എംബാമിംഗ്
എംബാമിംഗ്, മരണശേഷം രാസവസ്തുക്കൾ ഉപയോഗിച്ച് മനുഷ്യശരീരത്തിന്റെ ജീർണ്ണിക്കൽ തടഞ്ഞു സംരക്ഷിക്കുന്നതിനുള്ള ഒരു സംരക്ഷണ ശാസ്ത്രമാണ്. മതപരമായ കാരണങ്ങളാൽ സംസ്കാര ചടങ്ങുകളിൽ പരസ്യ പ്രദർശനത്തിന് അനുയോജ്യമായ രീതിയിൽ ശവശരീരത്തെ ഒരുക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം. എംബാമിംഗ് നടത്തപ്പെട്ട ശരീരം വർഷങ്ങളോളം കേടുകൂടാതെ സംരക്ഷിക്കാൻ ഇതിലുപയോഗിക്കുന്ന രാസവസ്തുക്കൾ സഹായിക്കുന്നു. എംബാമിംഗിന്റെ മൂന്ന് പ്രധാന ലക്ഷ്യങ്ങൾ ശുചിത്വം, അവതരണം, സംരക്ഷണം എന്നിവയും അപൂർവ്വം കേസുകളിൽ ഇതു ശരീരം പുനഃസ്ഥാപിക്കലുമാണ്. എംബാമിംഗിന് വളരെ ദൈർഘ്യമേറിയ സംസ്കാരിക ചരിത്രമുണ്ട്. എംബാമിംഗ് പ്രക്രിയക്ക് അനേകം സംസ്കാരങ്ങൾ മതപരമായ വലിയ അർത്ഥങ്ങൾ നൽകിയിരുന്നു.
ഞരമ്പുകളിൽ നിന്നും സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ചു മൃതശരീരത്തിന്റെ രക്തം ഊറ്റിയെടുക്കുകയും എന്നിട്ട് എംബാം രാസലായനി ശരീരത്തിലേക്ക് കയറ്റി വിടുകയും ചെയ്യുന്നതാണ് എംബാമിങിന്റെ പ്രധാന പ്രക്രീയ. 17-ാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ശാസ്ത്രജ്ഞനായ വില്യം ഹാർവിയാണ് രക്തചംക്രമണവ്യവസ്ഥയുടെ വിശദാംശങ്ങൾ കണ്ടെത്തിയത്. അദ്ദേഹം മൃതശരീരത്തിലേക്ക് വിവിധ നിറത്തിലുള്ള ദ്രാവകങ്ങൾ കയറ്റിവിട്ടാണ് ഇത് കണ്ടെത്തിയത്.