അഗമെ‌മ്‌നൺ

ഹോമറുടെ ഇലിയഡിൽ പരാമൃഷ്ടനായ മൈസീനിയൻ രാജാവാണ് അഗമെമ്‌‌നൺ. ആട്രിയസ്, ഏറോപ്പ് എന്നിവരുടെ പുത്രനാണ് അഗമെമ്നൺ. ആട്രിയസിന്റെ മരണശേഷം അഗമെമ്നൺ സഹോദരനായ മെനിലാസിനോടൊപ്പം സ്പാർട്ടയിലെ രാജാവായ ടിന്റാരിയസിന്റെ രക്ഷാകർതൃത്വം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ പുത്രിമാരായ ക്ലിറ്റംനെസ്ട്രാ, ഹെലൻ എന്നിവരെ അവർ യഥാക്രമം വിവാഹം കഴിക്കുകയും ചെയ്തു. അഗമെമ്നണ് മൂന്നു പെൺമക്കളും ഒറെസ്റ്റസ് എന്നൊരു പുത്രനും ഉണ്ടായി.

അഗമെ‌മ്‌നണിന്റെ മുഖം‌‌മൂടി

ടിന്റാരിയസിന്റെ കാലശേഷം മെനിലാസ് സ്പാർട്ടയിലെ രാജാവാകുകയും അഗമെമ്നൺ സ്വന്തം സഹോദരന്റെ സഹായത്തോടെ മൈസീനിയായിൽനിന്ന് ശത്രുക്കളെ തുരത്തി ആധിപത്യം ഭദ്രമാക്കുകയും ചെയ്തു. പരാക്രമശാലിയായിരുന്ന അഗമെമ്നൺ രാജ്യവിസ്തൃതി വർദ്ധിപ്പിച്ച് ഗ്രീസിലെ ഏറ്റവും പ്രബലനായ രാജാവായി.

പ്രിയാമിന്റെ പുത്രനായ പാരിസ് (അലക്സാണ്ട്രസ്) മെനിലാസ്സിന്റെ ഭാര്യയായ ഹെലനെ അപഹരിച്ചുകൊണ്ടുപോയതിനെ തുടർന്ന് പ്രതികാരോദ്യുക്തനായ അഗമെമ്നൺ മറ്റു രാജാക്കൻമാരെ സംഘടിപ്പിച്ച് ട്രോയിയിലേക്കു പടനയിച്ചപ്പോൾ ആർടെമിസ് ദേവതയുടെ അപ്രീതിയാൽ യാത്രയ്ക്കു തടസ്സം നേരിട്ടു; അഗമെമ്നൺ തന്റെ മകളായ ഇഫിജിനിയയെ ബലികൊടുത്ത് വിഘ്നങ്ങൾ തീർക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ ഈ നരബലി നടക്കുന്നതിനു മുൻപ് ആർടെമിസ് ഇഫിജിനിയയെ ഒരു മേഘത്തിൽ വഹിച്ചുകൊണ്ട് അപ്രത്യക്ഷയായി.

ട്രോജൻ യുദ്ധം അവസാനിച്ചശേഷം നേട്ടങ്ങൾ പങ്കുവച്ച കൂട്ടത്തിൽ പ്രയാമിന്റെ മകളായ കസാൻഡ്രയെ അഗമെമ്നണ് കിട്ടി. അഗമെമ്നണിന്റെ ഭാര്യയെ തട്ടിയെടുത്ത ഏയ്ജിസ്തസ്, ഇദ്ദേഹത്തിന്റെ തിരിച്ചുവരവിനോട് അനുബന്ധിച്ച് ഒരു സദ്യ ഒരുക്കുകയും അവിടെവച്ച് ഇദ്ദേഹത്തെ ചതിച്ച് കൊല്ലുകയും ചെയ്തതായി ഹോമർ പറയുന്നു. എന്നാൽ ഈസ്കിലെസ് എഴുതിയിരിക്കുന്നത് അഗമെമ്നണിന്റെ ഭാര്യയായ ക്ലിറ്റംനെസ്ട്രാ തന്നെയാണ് അദ്ദേഹത്തെ ചതിയിൽ കുത്തിക്കൊന്നതെന്നാണ്.

ഒറെസ്റ്റസ് ഇതിന് പ്രതികാരമായി തന്റെ അമ്മയെയും ജാരനായ ഏയ്ജിസ്തസിനെയും വധിച്ചു.

ഗ്രീസിലെ ഒരു ചരിത്രപുരുഷനായിരുന്ന അഗമെമ്നണെ ഹെലനിസ്റ്റിക് കാലഘട്ടത്തിൽ സിയൂസ് അഗമെമ്നൺ എന്ന പേരിൽ സ്പാർട്ടയിലെ ജനങ്ങൾ ആരാധിച്ചിരുന്നു. അഗമെമ്നണിന്റെ ജീവിതകഥയെ ആധാരമാക്കിയുളള പല പ്രാചീന യവനനാടകങ്ങളും കാണാം. അവയിൽ ഏറ്റവും ഉത്കൃഷ്ടമായത് ഈസ്കിലസിന്റെ ഓറസ്റ്റിയാ നാടകത്രയത്തിൽപെട്ട അഗമെമ്നൺ ആണ്.

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗമെ‌മ്‌നൺ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.