അരവണപ്പായസം

ക്ഷേത്രങ്ങളിൽ നിവേദ്യത്തിനുവേണ്ടിയുണ്ടാക്കുന്ന കട്ടിപ്പായസം ആണ് അരവണപ്പായസം അഥവാ അരവണ. ശേഷശയന(അരവണ)ന്റെ പൂജയ്ക്കായി നിവേദിക്കുന്നത് എന്ന അർഥത്തിലായിരിക്കണം പായസത്തിന് ഈ പേരു ലഭിച്ചത്. അരവണയ്ക്കു സാധാരണ കട്ടിപ്പായസത്തിൽ നിന്നുള്ള പ്രധാന വ്യത്യാസം ഇതിന് നെയ്യും ശർക്കരയും വളരെ കൂടുതൽ ചേർക്കുകയും തന്മൂലം മധുരവും ഗുരുത്വവും കൂടുതലുണ്ടായിരിക്കുകയും ചെയ്യുമെന്നതാണ്. ഇതു വളരെനാൾ കേടുകൂടാതെയിരിക്കും. മറ്റു പായസങ്ങളെ അപേക്ഷിച്ച് ഇതു വളരെ കുറച്ചു മാത്രമേ ഭക്ഷിക്കാൻ സാധിക്കുകയുള്ളു. ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ പ്രസാദമായും ഇത് ലഭിക്കുന്നതാണ്‌ . ഇങ്ങനെ ആണ് അരവണ പ്രസിദ്ധം ആയതു.

അരവണപ്പായസം

പാകം ചെയ്യുന്നവിധം

വേകാൻ പാകത്തിനു വെള്ളത്തിൽ പച്ചരി വേവിക്കുക. മുക്കാൽ വേവാകുമ്പോൾ ശർക്കര ചേർത്തിളക്കുക. ഒരു ലി. അരിക്ക് 2 കി.ഗ്രാം ശർക്കര എന്നാണ് കണക്ക്. വെള്ളം വറ്റി വരളാൻ തുടങ്ങുമ്പോൾ പശുവിൻ നെയ്യ്, കല്ക്കണ്ടം, മുന്തിരിങ്ങ എന്നിവ ചേർത്തിളക്കണം. വെള്ളം നിശ്ശേഷം വറ്റിക്കഴിയുമ്പോൾ അടുപ്പിൽ നിന്നു മാറ്റണം.

വിവിധ തരം

ശബരിമലക്ഷേത്രത്തിലെ അരവണപ്പായസം പ്രസിദ്ധമാണ്. ഹരിപ്പാട്ടുക്ഷേത്രത്തിൽ ഉണ്ടാക്കുന്ന അരവണയ്ക്ക് 'തുലാപ്പായസ'മെന്നും തിരുവാർപ്പ് ക്ഷേത്രത്തിലേതിന് 'ഉഷപ്പായസം' എന്നും പറഞ്ഞുവരുന്നു.

ശബരിമലയിൽ ലഭിക്കുന്ന അരവണക്കുപ്പി
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.