അനലിഡ

സമമായ ദേഹഖണ്ഡങ്ങളുള്ളവയും, ദ്വിപാർശ്വസമമിതി (bilateral symmetry)[2] ഉള്ളവയുമായ വിരകൾ ഉൾപ്പെടുന്ന ജന്തുവിഭാഗമാണ് (phylum)[3] അനലിഡ. മണ്ണിര, കുളയട്ട, കടൽവിര എന്നിവ ഇതിൽ ഉൾപ്പെടുന്നു. അനലിഡ എന്ന പേരിന്റെ ഉദ്ഭവം ചെറിയ വളയം എന്നർഥമുള്ള അനുലസ് എന്ന ലാറ്റിൻ പദത്തിൽനിന്നാണ്. നീണ്ട ദേഹമുള്ള ഇവയുടെ ശരീരം അനവധി ഖണ്ഡങ്ങളായി (segments) ഭാഗിക്കപ്പെട്ടിരിക്കുന്നു. ഓരോ ദേഹഖണ്ഡത്തെയും മെറ്റാമിയർ (metamere)[4] എന്നു വിളിക്കുന്നു. മെറ്റാമിയറുകൾക്കോരോന്നിനും അന്തർഭാഗത്ത് രക്തക്കുഴലുകൾ, നാഡീഗുഛിക(Nerve ganglion)കൾ,[5] ജനനഗ്രന്ഥികൾ, പേശീവ്യൂഹഭാഗങ്ങൾ എന്നിവ കണ്ടുവരുന്നു. യഥാർഥത്തിൽ അവശ്യഭാഗങ്ങളിൽ മിക്കതും ഇപ്രകാരം ആവർത്തിക്കപ്പെട്ടുകാണുന്നു. ഇങ്ങനെയുള്ള ദേഹഖണ്ഡങ്ങൾക്കുള്ളിലെ ആന്തരാവയവങ്ങളുടെ ആവർത്തനത്തെയാണ് മെറ്റാമെറിസം (metamerism)[6] അതായത് അംശീകരണം എന്നു പറയുന്നത്.

അനലിഡ
Temporal range: Early Ordovician–Recent[1]
PreЄ
Є
O
S
D
C
P
T
J
K
Pg
N
Glycera sp.
Scientific classification
Kingdom: Animalia
Superphylum: Lophotrochozoa
Phylum: Annelida
Lamarck, 1809
Classes and subclasses

Class Polychaeta (paraphyletic?)
Class Clitellata (see below)
   Oligochaeta – earthworms, etc.
   Branchiobdellida
   Hirudinea – leeches
Class Myzostomida
Class Archiannelida (polyphyletic)

ശരീരഘടന

അടിസ്ഥാനപരമായി അനലിഡകളുടെ ഘടന പുറമേ കാണുന്ന നാളിപോലെയുള്ള ദേഹഭിത്തിയും ഉള്ളിൽ ഒരു പചനനാളിയും ഇവയെ തമ്മിൽ വേർതിരിക്കുന്ന സീലോമും (coelom) ഉൾപ്പെട്ടതാണ്.[7] ദഹനേന്ദ്രിയനാളത്തിന്റെ അഗ്രഭാഗത്തായി വായും പശ്ചഭാഗത്തായി ഗുദവും കാണപ്പെടുന്നു. വായുടെ മുന്നോട്ടു തള്ളിനില്ക്കുന്ന പ്രോസ്റ്റോമിയം (prostomium)[8] എന്നൊരു ശരീരഭാഗമുണ്ട്. ഇതേത്തുടർന്നു പുറകോട്ടാണ് മറ്റു ശരീരഖണ്ഡങ്ങൾ കാണപ്പെടുന്നത്. ഓളിഗോക്കീറ്റയിൽ (Oligochaeta)[9] ദേഹഖണ്ഡങ്ങൾ ഏകരൂപമുള്ളവയാണ്. ഹിറുഡീനിയയിൽ (Hirudinea)[10] ഇവയ്ക്ക് ദ്വിതീയ ഖണ്ഡനം സംഭവിച്ചിരിക്കുന്നു. എന്നാൽ പോളിക്കീറ്റുകളിൽ (Polychaeta)[11] ഇവ പല അളവിൽ വിഭേദനം (differentiation) സംഭവിച്ചവയാണ്.

അനലിഡകളുടെ ബാഹ്യഭാഗം കട്ടിയുളള ഒരു കോശപാളി(cuticle)യാൽ നിർമിതമാണ്. ഇതിൽ ശൂകങ്ങളോ (setae) പരിവർത്തിത സീലിയകളോ പ്രത്യേകതരം പാപ്പിലകളോ കാണാം. ഇവയെല്ലാംതന്നെ ആഹാരസമ്പാദനത്തിനോ ശ്വസനത്തിനോ പരിരക്ഷയ്ക്കോ ആയിട്ടാണ് ഉപയോഗിക്കപ്പെടുന്നത്. ബാഹ്യചർമത്തിൽ കാണുന്ന ശൂകങ്ങൾ എണ്ണത്തിലും ആകൃതിയിലും, വിവിധ ഇനങ്ങളിൽ വ്യത്യസ്തങ്ങളായിരിക്കും.

പേശീഘടന

പേശീവ്യൂഹം പ്രധാനമായും മൂന്നുതരം പേശികളുൾക്കൊള്ളുന്നു; വർത്തുളപേശികൾ (circular muscles),[12] അനുദൈർഘ്യപേശികൾ (longitudinal muscles),[13] തിര്യക് പേശികൾ (oblique muscles). ഇവയുടെ വലിപ്പവും കനവും വ്യത്യസ്തമായിരിക്കും. ഇവ രേഖിതപേശീകോശങ്ങളാൽ (striated muscle cells) [14]നിർമിതമാണ്. സംവേദകാംഗങ്ങൾ (sens organs)[15] പ്രധാനമായും കണ്ണുകൾ, സംവേദക പാപ്പിലകൾ, ഗ്രസനി-സ്വാദേന്ദ്രിയങ്ങൾ, സംതുലനപുടി (statocyst) എന്നിവയാണ്. മൃദുശരീരത്തിന്റെ സ്വരക്ഷയെക്കരുതി മിക്ക അനലിഡുകളിലും വഴുക്കൽ-സ്രവണം (slime-secretion), നാളികൾ, പുനങ്ങൾ, തുരങ്കങ്ങൾ എന്നിവയുടെ നിർമ്മാണം എന്നീ പ്രക്രിയകളെ പ്രേരിപ്പിക്കത്തക്കവിധം ഗ്രന്ഥികോശ (glandular cell) വളർച്ച കൂടുതലായി കാണാറുണ്ട്.

നാഡീവ്യൂഹം

നാഡീവ്യൂഹത്തിന്റെ പ്രധാന ഭാഗം പൃഷ്ഠീയ-മസ്തിഷ്ക-ഗുച്ഛിക (dorsal cerebral ganglion)[16] അഥവാ മസ്തിഷ്കമാണ്. ഇത് പ്രോസ്റ്റോമിയത്തിനുള്ളിലായോ അല്പം പുറകിലായോ കാണപ്പെടുന്നു. ഇതേത്തുടർന്നു ഒന്നോ രണ്ടോ പരിഗ്രസനി സംധായികൾ (circum cesophagial commissures) കാണാം.[17] ഇവ ഒരു അധര-തന്ത്രികാരജ്ജു(ventral nerve cord)വുമായി ബന്ധിച്ചിരിക്കുന്നു.[18] അധര-തന്ത്രികാരജ്ജുവിന് ഓരോ ഖണ്ഡത്തിലും ഗുച്ഛിക(ganglion)കളുണ്ട്.[19]

ചംക്രമണ വ്യൂഹം

ചംക്രമണ വ്യൂഹത്തിൽ രണ്ടു അധരപൃഷ്ഠ-അനുദൈർഘ്യ വാഹികൾ (dorsal and ventral longitudinal vessels) ഉണ്ട്. ഇവയ്ക്ക് പാർശ്വശാഖകളുമുണ്ട്. അധരവാഹികയിൽ രക്തം മുൻപോട്ടും പൃഷ്ഠവാഹികയിൽ പിൻപോട്ടും ഒഴുകുന്നു. ചില അനലിഡുകളിൽ സീലോമിക ദ്രാവകവും രക്തവും തമ്മിൽ വേർപെട്ടു കാണപ്പെടുന്നു. മറ്റു ചിലവയിൽ രക്തവാഹികൾ കാണുന്നില്ല. ഇവയിൽ സീലോമിൽ ആണ് രക്തം കാണപ്പെടുന്നത്. സ്പന്ദിക്കുന്ന വാഹികകളോ ഹൃദയമോ ഒന്നോ അതിലധികമോ ഖണ്ഡങ്ങളിൽ ഉണ്ടാകാറുണ്ട്.

വിസർജന വ്യവസ്ഥ

വിവിധ പരിണാമഘട്ടങ്ങളിലുള്ള വിസർജനേന്ദ്രിയങ്ങളാണ് അനലിഡുകൾക്കുള്ളത്. സാധാരണയായി ജോഡിയായി കാണപ്പെടുന്ന നെഫ്രീഡിയം (Nephridium)[20] എന്ന അവയവമാണുള്ളത്. ഇവ ഖണ്ഡങ്ങൾതോറും കാണപ്പെടുന്നു. സീലിയാമയ കോശങ്ങളോടുകൂടിയ ഇവയുടെ നാളികൾ സീലോമിൽനിന്നും വെളിയിലേക്ക് തുറക്കുന്നു. ചില അനലിഡുകളിൽ ലിംഗകോശങ്ങളുടെ ബഹിർഗമനവും പ്രത്യേകതരം നെഫ്രീഡിയകൾവഴിയാണ്.

പ്രത്യുത്പാദന വ്യൂഹം

മിക്ക അനലിഡുകളിലും ലിംഗഭേദം കണ്ടുവരുന്നു. ഉൾഭിത്തികളിൽനിന്നാണ് ലിംഗകോശങ്ങൾ വളർന്നുവരുന്നത്. അവ സീലോമിനുള്ളിൽവച്ച് പൂർണ വളർച്ച പ്രാപിക്കുന്നു. ഇവയ്ക്ക് ബാഹ്യബീജസങ്കലനമാണുള്ളത്. ഏറിയകൂറും പോളിക്കീറ്റുകളും എല്ലാ ക്ലൈറ്റലേറ്റുകളും ഉഭയലിംഗികൾ (bisexual) ആണ്. മുകുളനം (budding), വിഖണ്ഡനം (fragmentation) തുടങ്ങിയ അലൈംഗിക പ്രത്യുത്പാദനരീതികളും കണ്ടുവരുന്നുണ്ട്.

പുനരുദ്ഭവം

(Regeneration).

നഷ്ടപ്പെട്ട ശരീരഭാഗങ്ങളെ വീണ്ടും വളർത്തിയെടുക്കാനുള്ള കഴിവ് അനലിഡുകൾ പ്രദർശിപ്പിക്കുന്നു.ഞാഞ്ഞൂലുകൾ, കണ്ണട്ടകൾ എന്നിവയിൽ നേരിട്ടുള്ള പരിവർധനം (development) ആണ് നടക്കുന്നത്. നീറിസ്സുകൾ, ആർക്കി അനലിഡുകൾ (Archianneldia)[21] എന്നിവയിൽ സ്വതന്ത്രമായി നീന്തിനടക്കുന്ന ട്രോക്കോഫോർ (Trochophore)[22] ലാർവയെ കണ്ടുവരുന്നു. അനലിഡുകൾ പല വലിപ്പത്തിൽ കാണപ്പെടുന്നു. മണ്ണിരയുടെ ഇനത്തിലെ കീറ്റോഗാസ്റ്ററിന് ഒരു മി.മീ. നീളംവരും. റൈനോഡ്രൈലസ്, മെഗാസ്കോലക്സ് ഓസ്ട്രാലിസ് എന്നിവ 175 സെ.മീ. നീളവും രണ്ട് സെ.മീ. വണ്ണവും വരെ വളരുന്നു. നീറിസ് വർഗത്തിലെ യൂണിസ് ജൈജാൻഷായ്ക്ക് 300 സെ.മീ. വരെ നീളം വരും

വർഗീകരണം

ഫൈലം അനലിഡയെ നാലു വർഗങ്ങളായി തിരിച്ചിരിക്കുന്നു. പാരപ്പോഡിയം (parapodium), ശൂകങ്ങൾ (setae), മെറ്റാമിയറുകൾ എന്നിവയേയും മറ്റു ബാഹ്യസവിശേഷതകളെയും ആധാരമാക്കിയാണ് ഈ വർഗീകരണം നടത്തിയിരിക്കുന്നത്.

വർഗം ഒന്ന്

ഓളിഗോക്കീറ്റ (Oligochaeta). ശരീരത്തിന്റെ ബാഹ്യാന്തർഭാഗങ്ങൾ ഖണ്ഡരൂപത്തിലുള്ളതാണ്. പാരപ്പോഡിയ കാണാറില്ല. ശൂകങ്ങളുടെ എണ്ണം കുറവായിരിക്കും. തല ചെറുതാണ്. ഇവ ഉഭയലിംഗികളാണ്. ലാർവാ ദശ കാണാറില്ല. ഉദാ. ലംബ്രീക്കസ്, റ്റ്യൂബിഫെക്സ്.

വർഗം രണ്ട്

പോളിക്കീറ്റ (Polychaeta). പാരപ്പോഡിയകളും ശൂകങ്ങളുമുള്ള അനലിഡുകൾ. തലയും, തലയിൽ കണ്ണുകൾ, പാല്പുകൾ (palps), ഗ്രാഹികൾ (antennae) എന്നിവയും കാണപ്പെടുന്നു. ശരീരത്തിന്റെ ബാഹ്യാന്തർഭാഗങ്ങൾ ഖണ്ഡനം സംഭവിച്ചവയാണ്. ക്ലൈറ്റല്ലം (clitellum) കാണാറില്ല. ഏകലിംഗാശ്രയികളാണിവ. പരിവർധനഘട്ടത്തിൽ ട്രോക്കോഫോർ ലാർവാ ദശ കാണപ്പെടുന്നു. ഉദാ. കീറ്റോപ്ടെറസ് (Chaetopterus), അരണിക്കോള (Arenicola), അഫ്രോഡൈറ്റ് (Aphrodite).

വർഗം മൂന്ന്

ഹിറുഡീനിയ (Hirudinea). അട്ടകൾ ഉൾപ്പെടുന്ന വർഗം.

വർഗം നാല്

ആർക്കി-അനലിഡ. ഇവയെ ആദി അനലിഡകളായി കരുതുന്നു. ഖണ്ഡനം ആന്തരികഭാഗത്തു മാത്രമേ കാണുന്നുള്ളു, പാരപ്പോഡിയങ്ങളും ശൂകങ്ങളും കാണുന്നില്ല. ഏകലിംഗാശ്രയികളാണ്. ഉദാ. പോളിഗോർഡിയസ് (Polygordius). ഓളിഗോക്കീറ്റയെയും പോളിക്കീറ്റയെയും ചേർത്ത് കീറ്റോപ്പോഡ (Chaetopoda) എന്നും പറയാറുണ്ട്.

ജാതിവൃത്തം

മൊളസ്കുകൾ (Mollusca), എക്കൈനോഡേമുകൾ (Echinoderm) എന്നിവയുടെ മുൻഗാമികൾ അനലിഡുകളായിരുന്നുവെന്നു പരക്കെ സമ്മതിക്കപ്പെടുന്നുണ്ടെങ്കിലും, ഇവയുടെ പൂർവികർ ആരാണെന്ന് വ്യക്തമല്ല. ജീവാശ്മീയ (palaeontological) തെളിവുകൾ ഒട്ടുംതന്നെ ഇക്കാര്യത്തിൽ ലഭ്യമല്ല.

അനലിഡുകളുടെ മുൻതലമുറയെപ്പറ്റി പ്രധാനമായും രണ്ടു സിദ്ധാന്തങ്ങളാണുള്ളത്: ട്രോക്കോഫോർ സിദ്ധാന്തവും (Trocho phore theory) ടർബലേറിയൻ സിദ്ധാന്തവും (Turbellarian theory). ആദ്യത്തെ സിദ്ധാന്തം അനുസരിച്ച് അനലിഡുകൾ ട്രോക്കോഫോർസമരായ പൂർവികരിൽ നിന്നും ഉദ്ഭവിച്ചതാണെന്ന് അനുമാനിക്കപ്പെടുന്നു. ഒരു പ്രത്യേക പൂർവജീവിയുടെ അഭാവത്തിൽ ട്രോക്കോസൂൺ (Trochozoon) എന്ന ഭാവനാ ജീവിയെ ഇവയുടെ പൂർവികനായി കരുതുന്നു. ഇതിന് പോളിഗോർഡിയസിന്റെ ലാർവയുമായി നല്ല സാമ്യമുള്ളതായി പറയപ്പെടുന്നതിനാൽ, ട്രോക്കോഫോർ ലാർവയുള്ള ജീവികളുടെയെല്ലാം മുൻഗാമിയായി ഇതിനെ ഗണിക്കുന്നു. എന്നാൽ മറ്റു ചില ശാസ്ത്രജ്ഞർ ട്രോക്കോസൂൺ, ടീനോഫോർ (ctenophore) പോലെയുള്ള പൂർവികരിൽനിന്നും ഉദ്ഭവിച്ചതായി കരുതുന്നു.

ടർബലേറിയൻ സിദ്ധാന്തമാകട്ടെ, ഇവ ടർബലേറിയ പോലെയുള്ളവയിൽനിന്നും ഉണ്ടായതായി കണക്കാക്കുന്നു. ഇവയിലെ സർപ്പിള വിദളനം (spiral cleavage) ഇതിനൊരു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ ടർബലേറിയയുടെ ഭ്രൂണവളർച്ചയുടെ പല വിശദാംശങ്ങളും, ലാർവകളും അനലിഡുകളുടേതുമായി സാമ്യം വഹിക്കുന്നു. മറ്റു പല ദേഹാവയവങ്ങളുടെ (നാഡീവ്യൂഹം, ആദിവൃക്ക, ലാർവയുടെ ഘടന) രീതിയിലെല്ലാം തന്നെ ഐകരൂപ്യം കാണാം. ഈ തെളിവുകളെല്ലാം ടർബലേറിയൻ സിദ്ധാന്തത്തിന് പിൻബലം നൽകുന്നു.

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനലിഡ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.