ആണി

നിർമ്മാണമേഖലയിലും, മരപ്പണിയിലും ഉപയോഗിക്കുന്ന ഒരറ്റം കൂർത്ത ലോഹനിർമ്മിതമായ ദണ്ഡാണ്‌ ആണി. ആവശ്യത്തിന് നീളമുള്ള ഒരുടലും അതിന്റെ ഒരറ്റത്ത് ഒരു കുടയും മറ്റേ അറ്റത്ത് ഒരു സൂച്യഗ്രവും ചേർന്നതാണ്‌ സാമാന്യേന ഇവയുടെ രൂപം. മരപ്പണിയിൽ മരം കൊണ്ടുള്ള ആണികളും ഉപയോഗിക്കാറുണ്ട്. ഇത്തരം ആണികൾക്ക് കൂർത്ത അഗ്രം ഉണ്ടാകുകയില്ല. എങ്കിലും അവയുടെ രണ്ടറ്റങ്ങളും തമ്മിൽ വണ്ണത്തിൽ ചെറിയൊരു വ്യത്യാസം കാണും.രണ്ട് സാമഗ്രികളെ തമ്മിൽ ഉറപ്പിച്ച് നിർത്തുവാനാണ്‌ ആണി ഉപയോഗിക്കുന്നത്. മരപ്പണികളിൽ മരകഷ്ണങ്ങളെ തമ്മിൽ ഉറപ്പിച്ച് നിർത്താനാണ്‌ ആണി ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലും ആണികൾ നിർമ്മിക്കപ്പെടുന്നു. ഉരുക്കുപയോഗിച്ചാണ്‌‍ ഭൂരിഭാഗം ആണികളും വർത്തമാനകാലത്ത് നിർമ്മിക്കപ്പെടുന്നത്, ചില പ്രത്യേക ആവശ്യത്തിനു വേണ്ടി ചെമ്പ്, പിത്തള, അലൂമിനിയം തുടങ്ങിയവയിൽ നിർമ്മിച്ചതും ഉപയോഗിക്കപ്പെടുന്നു.

ഒരുകൂട്ടം ആണികൾ.

ചുറ്റിക, നെയിൽ ഗൺ മുതലായവ ഉപയോഗിച്ചാണ്‌ ആണി അടിച്ചുറപ്പിക്കുന്നത്. ഘർഷണത്തിന്റെ പിൻബലത്തിലാണ്‌ ആണി രണ്ട് വസ്തുക്കളെ കൂട്ടി ഉറപ്പിച്ചു നിറുത്തുന്നത്. ചിലപ്പോൾ കൂർത്ത അഗ്രം വളച്ച് ആണി ഊരിപോകുന്നത് തടയാറുണ്ട്. പിരിയുള്ള ആണികളും ഉപയോഗത്തിലുണ്ട്. അവ ഉറപ്പിക്കുന്നത് സ്ക്രൂ ഡ്രയ് വർ ഉപയോഗിച്ചാണ്‌.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.