സാംബവർ
ഭാരതത്തിലെ ആദി ദ്രാവിഡ വിഭാഗങ്ങളിൽ പ്രധാന വിഭാഗമാണ് സാംബവർ. തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ കൂടുതലായും കർണാടകയിൽ പരിമിതമായും കാണുന്ന ജാതി വിഭാഗമാണ് സാംബവർ. കേരളത്തിലും ദക്ഷിണ തമിഴ് നാടിലും സാംബവർ ധാരാളമായി കാണുന്നു. ശിവഭക്തർ എന്നാണ് സാംബവർ എന്ന വാക്കിന് അർത്ഥം. പറയർ, പറവൻ, പാണ്ടി പറയൻ, സാംബവൻ എന്നീപേരുകളിൽ അറിയപ്പെടുന്നു. സാംബവരായ കട്ടബൊമ്മൻ ആദ്യ ചരിത്രം രേഖപ്പെടുത്തിയ ഭരണാധികാരിയാണ്. അകംനാനൂറിലും പുറംനാനൂറിലും സാംബവരെ കുറിച്ച് പരാമർശിക്കുന്നുണ്ട്. സംഘകാലത്തിൽ സാംബവർ ക്ഷേത്ര സംരക്ഷകരും പൂജാരികളും വാദ്യക്കാരും ആയിരുന്നതായി സംഘകാല കൃതികൾ സാക്ഷ്യപ്പെടുത്തുന്നു. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളിൽ മുഖ്യമായ പങ്ക് സാംബവർ സമുദായത്തിന്ന് ഉണ്ട്. കേരളത്തിൽ ആദ്യമായി സമുദായ അടിസ്ഥാനത്തിൽ സംഘടിച്ചതു സാംബവർ ആണ്. 1911 ആഗസ്ത് 29 ന് ബ്രഹ്മ പ്രത്യക്ഷ പറയ സംഘം രൂപീകൃതമായി. പ്രജാ സഭാ അംഗമായിരുന്ന കാവാരികുളം കണ്ടൻ കുമാരൻ ആദ്യ പ്രസിഡന്റും ആറാട്ട് ഊപ്പ ജനറൽ സെക്രട്ടറിയുമായി. ബ്രഹ്മ പ്രത്യക്ഷ പറയർ സംഘം കാലാന്തരത്തിൽ അഖില കേരള ഹിന്ദു സാംബവർ മഹാ സഭയായി പരിഗമിച്ചു. മുൻ എം.എൽ.എയായ പികെ കുമാരൻ ഇലന്തൂർ വികെ വിജയൻ, നരികുഴി കേശവൻ, ചെറുവല്ലൂർ തങ്കപ്പൻ മാസ്റ്റർ, തുടങ്ങിയവർ അഖില കേരള ഹിന്ദു സാംബവർ മഹാ സഭയുടെ നേതാക്കൾ ആയിരുന്നു.