വോൾട്ടത
വൈദ്യുതിയുടെ പൊട്ടെൻഷ്യൽ വ്യത്യാസത്തിനു സധാരണയായി പറയുന്ന പേരാണ് വോൾട്ടത അഥവാ വോൾട്ടേജ്. ഒരു ചാലകത്തിലൂടെയുള്ള ഇലക്ട്രോണുകളുടെ പ്രവാഹമാണ് കറന്റ് എന്നു പറയുന്നത്.ഈ ചാലകത്തിലെ ഇലക്ട്രോണുകളുകളെ ചലിപ്പിക്കുന്ന ബാഹ്യ ബലത്തെ വോൾട്ടേജ് എന്നും പറയും. വോൾട്ട് ആണ് ഇതിന്റെ SI ഏകകം. ഒന്നിനോട് താരതമ്യപ്പെടുത്തി മാത്രം അളക്കാൻ കഴിയുന്ന ഭൗതിക പരിമാണമാണ് ഇത്. V എന്ന ചിഹ്നമാണ് വോൾട്ടേജിനെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഒരു വിദ്യുത് ചാലകത്തിലെയോ വിദ്യുത് ബന്ധമുള്ള രണ്ടു ചാലകങ്ങളിലെയോ A, B എന്ന രണ്ട് ബിന്ദുക്കൾ തമ്മിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസത്തിനെ (VA − VB) എന്ന് എഴുതാം. ഒരു വോൾട്ട് മീറ്റർ ഉപയോഗിച്ച് വോൾട്ടേജ് നേരിട്ട് അളക്കാവുന്നതാണ്.
വൈദ്യുത സമ്മർദം എന്നും അറിയപ്പെടുന്നു. രണ്ടു വൈദ്യുതാഗ്രങ്ങൾ തമ്മിൽ സമ്മർദ്ദവ്യത്യാസം നിലനിന്നാൽ മാത്രമേ അവ തമ്മിൽ ബന്ധിപ്പിക്കുമ്പോൾ കറണ്ട് പ്രവഹിക്കുകയുള്ളൂ. (പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന, ഉയര വ്യത്യാസമുള്ള രണ്ടു ടാങ്കുകളിൽ ഉയരമുള്ള ടാങ്കിൽ നിന്നു താഴെയുള്ള ടാങ്കിലേക്കു വെള്ളം ഒഴുകുന്നതു പോലെ).
വിവിധ വൈദ്യുതസ്രോതസ്സുകളിലെ വോൾട്ടത
കാർ ബാറ്ററികൾ 6 വോൾട്ടിന്റെയോ 12 വോൾട്ടിന്റെയോ ആയിരിക്കും. ടോർച്ചിൽ ഉപയോഗിക്കുന്ന സെൽ 1.5 വോൾട്ടാണ്. ഇന്ത്യയിൽ വീട്ടിൽ കിട്ടുന്ന ഏ.സി. വൈദ്യുതി 230 വോൾട്ടിൽ ആണ്. വൈദ്യുത മോട്ടോറിനും മറ്റും 400 വോൾട്ടിൽ വൈദ്യുതി നൽകാറുണ്ട്. ഒരു നിശ്ചിത ഉപകരണത്തിൽ നിശ്ചിത വോൾട്ടത ആണു കൊടുക്കേണ്ടത്. ഉയർന്ന വോൾട്ടത കൊടുത്താൽ ഉപകരണം അമിതമായ വൈദ്യുതപ്രവാഹത്താൽ നശിചു പോകാൻ ഇടയുണ്ട്. അതായതു കൂടുതൽ വോൾട്ടത കൊടുത്താൽ കൂടുതൽ വൈദ്യുതി പ്രവഹിക്കും. ഉപകരണത്തിനു പരമാവധി വഹിക്കാവുന്ന വൈദ്യുതിയിൽ അധികം ആയാൽ ഉപകരണം തകരാറിൽ ആകുന്നു.