അമ്മാനക്കായ
നിറയെ ദ്വാരങ്ങളുള്ളതും അകം പൊള്ളയായതുമായ ലോഹഗോളങ്ങളാണ് അമ്മാനക്കായ. അമ്മാനയാട്ടത്തിനാണ് (അഞ്ചോ ആറോ അമ്മാനക്കായകൾ തുടർച്ചയായി മുകളിലേക്കെറിഞ്ഞ് താഴെവീഴാതെ പിടിച്ച് വീണ്ടും മുകളിലേക്ക് എറിഞ്ഞുകൊണ്ടിരിക്കുന്ന ഒരു വിനോദം) ഇവ ഉപയോഗിച്ചിരുന്നത്. പല വലിപ്പത്തിൽ അമ്മാനക്കായകൾ നിർമ്മിക്കാറുണ്ട്. ചിലപ്പോൾ മരംകൊണ്ടും ഉണ്ടാക്കാറുണ്ട്. താരതമ്യേന കൈപ്പിടിയിലൊതുങ്ങാൻ പാകത്തിനാണ് വലിയവയുടെ വലിപ്പം.
ആചാരം
പണ്ട് കാലത്ത് കോളറ പോലുള്ള പകർച്ചവ്യാധികൾ വരാതിരിക്കുന്നതിനു വേണ്ടി ക്ഷേത്രങ്ങളിലെ വെളിച്ചപ്പാടുകളുടെ ഒരു ആചാരമായിരുന്നു അമ്മാനയാട്ടം. അമ്മാനക്കായകളിൽ ഭസ്മം നിറച്ച് വെളിച്ചപ്പാടുകൾ ജനങ്ങളുടെ ഇടയിൽനിന്ന് അമ്മാനമാടും. അങ്ങനെ അമ്മായക്കായയിൽ നിറച്ചിരിക്കുന്ന ഭസ്മം ദ്വാരങ്ങളിലൂടെ കൂടിനിൽക്കുന്നവരുടെ ദേഹത്ത് വീഴും.
ഭസ്മത്തിന്റെ പ്രത്യേകത
കോളറ മുതലായ പകർച്ചവ്യാധികൾ വന്ന് മരിച്ചവരുടെ ശവശരീരം ദഹിപ്പിച്ചു കിട്ടുന്ന ഭസ്മമാണ് അമ്മായക്കായകളിൽ നിറച്ചിരുന്നത്. ഇവയിലടങ്ങിയിരിക്കുന്ന കോളറയുടെ അണുക്കൾ മറ്റുള്ളവരുടെ ശരീരത്തിൽ ചെറിയതോതിൽ കടന്നുകൂടുന്നതു വഴി അവർക്ക് കോളറ മുതലായവയെ ചെറുക്കുന്നതിനുള്ള പ്രതിരോധശക്തി കിട്ടുന്നു. ഇതിനു വേണ്ടിയിട്ടാണ് അമ്മാനയാട്ടം നടത്തിയിരുന്നത്.[1]
വിനോദം
പിന്നീട് അമ്മായക്കായകൾ പോലെയിരിക്കുന്ന ചെറിയ പന്തുകൾ മുകളിലേയ്ക്ക് എറിഞ്ഞ് പിടിക്കുന്ന ഒരു വിനോദമായി ഇത് സ്ത്രീകളുടെ ഇടയിൽ പ്രചാരത്തിൽ വന്നു. ഇപ്പോഴും സർക്കസ്സിലും മറ്റും അമ്മാനയാട്ടം നടത്താറുണ്ട്.
അവലംബം
- പണ്ടൊരിക്കൽ,ലേഖനപരമ്പര -- വള്ളിക്കാട് സന്തോഷ്.