കെട്ടുകല്യാണം
പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ നായർ, ഈഴവർ തുടങ്ങിയ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന ഒരു ആചാരമാണ് കെട്ടുകല്യാണം അഥവാ താലികെട്ടുകല്യാണം. മെൻസസ് ആവുംമുമ്പ് പെൺകുട്ടികളെ ഏതെങ്കിലും ബ്രാഹ്മണനെക്കൊണ്ടോ സമുദായത്തിലെതന്നെ പ്രമുഖരായവരെക്കൊണ്ടോ താലികെട്ടിക്കുന്ന ചടങ്ങായിരുന്നു നായന്മാർക്കിടയിലുണ്ടായിരുന്നത്. ഈഴവർക്കിടയിൽ താലികെട്ട് നിർവ്വഹിച്ചിരുന്നത്, പുരുഷന്മാർക്കു പകരം മറ്റേതെങ്കിലും സ്ത്രീയായിരുന്നു. വിവാഹച്ചടങ്ങിനേക്കാൾ പ്രാധാന്യം ഈ ചടങ്ങിനുണ്ടായിരുന്നു.
കെട്ടുകല്യാണം നടത്തിയതുകൊണ്ട് പെൺകുട്ടി പുരുഷന്റെ ഭാര്യയാകുന്നില്ല. ബാല്യത്തിൽനിന്ന് യൗവനത്തിലേക്ക് അവൾ കടന്നുവെന്നുള്ള പ്രഖ്യാപനം മാത്രമാണിത്. വളരെ നീണ്ടതും ചിലവേറിയതുമായ ആഘോഷമായിരുന്നതുകൊണ്ട് തറവാടുകളിൽ മാസമുറയാകാറായ പെൺകുട്ടികളുടെ താലികെട്ടുകല്യാണം ഒരുമിച്ചുനടത്തുന്ന രീതിയും പതിവായിരുന്നു. താലികെട്ടിക്കഴിഞ്ഞ പെൺകുട്ടി 'അമ്മയായി' എന്നായിരുന്നു ചൊല്ല്. സാമ്പത്തികസ്ഥിതി കുറഞ്ഞ കുടുംബങ്ങൾ ചെറിയതോതിൽ കെട്ടുകല്യാണം നടത്തിയിരുന്നു. പെൺകുട്ടിയുടെ അമ്മതന്നെ താലികെട്ടുകയോ ഒരു ബൊമ്മയെ അടുത്തിരുത്തിയശേഷം ഏതെങ്കിലും സ്ത്രീകളായ ബന്ധുക്കൾ താലികെട്ടുകയോ ചെയ്യുന്ന രീതികൾ നിലവിലുണ്ടായിരുന്നു.
കെട്ടുകല്യാണം അസന്മാർഗ്ഗികമാണെന്നും, അത് ബ്രാഹ്മണരോട് വിധേയത്വം കാട്ടുന്നുവെന്നും, ഇത് ഭാരിച്ച ചിലവിനിടയാക്കുന്നു എന്നും വിമർശനങ്ങളുയർത്തി, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽത്തന്നെ സമുദായപരിഷ്ക്കർത്താക്കൾ കെട്ടുകല്യാണത്തെ എതിർത്തു. കാലക്രമേണ ഈ ആചാരം പ്രചാരത്തിലല്ലാതായി.[1]
അവലംബം
- ജെ. ദേവിക (2010). "5 - 'വരവില' എന്ന നുകം രൂപമെടുക്കുന്നു". 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് , പ്രശാന്ത് നഗർ, തിരുവനന്തപുരം-695011, കേരളം, ഇന്ത്യ. p. 100. ISBN 81-86353-03-S Check
|isbn=
value: invalid character (help). ശേഖരിച്ചത്: 2013 ഫെബ്രുവരി 9.
കടപ്പാ
- ജെ. ദേവിക എഴുതിയ 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ? എന്ന ക്രിയേറ്റീവ് കോമൺസ് ഷെയർ എലൈക്ക് 2.5-ഇന്ത്യ അനുമതിയിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഗ്രന്ഥത്തിലെ വിവരങ്ങൾ ഈ ലേഖനത്തിൽ അതേപടി ഉപയോഗിച്ചിട്ടുണ്ട്.