മയൂരസിംഹാസനം

പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായിരുന്ന ഷാ ജഹാൻ തന്റെ തലസ്ഥാനമായ ദില്ലിയിലെ പൊതുസഭയിൽ (ദിവാൻ ഇ ആം) നിർമ്മിച്ച സ്വർണ്ണനിർമ്മിതവും രത്നങ്ങൾ പതിച്ചതുമായ സിംഹാസനമായിരുന്നു മയൂരസിംഹാസനം. 1738-ൽ ഇറാനിലെ ഭരണാധികാരിയായിരുന്ന നാദിർ ഷാ ദില്ലി ആക്രമിക്കുകയും ഈ സിംഹാസനം കൈക്കലാക്കുകയും ചെയ്തു. 1747-ൽ നാദിർ ഷാ കൊല്ലപ്പെട്ടതോടെ മയൂരസിംഹാസനം നശിപ്പിക്കപ്പെട്ടു. എങ്കിലും പിൽക്കാലത്തെ ഇറാനിലെ ഭരണാധികാരികളുടെ സിംഹാസനം മയൂരസിംഹാസനം എന്നു തന്നെയാണ്‌ അറിയപ്പെടുന്നത്. സിംഹാസനം എന്നതിലുപരി ഒരു അധികാരസ്ഥാനം എന്ന നിലയിലുമാണ്‌ മയൂരസിംഹാസനം എന്നതിനെ ഇറാനിൽ ഉപയോഗിച്ചിരുന്നത്.

മയൂരസിംഹാസത്തിന്റെ ഒരു ഛായാച്ചിത്രം‍

നിർമ്മിതി

കോഹിന്നൂർ രത്നമടക്കമുള്ള രത്നങ്ങളും വിലപിടിച്ച ലോഹങ്ങൾ കൊണ്ടും മാത്രമാണ്‌ മയൂരസിംഹാസനം നിർമ്മിച്ചിരുന്നത്. ഏഴു കൊല്ലമെടുത്താണ്‌ ഇതിന്റെ പണി പൂർത്തീകരിച്ചത്. സ്വർണ്ണനിർമ്മിതമായ നാലുകാലുകളും മരതകം കൊണ്ടുണ്ടാക്കിയ പന്ത്രണ്ടു തൂണുകളുള്ള ഒരു വിതാനവും ഈ സിംഹാസനത്തിനുണ്ടായിരു‍ന്നു. തൂണോരോന്നിനിരുവശവും രത്നം പതിച്ച രണ്ട് മയിലുകൾ വീതവും ഉണ്ടായിരുന്നു[1].

കഴിഞ്ഞ ആയിരം വർഷക്കാലത്തിനിടക്ക് നിർമ്മിച്ച ഏറ്റവും വിലമതിച്ച നിധിയായി മയൂരസിംഹാസനത്തെ കണക്കാക്കുന്നു. 1150 കിലോഗ്രാം സ്വർണ്ണവും , 230 കിലോഗ്രാം വിലപിടിച്ച രത്നക്കല്ലുകളുമാണ്‌ ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 1999-ലെ കണക്കനുസരിച്ച് ഇതിന്‌ ഇപ്പോൾ ഏകദേശം 80.4 കോടി ഡോളർ വിലമതിക്കുന്നു. ഇത് നിർമ്മിച്ച അവസരത്തിൽ താജ് മഹൽ നിർമ്മിക്കാനെടുത്തതിന്റെ ഇരട്ടി തുക ചെലവായിരിക്കണം എന്നും കണക്കാക്കുന്നു.[2].

അവലംബം

  1. സുകുമാർ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 99. ISBN 81-7130-993-3.
  2. ട്രൈബ്യൂൺ ഇന്ത്യ (ശേഖരിച്ചത് 2009 ഫെബ്രുവരി 2)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.