം, ആത്മാവ്, യുക്തി, ദൈവം എന്നിങ്ങനെയുള്ള ആരോഹണക്രമമാണ് ഇദ്ദേഹം ദീക്ഷിച്ചത്. ദൈവം കേവലശുദ്ധമായ അസ്തിത്വം ആണെന്നും പദാർഥമോ രൂപമോ ദൈവത്തിനില്ലെന്നും ഇദ്ദേഹം വാദിച്ചു. ആത്മാവിന്റെ യോഗഭാവത്തിലേക്കും (Mystical portion) ഉദ്ഗമനത്തിലേക്കും (elevation) സൗന്ദര്യം, കല എന്നിവയെ അലിയിക്കുകയാണ് പ്ലോട്ടിനസ് ചെയ്യുന്നത്. പ്രകൃതിതന്നെ ഉരുത്തിരിഞ്ഞത് ഏതേത് നിമിത്തങ്ങളിൽ നിന്നും ആശയങ്ങളിൽ നിന്നുമാണോ അവയിലേക്ക് പോവുകയാണ് കലയും (art) ചെയ്യുന്നതെന്നാണ് പ്ലോട്ടിനസ് വിശ്വസിച്ചിരുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നവപ്ലേറ്റോണിസം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.