തൊളിക്കോട്

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് ബ്ലോക്കുപരിധിക്കുള്ളിലാണ് തൊളിക്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 22.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തൊളിക്കോട് ഗ്രാമപഞ്ചായത്ത് തൊളിക്കോട് വില്ലേജിൽ പൂർണ്ണമായും വ്യാപിച്ചുകിടക്കുന്നു. വടക്കുഭാഗത്ത് വിതുര പഞ്ചായത്തും, കിഴക്കുഭാഗത്ത് വിതുര, ആര്യനാട് എന്നീ പഞ്ചായത്തുകളും, തെക്കുഭാഗത്ത് നെടുമങ്ങാട് മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് നന്ദിയോട് പഞ്ചായത്തുമാണ് തൊളിക്കോട് പഞ്ചായത്തിന്റെ അതിർത്തികൾ. 16 വാർഡുകളാണ് ഈ ഗ്രാമപഞ്ചായത്തിൽ ഇന്നുള്ളത്. ഇത്തിക്കാടും, കടയ്ക്കാടും, തൂരച്ചെടികളും വളർന്ന് കാടായി കിടന്നിരുന്ന സ്ഥലമായിരുന്നു ഒരുകാലത്ത് തൊളിക്കോട് ഗ്രാമം. മഴക്കാലമായാൽ തൊളി കെട്ടിക്കിടന്നിരുന്ന പ്രദേശം എന്ന നിലയിലാണ് ഈ ഗ്രാമത്തിന് തൊളിക്കോട് എന്ന പേരു കൈവന്നതെന്ന് പറയപ്പെടുന്നു. ഗിരിവർഗ്ഗക്കാരായ കാണിക്കാരായിരുന്നു ഇവിടുത്തെ ആദിമനിവാസികൾ. മലയും പാറക്കെട്ടുകളും ചെരിവുകോണുകളും തെളിച്ചെടുത്താണ് കുടിയേറ്റക്കാർ ഇവിടെ വാസമുറപ്പിച്ചത്. തിരുവനന്തപുരം ജില്ലയുടെ ഇതരഗ്രാമങ്ങൾ, കൂടാതെ കൊല്ലം ജില്ല തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരായിരുന്നു ഇവിടുത്തെ കുടിയേറ്റക്കാരുടെ പൂർവ്വികർ. ഭൂപ്രദേശത്തിന്റെ സവിശേഷത വിളിച്ചോതുന്ന സ്ഥലനാമങ്ങളാണ് ഈ ഗ്രാമത്തിലെ മിക്ക പ്രദേശങ്ങൾക്കുമുള്ളത്. തേവൻപാറ, പരപ്പാറ, ചെട്ടിയാമ്പാറ, മലയടി, പുളിച്ചാല, തച്ചൻകോട്, തൊളിക്കോട്, കണിയാരംകോട് തുടങ്ങിയവ ഉദാഹരണം. ചെറിയകുന്നുകളും ചരിവുകളും, കുന്നിൻമുകൾ, താഴ്വരകൾ, ചെറിയ സമതലങ്ങൾ എന്നിങ്ങനെ തരം തിരിക്കാവുന്ന ഭൂപ്രകൃതിയാണ് തൊളിക്കോട് ഗ്രാമത്തിനുള്ളത്. ആകെ വിസ്തൃതിയുടെ 60% ചെരിവുപ്രദേശങ്ങളാണ്. താഴ്വരകളിലായി പാടശേഖരങ്ങൾ സ്ഥിതി ചെയ്യുന്നു. എക്കൽമണ്ണ്, കരിമണ്ണ്, വനമണ്ണ്, കളിമണ്ണ് മുതലായ മണ്ണിനങ്ങളാണ് ഇവിടെ സാധാരണയായി കണ്ടുവരുന്നത്. നെൽകൃഷി, ഇടവിളകൾ എന്നിവയാണ് സാധാരണ ചെയ്തുവരുന്ന കൃഷികൾ. മലനാട് കാർഷികമേഖലയിൽ ഉൾപ്പെടുന്ന തൊളിക്കോട് പഞ്ചായത്തിൽ മൺസൂൺ കാലാവസ്ഥയാണ് പൊതുവേ അനുഭവപ്പെടുന്നത്. വർഷത്തിൽ 120 മുതൽ 160 വരെ ദിവസം മഴ ലഭിക്കുന്നുണ്ട്. 1952-ൽ സ്ഥാപിച്ച ശരിയത്തൂർ ഇസ്ലാം ലൈബ്രറിയാണ് ഗ്രാമത്തിലെ ആദ്യത്തെ ഗ്രന്ഥശാല. 1916-ൽ സ്ഥാപിതമായ പറങ്ങോട് മിഷൻ സ്കൂളാണ് പഞ്ചായത്തിലെ ആദ്യത്തെ വിദ്യഭ്യാസ സ്ഥാപനം. തൊളിക്കോട് മുസ്ലീം ജമാഅത്ത് പളളിയ്ക്ക് ഒന്നര നൂറ്റാണ്ടിലധികം പഴക്കമുണ്ട്. 1973-ലാണ് തൊളിക്കോട് പഞ്ചായത്ത് രൂപീകൃതമായത്. അതിനുമുമ്പ് ഇന്നത്തെ തൊളിക്കോട് പഞ്ചായത്ത് ഉൾക്കൊളളുന്ന പ്രദേശം വിതുര പഞ്ചായത്തിന്റെ ഭാഗമായിരുന്നു.

Disambiguation

തൊളിക്കോട് പഞ്ചായത്തിലെ വാർഡുകൾ

വാർഡ്‌വാർഡിന്റെ പേര്
1പുളിചാമല
2പാരപ്പാറ
3ചായം
4തോട്ടുമുക്ക്
5പുളിമൂട്
6മലയടി
7വിനോബനികേതൻ
8ചെട്ടിയാമ്പാറ
9തച്ചൻകോട്
10കണിയാരംകോട്
11പനയ്ക്കോട്
12തൊളിക്കോട്
13തൊളിക്കോട് ടൌൺ
14ആനപെട്ടി
15തേവൻപാറ
16തുരുത്തി
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.