അപ്പക്കാര

കേരളത്തിലെ ഒരു പ്രധാന എണ്ണപ്പലഹാരമായ ഉണ്ണിയപ്പം വാർത്തെടുക്കുന്നതിന് ഉപയോഗിക്കുന്ന പാത്രത്തെയാണ് അപ്പക്കാര എന്നു പറയുന്നത്. അപ്പക്കാരിക, അപ്പക്കാരോൽ എന്നും മറ്റും ഇതിന് പേരുകളുണ്ട്. ചെറിയ ഉരുളിയുടെയോ ചീനച്ചട്ടിയുടെയോ വലിപ്പത്തിൽ വൃത്താകൃതിയിൽ ഓടുകൊണ്ടോ വാർപ്പിരുമ്പുകൊണ്ടോ നിർമ്മിക്കപ്പെടുന്ന ഈ പാത്രത്തിൽ 3 സെ.മീറ്ററോളം ആഴവും മുകൾപ്പരപ്പിൽ 4 സെ.മീറ്ററിൽ കുറയാതെ വ്യാസവും വരുന്ന അർദ്ധവൃത്താകൃതിയിലും ഒരേ വലിപ്പത്തിലുമുള്ള കുഴികൾ കാണും. 3,5 എന്നീ ക്രമത്തിൽ ധാരാളം കുഴികളുള്ള അപ്പക്കാരകളുണ്ട്. ഈ കുഴികളിൽ നിറയെ നെയ്യോ വെളിച്ചെണ്ണയോ ഒഴിച്ച് തിളപ്പിച്ചശേഷം ഉണ്ണിയപ്പത്തിനു തയ്യാറാക്കിയ മാവ് ഓരോ കുഴിയിലേക്കും അതിന്റെ മുക്കാൽഭാഗം നിറയുംവരെ പകരുന്നു. മാവ് പാകത്തിനു വേകുമ്പോൾ ചെറിയ കോലുകൊണ്ട് മറിച്ചിട്ടും ഇളക്കിയും മൂപ്പിച്ച് എടുക്കുന്നു. ചില ക്ഷേത്രങ്ങളിൽ ഉണ്ണിയപ്പം ഒരു നൈവേദ്യം ആയതുകൊണ്ട് അവ ധാരാളം ഉണ്ടാക്കേണ്ടിവരും. ഇത്തരം സന്ദർഭങ്ങളിൽ വലിയ വാർപ്പിലോ ഉരുളിയിലോ അപ്പക്കാരകൾ ഇറക്കിവച്ച് ധാരാളം വെളിച്ചെണ്ണയൊഴിച്ച് ഒരേസമയം കൂടുതൽ അപ്പം ഉണ്ടാക്കി എടുക്കുകയാണ് പതിവ്.

അപ്പക്കാര
ഉണ്ണിയപ്പം തയ്യാറാക്കിയത്
ഉണ്ണിയപ്പം ഉണ്ടാക്കുന്നു

ഇതുകൂടികാണുക

പുറംകണ്ണികൾ

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അപ്പക്കാര എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.