തെർമോസ്റ്റാറ്റ്

ഒരു നിശ്ചിത താപനില കൈവരിച്ച്, പ്രസ്തുത ഊഷ്മാവിൽ ഏറ്റക്കുറച്ചിലില്ലാതെ വർത്തിക്കുവാനും താപനിലയിൽ ബാഹ്യ ഇടപെടലിലൂടെ ക്രമീകരണം ആവശ്യം വരുന്ന സന്ദർഭങ്ങളെ സ്വയം സൂചിപ്പിക്കുവാനും പ്രാപ്തമായ സഹായക ഉപകരണമാണ് തെർമോസ്റ്റാറ്റ്.സഹസംവിധാനങ്ങളിലെ താപനിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുമ്പോൾ തെർമോസ്റ്റാറ്റിലെ സംവേദകം സ്വയം സൃഷ്ടിക്കുന്ന വിദ്യുത് മർദ സിഗ്നലിലൂടെ പൊതു സംവിധാനത്തിൽ ശീതന-താപന ക്രമീകരണം നടത്തുന്നു. വിവിധ കാലാവസ്ഥകളിൽ കൃത്യമായി സമയം കാണിക്കാനായി 1726-ൽ ഇംഗ്ലണ്ടിൽ നിർമ്മിക്കപ്പെട്ട 'ഗ്രിഡ്-അയൺ' പെൻഡുലത്തെ തെർമോസ്റ്റാറ്റിന്റെ ആദ്യമാതൃകയായി കരുതാം. അന്ന് തെർമോസ്റ്റാറ്റ് എന്ന പേര് നിലവിലില്ലായിരുന്നു; പകരം ഇവ 'ദ്വിലോഹ താപനിലാ പ്രതികരണ ഉപകരണം' എന്ന് അറിയപ്പെട്ടിരുന്നു. സ്കോട്ട്ലൻഡുകാരനായ ആൻഡ്രൂ എർ ആണ് 'തെർമോസ്റ്റാറ്റ്' എന്ന പേര് നല്കിയത്. ഉരുക്കും നാകവും കൊണ്ട് തയ്യാറാക്കിയ ഒരു തെർമോസ്റ്റാറ്റിന് ഇദ്ദേഹം പേറ്റന്റും കരസ്ഥമാക്കി. പൊതുവേ, വ്യത്യസ്ത വികാസ നിരക്കുള്ള ലോഹങ്ങളോ ബാഷ്പശീല ദ്രാവകമോ ഉപയോഗിച്ചാണ് തെർമോസ്റ്റാറ്റുകൾ നിർമ്മിക്കുന്നത്.

കാറിന്റെ എൻജിനുകളിൽ ഉപയോഗിക്കപെടുന്ന തെർമൊസ്റ്റാറ്റ്
ഉരുക്കുപോലെ വികാസനിരക്ക് കുറഞ്ഞ ലോഹദണ്ഡിനെ നിക്കൽ പോലെ വികാസ നിരക്ക് കൂടിയ ലോഹത്തിന്റെ കുഴലിനകത്ത് ഒരറ്റം വിളക്കിച്ചേർത്ത് ഉറപ്പിച്ചാൽ താപനിലയിലെ ഏറ്റക്കുറച്ചിലിന് അനുസൃതമായി കുഴലിന്റെ നീളം കൂടുകയോ കുറയുകയോ ചെയ്യും

ദ്വിലോഹ ഇനത്തിൽ വ്യത്യസ്ത വികാസ നിരക്കുള്ള രണ്ട് ലോഹ ദണ്ഡുകളെ റിവറ്റ് ചെയ്ത് ഉറപ്പിക്കുന്നു. താപനില വർധിക്കുന്നതിനനുസരിച്ച് വികാസ നിരക്ക് കൂടിയ ലോഹദണ്ഡ് പുറവശത്തു വരുന്ന രീതിയിൽ ദ്വിലോഹ ദണ്ഡ് വളയുകയും താപനിലാ നിയന്ത്രണ പരിപഥത്തെ പ്രവർത്തനക്ഷമമാക്കുകയും ചെയ്യും. ഉരുക്കുപോലെ വികാസനിരക്ക് കുറഞ്ഞ ലോഹദണ്ഡിനെ നിക്കൽ പോലെ വികാസ നിരക്ക് കൂടിയ ലോഹത്തിന്റെ കുഴലിനകത്ത് ഒരറ്റം വിളക്കിച്ചേർത്ത് ഉറപ്പിച്ചാൽ താപനിലയിലെ ഏറ്റക്കുറച്ചിലിന് അനുസൃതമായി കുഴലിന്റെ നീളം കൂടുകയോ കുറയുകയോ ചെയ്യും. ഇത്തരത്തിൽ കുഴലിൽനിന്നു പുറത്തേക്ക് അനാവൃതമാക്കപ്പെടുന്ന ദണ്ഡ്, നിയന്ത്രണ പരിപഥത്തെ പ്രവർത്തിപ്പിക്കുന്നു.

ബാഷ്പശീല ദ്രാവകത്തെ പ്രത്യേക ഉറയ്ക്കകത്തു നിറച്ചാണ് ദ്രാവക തെർമോസ്റ്റാറ്റ് നിർമ്മിക്കുന്നത്. ദ്രാവകത്തിന്റെ താപനില യിലെ ഏറ്റക്കുറച്ചിലനുസരിച്ച് ഉറയിലെ മർദത്തിനു വ്യതിയാനം ഉണ്ടാകുന്നു. ന്യൂമാറ്റിക് തെർമോസ്റ്റാറ്റുകളാണ് മറ്റൊരിനം. ചെറിയ ചെമ്പു കുഴലുകളിൽ വായു നിറച്ച് അതു സൃഷ്ടിക്കുന്ന മർദ സിഗ്നലുകൾ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്നവയാണ് ഇവ.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തെർമൊസ്റ്റാറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.