ഹൈപ്പോതലാമസ്

മസ്തിഷ്കത്തിൽ ഡയൻസെഫലോൺ എന്ന ഭാഗത്തുള്ള നാഡീയവും അന്തഃസ്രാവീയവുമായ ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഭാഗമാണ് ഹൈപ്പോതലാമസ്. ഇതിലുള്ള നാഡീകോശങ്ങളുടെ കോശശരീരഭാഗങ്ങൾ ചേർന്നുണ്ടാകുന്ന മർമ്മങ്ങൾ (ന്യൂക്ലിയസ്സുകൾ) ആണ് പെരുമാറ്റപരവും വൈകാരികപരവുമായ ശാരീരികപ്രവർത്തനങ്ങളുടെ നിയന്ത്രണത്തിൽ പങ്കെടുക്കുന്നത്. നാഡീവ്യവസ്ഥയെ പീയൂഷഗ്രന്ഥി വഴി അന്തഃസ്രാവി വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്ന മുഖ്യധർമ്മമാണ് ഇവ നിർവ്വഹിക്കുന്നത്. ശരീരതാപനില, ജലസംതുലനം, രക്തസംവഹന പ്രക്രിയ, മുലപ്പാൽ സ്രവണം, ഗർഭാശയഭിത്തി സങ്കോചം എന്നിവയിലെല്ലാം നിയതധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഹൈപ്പോതലാമസ് ശരീരത്തിൽ മറ്റെല്ലാ അന്തഃസ്രാവി ഗ്രന്ഥികളുടേയും പ്രവർത്തനത്തിൽ അതിശ്രദ്ധേയമായ നിയന്ത്രണം നിർവ്വഹിക്കുന്നു. മസ്തിഷ്കപിണ്ഡത്തിന്റെ കേവലം ഒരു ശതമാനത്തിൽ താഴെ മാത്രം വരുന്ന[1] ഈ ഭാഗത്തെ നിരവധി ന്യൂക്ലിയസ്സുകളുടേയും നാഡീതന്തുക്കളുടേയും ധർമ്മങ്ങൾ ഇനിയും അനാവരണം ചെയ്യപ്പെട്ടിട്ടില്ല.[2]

Brain: ഹൈപ്പോതലാമസ്
മനുഷ്യനിൽ ഹൈപ്പോതലാമസ്സിന്റെ സ്ഥാനം
Diencephalon
Latin hypothalamus
Gray's subject #189 812
NeuroNames hier-358
MeSH Hypothalamus
NeuroLex ID birnlex_734

സ്ഥാനം

ഡയൻസെഫലോൺ എന്ന മസ്തിഷ്കഭാഗത്തിന് തൊട്ടുതാഴെയായി തേർഡ് വെൻട്രിക്കിളിന് ഇരുവശത്തുമായി, ഓപ്റ്റിക് കയാസത്തിന്റെ (Optic chiasm) അഗ്രത്തുനിന്നും മാമില്ലറി ബോഡികളുടെ വാലറ്റം വരെ ഇത് വ്യാപിച്ചിരിക്കുന്നു. മസ്തിഷ്കകാണ്ഡത്തിനു മുകളിൽ തലാമസ്സിന് തൊട്ടുതാഴെയായി ഈ ഭാഗം കാണപ്പെടുന്നു. സ്ഫീനോയിഡ് അസ്ഥിയുടെ സെല്ലാ ടർസിക്ക എന്ന കുഴിയിൽ സ്ഫീനോയിഡ് സൈനസ്സിന് പിന്നിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. [3]

ഘടന

പത്തുഗ്രാമോളം ഭാരമുള്ള [4] ഹൈപ്പോതലാമസ്സിന് 1-1.5 സെന്റീമീറ്റർ വ്യാസമുണ്ട്.[5]ഹൈപ്പോതലാമസ് ഇതിനുതാഴെയുള്ള പീയൂഷഗ്രന്ഥിയുമായി ഇൻഫൻഡിബുലം അഥവാ പിറ്റ്യൂട്ടറി സ്റ്റാക്ക് (Pituitary stalk) വഴി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മസ്തിഷ്കത്തിലെ ലിംബിക് സിസ്റ്റം എന്ന ഭാഗത്തിന്റെ വിവിധതലങ്ങളെ ഇരുദിശകളിലും പരസ്പരം ബന്ധപ്പെടുത്തുന്ന നാഡീയപാതയുണ്ട്. ഇതിനായി താഴെപ്പറയുന്ന മൂന്നുദിശകളിൽ നാഡീയആവേഗങ്ങളെ ഇവ അയയ്ക്കുന്നുണ്ട്.[6]

  1. * ബ്രെയിൻ സ്റ്റെം(മസ്തിഷ്ക ദണ്ഡ്) എന്ന ഭാഗത്തേയ്ക്ക് ഹൈപ്പോതലാമസ്സിൽ നിന്നും താഴേക്കും പിന്നിലേയ്ക്കുമായി മീസൻസെഫലോണിന്റെ റെട്ടിക്കുലാർ ഭാഗത്തേയ്ക്കും പോൺസിലേയ്ക്കും മെഡുല്ലയിലേയ്ക്കും അവിടെനിന്നും സ്വതന്ത്രനാഡീവ്യവസ്ഥയിലെ പെരിഫെറൽ നാഡികളിലേയ്ക്കും.
  2. * ഹൈപ്പോതലാമസ്സിൽ നിന്നും മുകളിലേയക്ക് ഡയൻസെഫലോണിന്റേയും സെറിബ്രത്തിന്റേയും ഉയർന്ന ഏരിയകളിലേയ്ക്ക്- പ്രധാനമായും ആന്റീരിയർ തലാമസ്സിലേയ്ക്കും സെറിബ്രൽ കോർട്ടക്സിന്റെ ലിംബിക് ഭാഗത്തേയ്ക്കും.
  3. * പീയൂഷഗ്രന്ഥിയുടെ സ്രവണത്തെ നിയന്ത്രിക്കുന്നതിന് അതിന്റെ പിൻ- മുൻദളങ്ങളിലേയ്ക്ക് ഹൈപ്പോതലാമിക് ഇൻഫൻഡിബുലം വഴി.

ന്യൂക്ലിയസ്സുകൾ

ഹൈപ്പോതലാമസ്സിൽ നാഡീകോശങ്ങൾ അഥവാ ന്യൂറോണുകളുടെ കോശശരീരഭാഗം ഒരു ആവരണത്താൽ പൊതിഞ്ഞ് ഗോളാകൃതിയിലോ മറ്റോ സൂക്ഷിക്കുന്നതാണ് ന്യൂക്ലിയസ്സുകൾ. നാഡീയമായും അന്തഃസ്രാവീയമായും ഇവയ്ക്ക് പ്രവർത്തനവൈദഗ്ദ്ധ്യമുണ്ട്. ഹൈപ്പോതലാമസ്സിൽ പതിനൊന്നിലധികം ന്യൂക്ലിയസ്സുകളുണ്ട്.[7] ഹൈപ്പോതലാമസ്സിൽ ഇവ കാണപ്പെടുന്ന പ്രധാന ഭാഗത്തിനും (Region) സൂക്ഷ്മഭാഗത്തിനും (Area) അനുസരിച്ചാണ് ഇവയ്ക്ക് നാമകരണം ചെയ്യാറുള്ളത്.

കുരങ്ങുകളിൽ ദ്രവം നിറഞ്ഞ മൂന്നാം വെൻട്രിക്കിളുകൾക്കിരുവശത്തുമുള്ള രണ്ടു ഹൈപ്പോതലാമിക് ന്യൂക്ലിയസ്സുകൾ കാണിക്കുന്ന ചിത്രം
ഹൈപ്പോതലാമിക് ന്യൂക്ലിയസ്സുകൾ
ഹൈപ്പോതലാമസ്സിന്റെ ഒരു വശത്തുള്ള ന്യൂക്ലിയസ്സുകൾ കമ്പ്യൂട്ടർ 3D സാങ്കേതികതയിലൂടെ പുനഃസൃഷ്ടിച്ചത്

ഹൈപ്പോതലാമിക് ന്യൂക്ലിയസ്സുകൾ താഴെത്തന്നിരിക്കുന്നു:[8][9][10]

പ്രധാന ഭാഗം സൂക്ഷ്മഭാഗം മർമ്മം(ന്യൂക്ലിയസ്സുകൾ) ധർമ്മം[11]
ആന്റീരിയർ (Anterior) മീഡിയൽ (Medial) മീഡിയൽ പ്രീഓപ്റ്റിക് ന്യൂക്ലിയസ്
  • അഡിനോപൈപ്പോഫൈസിസിൽ നിന്ന് ഗൊണാഡോട്രോപ്പിക് ഹോർമോണിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുന്നു.
  • sexually dimorphic nucleus ഗൊണാഡോട്രോപ്പിൻ റിലീസിംഗ് ഹോർമോണിനെ(GnRH) ഉത്പാദിപ്പിക്കുന്നു.
സുപ്രാ ഓപ്റ്റിക് ന്യൂക്ലിയസ്സ് (SO)
  • ഓക്സിട്ടോസിൻ സ്രവണം
  • വാസോപ്രസ്സിൻ സ്രവണം
പാരാവെൻ‌ട്രിക്കുലാർ ന്യൂക്ലിയസ്സ്* (PV)
  • കോർട്ടിക്കോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ സ്രവണം
  • ഓക്സിട്ടോസിൻ സ്രവണം
  • വാസോപ്രസ്സിൻ സ്രവണം[12]
ആന്റീരിയർ ഹൈപ്പോതലാമിക് ന്യൂക്ലിയസ്സ്(AH)
  • ഊഷ്മനിലപാലനം
  • പാന്റിംഗ്
  • വിയർക്കൽ
  • തൈറോട്രോപ്പിൻ തടയൽ
സുപ്രാകയാസ്മാറ്റിക് ന്യൂക്ലിയസ്സ് (SC)
  • വാസോപ്രസ്സിൻ സ്രവണം
  • സർക്കാർഡിയൻ റിഥം
Lateralലാറ്റിറൽ പ്രീഓപ്റ്റിക് ന്യൂക്ലിയസ്സ്
ലാറ്റിറൽ ന്യൂക്ലിയസ്സ് (LT)
സുപ്രാഓപ്റ്റിക് മർമ്മത്തിന്റെ ഭാഗം (SO)
  • വാസോപ്രസ്സിൻ സ്രവണം
ട്യൂബെറൽ(Tuberal) മീഡിയൽ(Medial) ഡോർസോമീഡിയൽ ഹൈപ്പോതലാമിക് ന്യൂക്ലിയസ്സ്(DM)
വെൻട്രോമീഡിയൽ സൾസസ് (VM)
  • സംതൃപ്തി
  • നാഡീയ-അന്തഃസ്രാവീയ നിയന്ത്രണം
അക്രുവേറ്റ് ന്യൂക്ലിയസ്സ് (AR)
  • വളർച്ചാ ഹോർമോൺ സ്രവണഹോർമോൺ (GHRH)
  • ഭക്ഷണം കഴിക്കൽ
  • ഡോപ്പാമിൻ
Lateralലാറ്റിറൽ ന്യൂക്ലിയസ്സ് (LT)
  • വിശപ്പും ദാഹവും
ലാറ്റിറൽ ട്യൂബെറൽ ന്യൂക്ലിയൈ
പോസ്റ്റീരിയർ (Posterior) മീഡിയൽ (Medial) മാമില്ലറി ന്യൂക്ലിയസ്സ് (മാമില്ലറി ബോഡിയുടെ ഭാഗം) (MB)
പോസ്റ്റീരിയർ ന്യൂക്ലിയസ്സ് (PN)
ലാറ്റിറൽലാറ്റിറൽ ന്യൂക്ലിയസ്സ് (LT)
  • - നോട്ട്: പാരാവെൻട്രിക്കുലാർ ന്യൂക്ലിയസ്സിനെ പെരിവെൻട്രിക്കുലാർ ന്യൂക്ലിയസ്സുമായി വേർതിരിയരുത്.

ലിംബിക് സിസ്റ്റവുമായുള്ള ബന്ധം

ജന്തുക്കളിൽ സ്വയംഭൂതപെരുമാറ്റം, ഉത്തേജനം, വികാരം എന്നിവയെ രൂപപ്പെടുത്തുന്ന കോർട്ടിക്കൽ, സബ്കോർട്ടിക്കൽ ഘടനകൾ ചേർന്ന ഭാഗമാണ് ലിംബിക് സിസ്റ്റം. വൈകാരികപെരുമാറ്റത്തെ പാപ്പസ് പരിപഥം (Papez circuit) വഴി ഹൈപ്പോതലാമസുമായി ബന്ധപ്പെട്ട് നിയന്ത്രിക്കുകയാണ് ഇതിന്റെ സുപ്രധാനധർമ്മം. ഹൈപ്പോതലാമസിലെ മാമില്ലറി ബോഡികളാണ് ഇവയെ പരസ്പരം ബന്ധപ്പെടുത്തുന്നത്. സിംഗുലേറ്റ് ഗൈറസിൽ നിന്നും എൻഡോറൈനൽ കോർട്ടക്സും ഹിപ്പോകാമ്പസും വഴി സഞ്ചരിക്കുന്ന സന്ദേശങ്ങൾ ഹൈപ്പോതലാമസിലെ മാമില്ലറി ബോഡിയിലേയ്ക്കെത്തുന്നു. മാമില്ലോതലാമിക് ട്രാക്ട് മാമില്ലറി ബോഡിയെ മുന്നിലുള്ള തലാമിക് ന്യൂക്ലിയസ്സുമായി ബന്ധിപ്പിക്കുന്നു. ഭയം (Fear), ആക്രമണോത്സുകത(Rage), വ്യസനം(Grief), സന്തോഷം(Delight) എന്നീ നാല് പ്രത്യക്ഷപെരുമാറ്റപ്രക്രിയകളാണ് വൈകാരികഭാവത്തെ വെളിപ്പെടുത്തുന്നത്. ഇതുകൂടാതെ ഹൈപ്പോതലാമസിലാണ് വിശപ്പും ദാഹവും അറിയിക്കുന്നതിനുള്ള നാഡീയ സന്ദേശങ്ങൾ രൂപപ്പെടുന്നത്. ഭക്ഷണവും വെള്ളവും ഉപയോഗിച്ച ശേഷം സംതൃപ്താവസ്ഥയിലേയ്ക്ക് പോകുന്നത് ലിംബിക് സിസ്റ്റത്തിലെ കോർട്ടക്സിന്റെ പ്രവർത്തനഫലമായാണ്. ഹിപ്പോകാമ്പസ്, ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി, ഗൊണാഡുകൾ എന്നിവയിലൂടെ പോസിറ്റീവ് ഫീഡ്ബാക്ക് വഴിയും അമിഗ്ഡാല, ഹൈപ്പോതലാമസ്, പിറ്റ്യൂട്ടറി, ഗൊണാഡുകൾ എന്നിവയിലൂടെ നെഗറ്റീവ് ഫീഡ്ബാക്കും സൃഷ്ടിക്കുന്നതുവഴി ലൈംഗികപെരുമാറ്റത്തെയും ലിംബിക് സിസ്റ്റം സ്വാധീനിക്കുന്നു.

ധർമ്മം

ഊഷ്മനില പാലനം

ഹൈപ്പോതലാമസിലെ ഊഷ്മനിയന്ത്രണ കേന്ദ്രങ്ങളാണ് ശരീരോഷ്മാവ് നിയന്ത്രിക്കുന്നത്. ഹൈപ്പോതലാമസിന്റെ മുൻഭാഗം, പ്രീ ഓപ്റ്റിക് ഏരിയ എന്ന മുഖ്യഭാഗം, ശരീരത്തിലെ ഊഷ്മാവിനെ നിയന്ത്രിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്നു. ഇതിലൂടെ ഒഴുകുന്ന രക്തത്തിലെ ചൂട് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന ടെംപറേച്ചർ സെൻസിറ്റീവ് ന്യൂറോണുകൾ (heat an cold sensitive neurons)രക്തത്തിലെ ഊഷ്മനില കുറയുന്നതിനനുസരിച്ച് പ്രവർത്തനം കുറയ്ക്കുകയും ഊഷ്മനില കൂടുന്നതിനനുസരിച്ച് പ്രവർത്തനം ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഏകദേശം 10 ഡിഗ്രി ഊഷ്മവ്യത്യാസം ശരീരത്തിൽ കൂടിയാലുടൻ താപഗ്രാഹികളായ നാഡീകോശങ്ങൾ 2 മുതൽ 10 വരെ ഇരട്ടി ആവേഗപ്രസരണം സാധ്യമാക്കുന്നു. ഈ പ്രീ ഓപ്റ്റിക് ഭാഗത്ത് ഊഷ്മാവ് വർദ്ധിച്ചാൽ ശരീരം മുഴുവൻ വിയർപ്പുണ്ടാകുന്നു. ശരീരത്തിൽ ത്വക്കിനോടടുത്ത രക്തക്കുഴലുകളുടെ വ്യാസം വർദ്ധിക്കുന്നു. ഇതുവഴി ത്വക്കിലൂടെയുള്ള താപനഷ്ടം കൂടുകയും ശരീരോഷ്മാവ് പൂർവ്വസ്ഥിതിയിലെത്തുകയും ചെയ്യുന്നു. ഹൈപ്പോതലാമസിന്റെ പോസ്റ്റീരിയർ ഭാഗത്തുള്ള നാഡീയഭാഗം ശരീരത്തിലെ താപോത്പാദനപ്രക്രിയയേയും താപസംരക്ഷണപ്രക്രിയയേയും നിയന്ത്രിക്കുന്നു.

ജലപുനരാഗിരണവും ജലസംതുലനവും

ഹൈപ്പോതലാമസിന്റെ വശങ്ങളിൽ കാണപ്പെടുന്ന തേസ്റ്റ് സെന്റർ (Thirst center) ഇലക്ട്രോലൈറ്റുകൾ അടങ്ങിയ അവയിലെതന്നെ ദ്രാവകങ്ങളിലേയോ അവയോടടുത്ത ഭാഗങ്ങളിലെ ദ്രാവകങ്ങളിലേയോ ഗാഢതാവ്യത്യാസം തിരിച്ചറിയുന്നു. ഗാഢത കൂടുന്നതിനനുസരിച്ച് വെള്ളം കുടിക്കുന്നതിനുള്ള അദമ്യമായ ആഗ്രഹം സൃഷ്ടിക്കുന്നു. ഇത് ശരീരത്തിലെ ജലാംശം കൂട്ടുന്നതിന് കാരണമാകുന്നു. ഹൈപ്പോതലാമസ്സിലെ സുപ്രാ ഓപ്റ്റിക് ന്യൂക്ലിയസ്സ് ശരീരദ്രവങ്ങളുടെ ഗാഢത വർദ്ധിക്കുന്നതനുസരിച്ച് ഉത്തേജിപ്പിക്കപ്പെടുകയും ആവേഗങ്ങൾ രൂപപ്പെട്ട് അവ ഹൈപ്പോതലാമസ്സിലൂടെ പോസ്റ്റീരിയർ പിറ്റ്യൂട്ടറിയിലെത്തി വാസോപ്രസ്സിൻ എന്ന ആന്റി ഡൈയൂററ്റിക് ഹോർമോണിനെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഈ ഹോർമോൺ വൃക്കകളിലെ നെഫ്രോണുകളിലെ ശേഖരണനാളികളിലെത്തി ജലപുനരാഗിരണതോത് വർദ്ധിപ്പിക്കുന്നു.

സർക്കാർഡിയൻ റിഥം നിയന്ത്രണം

ഹൈപ്പോതലാമസ്സിന് ജൈവഘടികാരമായി പ്രവർത്തിക്കുന്നതിനുള്ള കഴിവുണ്ട്. 24 മണിക്കൂറിനുള്ളിൽ താളാത്മകമായി ആവർത്തിക്കപ്പെടുന്ന പ്രവർത്തനങ്ങൾ ശരീരത്തിലെ മിക്ക കലകളും അവയവങ്ങളും കാണിക്കുന്നുണ്ട്. ഇതാണ് സർക്കാർഡിയൻ റിഥം. ഉറക്കം, ഉണർന്നെഴീക്കൽ, മെലട്ടോണിന്റെ ഉത്പാദനം, ശരീരോഷ്മാവിന്റെ മാറ്റം, അഡ്രീനോകോർട്ടിക്കൽ പ്രവർത്തനം എന്നിവയൊക്കെ സുപ്രാകയാസ്മാറ്റിക് ന്യൂക്ലിയസ്സ്, റെറ്റിനോഹൈപ്പോതലാമിക് ട്രാക്ട് എന്നിവയുടെ പ്രവർത്തനത്താൽ നടക്കുന്നതാണ്.

അന്തഃസ്രാവീയധർമ്മങ്ങൾ

നാഡീയപരമായ ധർമ്മങ്ങൾ നിർവ്വഹിക്കുന്നതുകൂടാതെ നിയതമായി മറ്റ് അന്തഃസ്രാവിഗ്രന്ഥികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്നതിന് ഹൈപ്പോതലാമസ്സിന് കഴിവുണ്ട്. ഹൈപ്പോതലാമോ- ഹൈപ്പോഫൈസിയൽ പോർട്ടൽ സിസ്റ്റം എന്ന രക്തസംവഹന സംവിധാനം വഴിയും ന്യൂറോണുകൾ വഴിയും മിക്ക ഹോർമോണുകളും പീയൂഷഗ്രന്ഥിയിലെത്തുന്നു. ഹൈപ്പോതലാമസ്സിന്റെ രണ്ടുഹോർമോണുകളായ ഓക്സിട്ടോസിനും വാസോപ്രസ്സിനും ന്യറോണുകൾ വഴി പീയൂഷഗ്രന്ഥിയുടെ പിൻദളത്തിലേയ്ക്ക് എത്തി അവിടെ ശേഖരിക്കപ്പെടുന്നു. പ്രധാന ഹോർമോണുകൾ താഴെക്കൊടുത്തിരിക്കുന്നു.

ഹോർമോൺAbbreviationഉദ്പിദിപ്പിക്കുന്നത്ഫലം
തൈറോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ
(പ്രോലാക്ടിൻ റിലീസിംഗ് ഹോർമോൺ)
TRH, TRF, അഥവാ PRHപാർവോസെല്ലുലാർ ന്യൂറോസെക്രീറ്ററി ന്യൂറോൺപിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും സ്രവിക്കുന്ന തൈറോയിഡ് സ്റ്റിമുലേറ്റിംഗ് ഹോർമോണിനെ ഉത്തേജിപ്പിക്കുന്നു (TSH)
തൈറോയിഡ് സ്റ്റിമുലേറ്റിംഗ് ഹോർമോണിനെ (TSH) ഉത്തേജിപ്പിക്കുന്നു.
പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും പ്രോലാക്ടിൻ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.
ഡോപ്പാമിൻ
(പ്രോലാക്ടിൻ ഇൻഹിബിറ്റിംഗ് ഹോർമോൺ)
DA അഥവാ PIHആർക്യുവേറ്റ് ന്യൂക്ലിയസ്സിലെ ഡോപ്പാമിൻ ന്യൂറോണുകൾപിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും പ്രോലാക്ടിന്റെ ഉത്പാദനത്തെ തടയുന്നു.
വളർച്ചാ ഹോർമോൺ റിലീസിംഗ് ഹോർമോൺ GHRHആർക്യുവേറ്റ് ന്യൂക്ലിയസ്സിലെ ന്യൂറോഎൻഡോക്രൈൻ ന്യൂറോണുകൾപിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും വളർച്ചാ ഹോർമോൺ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.
സൊമാറ്റോസ്റ്റാറ്റിൻ
(വളർച്ചാ ഹോർമോൺ മന്ദീകരണ ഹോർമോൺ)
SS, GHIH, അഥവാ SRIFപെരിവെൻട്രിക്കുലാർ ന്യൂക്ലിയസ്സിലെ ന്യൂറോഎൻഡോക്രൈൻ ന്യൂറോണുകൾപിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും വളർച്ചാ ഹോർമോൺ ഉത്പാദനത്തെ തടയുന്നു.
പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും TSH ഉത്പാദനത്തെ തടയുന്നു.
ഗൊണാഡോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ GnRH അഥവാ LHRHപ്രീഓപ്റ്റിക് ഏരിയയിലെ ന്യൂറോഎൻഡോക്രൈൻ ന്യൂറോണുകൾപിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ഫോളിക്കിൾ സ്റ്റിമുലേറ്റിംഗ് ഹോർമോണിന്റെ (FSH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.
പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും ല്യൂട്ടിനൈസിംഗ് ഹോർമോണിന്റെ (LH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.
കോർട്ടിക്കോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ CRH അഥവാ CRFഹൈപ്പോതലാമസ്സിലെ പാരാവെൻട്രിക്കുലാർ ന്യൂക്ലിയസ്സ്പിറ്റ്യൂട്ടറിയുടെ മുൻദളത്തിൽ നിന്നും അഡ്രീനോകോർട്ടിക്കോട്രോപ്പിക് ഹോർമോൺ (ACTH) ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.
ഓക്സിട്ടോസിൻ മാഗ്നോസെല്ലുലാർ ന്യൂറോസെക്രീറ്ററി കോശങ്ങൾഗർഭാശയ സങ്കോചം
മുലപ്പാൽ നൽകൽ
വാസോപ്രസ്സിൻ
(ആന്റിഡൈയൂററ്റിക് ഹോർമോൺ- ADH)
ADH അഥവാ AVPമാഗ്നോസെല്ലുലാർ ന്യൂറോസെക്രീറ്ററി കോശങ്ങൾവൃക്കകളിലെ നെഫ്രോണുകളുടെ ശേഖരണനാളി, ഡിസ്റ്റൽ നാളി എന്നിവിടങ്ങളിൽ ജലപുനരാഗിരണം നടത്തി മൂത്രഗാഢത വർദ്ധിപ്പിക്കുന്നു.

രക്തസംവഹനത്തിലുള്ള പങ്ക്

ഹൈപ്പോതലാമസ്സിലെ പോസ്റ്റീരിയർ, ലാറ്റിറൽ ഭാഗങ്ങളെ ഉത്തേജിപ്പിക്കുക വഴി ഉയർന്ന ധമനീമർദ്ദം, ഹൃദയസ്പന്ദനനിരക്ക് എന്നിവ സാദ്ധ്യമാകുന്നു. പ്രീ ഓപ്റ്റിക് ഏരിയയുടെ ഉത്തേജനം ഈ നിരക്കുകൾ താഴ്ത്തുന്നു. പോൺസിലും മെഡുല്ലയിലുമുള്ള റെട്ടിക്കുലാർ ഭാഗങ്ങളിലൂടെയാണ് ഇതിനാവശ്യമായ ആവേഗങ്ങൾ കടന്നുപോകുന്നത്.

ആഹാരമെടുക്കലിലുള്ള പങ്ക്

ലാറ്റിറൽ ഹൈപ്പോതലാമിക് ഏരിയയിൽ ഒരു ഫീഡിംഗ് കേന്ദ്രവും(Feeding center) വെൻട്രോമീഡിയൽ ന്യൂക്ലിയസ്സിൽ ഒരു സറ്റൈറ്റി (സംതൃപ്തി) (Satiety center) കേന്ദ്രവുമുണ്ട്. ഫീഡിംഗ് കേന്ദ്രത്തിന്റെ ഉത്തേജനം ആഹാരസ്വീകരണത്തിനും സറ്റൈറ്റി കേന്ദ്രത്തിന്റെ ഉത്തേജനം ആഹാരംകഴിക്കൽ അവസാനിപ്പിക്കുന്നതിനും പ്രചോദനം നൽകുന്നു.

ലൈംഗികപെരുമാറ്റങ്ങളിലുള്ള പങ്ക്

ലൈംഗികാവയവങ്ങളിൽ കാണപ്പെടുന്ന ഹോർമോണുകൾ - ആൻഡ്രോജനും ഈസ്ട്രോജനും മറ്റുള്ളവയം- പീയൂഷഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഗൊണാഡോട്രോപ്പിക് ഹോർമോണിന്റെ നിയന്ത്രണത്തിലാണ്. എന്നാൽ ഈ ഗ്രന്ഥി ഹൈപ്പോതലാമസ്സിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്.

വൈകാരിക പെരുമാറ്റത്തിലുള്ള പങ്ക്

സിംപതറ്റികവും പാരാസിംപതറ്റികവുമായ നാഡീയ പ്രവർത്തനങ്ങളിലൂടെയാണ് പെരുമാറ്റപ്രക്രിയ നിയന്ത്രിക്കപ്പെടുന്നത്. ഇതിന് ലിംബിക് സിസ്റ്റവുമായി അഭേദ്യബന്ധമുണ്ട്. (ലിംബിക് സിസ്റ്റവുമായുള്ള ബന്ധം നോക്കുക.)

പ്രവർത്തനവൈകല്യം

ഹൈപ്പോതലാമസിന്റെ പ്രവർത്തനത്തിലെ വൈകല്യം നിമിത്തം നിരവധി രോഗാതുരതകൾ ഉണ്ടാകാം. മൂത്രത്തിലൂടെ ധാരാളം ജലം നഷ്ടപ്പെടുന്ന അവസ്ഥയായ ഡയബറ്റീസ് ഇൻസിപ്പിഡസ് വാസോപ്രസിന്റെ അളവ് കുറയുന്നതുമൂലമുണ്ടാകുന്നതാണ്. ശരീരോഷ്മാവിന്റെ കടുത്ത കുറയലാണ് ഹൈപ്പോതേർമിയ. പകൽസമയങ്ങളിൽ ഉറങ്ങുന്നതിന് അദമ്യമായ ആഗ്രഹം ഉണ്ടാകുന്നത് നാർകോലെപ്സി എന്നറിയപ്പെടുന്നു. ഭയവും ദേഷ്യവുമുണ്ടാകുമ്പോൾ ശരീരം ദുർബലമായി വ്യക്തി വീണുപോകുന്ന അവസ്ഥയാണ് കാറ്റാപ്ലക്സി.

പുറത്തേയ്ക്കുള്ള കണ്ണികൾ

* ന്യൂറോഅനാട്ടമി പേജ് * ഇ.എൽ.പി നോട്ടുകൾ

അവലംബം

  1. Textbook of Medical Physiology Eleventh Ed., Guyton and Hall, Elsevier, 2006, page 732
  2. www.neuroanatomy.wisc.edu/coursebook/neuro2(2).pdf
  3. http://www.elp.manchester.ac.uk/pub_projects/2000/mnby6kas/structur.htm
  4. Textbook of Medical Physiology, N. Geetha, PARAS pub., Second Ed. 2012, page 585
  5. http://www.elp.manchester.ac.uk/pub_projects/2000/mnby6kas/structur.htm
  6. Textbook of Medical Physiology Eleventh Ed., Guyton and Hall, Elsevier, 2006, page 732
  7. http://neuroscience.uth.tmc.edu/s4/chapter01.html
  8. Diagram of Nuclei (psycheducation.org)
  9. Diagram of Nuclei (universe-review.ca)
  10. Diagram of Nuclei (utdallas.edu)
  11. Unless else specified in table, then ref is: Guyton Eight Edition
  12. Walter F., PhD. Boron (2005). Medical Physiology: A Cellular And Molecular Approaoch. Elsevier/Saunders. ISBN 1-4160-2328-3. Page 840
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.