ദശമൂലകടുത്രയം

ജ്വരം, ചുമ, വാത-കഫജന്യവികാരങ്ങൾ എന്നിവയെ ശമിപ്പിക്കുന്ന ആയുർവേദ ഔഷധയോഗമാണ് ദശമൂലകടുത്രയം. കഷായരൂപത്തിൽ ഉണ്ടാക്കുന്ന ഈ ഔഷധത്തിൽ കൂവളവേര്, കുമിഴിൻവേര്, പാതിരിവേര്, മുഞ്ഞവേര്, ഓരിലവേര്, മൂവിലവേര്, ചെറുവഴുതിനവേര്, വെൺവഴുതിനവേര്, ഞെരിഞ്ഞിൽ, ചുക്ക്, കുരുമുളക്, തിപ്പലി, ആടലോടകം എന്നിവയോടൊപ്പം ത്രികടു അഥവാ കടുത്രയവും ആണ് അടങ്ങിയിട്ടുള്ളത്. ഔഷധദ്രവ്യങ്ങൾ എല്ലാം സമമെടുത്ത് നല്ലതുപോലെ ചതച്ച് അതിന്റെ 16 ഇരട്ടി വെള്ളത്തിൽ തിളപ്പിച്ച് നാലിൽ ഒന്നാക്കി വറ്റിച്ച് 60 മി.ലി. വീതം ദിവസം രണ്ടുനേരം സേവിക്കണം.

ശ്വാസംമുട്ടലിനും ചുമയ്ക്കും പെട്ടെന്ന് ആശ്വാസം നല്കുന്നതിനു പുറമേ ചുമകൊണ്ട് മുതുകത്തും മാറത്തും തലയ്ക്കും ഉണ്ടാകുന്ന എല്ലാവിധ വേദനകൾക്കും അസ്വസ്ഥതകൾക്കും ദശമൂല കടുത്രയ കഷായം ഫലപ്രദമാണ്. കസ്തൂര്യാദി ഗുളിക, മഹാധാന്വന്തരം ഗുളിക, ഗോരോചനാദി ഗുളിക മുതലായവയോ തേനോ യുക്തംപോലെ മേമ്പൊടി ചേർക്കാവുന്നതാണ്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദശമൂലകടുത്രയം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.